This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യുട്ടീരിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്യുട്ടീരിയം

Deuterium

ഹൈഡ്രജന്റെ ഒരു സമസ്ഥാനീയം. അ.സ.1, അ.ഭാ.2.0144, സിം. 1H2 അഥവാ 1D2. ഘന ഹൈഡ്രജന്‍ എന്നും പറയാറുണ്ട്. ദ്രവഹൈഡ്രജന്റെ അംശികസ്വേദനം അല്ലെങ്കില്‍ അംശിക വൈദ്യുത വിശ്ളേഷണം വഴി ഡ്യുട്ടീരിയം വേര്‍പെടുത്താം. പ്രകൃതിയിലുള്ള മൊത്തം ഹൈഡ്രജന്റെ 0.016 ശ.മാ. മാത്രമാണ് ഡ്യുട്ടീരിയം.

ഹൈഡ്രജന്റെ ഭൗതികവും രാസികവും ആയ അണുഭാരങ്ങ ളിലെ ചെറിയ വ്യത്യാസമാണ് ഹൈഡ്രജന്റെ ഉയര്‍ന്ന ഒരു സമ സ്ഥാനീയത്തെക്കുറിച്ച് പ്രവചിക്കാന്‍ ഇടയാക്കിയത്. ആസ്റ്റണ്‍ (Aston) ആണ് അണുഭാരങ്ങളിലെ ഈ വൈരുദ്ധ്യം കണ്ടുപിടിച്ചത്. 1931-ല്‍ ബിര്‍ജ് (Birge), മെന്‍സെല്‍ (Menzel) എന്നിവര്‍ ഡ്യുട്ടീരിയത്തിന്റെ സാന്നിധ്യം പ്രവചിച്ചു.
അതേ വര്‍ഷം തന്നെ എച്ച്.സി.യുറേ (H.C.Urey), ബ്രിക്ക് വാഡേ (Brick Wedde), മര്‍ഫി (Murphy) എന്നിവര്‍ ദ്രവ ഹൈഡ്രജന്‍ അംശിക ബാഷ്പീകരണത്തിനു വിധേയമാക്കിയ വേളയില്‍ ലഭിച്ച അവശിഷ്ടത്തിന്റെ സ്പെക്ട്രോസ്കോപിക വിശ്ളേഷണം നടത്തുകയും അ.ഭാ. 2.0144 ഉള്ള ഹൈഡ്രജന്റെ സമസ്ഥാനീയം കണ്ടെത്തുകയും ചെയ്തു. അവര്‍ അതിനെ ഡ്യുട്ടീരിയം എന്ന് നാമകരണം ചെയ്തു. 1934-ല്‍ ഈ കണ്ടുപിടിത്തത്തിനു യുറേക്ക് നോബല്‍ സമ്മാനം ലഭിച്ചു.

സാധാരണ ഹൈഡ്രജന്‍ അഥവാ പ്രോട്ടിയ(Protium)ത്തില്‍ നിന്ന് ഡ്യുട്ടീരിയം പല വിധത്തില്‍ വേര്‍പെടുത്തി എടുക്കാറുണ്ട്. ഈ രണ്ട് സമസ്ഥാനീയങ്ങള്‍ തമ്മില്‍ വ്യാപ്തത്തിലുള്ള വ്യത്യാ സം ഉപയോഗപ്പെടുത്തി ഡ്യുട്ടീരിയം വേര്‍തിരിക്കാം. രണ്ട് സമസ്ഥാനീയങ്ങളുടെ തിളനിലയില്‍ ചെറിയ വ്യത്യാസം (പ്രോട്ടിയം: -252.8°C ഡ്യുട്ടീരിയം: -249.5°C) ഉപയോഗപ്പെടുത്തി വളരെ ശ്രദ്ധാപൂര്‍വം അംശികസ്വേദനം നടത്തി ദ്രവ ഹൈഡ്രജനില്‍ നിന്ന് ഡ്യുട്ടീരിയം വേര്‍പെടുത്താം. മരക്കരിപോലെയുള്ള ഖരവസ്തുക്കളില്‍ പ്രോട്ടിയം കൂടുതല്‍ വേഗത്തില്‍ അധിശോഷണം ചെയ്യപ്പെടുന്നതിനാല്‍ വളരെ താഴ്ന്ന ഊഷ്മാവില്‍ വച്ചിരിക്കുന്ന മരക്കരിയിലൂടെ കടത്തി വിടുമ്പോള്‍ പ്രോട്ടിയം അധിശോഷണം ചെയ്യപ്പെടുകയും ഡ്യുട്ടീരിയം യാതൊരു മാറ്റവും കൂടാതെ പുറത്തേക്കു വരികയും ചെയ്യു ന്നു. സാന്ദ്രീകരിച്ച ഘനജലം ദീര്‍ഘസമയം വൈദ്യുത വിശ്ളേഷ ണത്തിനു വിധേയമാക്കിയും ഡ്യുട്ടീരിയം വേര്‍പെടുത്താനാകും. രാസികമായി കൂടുതല്‍ പ്രതിക്രിയാക്ഷമത പ്രദര്‍ശിപ്പിക്കുന്നത് പ്രോട്ടിയമാണ്. അതിനാല്‍ ചുവപ്പു നിറം വരെ ചൂടാക്കിയ കോപ്പര്‍ ഓക്സൈഡിനു മുകളിലൂടെ ഹൈഡ്രജന്‍ കടത്തിവിടുമ്പോള്‍ പ്രോട്ടിയം വളരെ വേഗം പ്രതിപ്രവര്‍ത്തിക്കുന്നു. ഇപ്രകാരം Zn, Fe, Ca, U എന്നീ ലോഹങ്ങളുമായി പ്രതിപ്രവര്‍ത്തിപ്പിച്ചും ഡ്യുട്ടീരിയം വേര്‍പെടുത്താം.

ഹൈഡ്രജനെപ്പോലെതന്നെ സാധാരണ ഊഷ്മാവില്‍ നിറമോ ഗന്ധമോ ഇല്ലാത്ത ഒരു വാതകമാണ് ഡ്യുട്ടീരിയം. ഹൈഡ്രജനു മായി താരതമ്യം ചെയ്തുകൊണ്ട് ഡ്യുട്ടീരിയത്തിന്റെ ഭൗതികഗുണധര്‍മങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു.

സാധാരണ ഡ്യുട്ടീരിയം ഓര്‍ത്തോ (2/3) പാരാ (1/3) ഡ്യുട്ടീ രിയങ്ങളുടെ ഒരു മിശ്രിതമാണ്. ഡ്യുട്ടീരിയത്തില്‍ HD പലപ്പോഴും ഒരു മാലിന്യമായി കാണാറുണ്ട്. മാസ്സ്പെക്ട്രോമീറ്റര്‍ ഉപയോഗിച്ച് പ്രോട്ടിയത്തിന്റെ സാന്നിധ്യം നിര്‍ണയിക്കാവുന്നതാണ്.

ഹൈഡ്രജനെപ്പോലെതന്നെ ഡ്യുട്ടീരിയവും വായുവിലും ഓക്സിജനിലും തീപിടിച്ച് ഘനജലം (D2O) ഉണ്ടാക്കുന്നു.

ഡ്യുട്ടീരിയം ഹാലജനുമായും പ്രതിപ്രവര്‍ത്തിക്കുന്നു.


അമോണിയയ്ക്ക് സമാനമായി നൈട്രജനുമായി ഡ്യൂട്ടറോ അമോണിയ ഉണ്ടാവുന്നു.


ഉയര്‍ന്ന ഊഷ്മാവില്‍ ആല്‍ക്കലി ലോഹങ്ങളുമായി ഹൈഡ്രൈഡിനു സമാനമായ ഡ്യൂട്ടറൈഡുകള്‍ രൂപീകരിക്കുന്നു.

അപൂരിത ഹൈഡ്രോ കാര്‍ബണുകളുമായി സങ്കലനം ചെയ്ത് പൂരിത ഹൈഡ്രോകാര്‍ബണുകള്‍ ഉണ്ടാകുന്നു.

H2, NH3, H2O, CH4 എന്നിവയുമായി ഉയര്‍ന്ന ഊഷ്മാവില്‍ പ്രതിപ്രവര്‍ത്തിച്ച് ഹൈഡ്രജനെ ഭാഗികമായോ മുഴുവനായോ വിനിമയം ചെയ്യുന്നു.

ഡ്യൂട്ടറോണുകള്‍ (ഡ്യുട്ടീരിയത്തിന്റെ അണുകേന്ദ്രം) അണുകേന്ദ്ര രൂപാന്തരീകരണത്തിനും അണുഭേദനത്തിനും ഉപയോഗിച്ചു വരുന്നു. അണുകേന്ദ്ര റിയാക്ടറുകളില്‍ ന്യുട്രോണുകളുടെ വേഗത കുറയ്ക്കുന്നതിനുള്ള മന്ദീകാരിയായി ഘനജലം ഉപയോഗിക്കാ റുണ്ട്. രാസ-ജൈവ ഗവേഷണങ്ങളില്‍ ഒരു ട്രേസര്‍ മൂലകം എന്ന നിലയ്ക്കും ഡ്യുട്ടീരിയം പ്രയോജനപ്പെടുത്തിവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍