This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തങ് രാജവംശം (618 - 907)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തങ് രാജവംശം (618 - 907)

Tang dynasty

ചൈനയിലെ ഒരു രാജവംശം. ചൈനയില്‍ അധികാരത്തിലിരുന്ന സൂയ് രാജവംശത്തെ (589-618) പുറത്താക്കിക്കൊണ്ടാണ് തങ് രാജവംശം അധികാരത്തിലേറിയത്. ലി യുവാനായിരുന്നു തങ് രാജവംശത്തിന്റെ സ്ഥാപകന്‍. സൂയ് ചക്രവര്‍ത്തിയുടെ കീഴില്‍ സൈനിക ജനറലായിരുന്ന ലി യുവാന്‍ 618-ല്‍ സൂയ് രാജവംശത്തിനെതിരായി ശക്തമായ കലാപം നയിക്കുകയും അവരില്‍ നിന്നും അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

സൂയ് ചക്രവര്‍ത്തിമാരുടെ കീഴില്‍ ശിഥിലമായിത്തീര്‍ന്ന രാജ്യത്തെ സുശക്തമായ കേന്ദ്ര ഭരണത്തിന്‍ കീഴില്‍ കൊണ്ടുവരുന്ന തില്‍ യുവാന്‍ വിജയിച്ചു. ആധുനിക കാലം വരെ ചൈനയില്‍ നിലനിന്ന രാഷ്ട്രീയ ഘടനയുടെ പല അടിസ്ഥാന സ്വഭാവവിശേഷങ്ങളും ഉരുത്തിരിഞ്ഞത് തങ് ഭരണക്രമത്തില്‍ നിന്നാണ്. കേന്ദ്ര ഭരണസംവിധാനത്തിന്‍ കീഴില്‍ മൂന്ന് പ്രധാന വകുപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു-സെക്രട്ടറിയേറ്റ്, ചാന്‍സലറി, ഡിപാര്‍ട്ട്മെന്റ് ഒഫ് സ്റ്റേറ്റ് അഫയേഴ്സ് എന്നിവ. നയരൂപീകരണം സെക്രട്ടറിയേറ്റിന്റേയും ചാന്‍സലറിയുടേയും കീഴിലായിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഒഫ് സ്റ്റേറ്റ് അഫയേഴ്സാണ് സിവില്‍ നിയമനം, പൊതുമരാമത്ത് എന്നിവയുടെ ചുമതല നിര്‍വഹിച്ചത്. പ്രാദേശിക ഭരണ യൂണിറ്റുകളായ പ്രിഫക്ചറിലും കൗണ്ടികളിലും ഭരണച്ചുമതല വഹിച്ചിരുന്നത് കേന്ദ്ര ഉദ്യോഗസ്ഥന്മാരായിരുന്നു. സൈനികഭരണത്തിനായി കര്‍ഷക-യോദ്ധാക്കള്‍ ഉള്‍പ്പെട്ട യൂണിറ്റുകള്‍ തലസ്ഥാനത്തും അതിര്‍ത്തിയിലും തമ്പടിച്ചു. രാജ്യത്തിന്റെ പ്രധാന വരുമാനം ധാന്യങ്ങള്‍ക്കു ചുമത്തിയ നികുതിയായിരുന്നു. നിയമം ക്രോഡീകരിക്കപ്പെട്ടത് യുവാന്റെ കാലത്തെ പ്രധാന സംഭവ വികാസമായിക്കരുതാം.

ലി യുവാന്റെ പുത്രന്‍ തൈഡ് സുങ് ചൈന ഭരിച്ച പ്രഗല്ഭന്മാരായ ചക്രവര്‍ത്തിമാരില്‍ പ്രമുഖനായിരുന്നു (എ.ഡി. 627-650). ലി യുവാന്റെ ഇളയ പുത്രനായ തൈഡ് സുങ് കിരീടാവകാശിയായ മൂത്ത സഹോദരനെ വധിച്ചശേഷം വൃദ്ധനായ പിതാവിന്മേല്‍ സമ്മര്‍ദം ചെലുത്തി, അദ്ദേഹത്തെ സ്ഥാനത്യാഗം ചെയ്യിപ്പിച്ചു. രക്തപങ്കിലമായ പൂര്‍വചരിത്രത്തിനുടമയായിരുന്നെങ്കിലും, ഇദ്ദേഹം ക്രമേണ ആദരണീയനായി മാറി. 22 വര്‍ഷം നീണ്ടുനിന്ന ഭരണകാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഭരണാധികാരി എന്ന ഖ്യാതി നേടുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

രാജ്യത്തിന്റെ ഭാവിക്കും സുരക്ഷയ്ക്കും ഭീഷണിയായി വര്‍ത്തിച്ച തുര്‍ക്കി ഗോത്രങ്ങളെ വടക്കന്‍ ചൈനയില്‍ നിന്നു പുറത്താക്കിയ തൈഡ് സുങ്, തിബത്തിന്റേയും തുര്‍ക്കിസ്ഥാന്റേയും ഏതാനും പ്രദേശങ്ങള്‍ കൈവശപ്പെടുത്തി.

ടാറിം തടത്തിലെ ഒയാസിസ് രാജ്യങ്ങളുടെ മേല്‍ തൈഡ് സുങ് ആധിപത്യം സ്ഥാപിച്ചതോടുകൂടി പ്രഖ്യാതമായ സില്‍ക്ക് റോഡിന്റെ നിയന്ത്രണം തങ് വംശത്തിന്റെ കീഴില്‍ വന്നുചേര്‍ന്നു. അറബികള്‍, ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, പേര്‍ഷ്യക്കാര്‍, ഇന്ത്യക്കാര്‍, എന്നിവര്‍ വാണിജ്യവ്യാപാരങ്ങള്‍ക്കായി ഇവിടെ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. ഇതിലൂടെ നിരവധി വ്യത്യസ്ത സംസ്കാരങ്ങളുമായി അടുത്തിടപഴകാന്‍ ചൈനയ്ക്ക് അവസരം ലഭിച്ചു. ഈ സമ്പര്‍ക്കവും സഹവര്‍ത്തിത്വവും മൂലം ചൈനയ്ക്ക് ഒരു സാര്‍വലൗകിക സ്വഭാവം കൈവരിക്കുവാന്‍ സാധിച്ചു. ചൈനയുടെ സംഗീതം, കവിത, സാഹിത്യം, കല എന്നീ സാംസ്കാരിക ധാരകളെ എല്ലാം അന്യസംസ്കൃതികള്‍ പ്രബലമായി സ്വാധീനി ക്കുകയുണ്ടായി. ചൈനാസമൂഹത്തെ ഏറ്റവും അധികം സ്വാധീനിച്ചത് ബുദ്ധമതമായിരുന്നു. തങ് കാലത്ത് ബുദ്ധമതം ചൈനയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വാംശീകരിക്കുകയുണ്ടായി. തൈഡ് സുങ് കണ്‍ഫ്യൂഷ്യസ് മതത്തില്‍ വിശ്വസിച്ചിരുന്നെങ്കിലും ഇതരമതങ്ങളോട് സഹിഷ്ണുത പുലര്‍ത്തിയിരുന്നു. മറ്റു മതസ്ഥര്‍ക്ക് ചൈനയില്‍ ആരാധനാലയങ്ങള്‍ പണിയുവാനുള്ള അനുമതിയും ഇദ്ദേഹം നല്കി.

തൈഡ് സുങ് നടപ്പിലാക്കിയ ഭരണ പരിഷ്കാരങ്ങള്‍ ചൈനയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെയധികം സഹായകമായി ഭവിച്ചു. ഭരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചൈനയെ പത്ത് സര്‍ക്യൂട്ടുകളായി വിഭജിച്ച ഇദ്ദേഹം ഇവയുടെ ഭരണം കാര്യക്ഷമമാക്കുന്നതിനായി 'കമ്മീഷണേഴ്സ് ഒഫ് ഇന്‍സ്പെക്ഷന്‍' എന്ന ഉദ്യോഗസ്ഥന്മാരെ നിയമിച്ചു. പ്രിഫക്ച്ചറുകളുടേയും കൌണ്ടികളുടേയും എണ്ണം പരിമിതപ്പെടുത്തിയതുവഴി ഭരണയന്ത്രത്തിന്റെ വലുപ്പം കുറയ്ക്കുവാന്‍ സാധിച്ചു. പ്രകൃതിക്ഷോഭകാലത്ത് പട്ടിണിയും ദുരിതങ്ങളും ഉണ്ടാകാതിരിക്കുവാനുള്ള മുന്‍കരുതലായി സംഭരണശാലകള്‍ സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ ഭരണനിപുണതയുടേയും ദീര്‍ഘവീക്ഷണത്തിന്റേയും ദൃഷ്ടാന്തമായിക്കരുതാം. സിവില്‍ സര്‍വീസ് പരീക്ഷാ സമ്പ്രദായംവഴി ഏറ്റവും യോഗ്യരായ ഉദ്യോഗാര്‍ഥികളെയാണ് ഉന്നത ഭരണസ്ഥാനങ്ങളില്‍ നിയമിച്ചത്. ഇതും ജനപ്രീതിയുളവാക്കുന്ന പ്രവൃത്തിയായിരുന്നു.

മിലിട്ടറി ജനറല്‍മാര്‍ ഭരണസിരാകേന്ദ്രത്തിനെതിരായി ഉണ്ടാക്കിയേക്കാവുന്ന ഭാവിവിപത്തിനെക്കുറിച്ച് തൈഡ് സുങ് ബോധവാനായിരുന്നു. രാജഭരണത്തിന്റെ ഭാവിയേയും സുരക്ഷയേയും അപകടത്തിലേക്കു നയിക്കുന്ന ശക്തിയായി അവര്‍ വളര്‍ന്നേക്കാം എന്ന് മുന്‍കൂട്ടി കണ്ടു. ഇതിനൊരു മുന്‍കരുതലായി സൈനിക സര്‍വീസിലെ ആഭിജാത്യവര്‍ഗക്കാരായ പ്രഭുക്കന്മാരുടെ അനുപാതം ഗണ്യമായി കുറയ്ക്കുകയും തത്സ്ഥാനങ്ങളില്‍ സാധാരണക്കാരെ നിയോഗിക്കുകയും ചെയ്തു.

ഭരണകാലത്തിന്റെ ഒടുവില്‍ വടക്കന്‍ കൊറിയയും തെക്കന്‍ മഞ്ചൂറിയയും ഉള്‍പ്പെട്ട കൊഗരിയോ (Koguryo) രാജ്യത്തിനെതിരായി ഇദ്ദേഹം നയിച്ച യുദ്ധസന്നാഹങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. മന്ത്രിമാരുടെ ഉപദേശത്തെ തിരസ്കരിച്ചുകൊണ്ടു നടത്തിയ ഈ പര്യടനത്തിന്റെ ദയനീയ പരാജയംമൂലം അവസാനകാലത്ത് തീര്‍ത്തും ഒറ്റപ്പെടേണ്ട ദുരോഗ്യം ഇദ്ദേഹത്തിനുണ്ടായി. തൈഡ് സുങ്ങിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പുത്രനായ കയോ-സൂങ് 649-ല്‍ ചക്രവര്‍ത്തിയായി. എന്നാല്‍ അനാരോഗ്യം മൂലം ഇദ്ദേഹത്തിന്റെ പത്നിയായ 'വു' ഭരണകാര്യങ്ങളില്‍ സ്വാധീനം ചെലുത്തി. കൊഗരിയോ രാജ്യത്തെ ചൈനയുടെ അധീനതയില്‍കൊണ്ടുവന്നത് ഈ ഭരണകാലത്തെ തിളക്കമേറിയ ഒരു സൈനികവിജയമായിരുന്നു. ഇക്കാലത്ത് ചൈനയുടെ വിസ്തൃതി വര്‍ധിച്ചു; ചൈനാകടല്‍ തൊട്ട് പേര്‍ഷ്യവരെയുള്ള വിപുലമായ സാമ്രാജ്യമായി ചൈന മാറി.

എന്നാല്‍ ആശങ്കാജനകമായ ഏതാനും സ്ഥിതിവിശേഷങ്ങളും ഭരണരംഗത്തു ഇക്കാലഘട്ടത്തില്‍ സംജാതമായി. രാജ്യത്തിന്റെ വിസ്തൃതി വര്‍ധിച്ചതോടെ ഭരണകാര്യങ്ങള്‍ സങ്കീര്‍ണമായിത്തീര്‍ന്നു. യുദ്ധങ്ങള്‍ക്ക് ഭീമമായ തുക ചെലവിടേണ്ടിവന്നതു മൂലം സമ്പദ്ഘടനയും ദുര്‍ബലമായി. ഈ കാലയളവില്‍ തുര്‍ക്കികളുടെ ആക്രമണങ്ങളും രാജ്യത്തിന് നേരിടേണ്ടിവന്ന ഭീഷണിയായിരുന്നു. ഇതോടെ രാജ്യരക്ഷയ്ക്കുവേണ്ടി വലിയൊരു സൈന്യത്തെ നിലനിറുത്തേണ്ടത് അനിവാര്യമായി വന്നു. ഇതിനുവേണ്ടുന്ന വമ്പിച്ച തുക അധിക നികുതിയായി ചുമത്തിയത് ജനങ്ങളെ ക്ളേശിപ്പിച്ചു.

കയോസുങ്ങിന്റെ മരണത്തെ തുടര്‍ന്ന്, അടുത്ത അവകാശിയും മൂത്ത പുത്രനുമായ സോങ്സോങ്ങിനെ മാറ്റിനിര്‍ത്തിക്കൊണ്ട് 'വു' തന്റെ ഇളയ പുത്രനായ റൂസോങ്ങിനെ ചക്രവര്‍ത്തിയാക്കി (684). റൂസോങ്ങിന്റെ കാലത്തും യഥാര്‍ഥഭരണസാരഥി മാതാവു തന്നെയായിരുന്നു. ഭരണകൂടത്തെ തന്റെ വരുതിയില്‍ ഉറപ്പിച്ചു നിറുത്തുവാന്‍ ശ്രമിച്ച ഇവര്‍ തന്റെ നയങ്ങളെ എതിര്‍ത്തവരെയെല്ലാം ക്രൂരമായി വകവരുത്തി. 690-ല്‍ പുത്രനെ പുറത്താക്കി ചൈനയിലെ ആദ്യത്തെ ചക്രവര്‍ത്തിനിയായി 'വു' സ്ഥാനമേറ്റു. ഇവരുടെ മൂത്ത മരുമകളായ 'വീ'യും (സോങ്സോങ്ങിന്റെ പത്നി) കൂട്ടരും ചേര്‍ന്ന് ചക്രവര്‍ത്തിനിയെ സ്ഥാനഭ്രഷ്ടയാക്കിക്കൊണ്ട് അധികാരം പിടിച്ചെടുത്തെങ്കിലും 'വീ' യുടെ ഭരണം അധികകാലം നീണ്ടുനിന്നില്ല. 710-ല്‍ ചക്രവര്‍ത്തിനി 'വു'വിന്റെ ചെറുമകന്‍ (റൂസോങ്ങിന്റെ പുത്രന്‍) സുവാന്‍ സുങ് 'വീ'യെ പുറത്താക്കിക്കൊണ്ട് റൂസോങ്ങിനെ ചക്രവര്‍ത്തിയാക്കി. 712-ല്‍ റൂസോങ് അധികാരം പുത്രനു കൈമാറി.

രാജ്യ താത്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പ്രാപ്തനായ ഭരണാധികാരി എന്ന മട്ടിലായിരുന്നു സുവാന്‍സുങ്ങിന്റെ ഭരണാരംഭം. തങ് രാജാക്കന്മാരില്‍ ഏറ്റവും നീണ്ടകാലം രാജ്യം ഭരിച്ചത് ഇദ്ദേഹമായിരുന്നു. വീ (Wei) കുടുംബവാഴ്ചക്കാലത്ത് ഭരണത്തെ ഗ്രസിച്ച അഴിമതി പൂര്‍ണമായും തുടച്ചു നീക്കിയ ഇദ്ദേഹം ഭരണരംഗത്ത് കാലാനുസൃതമായ പരിഷ്കരണങ്ങള്‍ നടപ്പിലാക്കി ജനപ്രീതിനേടി. 733-ല്‍ സാമ്രാജ്യത്തെ പതിനഞ്ച് സര്‍ക്യൂട്ടുകളാക്കി വിഭജിക്കുകയും അവയുടെ മേല്‍നോട്ടത്തിനായി 'കമ്മീഷനേഴ്സ് ഒഫ് ഇന്‍സ്പെക്ഷനെ' നിയമിക്കുകയും ചെയ്തു. സൈനികഭരണം കൂടുതല്‍ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി പത്ത് സ്ഥിര സൈനിക ഗവര്‍ണര്‍മാരെ അതിര്‍ത്തി സംരക്ഷണത്തിനായി നിയമിച്ചു.

സാംസ്കാരികരംഗത്ത് തിളക്കമേറിയ വ്യക്തിത്വമാര്‍ജിച്ചു നിന്ന വ്യക്തിയായിരുന്നു സുവാന്‍ സുങ്. സാഹിത്യം, കല, സംഗീതം, നൃത്തം എന്നിവയുടെ പരിരക്ഷകനും ആസ്വാദകനുമായിരുന്നു ഇദ്ദേഹം. ചൈനയുടെ ചരിത്രത്തിലെ സാംസ്കാരിക വസന്തമായിരുന്നു തങ് കാലഘട്ടം.

വളരെ നല്ലരീതിയില്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന ഭരണത്തിന് ക്രമേണ ദിശാബോധം നഷ്ടമായിത്തുടങ്ങി. ഭരണകാര്യങ്ങളില്‍ തികഞ്ഞ ഉദാസീനത പ്രകടിപ്പിച്ച ചക്രവര്‍ത്തി സുവാന്‍ സുങ് താന്ത്രിക ബുദ്ധിസത്തില്‍ വിശ്വാസം അര്‍പ്പിച്ചത് രാഷ്ട്രത്തിന്റെ ശിഥിലീകരണത്തിനു വഴിതെളിച്ചു. പ്രഭുക്കന്മാരും മത്സരപ്പരീക്ഷയിലൂടെ ഉന്നതസ്ഥാനങ്ങളിലെത്തിയ സിവില്‍ ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള അധികാര വടംവലി ഭരണരംഗത്തെ നിഷ്ക്രിയമാക്കിത്തീര്‍ത്തു. ചക്രവര്‍ത്തി ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ സുഖലോലുപതയില്‍ മുഴുകിയതോടെ രാജ്യം അരാജകത്ത്വത്തിലേക്കു നീങ്ങി.

8-ാം ശ.-ത്തില്‍ ചക്രവര്‍ത്തിയുടെ അനുയായികള്‍ തമ്മില്‍ നടന്ന സംഘര്‍ഷം രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്കു തള്ളിവിട്ടു. സുവാന്‍സുങ് തന്റെ പ്രിയങ്കരിയായ സഖി യാങ് ഗ്യുഫൈ (yang guifei)യുടെ ബന്ധുവായ യാങ് ഗോസോങ്ങിനെയാണ് തന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചത്. ഇദ്ദേഹത്തിന് ചക്രവര്‍ത്തിയുടെ മേലുണ്ടായ അമിത സ്വാധീനം പ്രധാനമന്ത്രിയായ ലി ലിന്‍ഫുവിനെ അസ്വസ്ഥനാക്കി. യാങ് ഗോസോങ്ങിന്റെ അധികാര വ്യാപ്തിയേയും വളര്‍ച്ചയേയും തളയ്ക്കുന്നതിനായി ലി ലിന്‍ഫു വടക്കന്‍ സേനയിലെ ജനറലുകളെ ബദല്‍ ശക്തിയായി വളര്‍ത്തിക്കൊണ്ടുവന്നു. ഇവരില്‍ ഒരാളായ അന്‍ലുഷാന്‍, യാങ് ഗ്യുഫൈയുടെ കാമുകനുമായിരുന്നു. ലി ലിന്‍ഫു മരിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിപദത്തിനുവേണ്ടി അന്‍ലുഷാനും യാങ് ഗോസാങ്ങും തമ്മില്‍ കടുത്ത മത്സരമായി. ഈ അധികാരമത്സരത്തില്‍ യാങ് ഗോസാങ് വിജയിച്ചു. പ്രകോപിതനായിത്തീര്‍ന്ന അന്‍ലുഷാന്‍ ചക്രവര്‍ത്തിക്കും പ്രധാനമന്ത്രിക്കും എതിരായി കലാപത്തിനു മുതിര്‍ന്നു.

2,00,000-ത്തോളം വരുന്ന സൈനികരുമായി തലസ്ഥാനമായ ചാങാനിലേക്കു നീങ്ങിയ അന്‍ലുഷാന്‍ ശക്തമായൊരു പോരാട്ടത്തിനുശേഷം തലസ്ഥാനനഗരം പിടിച്ചെടുത്തു. ഗത്യന്തരമില്ലാതെ തന്റെ അനുയായികളോടൊപ്പം തലസ്ഥാനം വിട്ടുപോകാന്‍ ചക്രവര്‍ത്തി നിര്‍ബന്ധിതനായിത്തീര്‍ന്നു. യാത്രാമധ്യേ തന്റെ സുരക്ഷാഭടന്മാരുടെ സമ്മര്‍ദത്തിനു വഴങ്ങി യാങ് ഗ്യുഫൈയെയും യാങ് ഗോസോങ്ങിനെയും വധശിക്ഷയ്ക്കു വിധിക്കേണ്ട ദുര്യോഗവും ഇദ്ദേഹത്തിനുണ്ടായി. സിച്ചുവാന്‍ (Cichuan) പ്രവിശ്യയില്‍ തങ്ങിയ ഇദ്ദേഹം 756-ല്‍ രാജ്യഭാരം പുത്രനായ സു സോങ്ങിനെ ഏല്പിച്ചു.

അതേസമയം ചാങാനില്‍ അന്‍ലുഷാന്‍ സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപനം നടത്തി. പക്ഷേ, ഒരു വര്‍ഷത്തിനുള്ളില്‍ പുത്രനാല്‍ വധിക്കപ്പെടേണ്ട നിര്‍ഭാഗ്യം ഇദ്ദേഹത്തിനുണ്ടായി. അന്‍ലുഷാന്‍ വധിക്കപ്പെട്ടതോടെ അനുയായികള്‍ കലാപത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 766-ല്‍ സു സോങ്ങിന്റെ നേതൃത്വത്തിലുള്ള സേന കലാപകാരികളെ അടിച്ചമര്‍ത്തുകയും രാജഭരണം പുനഃസ്ഥാപിക്കുകയും ചെയ്തു. എങ്കിലും ശിഥിലമായ തങ് രാജവംശത്തിന്റെ പ്രതാപം വീണ്ടെടുക്കുവാന്‍ കഴിഞ്ഞില്ല. തികച്ചും അസംതൃപ്തവും ദുര്‍ബലവുമായ ഭരണം നിമിത്തം തങ് രാജവംശം അസ്തമിച്ചുകൊണ്ടിരുന്നു. രാജ്യം ആഭ്യന്തരയുദ്ധത്തില്‍ പെട്ടപ്പോള്‍ പ്രവിശ്യകളിലെ സൈനികമേധാവികള്‍ കേന്ദ്ര ഭരണത്തെ ധിക്കരിക്കുവാന്‍ മുതിരുകയും തങ്ങളുടെ ഭരണപ്രദേശങ്ങളെ സമാന്തര ഭരണകേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു. രാജ്യത്തെ ശിഥിലമാക്കിയ ഈ പ്രവണത ശക്തിയാര്‍ജിച്ചതോടുകൂടി 8-ാം ശ.-ത്തിന്റെ ആരംഭത്തില്‍ തങ് രാജാക്കന്മാരുടെ ഭരണം നാമമാത്രമായി ചുരുങ്ങി. 9-ാം ശ.-ത്തില്‍ തങ് ഭരണവംശത്തിനെതിരായി പൊട്ടിപ്പുറപ്പെട്ട കര്‍ഷകവിപ്ലവം തങ് സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനു കാരണമായി. 907-ഓടെ തങ് സാമ്രാജ്യഭരണം അവസാനിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍