This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തക്ഷശില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തക്ഷശില

പ്രാചീന ഭാരതീയ വിദ്യാകേന്ദ്രം. ഇപ്പോള്‍ പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ നിന്ന് 32 കി.മീ. വ.കിഴക്കുള്ള ഭീര്‍ കുന്നിലാണ് ഈ സ്ഥലം. പ്രാചീന ഭാരതത്തിലെ ഏറ്റവും പ്രധാന വിദ്യാകേന്ദ്രമായി നാളന്ദയോടൊപ്പം വാഴ്ത്തപ്പെട്ടിട്ടുള്ളതാണ് തക്ഷശില.

ചരിത്രാതീതകാലം മുതല്‍ എ.ഡി. 5-ാം ശ.-ത്തിന്റെ അവസാനം വരെ വിവിധ ഭരണകര്‍ത്താക്കളുടെ ആസ്ഥാനമായും രാജ്യാന്തര പ്രശസ്തിയുള്ള വിജ്ഞാനകേന്ദ്രമായും നിലകൊണ്ട നഗരമാണിത്. വിദേശങ്ങളില്‍നിന്നുപോലും ധാരാളം വിജ്ഞാനകുതുകികള്‍ തക്ഷശിലയില്‍ വന്ന് വിദ്യാഭ്യാസം നേടിയിരുന്നതായി അവിടെ നടത്തിയ പഠനങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്.

മഹാഭാരതത്തില്‍ തക്ഷശിലയെപ്പറ്റിയുള്ള പരാമര്‍ശമുണ്ട്. പുരാണപ്രസിദ്ധമായ തക്ഷകന്‍ എന്ന നാഗവുമായി ബന്ധപ്പെട്ടാണ് തക്ഷശില എന്ന സ്ഥലപ്പേരു വന്നതെന്ന് മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇവിടെവച്ചാണത്രേ ജനമേജയന്‍ സര്‍പ്പസത്രം നടത്തിയതും വൈശമ്പായനന്‍ ജനമേജയന് ഭാരതകഥ പറഞ്ഞു കൊടുത്തതും. മാര്‍ക്കണ്ഡേയപുരാണത്തിലും തക്ഷശിലയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.

ബുദ്ധന്റെ കാലത്തിനു മുമ്പുതന്നെ ഇവിടെ ഒരു വിദ്യാകേന്ദ്രം ഉണ്ടായിരുന്നുവെന്ന് ഓനെസിക്കുട്ടോസ് എന്ന ഗ്രീക്കുസഞ്ചാരിയുടെ യാത്രാവിവരണത്തില്‍ നിന്നു മനസ്സിലാക്കാം. അലക്സാണ്ടറുടെ വരവിനു മുമ്പാണ് അദ്ദേഹം ഇവിടം സന്ദര്‍ശിച്ചത്. ചൈനീസ് സഞ്ചാരിയായ ഹ്യുയാന്‍സാങ്ങിന്റെ യാത്രാവിവരണത്തിലും ക്രിസ്ത്വബ്ദാരംഭത്തിനു വളരെ മുന്‍പു തന്നെ ഒരു പ്രധാന വിദ്യാകേന്ദ്രമായി തക്ഷശില വളര്‍ന്നിരുന്നതായി പരാമര്‍ശമുണ്ട്. അലക്സാണ്ടറുടെ ആക്രമണത്തില്‍ (ബി.സി. 356-23) ഇവിടത്തെ രാജാവായിരുന്ന ആംഭി തോല്പിക്കപ്പെട്ടിരുന്നു എന്നതിനും ചരിത്രരേഖകളുണ്ട്.

ആംഭി ക്ഷണിച്ചിട്ടാണ് അലക്സാണ്ടര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡലെത്തിയത് എന്നും അലക്സാണ്ടറുടെ കാലശേഷവും തക്ഷശില പ്രത്യേക രാജ്യമായി നിലനിന്നിരുന്നു എന്നും പറയപ്പെടുന്നു.

ചാണക്യന്‍ ചന്ദ്രഗുപ്തനെ യുദ്ധതന്ത്രങ്ങള്‍ പഠിപ്പിച്ചത് ഇവിടെ വച്ചായിരുന്നു. ചന്ദ്രഗുപ്തന്‍ മൗര്യസാമ്രാജ്യം സ്ഥാപിച്ചതോടെ തക്ഷശില അതിന്റെ ഭാഗമായി. ബിന്ദുസാര ചക്രവര്‍ത്തിയുടെ കാലത്ത് അശോകനായിരുന്നു തക്ഷശിലയുടെ മേല്‍നോട്ടം നിര്‍വഹിച്ചിരുന്നത്. അതോടെ അവിടം ബുദ്ധമതത്തിന്റെ ആദ്യകാലകേന്ദ്രങ്ങളില്‍ ഒന്നായി മാറി. തുടര്‍ന്ന് ഹര്‍ഷവര്‍ധനന്റെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു തക്ഷശില. 5-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ഹൂണന്മാരുടെ ആക്രമണത്തില്‍ തക്ഷശിലയിലെ പല വിദ്യാകേന്ദ്രങ്ങളും നശിച്ചു. അതോടെ തക്ഷശിലയുടെ പതനം ആരംഭിക്കുകയായിരുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ പഠനാര്‍ഥം എത്തിയിരുന്ന സ്ഥലമാണ് തക്ഷശില. വേദങ്ങള്‍, 10 ശാസ്ത്രങ്ങള്‍, ബുദ്ധമതം, വാസ്തുവിദ്യ, വൈദ്യശാസ്ത്രം എന്നിവയായിരുന്നു ഇവിടത്തെ പ്രധാന പാഠ്യവിഷയങ്ങള്‍. മാന്ത്രികം, ജാലവിദ്യ, ആയോധനകല, അസ്ത്രവിദ്യ, അനുഷ്ഠാനം എന്നിവയ്ക്കും ഇവിടെ പരിശീലനം നല്കിയിരുന്നു. രാജകുമാരന്മാര്‍, ക്ഷത്രിയര്‍, ബ്രാഹ്മണര്‍ എന്നിവരായിരുന്നു വിദ്യാര്‍ഥികളില്‍ അധികവും. കോസലരാജകുമാരനും വല്ലഭരാജാവുമൊക്കെ ഇവിടത്തെ വിദ്യാര്‍ഥികളായിരുന്നു. ഭരദ്വാജന്‍ (വൈദ്യം), അംഗുലീമാലന്‍, ധര്‍മപാലന്‍, യശോദത്തന്‍ തുടങ്ങിയവര്‍ തക്ഷശിലയിലെ വിദ്യാര്‍ഥികളായിരുന്നു.

കഠിനമായ പരീക്ഷണങ്ങള്‍ക്കു ശേഷം മാത്രമാണ് ഇവിടെ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം അനുവദിച്ചിരുന്നത്. സു. 1000 സ്വര്‍ണനാണയമായിരുന്നു ഫീസ്. ഗുരുവിനോടൊപ്പം താമസിച്ചു പഠിക്കുന്ന ഗുരുകുലരീതിയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ചൂരല്‍വടികൊണ്ടുള്ള മര്‍ദനം തുടങ്ങിയ ശിക്ഷാരീതികളും ഇവിടെയുണ്ടായിരുന്നു.

55 സ്തൂപങ്ങളും 28 ബുദ്ധാശ്രമങ്ങളും 9 ക്ഷേത്രങ്ങളും തക്ഷശിലയുടെ മാഹാത്മ്യചരിതം വെളിപ്പെടുത്തുന്നവയായി നിലനിന്നിരുന്നു.

അശോകശാസനങ്ങളുടെ അവശിഷ്ടങ്ങള്‍, പ്രാചീന നാണയ മാതൃകകള്‍, ഗാന്ധാരശില്പമാതൃകയിലുള്ള പ്രതിമകളുടെ ഭാഗ ങ്ങള്‍, അശോകന്‍ നിര്‍മിച്ചതായി വിശ്വസിക്കുന്ന ധര്‍മരാജികാ സ്തൂപം എന്നിവ ഇവിടെനിന്നു കണ്ടെത്തുകയും ഇവിടെയുള്ള മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്കു കാണുന്നതിനായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B6%E0%B4%BF%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍