This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂനന്‍, ജീന്‍ ഹെന്റി (1828 - 1910)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്യൂനന്‍, ജീന്‍ ഹെന് റി (1828 - 1910)

Dunant,Jean Henri

ജീന്‍ ഹെന് റി ഡ്യൂനന്‍
അന്തര്‍ദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകന്‍. 1828-ല്‍ ജനീവയില്‍ ജനിച്ചു. 1859-ല്‍ ഇറ്റലിയില്‍ സോള്‍ഫെറിനോ (Solferino) യുദ്ധത്തിന്റെ ദുരന്തങ്ങള്‍ക്കു ദൃക്സാക്ഷിയാകേണ്ടി വന്നപ്പോഴാണ് റെഡ് ക്രോസ് സൊസൈറ്റിയെക്കുറിച്ചുള്ള ആശയം ഡ്യൂനനുണ്ടായത്. സോള്‍ഫെറിനോ യുദ്ധത്തില്‍ ഇരുപക്ഷത്തുമായി പരിക്കേറ്റ അനേകായിരങ്ങളെ ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ഒരു ക്രൈസ്തവ ദേവാലയത്തില്‍ ഒരു താത്ക്കാലിക ആശുപത്രി സ്ഥാപിച്ചുകൊണ്ടാണ് ഡ്യൂനന്‍ ഈ രംഗത്തേക്കു കടന്നുവന്നത്. ജനീവയില്‍ തിരിച്ചെത്തിയ ഡ്യൂനന്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് 1862-ല്‍ എ മെമ്മറി ഒഫ് സോള്‍ഫെറിനോ (A Memory of Solferino) എന്ന കൃതി പ്രസിദ്ധീകരിച്ചു. യുദ്ധങ്ങളില്‍ പരിക്കേല്ക്കുന്ന സൈനികരെ ചികിത്സിക്കുന്നതിനുവേണ്ടി ഒരു സ്ഥിരം സംഘടന ആവശ്യമാണെന്ന ആശയം ഈ കൃതിയിലൂടെ ഡ്യൂനന്‍ അവതരിപ്പിച്ചു.

1863-ല്‍ ജനീവയില്‍ ചേര്‍ന്ന സമ്മേളനം അന്തര്‍ദേശീയ റെഡ് ക്രോസ് കമ്മിറ്റിക്ക് രൂപംനല്കി. 1864-ല്‍ ജനീവയില്‍ നടന്ന രണ്ടാമതു സമ്മേളനത്തില്‍ 12 രാഷ്ട്രങ്ങള്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനം അംഗീകരിച്ച പ്രഖ്യാപനം ജനീവ കണ്‍വെന്‍ഷന്‍ എന്നാണറിയപ്പെടുന്നത്. തുടര്‍ന്ന് 1906-ല്‍ നാവികയുദ്ധങ്ങളില്‍ പരിക്കേല്ക്കുന്നവരെ സംബന്ധിച്ചും 1929-ല്‍ യുദ്ധത്തടവുകാരെ സംബന്ധിച്ചുമുള്ള ജനീവ കണ്‍വെന്‍ഷനുകള്‍ നിലവില്‍ വന്നു. 1949-ല്‍ സിവിലിയന്‍ ജനതയെ സംബന്ധിച്ചുള്ള ജനീവ കണ്‍വെന്‍ഷനും പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് ലോകത്തെ എല്ലാ രാജ്യങ്ങളും ഈ നാല് ജനീവ കണ്‍വെന്‍ഷനുകളിലും അംഗങ്ങളാണ്. ഓരോ രാജ്യത്തും ദേശീയ റെഡ് ക്രോസ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. 1919-ല്‍ രൂപീകൃതമായ ലീഗ് ഒഫ് റെഡ് ക്രോസ് സൊസൈറ്റീസിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി ദുരന്തങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും അഭയാര്‍ഥികള്‍ക്കും സഹായമെത്തിക്കുന്നുണ്ട്. 1901-ല്‍ ഫ്രെഡറിക് ചാസിക്കും ജീന്‍ ഹെന്റി ഡ്യൂനനുമാണ് ആദ്യത്തെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ചത്. 1910 ഒ.-ല്‍ ഡ്യൂനന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍