This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോബ്സന്‍, ഹെന്റി ഓസ്റ്റിന്‍ (1840 - 1921)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോബ്സന്‍, ഹെന്റി ഓസ്റ്റിന്‍ (1840 - 1921)

Dobson,Henry Austin

ഇംഗ്ളീഷ് കവിയും ഗദ്യകാരനും. 1840-ല്‍ പ്ളിമത്തില്‍ ജനിച്ചു. ബോമാറിസ്, കവന്റ്റി, സ്ട്രാസ്ബര്‍ഗ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1856-ല്‍ ബോര്‍ഡ് ഒഫ് ട്രെയ്ഡില്‍ ഉദ്യോഗം ലഭിച്ച ഇദ്ദേഹം 1884 മുതല്‍ 1901-ല്‍ വിരമിക്കുന്നതുവരെ അവിടത്തെ നാവിക വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിച്ചു.

ഡോബ്സന്റെ ആദ്യകാല കവിതകള്‍ വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. വീന്‍യെറ്റ്സ് ഇന്‍ റൈം എന്ന പേരില്‍ 1873-ല്‍ ഇവ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തി. 1875-ല്‍ അറ്റ് ദ് സൈന്‍ ഒഫ് ദ് ലയര്‍ എന്ന സമാഹാരം പുറത്തു വന്നു. ദ് ലേഡീസ് ഒഫ് സെന്റ് ജെയിംസ്, ദി ഓള്‍ഡ് സിഡാന്‍ ചെയര്‍, മൈ ബുക്ക്സ്, ഫേബിള്‍സ് ഒഫ് ലിറ്റ്റിച്ചര്‍ ആന്‍ഡ് ആര്‍ട്ട് എന്നിങ്ങനെ ഡോബ്സന്റെ പ്രസിദ്ധിയാര്‍ജിച്ച നിരവധി കവിതകള്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പടുത്തിയിരിക്കുന്നു. എക്കാലവും ഡോബ്സന്റെ മനസ്സില്‍ ആവേശമായി നിറഞ്ഞുനിന്നിരുന്ന 18-ാം ശ.-ത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടവയാണ് ഇതിലെ മിക്ക കവിതകളും. ബാലാഡ് (ballade), റോന്‍ദോ തുടങ്ങിയ ഫ്രഞ്ച് കാവ്യരൂപങ്ങളുടെ അനുകരണത്തിനുവേണ്ടി 1870-കളില്‍ ഇംഗ്ളണ്ടില്‍ രൂപംകൊണ്ട പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു ഡോബ്സന്‍. 1877-ല്‍ പുറത്തിറക്കിയ പ്രോവെര്‍ബ്സ് ഇന്‍ പോഴ് സ് ലെയ് ന്‍ എന്ന സമാഹാരത്തില്‍ ഈ കാവ്യസങ്കേതങ്ങളുടെ വിദഗ്ധമായ പ്രയോഗം കാണാം.

ഡോബ്സന്റെ സാഹിത്യ ജീവിതത്തിന്റെ ഉത്തരഘട്ടത്തില്‍ വിമര്‍ശനാത്മകവും ജീവചരിത്രപരവുമായ ഗദ്യരചനകള്‍ക്കായിരുന്നു മുന്‍തൂക്കം. ഫീല്‍ഡിങ് (1883) ബെവിക് (1884), സ്റ്റീല്‍ (1886), ഗോള്‍ഡ്സ്മിത്ത് (1888), വാല്‍പോള്‍ (1890), സാമുവല്‍ റിച്ചെഡ്സണ്‍ (1902) തുടങ്ങിയ കൃതികളില്‍ ജീവചരിത്രത്തിന്റേ യും വിമര്‍ശനത്തിന്റേയും ഗവേഷണത്തിന്റേയും സമഞ്ജസമായ മേളനം കാണാം. പ്രതിപാദ്യവിഷയത്തെപ്പറ്റി എന്തെങ്കിലും പുതിയ വിവരം വായനക്കാര്‍ക്കു നല്കുന്നതിലായിരുന്നു ഡോബ്സന്റെ ശ്രദ്ധ. ഒരിക്കലും സൗന്ദര്യശാസ്ത്രത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്ക്കുന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ വിമര്‍ശനം. ഫോര്‍ ഫ്രഞ്ച് വിമന്‍ (1890), എയ്റ്റീന്ത് സെഞ്ചറി വീന്‍യെറ്റ്സ് (3 ഭാഗം, 1892-96), ദ് പലാഡിന്‍ ഒഫ് ഫൈലന്ത്രോപ്പി (1899) തുടങ്ങിയ ചില ഗദ്യഗ്രന്ഥങ്ങള്‍ കൂടി ഇദ്ദേഹത്തിന്റെ സംഭാവനയായി ലഭിച്ചിട്ടുണ്ട്. 1901-ല്‍ കാര്‍മിന വോട്ടിവ എന്നൊരു കവിതാസമാഹാരവും ഡോബ്സന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 1921-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍