This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോഡ്ജ്സണ്‍, ചാള്‍സ് ലുട്വിഡ്ജ് (1832 - 98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോഡ്ജ്സണ്‍, ചാള്‍സ് ലുട്വിഡ്ജ് (1832 - 98) Dodgson,Charles Lutwidge

ചാള്‍സ് ലുട്വിഡ്ജ് ഡോഡ്ജ്സണ്‍
ഇംഗ്ളീഷ് സാഹിത്യകാരന്‍. ലൂയി കാരള്‍ (Lewis Carrol) എന്ന തൂലികാനാമത്തില്‍ പ്രസിദ്ധന്‍. 1832 ജനു. 27-ന് ചെഷയറിലെ ഡാഴ്സ്ബറിയില്‍ ഒരു റെക്റ്ററുടെ പതിനൊന്നു മക്കളില്‍ ഒരാളായി ജനിച്ചു. ബാല്യകാലം സഹോദരങ്ങളുമൊത്ത് വിവിധ ഗ്രാമ പ്രദേശങ്ങളില്‍ കഴിച്ചു കൂട്ടി. ഡാഴ്സ്ബറി കഴിഞ്ഞാല്‍ ഡോഡ്ജ്സന്റെ മുഖ്യ വിഹാരരംഗം യോര്‍ക്ഷയറിലെ ക്രോഫ്റ്റായിരുന്നു. അസംഗത രചനയില്‍ (nonsense writing) സവിശേഷ വൈഭവം പ്രദര്‍ശിപ്പിച്ചിരുന്ന ബാലന്‍ എട്ടാമത്തെ വയസ്സില്‍ റെയില്‍വേ യാത്രക്കാര്‍ക്കുവേണ്ടിയുള്ള ഒരു നിയമാവലി തയ്യാറാക്കുകയുണ്ടായി. റഗ്ബി സ്കൂളിലും ഓക്സ്ഫഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുമായിരുന്നു വിദ്യാഭ്യാസം. റഗ്ബിയില്‍ കഴിച്ചു കൂട്ടിയ മൂന്നു വര്‍ഷക്കാലം താരതമ്യേന വിരസമായിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്ത ഇദ്ദേഹം 1855-ല്‍ ലക്ചറര്‍ ആയി.

ഡോഡ്ജ്സണ്‍ രചിച്ച ഹാസ്യകവിതകളും ഹാസ്യാനുകരണങ്ങളും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ദ് ട്രെയിന്‍ എന്ന കവിത കരോളസ് ലുഡോവിക്കസ് (Carolus Ludovicus) എന്ന തൂലികാനാമത്തിലായിരുന്നു പ്രസിദ്ധീകൃതമായത്. പില്ക്കാലത്ത് ഇത് വിവര്‍ത്തനം ചെയ്ത് തിരിച്ചിട്ട് ലൂയി കാരള്‍ എന്നു മാറ്റി.

ഗണിതശാസ്ത്രകാരന്‍ എന്ന നിലയില്‍ ചില കൃതികള്‍ ഡോഡ്ജ്സന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ലജ്ജാശീലവും വിക്കും സദാ അലട്ടിയിരുന്ന ഇദ്ദേഹത്തിന് കുട്ടികളുമായുള്ള സൗഹൃദത്തിലായിരുന്നു താത്പര്യം. ഇദ്ദേഹത്തിന്റെ ബാല സുഹൃത്തുക്കളില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ ഡീനായ ഹെന്റി ജോര്‍ജ് ലിഡലിന്റെ മക്കളുമുണ്ടായിരുന്നു. ലിഡലിന്റെ രണ്ടാമത്തെ മകളായിരുന്നു ആലിസ്. ഒരിക്കല്‍ ഒരു ബോട്ടു യാത്രയ്ക്കുശേഷം ആലിസ് ഭൂമിക്കടിയില്‍ കാട്ടിക്കൂട്ടിയ സാഹസിക കൃത്യങ്ങളുടെ സാങ്കല്പിക കഥ ഇദ്ദേഹം കുട്ടികളെ പറഞ്ഞു കേള്‍പ്പിച്ചു. താമസിയാതെ തന്നെ ആലിസിനുവേണ്ടിഈ കഥ എഴുതുവാനും തുടങ്ങി. 1863-ല്‍ ഗ്രന്ഥരചന പൂര്‍ത്തിയാക്കി. ഒരിക്കല്‍ ലിഡലിന്റെ ഭവനം സന്ദര്‍ശിച്ച സാഹിത്യകാരനായ ഹെന്റി കിങ്സ്ലി ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി വായിക്കാനിടയാവുകയും കഥയുടെ മാസ്മരികതയില്‍ ആകൃഷ്ടനായ അദ്ദേഹം അത് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കാന്‍ ഡോഡ്ജ്സനെ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ 1865-ല്‍ സര്‍ ജോണ്‍ ടെനിയലിന്റെ ചിത്രവിവരണത്തോടുകൂടി ആലിസസ് അഡ്വഞ്ചേഴ്സ് ഇന്‍ വണ്ടര്‍ ലാന്‍ഡ് എന്ന പേരില്‍ ഈ കൃതി മാക്മിലന്‍ പ്രസിദ്ധീകരിച്ചു.

ഒരു വിചിത്ര ലോകത്തിലെത്തിച്ചേര്‍ന്ന ആലിസ് എന്ന കുട്ടി അത്യന്തം വിസ്മയകരമായ അനുഭവങ്ങളില്‍ക്കൂടി കടന്നു പോകുന്നതായി സ്വപ്നം കാണുന്നതാണ് ഇതിലെ കഥ. ഒരു ദ്രാവകം കുടിക്കുമ്പോള്‍ ചെറുതാവുക, ഒരു കഷണം കേക്കുകഴിക്കുമ്പോള്‍ വലുതാവുക, കരയാന്‍ തുടങ്ങുമ്പോള്‍ കണ്ണീര്‍ക്കയത്തില്‍ വീണു പോവുക, പൂന്തോട്ടത്തിലെ പുഷ്പങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കുക ഇങ്ങനെ പോവുന്നു ആ വിചിത്രാനുഭവങ്ങള്‍. പൊടുന്നനെ ആലിസ് സ്വപ്നത്തില്‍ നിന്നുണരുന്നതോടെ കഥ അവസാനിക്കുന്നു. യുക്തിയും അസംബന്ധവും സമന്വയിപ്പിച്ചുകൊണ്ടുള്ള ആഖ്യാനരീതി മുതിര്‍ന്നവരെപ്പോലും ആകര്‍ഷിക്കാന്‍ പോരുന്നതാണ്. വിക്റ്റോറിയന്‍ കാലത്തെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാഹിത്യ രംഗങ്ങളുടെ ഹാസ്യാത്മക ചിത്രീകരണം ഇതില്‍ കാണാമെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ആലിസ് അദ്ഭുത ലോകത്തില്‍ കണ്ടുമുട്ടുന്ന മനുഷ്യരും ജന്തുക്കളുമെല്ലാം സാധാരണ ലോകത്തില്‍ ജീവിക്കുന്നവരുടെ രൂപഭേദങ്ങളാണെന്നതാണ് ശ്രദ്ധേയമായ വസ്തുത.

ഓണ്‍സ് ലോ സ് ക്വയറില്‍ ആലിസ് റെയ് ക് സ് എന്നൊരു പെണ്‍കുട്ടിയെ ഡോഡ്ജ്സണ്‍ പരിചയപ്പെടാനിടയായത് ത്രൂ ദ് ലുക്കിങ് ഗ്ളാസ് (1871) എന്നൊരു കൃതിയുടെ രചനയ്ക്കു വഴി തെളിച്ചു. 1868-ല്‍ ആരംഭിച്ച പ്രസ്തുത കൃതി 1871-ലെ ക്രിസ്തുമസ് സമ്മാനമെന്നോണം പ്രസിദ്ധീകരിക്കപ്പെട്ടു. അങ്ങനെ എല്ലാക്കാലത്തും എല്ലാദേശത്തും കുട്ടികള്‍ നെഞ്ചിലേറ്റി ലാളിക്കുന്ന രണ്ടു ക്ളാസ്സിക്കുകള്‍ ഇംഗ്ളീഷ് ഭാഷയില്‍ ജന്മം കൊണ്ടു.ആലിസസ് അഡ്വഞ്ചേഴ്സ് അണ്ടര്‍ ഗ്രൗണ്ട് (1886), ദ് നഴ്സറി ആലിസ് (1889) എന്നീ ഗ്രന്ഥങ്ങളും താമസിയാതെ വെളിച്ചം കണ്ടു.

റൈം? ആന്‍ഡ് റീസന്‍? (1883), സില്‍വി ആന്‍ഡ് ബ്രൂണോ (1889) എന്നിവയാണ് ഡോഡ്ജ്സന്റെ മറ്റു കൃതികളില്‍ പ്രധാനം. 1867-ല്‍ ആണ്‍ട് ജൂഡീസ് മാഗസിനില്‍ (Aunt Judys Magazine) പ്രസിദ്ധീകരിച്ച ബ്രൂണോസ് റിവെഞ്ച് എന്ന യക്ഷിക്കഥ(Fairy tale)യെ വികസിപ്പിച്ചെടുത്തതാണ് സില്‍വി ആന്‍ഡ് ബ്രൂണോ. 1876-ല്‍ പുറത്തുവന്ന ദ് ഹണ്ടിംഗ് ഒഫ് ദ് സ്നാര്‍ക്ക് എന്ന നീണ്ട അസംബന്ധ കാവ്യം (nonsence poem) ഒരു വലിയ വിജയമായിരുന്നു. യൂക്ളിഡ് ആന്‍ഡ് ഹിസ് മോഡേണ്‍ റൈവല്‍സ് (1879) എന്ന ഗണിതശാസ്ത്ര പ്രബന്ധവും ഡോഡ്ജ്സന്റെ സംഭാവനയായുണ്ട്.

1898 ജനു. 14-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍