This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോബെല്‍, സിഡ്നി തോംപ്സണ്‍ (1824 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോബെല്‍, സിഡ്നി തോംപ്സണ്‍ (1824 - 74)

Dobell,Sydney Thompson

ഇംഗ്ളീഷ് കവിയും നിരൂപകനും. സിഡ്നിയെന്‍ഡിസ് എന്നാണ് തൂലികാനാമം. 1824 ഏ. 5-ന് കെന്റിലെ ക്രാന്‍ബ്രൂക്കില്‍ ജനിച്ചു. സ്കൂളിലോ യൂണിവേഴ്സിറ്റിയിലോ വിദ്യാഭ്യാസം നടത്തിയിട്ടില്ല. സ്വതന്ത്രചിന്താഗതിക്കാരനായിരുന്ന പിതാവ് ജോണ്‍ ഡോബെല്‍ സര്‍ക്കാരിനേയും ഭരണത്തേയും കുറിച്ച് ഒരു ലഘുലേഖ പ്രസിദ്ധീകരിക്കുകയുണ്ടായി. പിതാവിന്റെ സ്വാധീനം കാരണം ഡോബെല്‍ യൂറോപ്പിലെ മിതവാദി പ്രസ്ഥാനത്തില്‍ അതീവതത്പരനായിരുന്നു. 1848-ല്‍ യൂറോപ്പില്‍ അരങ്ങേറിയ വിപ്ളവങ്ങളാല്‍ പ്രചോദിതനായി ഇദ്ദേഹം രചിച്ച ദ് റോമന്‍ എന്ന നാടകീയകാവ്യം 1850-ല്‍ പ്രസിദ്ധീകരിച്ചു. കാര്‍ലൈല്‍, റസ്കിന്‍, ടെന്നിസന്‍, ബ്രൗണിങ് തുടങ്ങിയ മഹാശയന്മാരുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇതു സഹായകമായി.

സ്പാസ് മോഡിക് കവന സമ്പ്രദായത്തിന്റെ പ്രണേതാക്കളില്‍ ഒരാളായാണ് ഡോബെല്‍ അറിയപ്പെടുന്നത്. അപ്രതിഹതമായ വികാരങ്ങളും, അവ്യവസ്ഥിതവും ശ്ളഥബദ്ധവുമായ ബിംബവിധാനവുമാണ് ഈ കാവ്യസമ്പ്രദായത്തിന്റെ സവിശേഷത. ആംഗലകവിയായ ബൈറനെ വിശേഷിപ്പിക്കാന്‍ കാര്‍ലൈല്‍ ആണ് ആദ്യമായി ഈ സാഹിത്യസംജ്ഞ പ്രയോഗിച്ചത്. പി.ജെ. ബെയ്ലി, ജോണ്‍ സ്റ്റാന്യന്‍ ബിഗ്, സിഡ്നി ഡോബെല്‍, അലക്സാണ്ടര്‍ സ്മിത്ത് എന്നിവരെ ബന്ധപ്പെടുത്തി 1853-ല്‍ ചാള്‍സ് കിങ്സ്ലി പ്രയോഗിച്ചതോടെ ഈ പദം പ്രചാരം നേടി. ഡോബെലിന്റെ നിരവധി ഉപന്യാസങ്ങളില്‍ ഈ ശൈലിയുടെ സൗന്ദര്യ ശാസ്ത്രം പഠനവിധേയമാകുന്നുണ്ട്. 1876-ല്‍ തോട്ട്സ് ഓണ്‍ ആര്‍ട്ട്, ഫിലോസഫി ആന്‍ഡ് റിലീജിയന്‍ എന്ന പേരില്‍ ജോണ്‍ നിക്കോള്‍ ഈ ഉപന്യാസങ്ങള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ചു. അന്തര്‍ജ്ഞാനത്തേയും കാര്യങ്ങളുടെ പരസ്പരബന്ധത്തേയും പറ്റിയുള്ള കാല്പനിക സങ്കല്പത്തിലൂന്നിയതും രൂപസംബന്ധമായ സകല വിലക്കുകളേയും വലിച്ചെറിയുന്നതുമായിരുന്നു സ്പാസ് മോഡിക് പ്രസ്ഥാനക്കാരുടെ രീതി. സന്ദേഹത്തില്‍ നിന്നു വിശ്വാസത്തിലേക്കും അവ്യവസ്ഥിതത്വത്തില്‍ നിന്നു സുവ്യവസ്ഥയിലേക്കുമുള്ള മനുഷ്യന്റെ പുരോഗമനത്തെ വിഷയമാക്കി ഒരു കാവ്യത്രയം രചിക്കാന്‍ ഡോബെല്‍ ആഗ്രഹിച്ചിരുന്നെങ്കിലും ബാള്‍ഡര്‍ (1853) എന്ന കാവ്യം മാത്രമേ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞുള്ളൂ. ഈ കവിത പറയത്തക്ക വിജയം കൈവരിച്ചില്ലെന്നു മാത്രമല്ല, 'ഫേര്‍മീലിയന്‍..... എ സ്പാസ്മോഡിക് ട്രാജഡി' എന്ന പേരില്‍ ഡബ്ള്യൂ.ഇ.എയ്റ്റൂണ്‍ അടുത്തവര്‍ഷം തന്നെ ഇതിന്റെ ഹാസ്യവിഡംബനം രചിക്കുകയും ചെയ്തു.

നിരവധി ഭാവഗീതങ്ങളും അലക്സാണ്ടര്‍ സ്മിത്തുമായി ചേര്‍ന്ന് ക്രിമിയന്‍ യുദ്ധത്തെക്കുറിച്ച് 1855-ല്‍ രചിച്ച ഗീതകപരമ്പരയും ഡോബെലിന്റെ സംഭാവനയായി ലഭിച്ചിട്ടുണ്ട്. 1874 ആഗ. 22-ന് ഗ്ളസ്റ്റര്‍ഷയറിലെ നെയ് ല്‍ സ്വര്‍ത്തില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍