This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂമാ, ജീന്‍ ബാപ്റ്റിസ്റ്റ് ആന്‍ഡ്രേ (1800 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്യൂമാ, ജീന്‍ ബാപ്റ്റിസ്റ്റ് ആന്‍ഡ്രേ (1800 - 84)

Dumas,Jean Baptiste Andre

കാര്‍ബണിക രസതന്ത്രത്തില്‍ വിപ്ളവകരമായ സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ച ഫ്രഞ്ച് രസതന്ത്രജ്ഞന്‍. 1800 ജൂല. 14-ന് ഫ്രാന്‍സി ലെ ഏലിയാസില്‍ ജനിച്ചു. ഒരു അപ്പോത്തിക്കരിയില്‍ നിന്ന് തൊഴില്‍ പരിശീലനം നേടിയശേഷം 1816-ല്‍ അദ്ദേഹത്തോടൊപ്പം ജനീവയിലേക്കുപോയ ഡ്യൂമാ ഔഷധശാസ്ത്രം, സസ്യശാസ്ത്രം, രസതന്ത്രം എന്നിവയില്‍ ഉപരിപഠനം നടത്തി. രസതന്ത്രപരീക്ഷ ണങ്ങള്‍ നടത്തുവാന്‍ ഒരു പ്രാദേശിക ഔഷധ നിര്‍മാണശാലയുടെ ലബോറട്ടറി സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ഡ്യൂമായ്ക്ക് അനുമതി ലഭിച്ചു. ചാള്‍സ് ക്വാങ്ദെ(Charles Coinc-det)യുമായിച്ചേര്‍ന്നു നടത്തിയ ചില പരീക്ഷണങ്ങളിലൂടെ ഗോയിറ്റര്‍ ചികിത്സയ്ക്ക് അയൊഡിന്‍ പ്രയോജനപ്രദമാണെന്ന് ഇദ്ദേഹം കണ്ടെത്തി (1818). 1823-ല്‍ ഫ്രാന്‍സിലേക്കു മടങ്ങിപ്പോയ ഡ്യൂമാ എക്കോള്‍ പോളിടെക്നിക്കില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1832-ല്‍ എക്കോള്‍ പോളിടെക്നിക്കില്‍ ഡ്യൂമായുടെ നേതൃത്വത്തില്‍ ആരംഭിച്ച ലബോറട്ടറി, രസതന്ത്ര പഠനത്തിനും ഗവേഷണത്തിനുമുള്ള ഫ്രാന്‍സിലെ ആദ്യത്തെ പരീക്ഷണശാലയായിരുന്നു.

ജീന്‍ ബാപ്റ്റിസ്റ്റ് ആന്‍ഡ്രേ ഡ്യൂമാ
1829-ല്‍ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായ ഡ്യൂമായ്ക്ക് 1841-ല്‍ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ചു. 1868-ല്‍ ജോലിയില്‍ നിന്നു വിരമിക്കുന്നതുവരെ ഈ പദവിയില്‍ തുടര്‍ന്നു. ഒരാള്‍ ഒന്നിലധികം സര്‍വ കലാശാലകളില്‍ അധ്യാപനത്തിലേര്‍പ്പെടുക എന്നത് അക്കാലത്തെ പതിവായിരുന്നു.1835 മുതല്‍ എക്കോള്‍ പോളിടെക്നിക്കില്‍ പ്രൊഫസര്‍, 1839 മുതല്‍ എക്കോള്‍ ഡി മെഡിസിനില്‍ കാര്‍ബണിക രസതന്ത്ര വിഭാഗം പ്രൊഫസര്‍, 1840 മുതല്‍ ആങ്ങലു ദ് ഷെമിക് എ ദ് ഫിസീക് (Annalus de Chemic et de physique) എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ എന്നീ നിലകളില്‍ ഡ്യൂമാ പ്രവര്‍ത്തിച്ചിരുന്നു. പില്‍ക്കാലത്തെ പ്രശസ്തരായ അനവധി രസതന്ത്രജ്ഞര്‍ ഡ്യൂമായുടെ ശിഷ്യഗണത്തില്‍പ്പെടുന്നു.

ഡ്യൂമായുടെ പഠനങ്ങള്‍ അവയുടെ ആഴത്തേക്കാളുപരി വ്യാപ്തി കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ലോഹസംസ്കരണം, ഗ്ളാസ് നിര്‍മാണം എന്നീ മേഖലകളില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ ശ്രദ്ധേയങ്ങളാണ്. ചായങ്ങളുടേയും ഔഷധങ്ങളുടേയും ഘടനയും ഗുണധര്‍മങ്ങളും തമ്മിലുള്ള ബന്ധം വിശദമായി പഠിക്കുക വഴി ഈ വ്യവസായങ്ങളുടെ പുരോഗതിക്ക് വിലപ്പെട്ട സംഭാവന നല്കാന്‍ ഡ്യൂമായ്ക്കു സാധിച്ചു. സസ്യങ്ങളുടേയും മൃഗങ്ങളുടേയും ശരീരശാസ്ത്രത്തിലും നിരവധി പഠനങ്ങള്‍ നടത്തിയിരുന്നു.

കാര്‍ബണിക സംയുക്തങ്ങളുടേയും മൂലകങ്ങളുടേയും വര്‍ഗീകരണത്തിലായിരുന്നു ഡ്യൂമാ പ്രധാനമായും ശ്രദ്ധ കേന്ദ്രീ കരിച്ചത്. രാസപദാര്‍ഥങ്ങളെ വിദ്യുത്ധന (അമ്ളം), വിദ്യുത് ഋണ (ക്ഷാരം) എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിക്കുന്ന ദ്വൈതസങ്കല്പ (dualism)വും ഡാള്‍ട്ടന്റെ അറ്റോമിക സിദ്ധാന്തവും ആശ്രയിച്ചാണ് വര്‍ഗീകരണശ്രമങ്ങള്‍ നടത്തിയത്. ഈ ഗവേഷണങ്ങള്‍ക്കിടയില്‍ വാതകങ്ങളുടെ ആപേക്ഷികസാന്ദ്രത നേരിട്ട് അളക്കുന്നതിന് ഒരു പുതിയ മാര്‍ഗം ഇദ്ദേഹം കണ്ടുപിടിച്ചു (1826). ഈ മാര്‍ഗത്തിന് പല ന്യൂതനകളുമുണ്ടെന്ന് പിന്നീട് ഡ്യൂമാ തന്നെ കണ്ടെത്തുകയുണ്ടായി. ഈ നിരീക്ഷണങ്ങളുടെ ഫലമായി ഡാള്‍ട്ടന്റെ അറ്റോമിക സിദ്ധാന്തം പൂര്‍ണമായും സ്വീകാര്യമല്ല എന്ന നിഗമനത്തില്‍ ഡ്യൂമാ എത്തിച്ചേര്‍ന്നു. 1834-ല്‍ ഇദ്ദേഹം ആവിഷ്കരിച്ച പ്രതിസ്ഥാപന സിദ്ധാന്തം (Theory of substitution) കാര്‍ബണിക രസതന്ത്രസിദ്ധാന്തങ്ങളില്‍ വിപ്ളവാത്മകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ഒരു സംയുക്തത്തിലുള്ള ഹൈഡ്രജനെ തുല്യ അളവിലുള്ള ഹാലജനോ ഓക്സിജനോ മറ്റേതെങ്കിലും മൂലകമോ കൊണ്ട് ആദേശം ചെയ്യാനാകും എന്നാണ് ഇദ്ദേഹം സിദ്ധാന്തിച്ചത്. ഇതി ലൂടെ ബെര്‍സീലിയസിന്റെ രാസസംയോഗ നിയമം (രാസസം യോഗം ഘടകമൂലകങ്ങളുടെ വൈദ്യുതാവസ്ഥയ്ക്കു വിധേയമാണ്) ഖണ്ഡിക്കുകയാണ് ഡ്യൂമാ ചെയ്തത്. ദ്വൈതസങ്കല്പത്തെ അടിസ്ഥാനമാക്കിയാണ് ഡ്യൂമാ പ്രതിസ്ഥാപന സിദ്ധാന്തം ആവി ഷ്കരിച്ചതെങ്കിലും പല പ്രക്രിയകളും പ്രതിഭാസങ്ങളും വിശദീക രിക്കാന്‍ ദ്വൈതസങ്കല്പം അപര്യാപ്തമാണെന്ന് ഡ്യൂമായ്ക്ക് ബോധ്യമായി. ഒരു തന്മാത്രയെ ധന(+ve) ഋണ(-ve) ധ്രുവീകരണമില്ലാത്ത ഒറ്റ ഘടനയായി കാണുന്ന ഏകീയദര്‍ശനം ഡ്യൂമാ പിന്നീട് സ്വീകരിച്ചു. ചാള്‍സ് ഗെര്‍ഹാര്‍റ്റ്ഡ്, അഗസ്റ്റേ ലോറന്റ് എന്നിവര്‍ക്ക് 'പ്രരൂപ സിദ്ധാന്തം' (theory of types) ആവിഷ്കരിക്കാന്‍ പ്രേരകമായത് ഡ്യൂമായുടെ ഈ ആശയമാണ്. മാത്രമല്ല, കാര്‍ബണിക രസതന്ത്രത്തില്‍ വര്‍ഗീകരണത്തിനും സിദ്ധാന്തങ്ങളുടെ പുനഃപരിശോധനയ്ക്കും വ്യക്തമായ കാഴ്ചപ്പാടു നല്കാനും ഡ്യൂമായുടെ ആശയങ്ങള്‍ സഹായകമായി. ഈ ദിശയിലുള്ള പഠനങ്ങള്‍ക്കു പുറമേ, ചില കാര്‍ബണിക സംയുക്തങ്ങള്‍ വേര്‍തിരിക്കുന്നതിലും ഡ്യൂമാ വിജയിച്ചു. ഉദാ. ആന്ത്രസീന്‍ (1831), ക്ളോറോഫോം (1834). കാര്‍ബണിക സംയുക്തങ്ങളിലെ നൈട്രജന്റെ പരിമാണാത്മക വിശ്ളേഷണത്തിനുള്ള ഒരു മാര്‍ഗം, കര്‍പ്പൂരത്തിന്റെ ഫോര്‍മുല (1832) തുടങ്ങിയവയും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. യൂജീന്‍-മെല്‍കോയര്‍ പെട്രിഗോയുമായി ചേര്‍ന്ന് മീഥൈല്‍ ആല്‍ക്കഹോള്‍ വേര്‍തിരിക്കുകയും (1834) ആല്‍ക്കഹോളുകളുടെ സമവര്‍ഗശ്രേണി ആവിഷ്കരിക്കുകയും ചെയ്തത് ഡ്യൂമായുടെ മറ്റൊരു നേട്ടമാണ്.

1849-ല്‍ ദേശീയ അസംബ്ളി അംഗമായ ഡ്യൂമാ പില്ക്കാലത്ത് സെനറ്റര്‍, പാരിസ് സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് എന്നീ സ്ഥാന ങ്ങളും വഹിച്ചിട്ടുണ്ട്. 1884 ഏ. 10-ന് ഡ്യൂമാ കാനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍