This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂയി, മെല്‍വില്‍ (1851 - 1931)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്യൂയി, മെല്‍വില്‍ (1851 - 1931)

Dewey,Melvil

മെല്‍വില്‍ ഡ്യൂയി
അമേരിക്കന്‍ ലൈബ്രേറിയന്‍. ഗ്രന്ഥശാലകളില്‍ പുസ്തക ക്രമീകരണത്തിന് ഉപയോഗപ്പെടുത്തുന്ന ഡ്യൂയി ഡെസിമല്‍ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രശസ്തനായിത്തീര്‍ന്ന മെല്‍വില്‍ ഡ്യൂയി 1851 ഡി. 10-ന് ന്യൂയോര്‍ക്കില്‍ ജനിച്ചു. 1874-ല്‍ ആംഹര്‍സ്റ്റ് കോളജില്‍ നിന്ന് ബിരുദം നേടിയതിനു ശേഷം രണ്ടു വര്‍ഷം അവിടെ താത്ക്കാലിക ലൈബ്രേറിയനായി സേവനമനുഷ്ഠിച്ചു. 1876-ല്‍ എ ക്ളാസിഫിക്കേഷന്‍ ആന്‍ഡ് സബ്ജക്റ്റ് ഇന്‍ഡക്സ് ഫോര്‍ കാറ്റലോഗിങ് ആന്‍ഡ് അറെയ്ഞ്ചിങ് ദ് ബുക്സ് ആന്‍ഡ് പാംഫ്ലെറ്റ്സ് ഒഫ് എ ലൈബ്രറി എന്ന പേരില്‍ ഒരു ചെറു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1877-ല്‍ ഇദ്ദേഹം ബോസ്റ്റണിലേക്കു താമസം മാറ്റി. ഏഴു വര്‍ഷം മെല്‍വില്‍ ഇവിടെ താമസിച്ച് ഗ്രന്ഥശാലാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മെട്രിക് സമ്പ്രദായം (Metric system) പ്രചരിപ്പിക്കുന്നതിനുമായി പ്രവര്‍ത്തിച്ചു. 1883 മുതല്‍ 88 വരെ ഇദ്ദേഹം ന്യൂയോര്‍ക്ക് സിറ്റിയിലെ കൊളംബിയ കോളജില്‍ ലൈബ്രേറിയനായി സേവനമനുഷ്ഠിച്ചു. ലൈബ്രേറിയന്മാരുടെ പരിശീലനത്തിനായി ഇദ്ദേഹം ഇവിടെ ഒരു സ്ഥാപനം ആരംഭിച്ചു. അമേരിക്കയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഇത്. 1888-ല്‍ ആല്‍ബനിയിലുള്ള ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലൈബ്രറിയുടെ ഡയറക്ടര്‍ ആയി ഇദ്ദേഹം നിയമിതനായി. ഈ കാലഘട്ടത്തില്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയുടെ ബോര്‍ഡ് ഒഫ് റീജന്റ്സിന്റെ സെക്രട്ടറിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍, ചില്‍ഡ്രന്‍സ് ലൈബ്രറി അസോസിയേഷന്‍, അസോസിയേഷന്‍ ഒഫ് സ്റ്റേറ്റ് ലൈബ്രേറിയന്‍സ്, അമേരിക്കന്‍ ലൈബ്രറി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സംഘടനകളുടേയും ലൈബ്രറി ജര്‍ണല്‍, ലൈബ്രറി നോട്ട്സ് എന്നീ പ്രസിദ്ധീകരണങ്ങളുടേയും പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം സജീവ പങ്കുവഹിച്ചിരുന്നു.

ഗ്രന്ഥശാലാപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാനായി ഡ്യൂയി നല്കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്. സഞ്ചരിക്കുന്ന ഗ്രന്ഥശാലകള്‍ എന്ന ആശയം നടപ്പില്‍ വരുത്തിയത് ഇദ്ദേഹമാണ്. ഡ്യൂയി ഡെസിമല്‍ സമ്പ്രദായം ഇന്നും പ്രചാരത്തിലുണ്ട്. ഈ സമ്പ്രദായമനുസരിച്ച് പുസ്തകങ്ങളെ ആദ്യം പത്ത് ക്ളാസ്സുകളായി തിരിക്കുന്നു. ക്ളാസ്സുകളെ പത്ത് ഡിവിഷനുകളായും ഡിവിഷനു കളെ പത്ത് സെക്ഷനുകളായും തിരിക്കുന്നു. ഡ്യൂയി ഡെസിമല്‍ (DDC 21) സമ്പ്രദായത്തിലെ പ്രധാന ക്ളാസ്സുകള്‍ ഇവയാണ്:

ഓരോ വിഷയവും ഏതു രൂപത്തിലാണ് (ഉദാ. ഉപന്യാസം, നിഘണ്ടു) അവതരിപ്പിച്ചിരിക്കുന്നത് എന്നത് സൂചിപ്പിക്കുവാനായി ഡിവിഷനുകള്‍ ഉപയോഗപ്പെടുത്തുന്നു. ഡ്യൂയി ഡെസിമല്‍ സമ്പ്ര ദായത്തിന് ഒരു അക്ഷരക്രമ സൂചികയുണ്ട്. ഇതില്‍ എല്ലാ വിഷയങ്ങളും അവയുടെ ഡ്യൂയി ക്ളാസ് നമ്പരും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരു വിഷയം തന്നെ ഒന്നില്‍ കൂടുതല്‍ ക്ളാസുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതും സൂചികയില്‍ നിന്ന് വ്യക്തമാകുന്നതാണ്.

1931 ഡി. 26-ന് ഡ്യൂയി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍