This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോബ്ളര്‍, തിയഡോര്‍ (1876 - 1934)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോബ്ളര്‍, തിയഡോര്‍ (1876 - 1934)

Daubler,Theodor

ജര്‍മന്‍ കവി. ആസ്റ്റ്രിയയുടെ ഭരണത്തിന്‍ കീഴിലായിരുന്ന ട്രിയസ്റ്റെയില്‍ 1876 ആഗ. 17-ന് ജനിച്ചു. ഇറ്റലിയിലും ജര്‍മനിയിലുമായിരുന്നു വിദ്യാഭ്യാസം. അതിനുശേഷം ബര്‍ലിനില്‍ താമസമാക്കി. ജര്‍മന്‍ അഭിവ്യഞ്ജന പ്രസ്ഥാനത്തിന്റെ (German expressionist school) മുഖ്യ പ്രണേതാക്കളിലൊരാളെന്ന നിലയിലാണ് ഡോബ്ളര്‍ അറിയപ്പെടുന്നത്. യോഗാത്മകവാദത്തിന്റെ (Mysticism) മുഖമുദ്രയണിഞ്ഞവയാണ് ഇദ്ദേഹത്തിന്റെ മിക്ക കവിതകളും.

1910-ല്‍ മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ച ദാസ് നോര്‍ഡ് ലിഷ്റ്റ് ആണ് ഡോബ്ളറുടെ ഏറ്റവും പ്രസിദ്ധമായ കാവ്യം. സമസ്ത ജീവജാലങ്ങളുടേയും പ്രഭവസ്ഥാനം ആദിത്യമൂര്‍ത്തിയാണെന്നും തന്മൂലം മാനവരാശിയുടെ ചരിത്രമാകെത്തന്നെ പ്രപഞ്ചത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നുമുള്ള ദര്‍ശനത്തിന്റെ കലാസുഭഗമായ ആവിഷ്കാരം ഇതില്‍ കാണാം. ഡെര്‍സ്റ്റേണ്‍ ഹെല്‍ വെഗ് (1915), ദാസ് സ്റ്റേണ്‍ കൈന്‍ഡ് (1916) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു കവിതാ ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവ. ഡോബ്ളറുടെ ആത്മകഥ വിര്‍പോലെന്‍ നിഷ്റ്റ് വെര്‍വയ്ലന്‍ എന്ന പേരില്‍ 1915-ല്‍ പ്രസിദ്ധീകരിച്ചു. ഡെര്‍ ഹെയ്ലിഗ് ബെര്‍ഗ് എയ് ത്തോസ് (1923) എന്നൊരു കലാനിരൂപണഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

1934 ജൂണ്‍ 14-ന് ജര്‍മനിയിലെ ബ്ളാക് ഫോറസ്റ്റ് മേഖലയിലെ സെന്റ് ബ്ളാസിയനില്‍ ഡോബ്ളര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍