This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോബ്ളിന്‍, ആല്‍ഫ്രെഡ് (1878 - 1957)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോബ്ളിന്‍, ആല്‍ഫ്രെഡ് (1878 - 1957)

Doblin,Alfred

ജര്‍മന്‍ നോവലിസ്റ്റ്. പോമറേനിയയിലെ സ്റ്റെറ്റിനില്‍ ഒരു നിര്‍ധന കുടുംബത്തിലായിരുന്നു ജനനം. പിതാവ് മാക്സ് ഡോബ്ളിന്‍ എന്ന യഹൂദവര്‍ത്തകനായിരുന്നു, മാതാവ് സോഫി ഡോബ്ളിനും. 1898-ല്‍ കുടുംബം ബര്‍ലിനിലേക്ക് താമസം മാറ്റി. സ്റ്റെറ്റിനിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. 1900-04 കാലഘട്ടത്തില്‍ ബര്‍ലിന്‍ യൂണിവേഴ്സിറ്റിയിലും തുടര്‍ന്ന് ഫ്രെയ്ബര്‍ഗ് യൂണിവേഴ് സിറ്റിയിലും വൈദ്യശാസ്ത്രം അഭ്യസിച്ചു. 1905-ല്‍ ബിരുദം സമ്പാദിച്ചുവെങ്കിലും 1911-ലേ ഭിഷഗ്വരവൃത്തി ആരംഭിക്കാന്‍ സാധിച്ചുള്ളു. വിദ്യാഭ്യാസകാലത്തുതന്നെ കാന്റ്, ഷോപ്പന്‍ഹോവര്‍, നീഷേ എന്നിവരുടെ ദര്‍ശനത്തില്‍ തത് പരനായി.

ആല്‍ഫ്രെഡ് ഡോബ്ളിന്റെ ആദ്യനോവല്‍ ഡീ ഡ്രെയ്സ് പുഞ്ജ് ഡെസ് വാങ്-ലുന്‍ എന്ന പേരില്‍ 1915-ല്‍ പ്രസിദ്ധീകൃതമായി. 18-ാം ശ.-ത്തിലെ ചൈനയിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ചിത്രീകരിക്കുന്ന ഈ കൃതി ഡോബ്ളിനെ ഫൊണ്ടെയ് ന്‍ പ്രൈസിനര്‍ഹനാക്കി. അക്രമരാഹിത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന നായകനായ വാങ്-ലുന്‍ രക്തരൂക്ഷിതമായ ഒരു സമരത്തില്‍ പങ്കാളിയാകേണ്ടിവരുന്നതും അനിയന്ത്രിതമായ സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ സര്‍വനാശത്തിനു വിധേയനാകുന്നതും ഹൃദയസ് പൃക്കായി ഇതില്‍ ചിത്രീകരിക്കുന്നു.

ഡെര്‍ സ്റ്റുര്‍മ് എന്ന ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ച അഭിവ്യഞ്ജനാത്മക (expresionist) കഥകളിലൂടെയാണ് ഡോബ്ളിന്‍ സാഹിത്യവൃത്തത്തില്‍ ശ്രദ്ധേയനായത്. ഈ കഥകള്‍ 1913-ല്‍ ഡീ എര്‍മോര്‍ഡങ് എയ് നെര്‍ ബട്ടര്‍ബ്ള്യും എന്ന പേരില്‍ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തി. ഇന്ദ്രിയ അവബോധങ്ങള്‍ കലാസുഭഗമായി ആവിഷ്കരിക്കുകയാണ് എക്സ്പ്രഷനിസ്റ്റിന്റെ മുഖ്യധര്‍മമെന്ന് ഡോബ്ളിന്‍ വിശ്വസിച്ചിരുന്നു. 1920-ല്‍ ഷുറ്റ്സ് വെര്‍ ബെന്‍ഡ് ഡോയ്ഷെര്‍ ഷ്റിഫ്റ്റ്സ് സെല്ലര്‍ അസോസിയേഷന്‍ ഒഫ് ജര്‍മന്‍ റൈറ്റേഴ്സില്‍ അംഗമായി. ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മന്‍ സൈന്യത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോബ്ളിന്‍ യുദ്ധമുന്നണിയില്‍ സേവനമനുഷ്ഠിച്ചു. നോവല്‍ രചനയ്ക്ക് സൈനികസേവനം തടസ്സമായില്ല. 1920-ല്‍ വാലന്‍ സ്റ്റീന്‍ എന്ന ചരിത്രനോവല്‍ പുറത്തുവന്നു. വിഷാദാത്മകമായ ഒരു ഭവിഷ്യദ്ദര്‍ശനം കാഴ്ചവയ്ക്കുന്ന നോവലാണ് സെര്‍ജ്, മീര്‍ ഉണ്‍ ജൈജാന്റന്‍ (1924). സാങ്കേതിക വിദഗ്ധര്‍ ഭരണം കൈയാളുന്ന ഒരു വ്യവസ്ഥിതിയില്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതായിട്ടാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്.

1929-ല്‍ പ്രസിദ്ധീകരിച്ച ബര്‍ലിന്‍ അലക്സാണ്ടര്‍പ്ളാറ്റ്സ് ആണ് ഡോബ്ളിന്റെ ഏറ്റവും മികച്ച നോവലായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വിവിധ വീക്ഷണങ്ങളിലൂടെ ബര്‍ലിനെ നോക്കിക്കാണുന്ന നോവലിസ്റ്റ് പലപ്പോഴും ഇംഗ്ളീഷ് നോവലിസ്റ്റായ ജെയിംസ് ജോയിസിന്റെ സ്വാധീനത്തില്‍പ്പെടുന്നതു കാണാം. അലക്സാണ്ടര്‍പ്ളാറ്റ്സിനെ കേന്ദ്രീകരിച്ചുള്ള ഒരു ചെറിയ വൃത്തത്തിനുള്ളിലാണ് ക്രിയാവ്യാപാരം അരങ്ങേറുന്നത്. സൈനികരുടെ ഗാനങ്ങള്‍, കാലാവസ്ഥാ പ്രവചനങ്ങള്‍, തെരഞ്ഞെടുപ്പു പ്രസംഗങ്ങള്‍, കമ്പോളനിലവാരാവലോകനങ്ങള്‍ തുടങ്ങിയവയുടെ അവതരണത്തിലൂടെ ബര്‍ലിന്റെ മെട്രോപൊളിറ്റന്‍ അന്തരീക്ഷം പ്രത്യക്ഷവത്കരിക്കാന്‍ നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിക്കുന്നതായി കാണാം.

നാസികള്‍ അധികാരത്തിലേറിയതോടെ തന്റെ യഹൂദപൈതൃകവും സോഷ്യലിസ്റ്റ് ആദര്‍ശങ്ങളും കാരണം ഡോബ്ളിന്‍ ജര്‍മനി വിടാന്‍ നിര്‍ബന്ധിതനായി. ഇതിനകംതന്നെ ജര്‍മന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ട് സ്വതന്ത്ര ചിന്താഗതിയുള്ള കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇദ്ദേഹം ചേര്‍ന്നു കഴിഞ്ഞിരുന്നു. തെക്കേ അമേരിക്കയുടെ പശ്ചാത്തലത്തില്‍ രചിച്ച ദാസ് ലാന്‍ഡ് ഓന്‍ ടോഡ് എന്ന നോവല്‍ 1937-38-ല്‍ പുറത്തുവന്നു. 1941-ല്‍ റോമന്‍ കത്തോലിക്കാ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഡോബ്ളിന്‍ തന്റെ മേല്‍ കിര്‍ക്ക്ഗാഡിനും സ്പിനോസയ്ക്കുമുള്ള സ്വാധീനം ഊന്നിപ്പറഞ്ഞിരുന്നു. ജര്‍മനിയിലെ 1918-ലെ പരാജയപ്പെട്ട വിപ്ളവത്തെപ്പറ്റി നവംബര്‍ 1918 എന്ന ഒരു ബഹുവാല്യചരിത്രനോവലിന്റെ രചന 1939-ല്‍ ആരംഭിച്ചെങ്കിലും 1950-ല്‍ മാത്രമേ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളൂ. 1945-ല്‍ ജര്‍മനിയില്‍ മടങ്ങിയെത്തിയ ഇദ്ദേഹം വിദ്യാഭ്യാസ വകുപ്പില്‍ ഓഫീസറായി കുറേക്കാലം ജോലി നോക്കി. ജര്‍മനിയിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നിരാശനായി 1950-കളുടെ ആരംഭത്തില്‍ ഡോബ്ളിന്‍ പാരിസിലേക്ക് താമസം മാറ്റി. ഹാംലെറ്റ് (1956) എന്ന അവസാന നോവലില്‍ പുതിയ യൂറോപ്പിനുവേണ്ടിയുള്ള ഡോബ്ളിന്റെ മോഹവും കത്തോലിക്കാമതത്തിലുള്ള അടിയുറച്ച വിശ്വാസവും സുവ്യക്തമായി നിഴലിച്ചു കാണാം.

1956-ല്‍ ഡോബ്ളിന്‍ ഫ്രയ്ബെര്‍ഗിലെ സാനറ്റോറിയത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇതിനകം ഇദ്ദേഹത്തിന്റെ ശരീരം ആകെ തളര്‍ന്നു കഴിഞ്ഞിരുന്നു. 1957 ജൂണ്‍ 26-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍