This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രിയെഷ്, ഹാന്‍സ് അഡോള്‍ഫ് എഡ്വാര്‍ഡ്(1867-1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:14, 19 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡ്രിയെഷ്, ഹാന്‍സ് അഡോള്‍ഫ് എഡ്വാര്‍ഡ്(1867-1941)

Driesh,Hans Adolf Edward

ഹാന്‍സ് അഡോള്‍ഫ് ഡ്രിയെഷ്
ജര്‍മന്‍ തത്ത്വചിന്തകന്‍. ജീവശാസ്ത്രജ്ഞന്‍, ഭ്രൂണശാസ്ത്ര രംഗത്തെ പുരോഗതിയെ സഹായിച്ച വ്യക്തി; നവ്യപ്രാണ തത്ത്വവാദ(neovitalism)ത്തിന്റെ സുപ്രധാന വക്താവ് എന്നീ നിലകളിലും വിഖ്യാതന്‍. 1867-ല്‍ ജര്‍മനിയിലെ ബാദ് ക്രോയ്സ്നാ ഹില്‍ ജനിച്ചു. ഹാംബര്‍ഗിലെ വ്യാപാരിയായ പോള്‍ ഡ്രിയെഷ് ആയിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. 1886-ല്‍ ജൊഹാനിയത്തിലെ (Johaneum) പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ഇദ്ദേഹം ഫ്രൈബര്‍ഗില്‍ എ. വൈസ്മാനിന്റെ കീഴില്‍ ജീവശാസ്ത്രം പഠിക്കുവാന്‍ ആരംഭിച്ചു. പിന്നീട് മ്യുണിക്കിലും, ജെനയിലും ഇദ്ദേഹം പഠനം തുടര്‍ന്നു. ജെനയില്‍ ഏണ്‍സ്റ്റ് ഹേക്കലിന്റെ മേല്‍നോട്ടത്തിലാണ് ഡ്രിയെഷ് പഠനം നടത്തിയത്. 1889-ല്‍ ഇദ്ദേഹത്തിന് പിഎച്ച്.ഡി. ബിരുദം ലഭിച്ചു.

ജി. വുള്‍ഫ്, ഡബ്ള്യു.ഹിസ്, എ.ഗൊയത്തെ തുടങ്ങിയവരുടെ വാദമുഖങ്ങളോട് പ്രതികരിക്കുകവഴി ഡ്രിയെഷിന് ഹേക്കലിന്റെ യാന്ത്രികത്വവീക്ഷണങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. വില്‍ഹെം റൂക്സിന്റെ കൃതികള്‍ ഇദ്ദേഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുകയും പ്രാണതത്ത്വ -യാന്ത്രികത്വ തര്‍ക്കത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഡ്രിയെഷിന്റെ ആദ്യകൃതിയായ ദി മാത്തമാറ്റിഷ്-മെകാനിഷ് ബെഹന്‍ഡ്ലുങ്ങ് മോര്‍ഫോളജിഷര്‍ പ്രൊബളെമെ ഡെര്‍ ബയൊലോജി(Die mathematisch-mechanische behandlung morphologischer problemeder Biologie) പ്രസിദ്ധീകരിച്ചതോടുകൂടി ഹേക്കലുമായുള്ള ബന്ധം അവസാനിച്ചു.

ഉദ്ദേശം 1895 വരെയും ഡ്രിയെഷ് യാന്ത്രികത്വവീക്ഷണങ്ങള്‍ തന്നെയാണ് പുലര്‍ത്തിയിരുന്നത്. തന്റെ പരീക്ഷണങ്ങളിലൂടെ കണ്ടുപിടിച്ച വസ്തുതകള്‍ വിശദീകരിക്കുവാന്‍ യാന്ത്രികത്വ ത്തിന് സാധിക്കുകയില്ല എന്ന് ഇദ്ദേഹം മനസ്സിലാക്കി. 1899-ല്‍ ഇദ്ദേഹം ദി ലൊക്കലൈസേഷന്‍ മൊര്‍ഫൊജെനെറ്റിഷര്‍ ഫൊര്‍ ഗേങ്ങ ഐന്‍ ബെവൈസ് വെറ്റാലിസ്റ്റിഷന്‍ ഗെഷെഹന്‍സ് (harmonious equipotential system) എന്ന കൃതി പ്രസിദ്ധീകരിച്ചു. ഈ കൃതിയിലാണ് ഇദ്ദേഹം 'സന്തുലിതവും സമസ്ഥാനീയവുമായ വ്യൂഹം' (harmonious equipotential system) എന്ന ആശയം അവതരിപ്പിച്ചത്. ഈ വ്യൂഹത്തെക്കുറിച്ചു വിശദീകരിക്കുവാന്‍ യാന്ത്രികത്വ സിദ്ധാന്തങ്ങള്‍ക്ക് സാധിക്കുകയില്ല എന്നും ഇദ്ദേഹം തെളിയിച്ചു.

1905-ഓടെ ഇദ്ദേഹം തത്ത്വശാസ്ത്രത്തില്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. 1908-ല്‍ ദ് സയന്‍സ് ആന്‍ഡ് ഫിലോസഫി ഒഫ് ദി ഓര്‍ഗനിസം (The science and philosophy of the organism) എന്ന കൃതി പ്രസിദ്ധീകരിച്ചു.

1908-നു ശേഷം ഡ്രിയെഷ് തത്ത്വശാസ്ത്ര കൃതികള്‍ മാത്രമേ രചിച്ചിട്ടുള്ളൂ. 1909-ല്‍ ഇദ്ദേഹം ഹൈഡല്‍ബര്‍ഗ് സര്‍വകലാശാലയില്‍ പ്രിവാറ്റ് ഡോസന്റ് ആയി. 1912-ല്‍ സര്‍വകലാശാല യുടെ തത്ത്വശാസ്ത്രഫാക്കല്‍റ്റി അംഗമായി. 1912-ല്‍ ഓര്‍ഡ്നുങ്ങ്സ് ലെഹ്റ (Ordnungslehre), 1913-ല്‍ ദി ലോജിക് അല്‍സ് ഔഫ്ഗാബ (Die Logik als Aufgabe), 1917-ല്‍ വിര്‍ക്ളിഷ് കൈറ്റ്സ് ലെഹ്റ (Wirklichkeitslehre) എന്നീ ഗവേഷണഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. വിജ്ഞാനസിദ്ധാന്തം, തര്‍ക്കശാസ്ത്രം, ആത്മീയവാദം എന്നിവയെ സംബന്ധിക്കുന്ന ഈ മൂന്നു കൃതികളും ഡ്രിയെഷിന്റെ തത്ത്വശാസ്ത്രസിദ്ധാന്തങ്ങള്‍ പ്രതിഫലിപ്പിക്കുന്നവയാണ്. ലൈബ് ഉണ്‍ട് സീല (Lieb und seele), വിസ്സന്‍ ഉണ്‍ട് ഡെന്‍കന്‍ (Wissen und Denken) എന്നിവയും ഡ്രിയെഷിന്റെ മികവുറ്റ തത്ത്വശാസ്ത്ര കൃതികളാണ്.

കൊളോണ്‍, ലൈപ്സിഗ് തുടങ്ങിയ സര്‍വകലാശാലകളിലും ഇദ്ദേഹം ഔദ്യോഗികപദവികള്‍ അലങ്കരിച്ചിരുന്നു. എന്നാല്‍ നാസി ഭരണാധികാരികളുടെ അപ്രിയം സമ്പാദിച്ചതിനാല്‍ ഇദ്ദേഹം 1933-ല്‍ ഔദ്യോഗികസ്ഥാനങ്ങളില്‍ നിന്ന് വിരമിക്കുവാന്‍ നിര്‍ബന്ധിതനായി. പിന്നീട് ഇദ്ദേഹം മനഃശാസ്ത്രത്തിലും, അതീന്ദ്രിയ മനഃശാസ്ത്രത്തിലും (Parapsychology) താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. 1932-ലും 1938-ലും പ്രസിദ്ധീകരിച്ച കൃതികള്‍ ഈ താത്പര്യം വെളിവാക്കുന്നവയാണ്.

ജീവജാലങ്ങളുടെ വികാസത്തെക്കുറിച്ച് വിശദീകരിക്കുവാന്‍ ഡ്രിയെഷ് 'എന്റലെച്ചി' (entelechy) എന്ന ആശയം അവതരിപ്പിച്ചു. ജീവജാലങ്ങളെ പൂര്‍ണമാക്കുന്ന ഘടകമാണ് 'എന്റലെച്ചി'. മാനസിക-സാംസ്കാരിക തലങ്ങളിലും 'എന്റലെച്ചി' നിലനില്ക്കുന്നു. ബോധാനുഭവങ്ങളുടെ അബോധമായ അടിസ്ഥാനമാകുന്നത് ആത്മാവാണ്.

പരമമായഔന്നത്യത്തില്‍ ആത്മാവും എന്റലെച്ചിയും ഒന്നാകുന്നു. സാധാരണ മാനസികപ്രവര്‍ത്തനങ്ങള്‍ അപഗ്രഥിച്ചാല്‍, അബോധത്തിന്റെ പടിവാതില്‍വരെ എത്താന്‍ മാത്രമേ നമുക്കു സാധിക്കുകയുള്ളൂ. എന്നാല്‍ സ്വപ്നങ്ങളിലും ചില മനോരോഗി കളുടെ മാനസിക പ്രവര്‍ത്തനങ്ങളിലും അബോധത്തിന്റെ ചിത്രങ്ങള്‍ ദര്‍ശിക്കുവാന്‍ കഴിയും. അതീന്ദ്രിയപ്രതിഭാസങ്ങളായ ടെലിപ്പതിയിലും മറ്റും ശ്രേഷ്ഠമായ ഒരു പൂര്‍ണത ദര്‍ശിക്കുവാന്‍ കഴിയും. ദൈവമുണ്ടെന്ന് ഡ്രിയെഷ് വിശ്വസിച്ചു. ദൈവം ഒന്നാണോ അതോ നാനാതരത്തിലാണോ എന്ന് നിശ്ചയിക്കുവാന്‍ സാധിച്ചിരുന്നില്ല. 1941-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍