This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോണ്‍ ക്വിക്സോട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോണ്‍ ക്വിക്സോട്ട്

Don Quixote

വിശ്വപ്രസിദ്ധമായ സ്പാനിഷ് നോവല്‍. മിഗ്വേല്‍ ദെ സെര്‍വാന്തെസ് ആണ് ഈ കൃതിയുടെ രചയിതാവ്. 1547-1616 കാലയളവില്‍ ജീവിച്ചിരുന്ന സെര്‍വാന്തെസ് 1605-ലാണ് ഈ നോവലിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചത്; രണ്ടാം ഭാഗം 1615-ലും. ജനഹൃദയങ്ങളെ വളരെ വേഗം ആകര്‍ഷിച്ച ഈ കൃതിയുടെ അഞ്ച് പതിപ്പുകള്‍ ആദ്യവര്‍ഷംതന്നെ പുറത്തിറക്കേണ്ടിവന്നു. ആയിരത്തിലേറെ പേജുകള്‍ ഉള്‍ക്കൊള്ളുന്ന ഈ നോവലില്‍ അറുന്നൂറിലധികം കഥാപാത്രങ്ങള്‍ അണിനിരക്കുന്നു.

സ്പെയിനിലെ ഒരു ഗ്രാമത്തില്‍ വസിച്ചിരുന്ന ദരിദ്രനായ പ്രഭുവാണ് അലോണ്‍സൊ ക്വിജാനൊ. വളരെയധികം വീരസാഹസിക കഥകള്‍ വായിച്ച് ഉന്മത്തനാകുന്ന പ്രഭുവിന് ഒരു വീരയോദ്ധാവാകണമെന്ന ആഗ്രഹമുദിക്കുന്നു. പടച്ചട്ടയണിഞ്ഞ് കുതിരപ്പുറത്തു കയറി ലോകമാകെ സഞ്ചരിച്ച് മനുഷ്യരുടെ തെറ്റുകള്‍ തിരുത്തുവാനും മര്‍ദിതരെ സംരക്ഷിക്കുവാനുമായി സാഹസകൃത്യങ്ങളിലേര്‍പ്പെടുവാന്‍ അദ്ദേഹം തീരുമാനിക്കുന്നു. "വീരയോദ്ധാക്കളെപ്പോലെ പടച്ചട്ടയും വാളും തയ്യാറാക്കി ലോകം എനിക്കുവേണ്ടി കാത്തിരിക്കുന്നു എന്ന ആത്മഗതത്തോടെ ജൈത്രയാത്ര ആരംഭിക്കുന്നു. ഒരു യോദ്ധാവിനു യോജിക്കുന്ന തരത്തില്‍ ഡോണ്‍ ക്വിക്സോട്ട് ദ ലാ മാന്‍ച എന്ന പേര് സ്വയം സ്വീകരിക്കുന്നു.

കുതിരപ്പുറത്ത് വളരെ ദൂരം സഞ്ചരിച്ച് ഒരു സത്രത്തില്‍ എത്തിച്ചേരുന്ന ക്വിക്സോട്ട് സമനില തെറ്റിയവനെപ്പോലെ പെരുമാറി മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഒരു കോമാളിയായി മാറുന്നു. യാത്രാ മധ്യേ ഒരു കര്‍ഷകന്‍ തന്റെ ഭൃത്യനെ മരത്തില്‍ കെട്ടിനിര്‍ത്തി തല്ലുന്നതു കണ്ട് ക്വിക്സോട്ട് അയാളെ അഴിച്ചു വിടുകയും യാത്ര തുടരുകയും ചെയ്യുന്നു. കര്‍ഷകന്‍ ഭൃത്യനെ വീണ്ടും മര്‍ദിച്ചവശനാക്കുന്നു. ഇത്തരത്തില്‍ പരിഹാസ്യമായ ധീരകൃത്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടാണ് ക്വിക്സോട്ട് ജൈത്രയാത്ര തുടരുന്നത്. തന്റെ കാമുകി സുന്ദരിയല്ലെന്നു പറഞ്ഞു കളിയാക്കിയവരുടെ നേരേ പാഞ്ഞുചെല്ലുന്ന ക്വിക്സോട്ടിന് നിലത്തുവീണു പരുക്കേല്‍ക്കുന്നു. അദ്ദേഹത്തെ തിരിച്ചറിഞ്ഞ ഒരു നാട്ടുകാരന്‍ കഴുതപ്പുറത്തു കയറ്റി വീട്ടിലെത്തിക്കുന്നതോടെ ഒന്നാമത്തെ 'ദ്വിഗ് വിജയ പര്യടനം' അവസാനിക്കുന്നു.

ഏതാനും ദിവസം വിശ്രമിച്ചതിനുശേഷം വീണ്ടും യാത്രയ്ക്കൊരുങ്ങുന്ന ക്വിക്സോട്ട് ഇത്തവണ ഒരു അംഗരക്ഷകനെക്കൂടി കൊണ്ടുപോകുന്നു. കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള കോണ്‍ ട്രിയന്‍ താഴ്വരയിലെത്തുന്ന ക്വിക്സോട്ട് ഘോരരാക്ഷസന്മാരോടെന്നപോലെ കാറ്റാടി യന്ത്രങ്ങളോടു പടവെട്ടുന്നു. കൈയിലിരുന്ന കുന്തം കാറ്റാടിയില്‍ തട്ടി ക്വിക്സോട്ട് തെറിച്ചു വീഴുന്നു. ആട്ടിന്‍കൂട്ടത്തെ അകലെ കണ്ട് പട്ടാളക്കാരാണെന്നു കരുതി ആക്രമിച്ച് പല്ലുകള്‍ നഷ്ടപ്പെടുന്നതും ശവസംസ്കാരയാത്ര കൊള്ളക്കാരുടെ സംഘം ചേര്‍ന്നുള്ള യാത്രയാണെന്ന് കരുതി അവരുടെ മേല്‍ ചാടി വീഴുന്നതും ധാന്യം പൊടിക്കുന്ന യന്ത്രത്തിന്റെ ശബ്ദം കേട്ട് രാക്ഷസ ശബ്ദമാണെന്നു കരുതി നേരിടാനൊരുങ്ങുന്നതുമൊക്കെയാണ് ക്വിക്സോട്ടിന്റെ മറ്റു ധീരകൃത്യങ്ങള്‍. അവസാനം അപമാനിതനും ദുഃഖിതനുമായി നാട്ടില്‍ തിരിച്ചെത്തുകയും ആധി വ്യാധിയായി മാറി മരണമടയുകയും ചെയ്യുന്നു. "ഇപ്പോള്‍ എന്റെ മനസ്സ് തെളിഞ്ഞിരിക്കുന്നു. എനിക്കു വിവേകമുദിച്ചു എന്നു പറഞ്ഞുകൊണ്ടാണ് ക്വിക്സോട്ട് മരണം വരിക്കുന്നത്.

നൂറ്റാണ്ടുകളായി അനുവാചകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കൃതിയാണ് ഡോണ്‍ ക്വിക്സോട്ട്. 16-ാം ശ.-ത്തിലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ യോദ്ധാക്കളുടെ ധീര സാഹസകൃത്യങ്ങള്‍ ചിത്രീകരിക്കുന്ന കൃതികളെ അതിരൂക്ഷമായി പരിഹസിക്കുന്ന ഈ നോവല്‍ നവോത്ഥാന കാലഘട്ടത്തിലെ സ്പാനിഷ് ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍