This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോമിനിക് സാവിയൊ (1842 - 57)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോമിനിക് സാവിയൊ (1842 - 57)

Dominic Zavio

കത്തോലിക്കാ സഭയിലെ ഒരു ബാലവിശുദ്ധന്‍. ഇറ്റലിയിലെ പീഡ് മണ്ഡില്‍ ടൂറിന് സമീപമുള്ള റീവാ (Riva) എന്ന സ്ഥലത്ത് ഇരുമ്പുപണിക്കാരനായ 'കാര്‍ലൊ'യുടേയും 'ബ്രിജിത്ത'യുടേയും മകനായി 1842 ഏ. 2-ന് ജനിച്ചു. ഉത്തമ കത്തോലിക്കരായ മാതാപിതാക്കളില്‍ നിന്ന് വിശുദ്ധ ജീവിതം രൂപപ്പെടുത്തുന്നതിന് ഉപകരിക്കത്തക്കവിധത്തിലുള്ള പരിശീലനം ശൈശവം മുതല്‍ ഡോമിനിക്കിനു ലഭിച്ചു. കൊച്ചുകുട്ടിയായിരുന്നപ്പോള്‍ ദേവാലയവുമായി ഡോമിനിക് ഗാഢബന്ധം പുലര്‍ത്തി. മറ്റുള്ളവരെ നിഷ്കളങ്കമാംവിധം സ്നേഹിക്കുകയും മറ്റുള്ളവരുടെ സ്നേഹത്തിനു പാത്രമാവുകയും ചെയ്യുകയെന്നതാണ് ഏറ്റവും ഉചിതമായ അപ്പോസ്തലിക മാര്‍ഗമെന്ന് ബാല്യത്തില്‍ത്തന്നെ ഡോമിനിക്കിന് ബോധ്യം വന്നിരുന്നു.

1854-ല്‍ ഡോമിനിക്കിനെ ടൂറിനില്‍ ഡോണ്‍ ബോസ്കോ നടത്തിവന്ന സലേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യയനത്തിനായി ചേര്‍ത്തു. ഡോണ്‍ ബോസ്കൊയുടെ ശിക്ഷണത്തില്‍ തന്റെ പ്രായത്തില്‍ക്കവിഞ്ഞ പക്വതയോടുകൂടിയ ആധ്യാത്മിക ഗുണവിശേഷം ഡോമിനിക് സാവിയൊ കൈവരിച്ചു. സ്വന്തം ജീവിതത്തിലെ കര്‍ശനമായ അച്ചടക്കം, മറ്റുള്ളവരോടു പുലര്‍ത്തിയ സൗഹൃദം, തന്റെ സഹപാഠികളെ ഉപദേശിക്കുന്നതില്‍ കാണിച്ച ബുദ്ധിപരമായ പക്വത, വിശുദ്ധിയോടുള്ള അഗാധ മമത, ദൈവീക കാര്യങ്ങളില്‍ കാണിച്ച ശുഷ്കാന്തി എന്നിവയെല്ലാം ഡോമിനിക്കിനെക്കുറിച്ച് വലുതായ മതിപ്പുളവാക്കാന്‍ കാരണമായി. മാമോദീസ വേളയില്‍ ഡോമിനിക് സാവിയൊ എന്ന ശിശുവിനുണ്ടായിരുന്ന ആധ്യാത്മികപരിശുദ്ധി ജീവിതത്തിലുടനീളം നിലനിറുത്തുവാന്‍ ഡോമിനിക്കിന് കഴിഞ്ഞുവെന്ന് പില്ക്കാലത്ത് മാര്‍പ്പാപ്പ പീയൂസ് X പ്രസ്താവിച്ചിട്ടുണ്ട്. തൂമന്ദഹാസവുമായാണ് ഇദ്ദേഹം മറ്റുള്ളവരുമായി ഇടപെട്ടിരുന്നത്. പതിനാലാമത്തെ വയസ്സില്‍ ഡോമിനിക് സാവിയൊയ്ക്ക് ക്ഷയരോഗം പിടിപെട്ടതിനാല്‍ ആരോഗ്യം തകരാറിലായിത്തുടങ്ങി. എല്ലാവിധ തിന്മകള്‍ക്കും എതിരെ പോരാടി ജീവിതം നയിച്ച സാവിയൊയുടെ ആത്മാവ് പതിനഞ്ച് വയസ്സായപ്പോഴേക്കും അഭൂതപൂര്‍വമായൊരു വിശുദ്ധാവസ്ഥ പ്രാപിച്ചു കഴിഞ്ഞിരുന്നു. ക്രിസ്തീയ ജീവിതത്തിന്റെ അന്യൂനമായ അവസ്ഥയാണ് പതിനഞ്ചാമത്തെ വയസ്സില്‍ സാവിയൊയില്‍ ദൃശ്യമായത്. 1857 മാ. 9-ന് സാവിയൊ അന്തരിച്ചു.

1950 മാ. 5-ന് സാവിയൊയെ വാഴ് ത്തപ്പെട്ടവനായും 1954 ജൂണ്‍ 12-ന് വിശുദ്ധനായും പ്രഖ്യാപിച്ചു. പതിനഞ്ചാമത്തെ വയസ്സില്‍ നിര്യാതനായ ഒരു ബാലനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയെന്നത് കത്തോലിക്കാ സഭയിലെ അത്യപൂര്‍വമായ ഒരു സംഭവമായിരുന്നു. ഡോമിനിക് സാവിയൊയില്‍ കണ്ടിരുന്ന ഗുണങ്ങളെ അനുസ്മരിച്ചുകൊണ്ട് വിശുദ്ധ ഡോണ്‍ ബോസ്കൊ ഒരു ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍