This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോണ്‍ ബോസ്കൊ (1815 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോണ്‍ ബോസ്കൊ (1815 - 88)

Don Bosco

കത്തോലിക്കാ സഭയിലെ സലേഷ്യന്‍ സന്ന്യാസ സമൂഹം (Saletian Order) സ്ഥാപിച്ച വിശുദ്ധന്‍. ഇറ്റലിയിലെ പീഡ്മണ്ഡില്‍ ടൂറിന്‍ എന്ന സ്ഥലത്ത് ഒരു സാധു കര്‍ഷക കുടുംബത്തില്‍ 1815 ആഗ. 16-ന് ജനിച്ചു. 1817-ല്‍ പിതാവു മരിച്ചു. അമ്മയുടെ സംരക്ഷണത്തില്‍ ദാരിദ്ര്യം അനുഭവിച്ചു വളര്‍ന്നു. 1835-ല്‍ വൈദിക പഠനത്തിനുവേണ്ടി ടൂറിനിലെ സെമിനാരിയില്‍ ചേര്‍ന്നു. 1841-ല്‍ പുരോഹിതപ്പട്ടം സ്വീകരിച്ചു. യുവാക്കളുടെ ജീവിത വിശുദ്ധീകരണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇക്കാലത്ത് ഡോണ്‍ ബോസ്കൊ വലിയ താത്പര്യം കാണിച്ചിരുന്നു. അനാഥരായ കുട്ടികളെ വേദപഠനം നടത്തിക്കുക എന്ന ദൌത്യം സന്തോഷപൂര്‍വം ഡോണ്‍ ഏറ്റെടുത്തു. ഡോണ്‍ ബോസ്കൊയുടെ ജീവിത വിശുദ്ധിയില്‍ ആകൃഷ്ടരായ അനേകം യുവാക്കള്‍ ഇദ്ദേഹത്തിന്റെ ശിഷ്യരായി മാറി. 1845-ല്‍ ഇദ്ദേഹം ടൂറിനില്‍ സലേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഈ സ്ഥാപനമാണ് പില്ക്കാലത്ത് സലേഷ്യന്‍ സന്ന്യാസ സമൂഹം ആയി വളര്‍ന്നത്. വിദ്യാര്‍ഥികള്‍ അവിടെ താമസിച്ചു പഠിച്ചിരുന്നു. അന്തേവാസികള്‍ക്ക് സാമാന്യ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവയോടൊപ്പം ആധ്യാത്മിക പരിശീലനവും നല്കിവന്നു. ഡോണ്‍ ബോസ്കൊയുടെ സാധുജന പരിപാലന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ പ്രബലരായ പല വ്യക്തികളും മുന്നോട്ടുവന്നു. ഇറ്റലിയുടെ ഏകീകരണത്തിനുവേണ്ടി പ്രവര്‍ത്തിച്ച കവൂര്‍ പ്രഭു (Count Of Cavour), ടൂറിനിലെ ആര്‍ച്ച് ബിഷപ്പായ ഫ്രാന്‍സോണി (Franzoni) എന്നിവര്‍ ഡോണ്‍ ബോസ്കൊയുടെ അഭ്യുദയകാംക്ഷികളായിരുന്നു. 1850-ല്‍ സലേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് ചെരിപ്പു നിര്‍മാണത്തിനും വസ്ത്ര നിര്‍മാണത്തിനും വേണ്ടിയുള്ള രണ്ടു പണിപ്പുരകള്‍ ആരംഭിച്ചു. 1856-ല്‍ അവിടെ ഒരു അച്ചടിശാലയും തുടങ്ങി. മുഖ്യമായും ക്രൈസ്തവ മതപഠന പുസ്തകങ്ങള്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു ഈ പ്രസ്. മാതൃകാ യോഗ്യമാംവിധം ഡോണ്‍ ബോസ്കൊ നയിച്ച പരിശുദ്ധമായ സന്മാര്‍ഗ ജീവിതം ഇതിനകംതന്നെ നിരവധി സജ്ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കുവാന്‍ അനേകം പേര്‍ പതിവായെത്തിപ്പോന്നു. ഇദ്ദേഹം ചില അദ്ഭുതങ്ങള്‍ കാണിച്ചിരുന്നതായും സാമാന്യ ജനങ്ങള്‍ വിശ്വസിച്ചിരുന്നു. ക്രൈസ്തവസഭയുടെ ബദ്ധവിരോധികള്‍ പോലും ഡോണ്‍ ബോസ്കൊയുടെ ദീനാനുകമ്പാ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു.

ഡോണ്‍ ബോസ്കൊ

1850 മുതല്‍ ഡോണ്‍ ബോസ്കൊ തന്റെ സ്ഥാപനത്തില്‍ വൈദിക പരിശീലനം ആരംഭിച്ചു. ഇദ്ദേഹം പരിശീലിപ്പിച്ചെടുത്ത യുവാക്കള്‍ 1854 മുതല്‍ സലേഷ്യന്‍ വൈദികര്‍ എന്ന പേരിലറിയപ്പെട്ടു. 1859-ല്‍ ഈ വിഭാഗക്കാര്‍ സലേഷ്യന്‍ സന്ന്യാസ സമൂഹം എന്ന പേര് സ്വീകരിച്ചു. 1868-ലാണ് സലേഷ്യന്‍ സന്ന്യാസ സഭയ്ക്ക് മാര്‍പാപ്പയില്‍ നിന്ന് അംഗീകാരം ലഭിച്ചത്. സഭയില്‍ ചേരുവാന്‍ അനേകം യുവാക്കള്‍ മുന്നോട്ടു വന്നതിന്റെ ഫലമായി ചുരുങ്ങിയ കാലംകൊണ്ട് ഈ സന്ന്യാസ സമൂഹം ഇറ്റലിയിലെങ്ങും വ്യാപിച്ചു. സഭയുടെ ശാഖകള്‍ ഇംഗ്ളണ്ട്, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിലും സ്ഥാപിക്കപ്പെട്ടു. യുവാക്കള്‍ക്കു വിദ്യാഭ്യാസം നല്കുകയെന്ന ദൌത്യമാണ് സലേഷ്യന്‍ മിഷണറിമാര്‍ മുഖ്യമായും ഏറ്റെടുത്തത്. 1872-ല്‍ വനിതകള്‍ക്കു വേണ്ടിയുള്ള സലേഷ്യന്‍ സന്ന്യാസിനീ സമൂഹത്തിന് അദ്ദേഹം രൂപംനല്കി. 1874 ആയപ്പോഴേക്കും ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും സലേഷ്യന്‍ സന്ന്യാസാശ്രമങ്ങളും കന്യാസ്ത്രീ മഠങ്ങളും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഡോണ്‍ ബോസ്കൊ പ്രധാനമായും അറിയപ്പെട്ടിരുന്നത്. തന്റെ ശിഷ്യഗണങ്ങളുടെ മനസ്സും അവരില്‍ അന്തര്‍ ലീനമായിരുന്ന പ്രതിഭകളും കണ്ടെത്തുന്നതില്‍ ഇദ്ദേഹം വിദഗ്ധനായിരുന്നു. കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്നവരെ സന്മാര്‍ഗത്തിന്റെ പാതയിലേക്കു നയിക്കുവാന്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് അപാരമാണ്. ഇദ്ദേഹം പിന്തുടര്‍ന്നുവന്ന വിദ്യാഭ്യാസ പദ്ധതി സലേഷ്യന്‍ പ്രിവന്റിവ് എഡ്യൂക്കേഷന്‍ (Saletian Preventive Education) എന്ന പേരില്‍ അറിയപ്പെട്ടു. യുവാക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനോടൊപ്പംതന്നെ, അവര്‍ തിന്മയിലേക്കു നീങ്ങുന്നതിനെ കര്‍ശനമായി തടഞ്ഞിരുന്നതിനാലാണ് ഡോണ്‍ ബോസ്ക്കൊയുടെ വിദ്യാഭ്യാസനയം ഈവിധം അറിയപ്പെട്ടത്. യുവാക്കള്‍ക്കു ശാരീരികമായ ശിക്ഷ നല്‍കുന്ന സമ്പ്രദായത്തെ ഇദ്ദേഹം അംഗീകരിച്ചില്ല. പാപത്തിനു കാരണമാകാവുന്ന സാഹചര്യങ്ങളില്‍ നിന്ന് യുവാക്കളെ അകറ്റി നിറുത്തുകയെന്നതായിരുന്നു ഇദ്ദേഹത്തിന്റെ നയം. ഭക്തിപരമായ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുക, പതിവായി കൂദാശകള്‍ സ്വീകരിക്കുക, മതപഠനം നടത്തുക തുടങ്ങിയ പരിപാടികളിലൂടെ യുവജനങ്ങളെ സന്മാര്‍ഗ ജീവിതം നയിക്കുവാന്‍ ബോസ്കൊ സഹായിച്ചു. ആധ്യാത്മികാഭ്യാസം, വിദ്യാഭ്യാസം, ശാരീരിക ജോലികള്‍, വിനോദം, വ്യായാമം എന്നിവയില്‍ അധിഷ്ഠിതമായ ശിക്ഷണം എന്നിവ ഇദ്ദേഹം തന്റെ ശിഷ്യഗണങ്ങള്‍ക്കു നല്‍കി. ടൂറിനില്‍ മനോഹരമായൊരു ബസ്ളിക്ക (ക്രിസ്തീയ ദേവാലയം) പണിയിക്കുവാന്‍ ഇദ്ദേഹം വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചു. 1888 ജനു. 31-ന് ടൂറിനില്‍ ഡോണ്‍ ബോസ്കൊ അന്തരിച്ചു. 1929-ല്‍ ഇദ്ദേഹം വാഴ്ത്തപ്പെട്ടവനായുള്ള പ്രഖ്യാപനം വന്നു. 1934 ഏ. 1-ന് ഇദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. കത്തോലിക്കാ പ്രസാധകരുടെ രക്ഷാധികാരി (Patron) എന്ന വിശേഷാല്‍ പദവിയും കത്തോലിക്കാ സഭ വിശുദ്ധ ഡോണ്‍ ബോസ്കൊയ്ക്കു നല്‍കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍