This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തടി

വൃക്ഷങ്ങളുടേയും മറ്റും കാണ്ഡത്തിലും വേരിലും തൊലിക്കുള്ളി ലായി കാണപ്പെടുന്ന നാരുകള്‍ നിറഞ്ഞ കട്ടിയുള്ള വസ്തു.

ശാസ്ത്രീയമായി പറഞ്ഞാല്‍ ദ്വിതീയസൈലമാണ് തടി. ഏറെ വൈവിധ്യമാര്‍ന്നതും സങ്കീര്‍ണമായതുമായ പദാര്‍ഥമാണിത്. അതുകൊണ്ടുതന്നെ തടിക്ക് പലവിധ ഉപയോഗങ്ങളുമുണ്ട്. ഇതിലടങ്ങിയിട്ടുള്ള സെല്ലുലോസ്, ഹെമിസെല്ലുലോസ്, ലിഗ്നിന്‍, എണ്ണകള്‍, പശകള്‍ എന്നീ കാര്‍ബണിക പാദാര്‍ഥങ്ങളും മറ്റ് അജൈവ ലവണങ്ങളും തടിയെ നിര്‍മാണാവശ്യങ്ങള്‍ക്കുപരി കടലാസ്, രാസവസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനും ഇന്ധനത്തിനും ചില ഔഷധങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നു. സ്പെര്‍മാറ്റോഫൈറ്റ്സ് (വിത്തുചെടികള്‍) എന്ന വിഭാഗത്തില്‍പ്പെട്ട സസ്യങ്ങളില്‍ നിന്നാണ് വാണിജ്യപ്രാധാന്യമുള്ള തടി ലഭിക്കുന്നത്. സ്പെര്‍മാറ്റോഫൈറ്റ്സില്‍ അനാവൃതബീജി (Gymnosperms), ആവൃതബീജികള്‍ (Angiosperms) എന്നീ രണ്ടു വിഭാഗങ്ങളാണുള്ളത്. പൈന്‍മരങ്ങളും മറ്റും ഉള്‍പ്പെടുന്ന കോണിഫെറുകള്‍ അനാവൃതബീജിവിഭാഗത്തില്‍പ്പെടുന്നു. ഇവ മിതോഷ്ണമേഖലാ ആല്‍പൈന്‍ മേഖലകളിലാണ് പ്രധാനമായും കണ്ടുവരുന്നത്. മരങ്ങള്‍ മാത്രമുള്ള ഒരു വിഭാഗമാണ് അനാവൃതബീജികള്‍. ഇവയുടെ തടി വ്യാവസായികാവശ്യങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ളതാണ്. നേരെ ടെക്സ്ചറുള്ള മൃദുവായ തടിയായതിനാല്‍ ഇതില്‍ പണിചെയ്യാന്‍ എളുപ്പമാണ്. അതിനാല്‍ കോണിഫറസ് തടികളെ വ്യാവസായികാടിസ്ഥാനത്തില്‍ സോഫ്റ്റ് വുഡ് അഥവാ മൃദുനാരുകള്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഔഷധികളും വള്ളിച്ചെടികളും കുറ്റിച്ചെടികളും മുതല്‍ കൂറ്റന്‍ വൃക്ഷങ്ങള്‍ വരെ ഉള്‍പ്പെട്ട ബൃഹത്തായ ഗോത്രമാണ് ആവൃതബീജികള്‍. ലോകവ്യാപനമുള്ളതാണിതിന്റെ ആവാസ വ്യവസ്ഥ. ഇതിന് ഏകബീജപത്രികള്‍, ദ്വിബീജപത്രികള്‍ എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളുണ്ട്. പുല്ലുവര്‍ഗങ്ങള്‍, മുളകള്‍, പനകള്‍ എന്നിവ ഏകബീജപത്രികളിലെ അംഗങ്ങളാണ്. പരന്ന ഇലകളുള്ള സ്പീഷീസ് ദ്വിബീജപത്രികളില്‍പ്പെടുന്നു. പ്രത്യേക ഘടനകാരണം വൃക്ഷ സ്വഭാവമുളള ഏകബീജപത്രികളിലെ മിക്കതും അറുത്ത് തടിയാക്കുന്നത് ക്ലേശകരമായ ജോലിയാണ്. അതിനാല്‍ ആവൃതബീജികളില്‍ ദ്വിബീജപത്രികള്‍ക്കാണ് പ്രാധാന്യം. തടി ഉത്പാദിപ്പിക്കുന്ന ദ്വിബീജപത്രികള്‍ അവയുടെ രൂപത്തില്‍ ഏറെ വൈവിധ്യം പുലര്‍ത്തുന്നവയാണ്. ഉഷ്ണമേഖലയിലാണ് ഇവയുടെ എണ്ണം അധികമുള്ളത്. വൃക്ഷങ്ങള്‍ക്കു പുറമേ വലിയ വള്ളികളിലും ചെടികളിലും തടി ഉണ്ടാകുമെങ്കിലും സാങ്കേതികമായി പറഞ്ഞാല്‍ വാണിജ്യ പ്രാധാന്യമുള്ള തടി ഉണ്ടാകുന്നത് വൃക്ഷങ്ങളില്‍ മാത്രമാണ്.


ദ്വിബീജപത്രികളുടെ തടിക്ക് പൊതുവേ കോണിഫറുകളുടേതിനേക്കാള്‍ ഭാരവും ഘനവും കൂടുതലാണ്. അതിനാല്‍ തടി വാണിജ്യ വ്യാപാര രംഗത്ത് ദൃഢദാരുകള്‍ (hard wood) എന്നറിയപ്പെടുന്നു. എന്നാല്‍ ഭാരക്കുറവില്‍ ഏറെ പ്രസിദ്ധമായ ബാര്‍സയും (ഒക്റ കാലിരകിഡേല്‍) പപ്പിതയും(റ്റിറോസിംബിയം റ്റിങ്റ്റോറിയം) ദ്വിബീജപത്രികളില്‍പ്പെടുന്ന മരങ്ങളാണ്.

ഒരു വൃക്ഷത്തിലെ മിക്ക കോശങ്ങളും പൂര്‍ണവളര്‍ച്ചയെത്തിയാല്‍ പിന്നീട് വിഭജിക്കപ്പെടുന്നില്ല. കാണ്ഡത്തിന്റേയും വേരിന്റേയും അഗ്രഭാഗത്തുള്ള കോശങ്ങള്‍ക്കും, തൊലിയുടേയും തടിയുടേയും ഇടയിലുള്ള കോശങ്ങള്‍ക്കും മാത്രമേ വിഭജനശേഷി ഉണ്ടായിരിക്കുകയുള്ളൂ. ഇവ മെരിസ്ററമാറ്റിക് കോശങ്ങളെന്ന് അറിയപ്പെടുന്നു.

കാണ്ഡത്തിന്റേയും വേരിന്റേയും അറ്റത്തുള്ള വിഭജനകോശങ്ങളെ അഗ്രമെരിസ്റ്റമെന്നും തൊലിയുടേയും തടിയുടേയും ഇടയിലുള്ളതിനെ കേമ്പിയമെന്നും പറയുന്നു. അഗ്രമെരിസ്റ്റം വൃക്ഷത്തിന്റെ ഉയരം വര്‍ധിപ്പിക്കാന്‍ കാരണമാകുമ്പോള്‍ വൃക്ഷത്തിന്റെ വണ്ണം വര്‍ധിപ്പിക്കുന്നത് കേമ്പിയത്തിന്റെ പ്രവര്‍ത്തനം മൂലമാണ്.

കേമ്പിയം കാണ്ഡത്തിന്റേയും വേരിന്റേയും ഉള്ളിലേക്കും പുറമേക്കും കോശങ്ങള്‍ വിഭജിച്ചു തള്ളുന്നു. സാധാരണയായി കൂടുതല്‍ കോശങ്ങള്‍ ഉണ്ടാകുന്നത് ഉള്‍വശത്തേക്കാണ്. ഈ കല ക്രമേണ തടിയായി രൂപാന്തരപ്പെടുകയും മുമ്പുണ്ടായിട്ടുള്ള തടിയുടെ തുടര്‍ച്ചയായി നിലകൊള്ളുകയും ചെയ്യുന്നു. അങ്ങനെ എല്ലാ വര്‍ഷവും ഒരു പുതിയ നിര തടി കൂടി പഴയ തടിയോടു ചേരുകയും കേമ്പിയം പുറത്തേക്കു വിന്യസിക്കുകയും ചെയ്യുന്നു. കേമ്പിയത്തില്‍നിന്ന് തൊലിയുടെ പുറത്തേക്കു വിഭജിക്കപ്പെടുന്ന കോശങ്ങള്‍ മുമ്പുണ്ടായിരുന്ന തൊലിയുമായി യോജിച്ചുചേരുന്നു. പുറമേയുള്ള തൊലി പൊളിഞ്ഞുപോകുന്നതിനാല്‍ പ്രായത്തിന്അനുസരിച്ച് മരത്തൊലിക്കു കട്ടി കൂടുന്നില്ല.

വാര്‍ഷിക വലയങ്ങള്‍ (Growth Rings). ഒരു വൃക്ഷത്തെ നെടുകേ പിളര്‍ന്നു നോക്കിയാല്‍ ഓരോ വര്‍ഷവും ഉണ്ടായിട്ടുള്ള തടി, കുറെ കോണുകള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവച്ചിരിക്കുന്നതുപോലെ കാണാം. ചുവടു ഭാഗത്താണ് ഏറ്റവും കൂടുതല്‍ കോണുകളുടെ എണ്ണം. ഉയരം കൂടുന്നതിനനുസരിച്ച് ക്രമേണ എണ്ണം കുറഞ്ഞു വരുന്നതായും കാണാം. തടി കുറുകേ മുറിച്ചാല്‍ ഇവ ഒന്നിനു മുകളില്‍ ഒന്നായി തുടര്‍ച്ചയായ നിരകളായി കാണപ്പെടുന്നു. ഇത് വാര്‍ഷിക വലയങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. എല്ലായിനം മരങ്ങളിലും വാര്‍ഷിക വലയങ്ങള്‍ വ്യക്തമായിരിക്കുകയില്ല. ഹിമാലയ പ്രദേശങ്ങളിലെപ്പോലെ അന്തരീക്ഷ ഊഷ്മാവിനും കാലാവസ്ഥയ്ക്കും പൊതുവേ കാര്യമായ വ്യതിയാനമുള്ള സ്ഥലങ്ങളില്‍ ഗ്രീഷ്മകാലത്ത് തടിയുത്പാദനം കുറഞ്ഞിരിക്കും. ഓരോ വര്‍ഷത്തിലും ആദ്യമായി ഉത്പാദിപ്പിക്കപ്പെടുന്ന തടിയിലെ കോശങ്ങള്‍ വലുപ്പം കൂടിയവയും നേര്‍ത്ത ഭിത്തിയുള്ളവയുമായിരിക്കും. ഇത് 'ഏര്‍ലി വുഡ്' എന്നറിയപ്പെടുന്നു. വളര്‍ച്ചാ കാലഘട്ടത്തിന്റെ അവസാന കാലത്തുണ്ടാകുന്ന തടി ചെറിയ സുഷിരങ്ങളും കട്ടികൂടിയ കോശഭിത്തിയുള്ളതുമായിരിക്കും. ഇത് 'സമ്മര്‍ വുഡ്' അല്ലെങ്കില്‍ 'ലേറ്റ് വുഡ്' എന്നറിയപ്പെടുന്നു. വാര്‍ഷിക വലയങ്ങളുടെ വ്യക്തത 'ഏര്‍ലി വുഡും' 'ലേറ്റ്വുഡും' തമ്മിലുള്ള അന്തരത്തെ ആസ്പദമാക്കിയായിരിക്കും.

തടിയുടെ വെള്ളയും കാതലും. മരത്തിന്റെ തൊലിക്കുള്ളിലായി കാണുന്ന തടിയെ സാപ് വുഡ് (വെള്ള), ഹാര്‍ട്ട് വുഡ് (കാതല്‍) എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. മരത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ജലത്തിന്റേയും ലവണങ്ങളുടേയും വിനിമയം പ്രധാനമായും നടക്കുന്നത് വെള്ളയിലൂടെയാണ്. ജീവനുള്ള കോശങ്ങളാണ് വെള്ളയിലുള്ളത്. താരതമ്യേന വെള്ളനിറമാണിതിന്. കാതലിലെ കോശങ്ങള്‍ മൃതകോശങ്ങളാണ്. വൃക്ഷത്തിന് ബലം നല്കുന്നത് കാതലാണ്. തടിവെള്ളയിലെ കോശങ്ങള്‍ നിര്‍ജീവമാകുന്നതിനു മുമ്പുതന്നെ അവയില്‍ പശയും, എണ്ണയും, റെസിനും, ടാനിനും മറ്റും വന്നു നിറയുന്നു; ക്രമേണ ഈ കോശങ്ങള്‍ കാതലായിത്തീരുന്നു. അതിനാല്‍ കാതലിന് പൊതുവേ ഇരുണ്ട നിറമായിരിക്കും. ചിലയിനം മരങ്ങള്‍ക്ക് ഇരുണ്ടനിറമുള്ള കാതലുണ്ടായിരിക്കുകയില്ല. ഉദാ. റബ്ബര്‍, ചൂളമരം, മാവ്. അതുകൊണ്ട് ഇവയ്ക്ക് കാതല്‍ ഇല്ല എന്നര്‍ഥം വരുന്നില്ല. ഇത്തരത്തിലുള്ള തടികളില്‍ നിര്‍ജീവമായ, എന്നാല്‍ വെള്ളയും കാതലും നിറഭേദമില്ലാത്ത കോശങ്ങളായിരിക്കും ഉണ്ടായിരിക്കുക.

കേമ്പിയത്തില്‍ നിന്ന് വിഭജനം വഴി ഉത്പാദിപ്പിക്കപ്പെടുന്ന മെഡുല്ലറി റേയ്സ് ഒഴികെയുള്ള കോശങ്ങളുടെ പൊതുവേയുള്ള വിന്യാസം കുത്തനെയാണ്. എന്നാല്‍ സൂര്യരശ്മികള്‍പോലെ തടിയുടെ മധ്യഭാഗത്തില്‍ നിന്നു പുറപ്പെടുന്ന മെഡുല്ലറി റേ കോശങ്ങള്‍ തൊലിഭാഗത്തുനിന്നും ഉള്ളിലേക്കു വൃക്ഷത്തിന് വളരാനാവശ്യമായ ഭക്ഷണ പദാര്‍ഥങ്ങള്‍ കൊണ്ടുപോകാനും മറ്റും സഹായിക്കുന്നു. ജീവനുള്ള പാരന്‍കൈമ കോശങ്ങളാണ് ഇതിലധികവും.

ദ്വിബീജപത്രികളുടെ തടികളിലെ രണ്ടാംഘട്ട വളര്‍ച്ച. പ്രാരംഭ വളര്‍ച്ചാഘട്ടത്തില്‍ (primary growth) കാണ്ഡത്തിന്റെ നീളം കൂടുന്നതിനും അടിസ്ഥാന കോശരൂപീകരണത്തിനുമാണ് പ്രാധാന്യം. വളരെക്കാലം വളരുന്ന ദ്വിബീജപത്ര സസ്യങ്ങളിലും അടിസ്ഥാനപരമായ കോശരൂപീകരണത്തിനു ശേഷം കേമ്പിയം പ്രവര്‍ത്തനമാരംഭിക്കുന്നു. സ്റ്റീലാര്‍ ഭാഗത്തുനടക്കുന്ന ഈ വിഭജനത്തിന്റെ ഫലമായി പുതിയ ദ്വിതീയ കോശങ്ങളുണ്ടാകുന്നു. വളരെ വൈകാതെ തന്നെ കോര്‍ക്ക് കേമ്പിയം എന്ന വിഭജനശേഷിയുള്ള ഒരു മെരിസ്റ്റം കാണ്ഡത്തിന്റെ ഉപരിതലത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ പ്രവര്‍ത്തനഫലമായി കോര്‍ക്ക് എന്ന മറ്റൊരു ദ്വിതീയകോശവിഭാഗം ഉണ്ടാകുന്നു. കേമ്പിയത്തിന്റേയും കോര്‍ക്ക് കേമ്പിയത്തിന്റേയും പ്രവര്‍ത്തനഫലമായി സ്റ്റീലാര്‍ ഭാഗത്തും എക്സ്ട്രാ-സ്റ്റീലാര്‍ ഭാഗത്തും ഉണ്ടാകുന്ന ദ്വിതീയ കോശങ്ങളുടെ ഉത്പാദനം കാരണം ഉണ്ടാകുന്ന തടിയുടെ ഗര്‍ത്ത വര്‍ധനവിനെയാണ് രണ്ടാംഘട്ട വളര്‍ച്ച അഥവാ ദ്വിതീയ വളര്‍ച്ച എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

കേമ്പിയത്തിന്റെ പ്രവര്‍ത്തനം. സംവഹനവ്യൂഹ(vascular bundle)ങ്ങളുടെ ഉള്ളില്‍ കാണുന്ന കേമ്പിയം ഫാസിക്കുലാര്‍ കേമ്പിയം എന്നറിയപ്പെടുന്നു. ഇതിനിരുവശത്തുമുള്ള മെഡുല്ലറിറേ കോശങ്ങള്‍ ക്രമേണ വിഭജനശേഷി കൈവരിക്കുന്നു. ഇത്തരത്തിലുള്ള കേമ്പിയമാണ് ഇന്റര്‍ഫാസിക്കുലാര്‍ കേമ്പിയം. ഇത് ഇരുവശത്തുമുള്ള ഫാസിക്കുലാര്‍ കേമ്പിയവുമായി ചേര്‍ന്ന് കേമ്പിയല്‍ വലയം രൂപംകൊള്ളുന്നു. സമ്പൂര്‍ണ വിഭജനശേഷി കൈവരിക്കുന്ന ഈ കേമ്പിയത്തിന്റെ വലയം അകത്തേക്കും പുറത്തേക്കും കോശങ്ങളെ വിഭജിച്ചു തള്ളുന്നു.

പുറത്തേക്കു വിഭജിക്കപ്പെടുന്ന കോശങ്ങള്‍ ക്രമേണ ഫ്ലോയം ടിഷ്യുവിന്റെ വിവിധ ഭാഗങ്ങളായിത്തീരും. ഇതിനെ രണ്ടാംഘട്ട ഫ്ളോയം (ദ്വിതീയ ഫ്ലോയം)എന്നു വിളിക്കുന്നു. ഇത് സീവ് ട്യൂബുകള്‍, കമ്പാനിയന്‍ കോശങ്ങള്‍, ഫ്ലോയം പാരന്‍കൈമ, ബാസ്റ്റ് ഫൈബറുകള്‍ എന്നിവ അടങ്ങിയതാണ്. ദ്വിതീയസൈലമായി രൂപാന്തരപ്പെടുന്നവയില്‍ സൈലം വെസലുകള്‍, ട്രക്കീഡുകള്‍, സൈലം ഫൈബര്‍, സൈലം പാരന്‍കൈമ എന്നീ കോശങ്ങള്‍ അടങ്ങിയിരിക്കുന്നു. കേമ്പിയം പുറത്തേക്കാള്‍ കൂടുതല്‍ കോശങ്ങള്‍ വിഭജിച്ചു തള്ളുന്നത് ഉള്ളിലേക്കാണ്. അതിനാല്‍ രണ്ടാംഘട്ട വളര്‍ച്ചാസമയത്ത് ഫ്ലോയത്തെക്കാളേറെ സൈലമാണ് സസ്യകാണ്ഡത്തിലും വേരിലും മറ്റും കൂടുതലായുണ്ടാവുക. തുടര്‍ച്ചയായി നിര്‍മിക്കപ്പെടുന്ന ദ്വിതീയ സൈലത്തിന്റെ തള്ളല്‍കാരണം കേമ്പിയവും അതിനു ചുറ്റുമുളള മറ്റു ഭാഗങ്ങളും പുറത്തേക്കു തളളപ്പെടുന്നു. ഇക്കാരണത്താല്‍ത്തന്നെ ചില പ്രാഥമിക കലകളും നശിപ്പിക്കപ്പെടുന്നു. എന്നാല്‍ പ്രാഥമിക സൈലം (primary xylem) കാണ്ഡത്തിന്റെ കേന്ദ്രത്തില്‍ പ്രത്യേകിച്ച് കേടുപാടൊന്നും കൂടാതെ നിലകൊള്ളുകയും ചെയ്യുന്നു. അവിടവിടെയായി നേര്‍ത്ത വരകള്‍ പോലെ ദ്വിതീയ സൈലത്തിന്റേയും ഫ്ളോയത്തിന്റേയും ഉള്ളിലൂടെ സെക്കന്‍ഡറി മെഡുല്ലറി റേ കാണപ്പെടുന്നു. തടിയില്‍ കാതലിന്റെ അംശം കൂടുതല്‍ രൂപപ്പെടാന്‍ ഒരുകാരണമായി കരുതുന്നത് ഈ മെഡില്ലറി റേയുടെ പ്രവര്‍ത്തനമാണ്. തടിവെള്ളയില്‍ നിന്ന് റെസിനും മറ്റു ലവണപദാര്‍ഥങ്ങളും കാതല്‍ ഭാഗത്തേക്ക് കൊണ്ടെത്തിക്കാന്‍ സഹായിക്കുന്നത് റേ കോശങ്ങളാണ്.

കോര്‍ക്ക് കേമ്പിയത്തിന്റെ ഉറവിടവും പ്രവര്‍ത്തനവും. കാണ്ഡത്തിന്റെ ഉള്‍ഭാഗങ്ങളില്‍ പുതിയകോശങ്ങള്‍ക്കു ജന്മം കൊടുക്കുമ്പോള്‍ കാണ്ഡത്തിന്റെ ബാഹ്യവശങ്ങളിലുള്ള കോശങ്ങള്‍ പ്രത്യേകിച്ചും തൊലിപ്പുറത്തുള്ള ബാഹ്യചര്‍മ കോശങ്ങള്‍ വലിയുകയും ചിലയിടങ്ങളില്‍ മുറിയുകയും ചെയ്യുന്നു. ഉള്‍വശത്തുള്ള സ്ക്ളീറന്‍കൈമയും കോളന്‍കൈമയും ചുരുളുകയും ചെയ്യുന്നു. ബാഹ്യവശത്തു സംഭവിക്കുന്ന ഈ നാശത്തെ അതിജീവിച്ച് കാണ്ഡത്തിന്റെ ശക്തി നിലനിര്‍ത്താന്‍ കോര്‍ക്ക് കേമ്പിയം അഥവാ ഫെല്ലോജന്‍ (ഫെല്ലോസ് എന്നാല്‍ കോര്‍ക്ക്, ജെന്‍ എന്നാല്‍ ജനിപ്പിക്കുന്ന) അഗ്രഭാഗത്തായി ഉണ്ടാകുന്നു.

കാണ്ഡത്തിന്റെ പുറം ഭാഗത്തുള്ള കോളന്‍കൈമകോശങ്ങളിലാണ് കോര്‍ക്ക് കേമ്പിയം രൂപപ്പെടുന്നത്; ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ബാഹ്യചര്‍മത്തിലും. ഇതിന് വിഭവശേഷി ഉള്ളതിനാല്‍ പുറത്തേക്കും ഉള്ളിലേക്കും പുതിയ കോശങ്ങള്‍ക്ക് രൂപം കൊടുക്കുന്നു. പുറത്തേക്കു വിഭജിക്കപ്പെടുന്ന കോശങ്ങള്‍ കോര്‍ക്കായി ത്തീരുന്നു. ഉള്ളിലേക്കു വിഭജിച്ച കോശങ്ങള്‍ ദ്വിതീയ കോര്‍ടെക്സായിത്തീരുന്നു. നോ: തടിവ്യവസായം, കടലാസ്, പ്ലൈവുഡ്, കേമ്പിയം.

(ഡോ. ഇ.വി. അനൂപ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍