This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോള്‍ഡ്രംസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോള്‍ഡ്രംസ്

Doldrums

ഭൂമധ്യരേഖയ്ക്ക് ഇരുപുറവുമായി കിടക്കുന്ന നിര്‍വാത മേഖലയെ വ്യഞ്ജിപ്പിക്കുവാന്‍ നാവികര്‍ ഉപയോഗിച്ചുപോന്ന സംജ്ഞ. മുന്‍കാലത്ത് സമുദ്രസഞ്ചാരത്തിനുപയോഗിച്ചിരുന്ന പായ്ക്കപ്പലുകള്‍ക്ക് ഈ മേഖലയില്‍ പ്രവേശിക്കുന്നതോടെ കാറ്റിന്റെ ദൗര്‍ബല്യം മൂലം ഗതിമാന്ദ്യം സംഭവിച്ചുപോന്നു. ഇക്കാരണത്താല്‍ ഈ മേഖലയ്ക്ക് ഉദാസീനം എന്നര്‍ഥമുള്ള ഡോള്‍ഡ്രംസ് എന്ന പേര് ലഭിച്ചു. പൊതുവേ അസ്ഥിരമായ ഇളം കാറ്റുകള്‍ മാത്രം വീശുന്ന ഈ പ്രദേശത്ത് അപൂര്‍വമായി കൊടുങ്കാറ്റുകളും ഉണ്ടാകാറുണ്ട്.

അന്തരീക്ഷ വിജ്ഞാനത്തിലെ ആധുനിക വിവക്ഷയനുസരിച്ച് ഉഷ്ണമേഖലാന്തര സംവ്രജന മണ്ഡലത്തിനെയാണ് (I T C Z) ഡോള്‍ഡ്രംസ് ആയി കണക്കാക്കുന്നത്. വ.കി. വാണിജ്യ വാതങ്ങളും തെ.കി. വാണിജ്യ വാതങ്ങളും സംവ്രജിക്കുന്ന ഈ മേഖല താപീയ മധ്യരേഖ(Thermal Equator)യുടെ ഇരുപുറവുമായാണ് അവസ്ഥിതമായിട്ടുള്ളത്. പൊതുവേ നിര്‍വാതവും പ്രശാന്തവുമാണ് ഈ മേഖലയെങ്കിലും പൊടുന്നനെയുള്ള അന്തരീക്ഷ വിക്ഷോഭങ്ങളുടേയും ചുഴലിക്കൊടുങ്കാറ്റുകളുടേയും വേദിയുമാണ്. മധ്യരേഖയുടെ സ്ഥാനവ്യത്യാസത്തിനനുസൃതമായി ഡോള്‍ഡ്രംസിനും സ്ഥാനവ്യത്യാസം ഉണ്ടാകാം. സൂര്യന്റെ അയനഗതിക്കനുസരിച്ച് സൂര്യപ്രകാശം ലംബമായി പതിക്കുന്ന മേഖലകളെ അവലംബിച്ചാണ് താപീയ മധ്യരേഖയ്ക്ക് സ്ഥാനവ്യതിയാനം ഉണ്ടാകുന്നത്.

കിഴക്കന്‍ ആഫ്രിക്ക മുതല്‍ മധ്യ-പസിഫിക് സമുദ്രം വരെയാണ് വളരെ വ്യക്തവും തുടര്‍ച്ചയുമായി ഡോള്‍ഡ്രംസ് മേഖല നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ആഫ്രിക്കയുടേയും മധ്യ-അമേരിക്കയു ടേയും പടിഞ്ഞാറന്‍ തീരത്തിനു സമീപമുള്ള പ്രദേശങ്ങളില്‍ ഇത് അവിടവിടെയായി മാത്രമേ അനുഭവവേദ്യമാകുന്നുള്ളു. ലോകത്തിലെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഡോള്‍ഡ്രംസ് മേഖല. കനത്ത മഴയും അവിചാരിതമായി ഉണ്ടാകുന്ന കൊടുങ്കാറ്റും ഈ മേഖലയുടെ കാലാവസ്ഥാ സവിശേഷതകളായി കണക്കാക്കാം. ഡോള്‍ഡ്രംസ് മേഖലയില്‍ ഉപരിതലത്തോടടുത്തുള്ള വായു ചൂടുപിടിച്ച് മുകളിലേക്കുയരുകയും (0.8 കി.മീ. - 6 കി.മീ) തെ.കി., വ.കി. ദിശയില്‍ പ്രവഹിക്കുകയും ചെയ്യുന്നു. ഈ വായൂപ്രവാഹമാണ് പ്രതിവാണിജ്യ വാതങ്ങള്‍ (antitrade winds) എന്നറിയപ്പെടുന്നത്.

ഭൂമധ്യരേഖയ്ക്ക് വടക്കോട്ടും തെക്കോട്ടുമായി ഡോള്‍ഡ്രം സിനു സ്ഥാനവ്യതിയാനം ഉണ്ടാകുന്നതനുസരിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മഴ ലഭിക്കുന്നു. ഇക്കാരണത്താല്‍ ഭൂമധ്യരേഖയ്ക്കു സമീപമുള്ള പ്രദേശങ്ങളില്‍ രണ്ടു മഴക്കാലവും വിദൂര പ്രദേശങ്ങളില്‍ ഒരു മഴക്കാലം മാത്രവും ലഭിക്കുന്നു. ഡോള്‍ഡ്രംസിന്റെ എല്ലാ സ്വഭാവസവിശേഷതകളും ഉള്ള മറ്റൊരു വാതമേഖലയാണ് 'ഹോഴ്സ് ലാറ്റിറ്റ്യൂഡ്സ്' (Horse Latitudes). ഡോള്‍ഡ്രംസില്‍ നിന്നു വ്യത്യസ്തമായി ഇവിടെ ഉന്നത മര്‍ദം അനുഭവപ്പെടുന്നു. ഉയര്‍ന്ന അക്ഷാംശങ്ങളില്‍ വാണിജ്യവാത-പശ്ചിമവാത മണ്ഡലങ്ങള്‍ക്കിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍