This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോബെല്‍, വില്യം (1899 - 1970)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോബെല്‍, വില്യം (1899 - 1970)

Dobell,William

വില്യം ഡോബെല്‍
ആസ്റ്റ്രേലിയന്‍ ചിത്രകാരന്‍. 1899 സെപ്. 24-ന് ന്യൂ സൗത്ത് വെയില്‍സിലെ ന്യൂ കാസിലില്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം കുറച്ചുകാലം ആര്‍ക്കിടെക്റ്റായി ജോലിനോക്കി. പിന്നീട്, ഡിസ്നിയിലെത്തി ചിത്രരചന പരിശീലിച്ചു. 1929-ല്‍ ഓസ്ട്രിയന്‍ സൊസൈറ്റി ഒഫ് ആര്‍ട്സില്‍ നിന്ന് ലഭിച്ച ട്രാവലിങ് സ്കോളര്‍ഷിപ്പുമായി ലണ്ടനിലെത്തുകയും സ്ളേഡ് സ്കൂളില്‍ പഠനം നടത്തുകയും ചെയ്തു. ഇക്കാലത്ത് റോയല്‍ അക്കാദമിയില്‍ ഒരു ചിത്രപ്രദര്‍ശനവും നടത്തി.

1939-ല്‍ ആസ്റ്റ്രേലിയയില്‍ തിരിച്ചെത്തിയ ഡോബെല്‍ രണ്ടാം ലോകയുദ്ധകാലത്ത് അലൈഡ് വര്‍ക്സ് കൌണ്‍സിലിന്റെ ആര്‍ട്ടിസ്റ്റായിരുന്നു. 1943-ല്‍ മറ്റൊരു ചിത്രകാരനായ ജോഷ്വാ സ്മിത്തിന്റെ ചിത്രം വരച്ചതിന് ആര്‍ച്ചിബാള്‍ഡ് പ്രൈസ് ലഭിച്ചു. സിഡ്നിയിലെ നാഷണല്‍ ഗാലറിയില്‍ ഡോബെലിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1966-ല്‍ ഡോബലിന് നൈറ്റ് പദവി ലഭിച്ചു. ഹൊഗാര്‍ത്തിയന്‍ റിയലിസത്തിന്റെ പ്രണേതാവായിട്ടാണ് ഡോബെല്‍ അറിയപ്പെടുന്നത്. വര്‍ണവൈവിധ്യബോധവും രചനാ വൈദഗ്ധ്യവും ഒത്തിണങ്ങുന്ന ചിത്രങ്ങളാണ് ഡോബെല്‍ കാഴ്ചവച്ചത്.

1970 മേയ് 14-ന് ന്യൂ സൗത്ത് വെയ് ല്‍സിലെ വാങ്ഗിയില്‍ ഡോബെല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍