This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യോ വെഞ്യോ, വിന്‍സെന്റ് (1901 - 78)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്യോ വെഞ്യോ, വിന്‍സെന്റ് (1901 - 78)

Du Vigneaud,Vincent

നോബല്‍ സമ്മാനിതനായ അമേരിക്കന്‍ ജൈവരസതന്ത്രജ്ഞന്‍. ജീവകങ്ങള്‍, ഹോര്‍മോണുകള്‍, ഉപാപചയ പ്രക്രിയകള്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനകള്‍.
വിന്‍സെന്റ് ഡ്യോ വെഞ്യോ

1901 മേയ് 18-ന് ചിക്കാഗോയില്‍ ജനിച്ചു. ഇല്ലിനോയി സര്‍വകലാശാലയില്‍ നിന്ന് കാര്‍ബണിക രസതന്ത്രത്തില്‍ എം.എസ്. ബിരുദം നേടി (1924). റോച്ചെസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ജൈവരസതന്ത്രത്തില്‍ പിഎച്ച്.ഡി. (1927) ലഭിച്ചതിനെത്തുടര്‍ന്ന് ഗവേഷണത്തില്‍ വ്യാപൃതനായി. ഇല്ലിനോയി സര്‍വകലാശാലയില്‍ പ്രൊഫസര്‍ (1930-32); ജോര്‍ജ് വാഷിങ്ടണ്‍ മെഡിക്കല്‍ സ്കൂള്‍ (1932-38), കോര്‍ണല്‍ സര്‍വകലാശാല മെഡിക്കല്‍ സ്കൂള്‍ എന്നിവിടങ്ങളിലെ ജൈവരസതന്ത്ര വിഭാഗം ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ ഇദ്ദേഹം അലങ്കരിച്ചിരുന്നു.

ഡ്യോ വെഞ്യോയുടെ എല്ലാ പഠനങ്ങളും ജൈവിക പ്രാധാന്യമുള്ള കാര്‍ബണിക സള്‍ഫര്‍ സംയുക്തങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഇന്‍സുലിന്‍ തന്മാത്രയിലെ സള്‍ഫറിനെക്കുറിച്ചുള്ള ആദ്യകാല പഠനങ്ങളില്‍ തുടങ്ങി പോളിപെപ്ടൈഡ് ഹോര്‍മോണുകളുടെ സംശ്ളേഷണം വരെയുള്ള ഇദ്ദേഹത്തിന്റെ സകല ഗവേഷണങ്ങളും ഈ മേഖലയിലുള്ളതാണ്. രാസഘടനയും ജീവശാസ്ത്ര ധര്‍മവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങളിലും ഇദ്ദേഹം തത്പരനായിരുന്നു.

മീതയോണിനിലും കോളിനിലും (Methionine&Choline) മറ്റു ബന്ധപ്പെട്ട സംയുക്തങ്ങളിലും പ്രതിക്രിയാക്ഷമമായ മീതൈല്‍ ഗ്രൂപ്പിന്റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു 1930-കളില്‍ ഡ്യോ വെഞ്യോ പഠനം നടത്തിയത്. ഘന ഹൈഡ്രജനുപയോഗിച്ച് ജൈവിക വ്യൂഹങ്ങളിലെ ട്രാന്‍സ് മെതിലേഷന്‍ പ്രക്രിയകള്‍ ഇദ്ദേഹം പഠന വിധേയമാക്കി. ജീവകങ്ങളുടെ പഠനത്തില്‍ ഒരു പ്രശ്നമായി അവശേഷിച്ചിരുന്ന ബയോട്ടിന്റെ ഘടന 1942-ല്‍ ഇദ്ദേഹം കണ്ടെത്തി. ഡ്യോ വെഞ്യോ നിര്‍ദേശിച്ച പ്രക്രിയയിലൂടെ സള്‍ഫര്‍ അടങ്ങുന്ന ഈ സംയുക്തം സംശ്ളേഷണം ചെയ്യുന്നതില്‍ മെര്‍ക്ക് ലബോറട്ടറീസ് വിജയിച്ചു. പിന്നീട് പെന്‍സിലിനിന്റെ രസതന്ത്രത്തിലായി ശ്രദ്ധ. 1946-ല്‍ പെന്‍സിലിന്‍-ജി സംശ്ളേഷണം ചെയ്യുന്നതില്‍ വിജയം വരിച്ചു.

പിറ്റ്യുറ്ററിഗ്രന്ഥിയുടെ ഉത്തരഖണ്ഡത്തില്‍ ഉത്പാദിക്കപ്പെടുന്നതും ഗര്‍ഭാശയ സങ്കോചത്തിന് സഹായിക്കുന്നതും ആയ ഓക്സിടോസിന്‍ (oxytocin) എന്ന പോളിപെപ്പ്ടൈഡ് സംശ്ളേഷണം ചെയ്തതിന് 1955-ലെ നോബല്‍ സമ്മാനം ഡ്യോ വെഞ്യോ നേടി. രക്തസമ്മര്‍ദം ഉണ്ടാക്കുന്ന വാസോപ്രെസിന്‍ എന്ന മറ്റൊരു പിറ്റ്യുറ്ററി ഹോര്‍മോണ്‍ സംശ്ളേഷണം ചെയ്യുന്നതിനും ഡ്യോ വെഞ്യോയ്ക്കു സാധിച്ചു. ഇദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങള്‍ എ ട്രെയില്‍ ഒഫ് റിസര്‍ച്ച് ഇന്‍ സള്‍ഫര്‍ കെമിസ്ട്രി ആന്‍ഡ് മെറ്റബോളിസം ആന്‍ഡ് റിലേറ്റഡ് ഫീല്‍ഡ്സ് എന്ന പേരില്‍ 1952-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

നോബല്‍ സമ്മാനത്തെത്തുടര്‍ന്നു കൊളംബിയ സര്‍വകലാ ശാലയുടെ ഷാന്‍ഡലര്‍ മെഡല്‍ (1955), അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ വിലാര്‍ഡ് ഗിബ്സ് മെഡല്‍ (1956); ന്യൂയോര്‍ക്ക്, യേല്‍ സര്‍വകലാശാലകളുടേയും (1955) ഇല്ലിനോയി സര്‍വകലാശാലയുടേയും (1960) ഓണററി ഡോക്റ്ററേറ്റുകള്‍ എന്നീ ബഹുമതികള്‍ ഡ്യോ വെഞ്യോയ്ക്ക് ലഭിക്കുകയുണ്ടായി. എഡിന്‍ബറോ റോയല്‍ സൊസൈറ്റി (ലണ്ടന്‍), കെമിക്കല്‍ സൊസൈറ്റി, റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കെമിസ്ട്രി (ലണ്ടന്‍) എന്നീ സംഘടനകളുടെ വിശിഷ്ടാംഗവുമായിരുന്നു ഡ്യോ വെഞ്യോ.

1978 ഡി.11-ന് ഡ്യോ വെഞ്യോ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍