This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോയിഷ് കാത്തോലിസിസ്മുസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോയിഷ് കാത്തോലിസിസ്മുസ്

Deusch Catholizismus

ജര്‍മനിയിലെ കത്തോലിക്കാ സഭയ്ക്കുള്ളില്‍ കാലോചിതമായ നവീകരണങ്ങള്‍ കൈവരുത്തണമെന്ന ലക്ഷ്യവുമായി രംഗ പ്രവേശം ചെയ്ത ഒരു പ്രസ്ഥാനം. ജോസഫ് മുള്ളര്‍ എന്ന ചിന്തകനാണ് ആദ്യമായി (1898-ല്‍) ഡോയിഷ് കാത്തോലിസിസ്മുസ് എന്ന പദം ഉപയോഗിച്ചുക്കാണുന്നത്. കേന്ദ്രനേതൃത്വമൊന്നും കൂടാതെതന്നെ സംഘടിതസ്വഭാവമുണ്ടായിരുന്ന പ്രസ്ഥാനം ആയിരുന്നു ഇത്. 19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധം മുതല്‍ ഒന്നാം ലോകയുദ്ധകാലം വരെ ഈ പ്രസ്ഥാനം സജീവമായി തുടര്‍ന്നു. ക്രിട്ടിക്കല്‍ കത്തോലിസിസം, പ്രെസന്റ് ഡേ കത്തോലിസിസം എന്നീ പേരുകളിലും ഈ പ്രസ്ഥാനംഅറിയപ്പെട്ടിരുന്നു. പണ്ഡിതന്മാരായ ചില കത്തോലിക്കാ പുരോഹിതന്മാരും തീക്ഷ്ണമതികളായ കുറേ അല്‍മായരും ആണ് ഡോയിഷ് കാത്തോലിസിസ്മുസിനു നേതൃത്വം നല്കിയിരുന്നത്. എന്നാല്‍ അവര്‍ തമ്മില്‍ ആലോചിച്ചോ യോജിച്ചോ അല്ല പ്രവര്‍ത്തിച്ചിരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഹെര്‍മാന്‍ ഷെല്‍, ആല്‍ബര്‍ട്ട് എര്‍ ഹാര്‍ഡ്, ഫിലിപ്പ് ഫങ്ക്, ഫ്രാന്‍സ് ക്രോസ്, ജോസഫ് മുള്ളര്‍, കാള്‍മൂത്ത്, ജോസഫ് വിറ്റിഗ് എന്നിവരാണ് പ്രസ്ഥാനത്തിന് നേതൃത്വം നല്കിയവരില്‍ പ്രമുഖര്‍. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും അജപാലനപരവും അച്ചടക്കപരവും ആയ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തിയാണ് ഈ പ്രസ്ഥാനം രൂപംകൊണ്ടതെന്ന് അതിന്റെ പ്രണേതാക്കള്‍ അവകാശപ്പെട്ടിരുന്നു. ലോകത്തിലെ പുരോഗമനപ്രസ്ഥാനങ്ങളെ അംഗീകരിക്കാതെ ഒഴിഞ്ഞുനില്ക്കുന്നതിനുള്ള യാഥാസ്ഥിതിക മനോഭാവത്തില്‍ നിന്നും കത്തോലിക്കാസഭയെ മോചിപ്പിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ പൊതുവായ ലക്ഷ്യം. യാഥാസ്ഥിതിക മനോഭാവത്തോടുകൂടി നിലകൊണ്ടിരുന്ന കത്തോലിക്കാസഭയും, ശാസ്ത്രീയവിജ്ഞാനത്തില്‍ അടിയുറച്ച ആധുനിക സംസ്കാരവും തമ്മിലുണ്ടായിരുന്ന അഗാധമായ വിടവ് നികത്തണമെന്നും അവര്‍ കരുതി. ശാസ്ത്രീയവിജ്ഞാനം, ചരിത്രം, ബൈബിള്‍ ഗവേഷണം തുടങ്ങിയ മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയുടെ പാതയിലേക്ക് കത്തോലിക്കാസഭയെ കൊണ്ടു വന്നാല്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ഈ ചിന്തകര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രസാങ്കേതിക മേഖലകള്‍ കൈവരിച്ച നൈപുണ്യവും രീതികളും കത്തോലിക്കാ വിശ്വാസത്തിലേക്കും കത്തോലിക്കാ ജീവിതത്തിലേക്കും ആനയിക്കണമെന്ന് ഡോയിഷ് കത്തോലിസിസ്മുസിന്റെ വക്താക്കള്‍ വാദിച്ചു. വിജ്ഞാനരംഗത്ത് മനുഷ്യന്‍ സ്വാഭാവികമാംവിധം കൈവരിക്കുന്ന പുരോഗതിയുടെ നേര്‍ക്ക് സഭാധികാരികള്‍ സഹകരണപരവും ക്രിയാത്മകവും ആയ നിലപാടു സ്വീകരിക്കണമെന്നും ഈ പരിഷ്കരണവാദികള്‍ ആവശ്യപ്പെട്ടു.

ഇത്തരം ലഷ്യങ്ങള്‍ കൈവരിക്കുന്നതിനുവേണ്ടി അവലംബിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് പരിഷ്കരണവാദികളുടെയിടയില്‍ അഭിപ്രായ ഐക്യം ഉണ്ടായിരുന്നില്ല. മാര്‍പാപ്പയുടെ കേന്ദ്രീകൃത അധികാരത്തെ ഇവര്‍ എതിര്‍ത്തിരുന്നു. കത്തോലിക്കാസഭാ സംവിധാനത്തില്‍ ബിഷപ്പുമാര്‍ക്കും പുരോഹിതന്മാര്‍ക്കും ഒട്ടേറെ അധികാരങ്ങള്‍ നല്കിയിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു. ആയതിനാല്‍ അല്‍മായര്‍ക്കു കൂടുതല്‍ സ്വാതന്ത്യം നല്കണമെന്നും, സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പുരോഹിതര്‍ വളരെക്കുറച്ചു മാത്രമേ ഇടപെടാവൂ എന്നും ഇവര്‍ ആവശ്യപ്പെട്ടു. ചില പ്രത്യേക ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍നിന്നും അധികാരികള്‍ കത്തോലിക്കരെ വിലക്കുന്ന ഏര്‍പ്പാടിനെയും പരിഷ്കരണവാദികള്‍ എതിര്‍ത്തു. വിലക്കപ്പെട്ട ഗ്രന്ഥങ്ങളുടെ സൂചിക റദ്ദാക്കണമെന്നുള്ള ആവശ്യവും ഇക്കൂട്ടര്‍ ഉന്നയിച്ചു. സഭാപരിഷ്കരണത്തിന്റെ ഭാഗമായി പുരോഹിതന്മാരെ വിവാഹം കഴിക്കുവാന്‍ അനുവദിക്കണം എന്നതായിരുന്നു ഇവര്‍ ഉന്നയിച്ച മറ്റൊരു ആവശ്യം. ഡോയിഷ് കത്തോലിസിസ്മുസിന്റെ പ്രണേതാക്കള്‍ പാഷണ്ഡികള്‍ (Heretics) ആയിരുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്. കത്തോലിക്കാ വിശ്വാസത്തില്‍ മുറുകെ പിടിച്ചുകൊണ്ട്, സഭയുടെ പ്രവര്‍ത്തനശൈലിയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണം എന്നു മാത്രമേ ഇവര്‍ ആവശ്യപ്പെട്ടുള്ളൂ.

ജര്‍മനിയില്‍ രൂപംകൊണ്ട ഡോയിഷ് കത്തോലിസിസ്മുസ് പ്രസ്ഥാനം വേഗത്തില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചുവെങ്കിലും ഒന്നാം ലോകയുദ്ധം കഴിഞ്ഞപ്പോഴേക്കും ഈ പ്രസ്ഥനം മിക്കവാറും വിസ്മൃതിയിലാണ്ടു. (പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍