This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോസെറ്റ്, ഴാങ് (1916 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോസെറ്റ്, ഴാങ് (1916 - )

Dausset,Jean

ശരീരശാസ്ത്രവുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം 1980-ല്‍ നേടിയ ശാസ്ത്രജ്ഞന്‍. 1916 ഒ. 19-ന് ടൌലസില്‍ ജനിച്ച ഡോസെറ്റ് പ്രാഥമിക വിദ്യാഭ്യാസം ബിയറിറ്റ്സില്‍ (Biarritz) പൂര്‍ത്തിയാക്കി. ഇദ്ദേഹത്തിന് പതിനൊന്നു വയസ്സായപ്പോള്‍ മാതാപിതാക്കള്‍ പാരിസിലേക്കു താമസം മാറ്റിയതിനാല്‍ പിന്നീടുള്ള വിദ്യാഭ്യാസം പാരിസിലാണ് തുടര്‍ന്നത്. ഫ്രാന്‍സിലെ അതിവിദഗ്ധ വാതരോഗഭിഷഗ്വരനായ ഹെന്റി ഡോസെറ്റ് ആയിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. തന്റെ മകനെ ഒരു ഡോക്ടര്‍ ആക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. രണ്ടാം ലോകയുദ്ധം വരെ ഡോസെറ്റിന്റെ വൈദ്യശാസ്ത്രപഠനം നിര്‍വിഘ്നം പുരോഗമിച്ചു. 1940-ല്‍ പാരിസിലെത്തിയ ഡോസെറ്റിന് അവിടത്തെ ചില പരീക്ഷകള്‍ വിജയിക്കാന്‍ സാധിച്ചതിനാല്‍ 'ഇന്റേണ്‍ ഒഫ് ദ് പാരിസ് ഹോസ്പിറ്റല്‍സ്' എന്ന സ്ഥാനം നേടുവാന്‍ സാധിച്ചു. തുടര്‍ന്ന്, ഡോസെറ്റ് വ.ആഫ്രിക്കയിലെ സൈന്യത്തില്‍ ചേര്‍ന്നു.

അല്‍ജിയേഴ്സിലെ സൈനിക പരിശീലനകാലത്താണ് ഇദ്ദേഹം ആദ്യത്തെ ലബോറട്ടറി പരീക്ഷണങ്ങള്‍ക്കും മനുഷ്യരില്‍ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട രക്താണു (platelets)ക്കളെപ്പറ്റിയുള്ള ശാസ്ത്രീയ പഠനങ്ങള്‍ക്കും തുടക്കം കുറിച്ചത്.

ഴാങ് ഡോസെറ്റ്

1944-ല്‍ പാരിസില്‍ തിരിച്ചെത്തിയ ഡോസെറ്റ് നിരവധി പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു പഠനം നടത്തി. കൂടാതെ, പാരിസിലെ സെയ്ന്റ് ആന്റോയിന്‍ ആശുപത്രിയിലെ റീജിയണല്‍ 'ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററില്‍ മാര്‍സല്‍ ബെസ്സിസി (Marcel Bessis)'നോടൊപ്പം രക്ത പ്രതിസ്ഥാപന (blood transfusion) പ്രക്രിയയെപ്പറ്റി ആദ്യ ഗവേഷണ നിരീക്ഷണങ്ങളില്‍ വ്യാപൃതനാവുകയും പ്രായപൂര്‍ത്തിയായ വ്യക്തികളിലും ശിശുക്കളിലും രക്തപ്രതിസ്ഥാപന പരിശോധന നടത്തുകയും ചെയ്തു. ക്ലോസ്ട്രിഡിയം പെര്‍ഫ്രിന്‍ജെന്‍സ് (Clostridium perfringens) എന്നയിനം ബാക്ടീരിയകളാണ് ഗര്‍ഭം അലസുന്ന സ്ത്രീകള്‍ക്ക് മൂത്രതടസ്സവും വൃക്കരോഗങ്ങളും രക്തത്തില്‍ രോഗാണുബാധയും ഉണ്ടാകുന്നതിനു (septicaemia) കാരണമാകുന്നതെന്ന് നിരവധി പരീക്ഷണങ്ങളിലൂടെ കണ്ടെത്തുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു.

ശിശുരോഗങ്ങളെപ്പറ്റിയും രക്തവിജ്ഞാനത്തെക്കുറിച്ചും ഗവേഷണം തുടര്‍ന്ന ഡോസെറ്റ് 1948-ല്‍ ബോസ്റ്റണിലെ കുട്ടികളുടെ ആശുപത്രിയില്‍ പരിശീലനത്തിനായി ചേര്‍ന്നു. ഇതോടൊപ്പം തന്നെ ഹാവാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ ലബോറട്ടറിയിലും പ്രവര്‍ത്തിച്ചു.

അതിനുശേഷം, ഫ്രാന്‍സില്‍ തിരിച്ചെത്തിയ ഡോസെറ്റ് റീജിയണല്‍ ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററില്‍ ചുവന്ന രക്താണുക്കള്‍ക്കു സ്വീകാര്യമായ ഒരു ഇമ്യുണോ ഹെമറ്റോളജി പ്രവിധി വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങളില്‍ മുഴുകി. ഇതേ പ്രവിധികള്‍ ശ്വേതരക്താണുക്കളിലും പ്ലേറ്റ്ലെറ്റുകളിലും പ്രായോഗികമാക്കാനുള്ള ശ്രമങ്ങളുമാരംഭിച്ചു. 1952-ല്‍ ഡോസെറ്റിന്റെ പരീക്ഷണങ്ങള്‍ വിജയിച്ചു.

1958-ല്‍ 'നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററി'ല്‍ രക്തത്തിന്റെ രോഗപ്രതിരോധശക്തി സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്ന ലബോറട്ടറിയില്‍ വച്ച് ഡോസെറ്റ് ല്യുക്കോസൈറ്റ് ആന്റിജനായ MAC കണ്ടെത്തി വിശദീകരിക്കുകയുണ്ടായി. ഈ ആന്റിജന്‍ HLA-A2 എന്ന പേരിലും അറിയപ്പെടുന്നു. 1958-ല്‍ പാരിസിലെ മെഡിസിന്‍ ഫാക്കല്‍റ്റിയില്‍ ഹെമറ്റോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചു. അഞ്ച് വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. 1963-ല്‍ സെയ്ന്റ് ലൂയിസ് ആശുപത്രിയിലെ ഇമ്യുണോളജി വിഭാഗത്തിന്റെ തലവനായി നിയമിക്കപ്പെട്ടു.

1963-ല്‍ മാഡ്രസിലെ റോസ് മേയോറലിനെ വിവാഹം ചെയ്തു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.

ഡോസെറ്റ് 1968 വരെ ഴാങ് ബെര്‍നാഡിന്റെ (Jean Bernard) നേതൃത്വത്തിലുള്ള രക്തരോഗ ഗവേഷണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. 1977-ല്‍ കോളജ് ഒഫ് ഫ്രാന്‍സിലെ എക്സ്പരിമെന്റല്‍ മെഡിസിന്റെ ചെയര്‍മാനായി നിയമിതനായെങ്കിലും സെയ്ന്റ് ലൂയിസ് ആശുപത്രിയിലുള്ള ലബോറട്ടറിയില്‍ത്തന്നെ ഗവേഷണം തുടരുവാനാണ് ഡോസെറ്റ് തീരുമാനിച്ചത്.

1980-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം ബറൂജ് ബെനാസിറാഫ് (Baruj Benacerraf), ജോര്‍ജ് സ്നെല്‍ (George Snell) എന്നിവരുമായി ഡോസെറ്റ് പങ്കുവച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍