This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോഡോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോഡോ

ഉീറീ

വംശനാശം സംഭവിച്ച ഒരിനം പക്ഷി. കൊളുംബിഫോമെസ് (ഇീഹൌായശളീൃാല) ഗോത്രത്തിലെ റാഫിഡെ (ഞമുവശറമല) പക്ഷി കുടുംബത്തില്‍പ്പെടുന്നു. ഇന്ത്യന്‍ സമുദ്രത്തിലെ മസ്കരീന്‍ ദ്വീപുകളായിരുന്നു ഇവയുടെ ആവാസ കേന്ദ്രം. വലുപ്പം കൂടിയതും പറക്കാന്‍ കഴിയാത്തതുമായ പക്ഷികളാണിവ. അരയന്നത്തോട് ഇതിനു രൂപസാദൃശ്യമുണ്ട്. പ്രധാനമായും മൂന്നു സ്പീഷീസുണ്ട്.

മൌറീഷ്യസ് ദ്വീപില്‍ കാണപ്പെട്ടിരുന്ന ഇനമായിരുന്നു യഥാര്‍ഥ ഡോഡോകള്‍. ശാ.നാ. റാഫസ് കുക്കുലേറ്റസ് (ഞമുവൌ രൌരൌഹഹമൌ). ടര്‍ക്കിക്കോഴിയോളം വലുപ്പമുള്ള ഈ ഇനത്തിലെ പക്ഷികളുടെ തല നീളം കൂടിയതും ചുണ്ട് അറ്റം വളഞ്ഞതുമാണ്. ദൃഢവും ബലമുള്ളതുമായ ചുണ്ടിന് 23 സെ.മീറ്ററോളം നീളം വരും. ഡോഡോയുടെ ശരീരഘടനയിലെ ഏറ്റവും വലിയ സവിശേഷതകളാണിവ. കുറുകിയ കാലുകള്‍ക്ക് മഞ്ഞ നിറമാണുള്ളത്. വണ്ണം കൂടിയതാണ് കാല്‍പ്പാദങ്ങള്‍. ഇവയുടെ അപുഷ്ടമായ (ൃൌറശാലിമ്യൃേ) ചിറകുകളിലെ തൂവലുകള്‍ക്ക് മഞ്ഞകലര്‍ന്ന വെളുപ്പു നിറമാണുള്ളത്. ഇവയുടെ വാല്‍ത്തൂവലുകള്‍ ചെറുതും ചുരുണ്ടതുമാണ്. മുഖത്തിനും ശരീരത്തിനും ചാരനിറമാണ്.

ഇന്ത്യന്‍ സമുദ്രത്തിലെ റീയുണിയന്‍ (ഞലൌിശീി) ദ്വീപുകളില്‍ കാണപ്പെട്ടിരുന്ന മറ്റൊരിനം ഡോഡോയും മഞ്ഞ കലര്‍ന്ന വെളുപ്പു നിറത്തോടുകൂടിയതായിരുന്നു. ശാ.നാ. റാഫസ് സോളിറ്റാറിയസ് (ഞമുവൌ ീഹശമൃേശൌ). മറ്റു രണ്ട് സ്പീഷീസിനെ അപേക്ഷിച്ച് വലുപ്പം കുറഞ്ഞവയാണ് റീയുണിയന്‍ ഡോഡോകള്‍.

മൌറീഷ്യസിലെ റോഡ്രിഗ്സ് ദ്വീപില്‍ കണ്ടിരുന്നത് പെസോഫാപ്സ് സോളിറ്റാറിയ (ജല്വീുവമു ീഹശമൃേശമ) എന്നയിനം ഡോഡോകളെയാണ്. വലുപ്പം കുറഞ്ഞ തലയും കുറുകിയ ചുണ്ടും നീളം കൂടിയ കഴുത്തും കാലുകളും ഇവയുടെ സവിശേഷതകളാണ്. വെളുപ്പു നിറത്തിലും തവിട്ടു കലര്‍ന്ന ചാരനിറത്തിലുമുള്ള ഡോഡോകളും കാണപ്പെട്ടിരുന്നു. അതിവേഗത്തില്‍ ഓടാന്‍ കഴിവുള്ള ഇത്തരം പക്ഷികളെ ഓടിച്ചു പിടിക്കുക എളുപ്പമല്ല. ചിറകുകളുടെ അറ്റത്തായി കാണുന്ന കട്ടിയുള്ള മുഴ ആക്രമണങ്ങളില്‍ പ്രതിരോധത്തിനായുള്ള ഗദ പോലെ പ്രയോജനപ്പെടുന്നു. പ്രധാനമായും ഇലകളും വിത്തുകളുമാണ് ഇവയുടെ ആഹാരം. ഡോഡോകള്‍ പ്രജനനകാലത്ത് ഒരു മുട്ട മാത്രമേ ഇടാറുള്ളൂ.

1680-കളോടെ മൌറീഷ്യസില്‍ നിന്നും 1750-ല്‍ റീയുണിയനില്‍ നിന്നും 1800-കളില്‍ റോഡ്രിഗ്വെസില്‍ നിന്നും ഡോഡോകള്‍ അപ്രത്യക്ഷമായതായി ജീവാശ്മരേഖകളും വിനോദസഞ്ചാരികളുടെ യാത്രാക്കുറിപ്പുകളും സൂചന നല്‍കുന്നു. ഡോഡോ പക്ഷികളുടെ പൂര്‍ണ അസ്ഥികൂടങ്ങളുടെ ജീവാശ്മങ്ങള്‍ ഈ പ്രദേശങ്ങളില്‍ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. സഞ്ചാരികളും തദ്ദേശവാസികളും ഇവയെ മാംസത്തിനു വേണ്ടി വേട്ടയാടുകയും പന്നികളും കുരങ്ങുകളും മറ്റും ഇവയുടെ മുട്ടകള്‍ നശിപ്പിക്കുകയും ചെയ്തുപോന്നിരുന്നതു നിമിത്തം ഡോഡോപ്പക്ഷികള്‍ക്കു വംശനാശം സംഭവിച്ചു.

ഡോഡോപ്പക്ഷികള്‍ അപ്രത്യക്ഷമായതോടെ മൌറീഷ്യസില്‍ സുലഭമായിരുന്ന കാല്‍വേറിയ (ഇമഹ്മൃശമ) മരങ്ങളുടെ എണ്ണത്തില്‍ സാരമായ കുറവ് സംഭവിച്ചതായി കാണുന്നു. ഡോഡോകള്‍ ഈ മരത്തിന്റെ ഫലങ്ങള്‍ തിന്നതിനു ശേഷം വിസര്‍ജിക്കുമ്പോള്‍ പുറത്തു വന്ന ദഹിക്കാത്ത വിത്തുകള്‍ മുളച്ചാണ് പുതിയ വൃക്ഷത്തൈകളുണ്ടായിരുന്നത്. ഡോഡോപ്പക്ഷികള്‍ അപ്രത്യക്ഷമായതോടെ ഈ മരങ്ങളുടെ വിത്തുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഉപാധികള്‍ ഇല്ലാതെ വന്നതു നിമിത്തമാണ് ഇത്തരം വൃക്ഷവംശക്ഷയം സംഭവിച്ചു തുടങ്ങിയത് എന്നു കരുതേണ്ടിയിരിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8B%E0%B4%A1%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍