This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോഗ്രി ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഡോഗ്രി ഭാഷയും സാഹിത്യവും

ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രത്തിലെ ഇന്തോ-ആര്യന്‍ ഉപഗോത്രത്തില്‍പ്പെടുന്ന ഒരു ഭാഷ. 15 ലക്ഷത്തോളം ജനങ്ങളുടെ സംസാരഭാഷയായ ഡോഗ്രി ജമ്മു-കാശ്മീരിലാണ് മുഖ്യമായും പ്രചാരത്തിലിരിക്കുന്നത്. ഹിമാചല്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഈ ഭാഷ സംസാരിക്കുന്ന ജനങ്ങളുണ്ട്. ഈ ഭാഷയില്‍ രചിക്കപ്പെടുന്ന സാഹിത്യം ഡോഗ്രി സാഹിത്യം എന്ന പേരിലറിയപ്പെടുന്നു.

ഭാഷ

ജമ്മുവിലെ ഡോഗ്ര കുന്നിന്‍പ്രദേശങ്ങളില്‍ വസിക്കുന്ന ഖാസ, യവന, തക, ഗുജര്‍, മുകള്‍ എന്നീ വര്‍ഗക്കാരുടെ മാതൃഭാഷ എന്ന നിലയ്ക്ക് ഈ ഭാഷ ഡോഗ്രിയെന്നും ഇതു സംസാരിക്കുന്നവര്‍ ഡോഗ്രാസ് (ഡോഗ്രകള്‍) എന്നും അറിയപ്പെടുന്നു. ഡോഗ്രി എന്ന പദത്തിന്റെ ഉദ്ഭവത്തെപ്പറ്റി വിഭിന്ന അഭിപ്രായങ്ങളുണ്ട് (ഡുഗ്ഗാര്‍-ഡ്വിഗര്‍ത-ഡുര്‍ഗഹ-ഡുന്‍ഗാര്‍-ഡുര്‍ഗാര്‍-ഡുര്‍ഗര-ഡോഗ്ര-ഡോഗ്രി). ഡോഗ്രിയെ പഞ്ചാബിയുടെ ഒരു ഉപഭാഷയായി ലിംഗ്വിസ്റ്റിക് സര്‍വേ ഒഫ് ഇന്ത്യ(1916)യില്‍ ഗ്രിയേഴ്സണ്‍ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ഈ രണ്ടു ഭാഷകളിലും കാണുന്ന പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഈ അഭിപ്രായത്തെ ദുര്‍ബലപ്പെടുത്തുന്നു. ഡോഗ്രിയുടെ പ്രധാന ഭാഷാഭേദം 'കഗ്രി' ആണെങ്കിലും കണ്‍ഡിയാലി, ഭടിയാലി എന്നീ ഭാഷാഭേദങ്ങളും നിലവിലുണ്ട്. പഞ്ചാബിലെ ഗുരുദാസ്പൂരില്‍ പ്രചാരത്തിലിരിക്കുന്ന പഞ്ചാബി-ഡോഗ്രി സങ്കരരൂപം ഭടിയാലിയും, ഹിമാചല്‍ പ്രദേശില്‍ ചംബപ്രദേശത്തിന്റെ പശ്ചിമഭാഗത്ത് ഉപയോഗത്തിലുള്ള കഗ്രി-ഡോഗ്രി സങ്കരരൂപം കണ്‍ഡിയാലിയുമാണ്. തെ.പഞ്ചാബി, കി.പഹാഡിയുടെ ഒരു ഭാഷാഭേദം, വ.കശ്മീരി, പ.ലെഹന്ദഭാഷാ എന്നിങ്ങനെയാണ് ഈ ഭാഷയുടെ ഭാഷാപരമായ അതിര്‍ത്തികള്‍.

'തകരി' അഥവാ 'ഡോഗര അക്ഖര്‍'എന്ന ലിപിമാല ഈ ഭാഷ യ്ക്ക് ഉണ്ടെങ്കിലും അതിന് പ്രചാരം സിദ്ധിച്ചിട്ടില്ല. പണ്ഡിതാഭിപ്രായങ്ങളും കാശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനവും അനുസരിച്ച് 1950 മുതല്‍ ദേവനാഗിരിലിപിയാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ജമ്മു-കാശ്മീരില്‍ നസ്തലിഖോ/പേര്‍ഷ്യന്‍ ലിപി ഉപയോഗിക്കുന്നു.

രാവി, ചെനാബ് എന്നീ നദികള്‍ക്ക് മധ്യേയുള്ള ഡുഗ്ഗാര്‍ പ്രദേശത്തെ സെഞ്ചുലനയില്‍ നിന്ന് 1170-ല്‍ ലഭിച്ച സാല്‍ഹിശിലാലിഖിതം ഒഴിച്ചുനിര്‍ത്തിയാല്‍ നാലു ദശാബ്ദകാലത്തെ പഴക്കം മാത്രമാണ് ഈ ഭാഷയ്ക്കുള്ളത്. 14-ാം ശ.-ത്തില്‍ മഹാരാജാക്കന്മാരുടെ മാതൃഭാഷ എന്ന നിലയ്ക്ക് സവിശേഷ പരിഗണന ലഭിച്ചെങ്കിലും ആധുനികകാലത്ത് ഈ ഭാഷ അവഗണിക്കപ്പെട്ടു. 18-ാം ശ.-ത്തില്‍ ഡോഗ്രിയുടെ ഒരു ഭാഷാഭേദം ചംബ, കംഗര എന്നീ രാജസഭകളില്‍ ഉപയോഗിച്ചിരുന്നതായി ചില ചെപ്പേടുകള്‍ സൂചിപ്പിക്കുന്നു.

1253-ല്‍ ഹിന്ദുസ്ഥാനി കവിയായ അമീര്‍ ഖുസ്റോ ആണ് ഡോഗ്രി(ഡുഗാര്‍) ഭാഷയെപ്പറ്റി ആദ്യമായി വിവരം നല്‍കിയത്. 1750-1860 കാലഘട്ടത്തിലെ തകിരി ലിപിയിലുള്ള ചില കത്തുകളും ഉടമ്പടികളും ശിവനാഥ്, രാംനാഥ് ശാസ്ത്രിയുടെ ഡോഗ്രിഷോധ എന്ന കൃതിയില്‍ ചേര്‍ത്തിട്ടുണ്ട്. 1816 വരെ ഈ ഭാഷയെപ്പറ്റി പറയത്തക്ക പഠനമൊന്നുമുണ്ടായിട്ടില്ല. വില്യം കരേ (1816) അതിനുശേഷം ജോണ്‍ബീംസ് (1867) (ഔട്ട്ലൈന്‍ ഒഫ് ഇന്ത്യന്‍ ഫിലോളജി, ഫ്രെയറിക് ഹ്യൂവ്(ദ് ജമ്മു ആന്‍ഡ് കാശ് മീര്‍ ടെറിറ്ററീസ്: എ ജോഗ്രഫിക്കല്‍ അക്കൗണ്ട്(1875) എന്നിവര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഡോഗ്രി ഭാഷയെക്കുറിച്ചുള്ള പഠനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിയുടെ ഒരു ഭാഷാഭേദമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഈ ഭാഷയ്ക്ക് ഗ്രിയേഴ്സണ്‍ വ്യക്ത മായും ഒരു പ്രത്യേക ഭാഷയുടെ സ്ഥാനം നല്കിക്കാണുന്നു. 1969-ല്‍ സാഹിത്യ അക്കാദമി ഡോഗ്രിക്ക് സാഹിത്യഭാഷാ പദവി നല്‍കി. 1983-ല്‍ ജമ്മുവില്‍ നടന്ന ഡോഗ്രിസമ്മേളനത്തില്‍ ഈ ഭാഷയെ ഭരണഘടനയിലെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി നടന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് പാഠ്യവിഷയമായി അംഗീകരിക്കപ്പെട്ടു. ഏകീകരിച്ച ഒരു വ്യവസ്ഥ ഈ ഭാഷയ്ക്ക് അവകാശപ്പെടാനില്ല. ഈ ഭാഷയില്‍ പല വ്യാഖ്യാനങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്. ആകാശവാണിയിലൂടെ ഈ ഭാഷ ദിവസവും പ്രക്ഷേപണം ചെയ്യപ്പെടാറുണ്ട്. ഔദ്യോഗിക ഭാഷാ പദവി ലഭിച്ചെങ്കിലും ഔദ്യോഗിക ഭാഷയായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. രാജഭരണകാലത്ത് 'തകരി' എന്ന പരമ്പരാഗതരൂപം ഔദ്യോഗിക തലത്തില്‍ ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്. ജമ്മു കാശ്മീരില്‍ ഡോഗ്രിഭാഷ സംസാരിക്കുന്നവര്‍ ജനസംഖ്യാടിസ്ഥാനത്തില്‍ രണ്ടാമതാണെങ്കിലും ലിപി വ്യവസ്ഥയുടെയും വ്യാകരണത്തിന്റെയും അപര്യാപ്തത ഔദ്യോഗിക ഭാഷാപദവിക്ക് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ശൗരസേനി പ്രാകൃതത്തില്‍ നിന്നാണ് ഡോഗ്രിഭാഷയുടെ ഉദ്ഭവം എന്നാണ് പണ്ഡിതമതം. ധാരാളം സംസ്കൃതപദങ്ങള്‍ ഇതില്‍ ഉപയോഗിക്കപ്പെടുന്നു. അതോടൊപ്പം അറബി, പേര്‍ഷ്യന്‍, ഇംഗ്ളീഷ് എന്നീ ഭാഷകളില്‍ നിന്നുമുള്ള അനേകം പദങ്ങളും പ്രയോഗത്തിലുണ്ട്. പദങ്ങളുടെ ആദിയില്‍ വരുന്ന 'വ', 'യ' എന്നിവ യഥാക്രമം 'ബ', 'ജ,' എന്നിവ ആയും 'ഛ' സ്വനിമം 'ഷ' ആയും മാറുന്നു. മഹാപ്രാണവ്യഞ്ജനങ്ങള്‍ ഘോഷികളോ അഘോഷികളോ ആകുന്നു. പദാദിയില്‍ താലവ്യ-കണ്ഠ്യ അനുനാസികങ്ങള്‍ വരുന്ന രീതിയും കാണുന്നു. ഷ, സ, എന്നീ വ്യഞ്ജനങ്ങള്‍ പരസ്പരം മാറ്റി ഉപയോഗിക്കാറുണ്ട്.

രൂപിമവിജ്ഞാനീയത്തി(morphology)ലെ ഒരു സവിശേഷതയാണ് കര്‍മ്മണിപ്രയോഗം. ആവുക അഥവാ ഉണ്ട് എന്ന ക്രിയയ്ക്ക് സമാനമായി ഹ-ഹി-ഥ-ഥി-ഥേ എന്നിവ ഉപയോഗിക്കുന്നു. ആഖ്യയുടെ ലിംഗവ്യത്യാസം അനുസരിച്ച് സഹായക്രിയകളില്‍ മാറ്റംവരുന്നു. പഞ്ചാബിയില്‍ ഈ മാറ്റം ഉണ്ടാകുന്നില്ല.

സാഹിത്യം

വിപുലമായ ഒരു സാഹിത്യ സമ്പത്ത് ഡോഗ്രി ഭാഷയ്ക്കുണ്ട്. ആദ്യകാലത്തെ നാടോടി സാഹിത്യത്തിനു പുറമേ ഗസലുകള്‍, ചെറുകഥ, നാടകം, ഉപന്യാസം, നോവല്‍, വിവര്‍ത്തനം, ബാലസാഹിത്യം, ജീവചരിത്രം എന്നീ വിവിധ ശാഖകളിലുള്ള രചനകള്‍ ഡോഗ്രിസാഹിത്യത്തെ മികച്ചതാക്കുന്നു.

നാടോടിസാഹിത്യം

സമ്പന്നമായ ഒരു നാടോടി സാഹിത്യപാരമ്പര്യമാണ് ഡോഗ്രിക്കുള്ളത്. ധാരാളം നാടന്‍ പാട്ടുകള്‍, നാടോടിക്കഥകള്‍, കടംകഥകള്‍, ശൈലികള്‍, ചൊല്ലുകള്‍ എന്നിവ ഈ ഭാഷയിലെ നാടോടി സാഹിത്യത്തിലുണ്ട്. ഡോഗ്ര സമുദായത്തിന്റെ വിശ്വാസങ്ങള്‍, ആദര്‍ശങ്ങള്‍, മൂല്യങ്ങള്‍, പ്രതീക്ഷകള്‍ ആദിയായവ വ്യക്തമായി ആവിഷ്കരിക്കുന്ന കൃതികളാണ് ഇവ.

ഡോഗ്ര സമുദായത്തിന്റെ എല്ലാ മേഖലകളേയും സ്പര്‍ശി ക്കുന്ന വൈവിധ്യമാര്‍ന്ന നാടോടിസാഹിത്യമാണ് ഈ ഭാഷയിലുള്ളത്. ആണ്‍കുട്ടിയുടെ ജനനം ആഘോഷിക്കുമ്പോള്‍ ആലപിക്കാറുള്ള അനുഷ്ഠാന ഗാനം 'ബിഹായി'യും, തലമുണ്ഡനം ചെയ്യുന്നത് 'മുണ്ഡനും', ഉപനയനം 'യജ്ഞോപവീതും', വരനെ സംബന്ധിച്ച വിവാഹഗീതം 'ഘൊസി'യും വധുവിനെക്കുറിച്ചുള്ള ഗീതങ്ങള്‍ 'സുഹാഗും' ആണ്. 'ബിരാമാസെ' 'ചിഞ്ജാന്‍', 'ധോലഡൂ', 'രിത്താസി' തുടങ്ങിയ ഹിന്ദി ഗാനങ്ങളോട് ബന്ധപ്പെട്ട ഋതു ഗാനങ്ങളാണ് 'താല്', 'നറാതെ', എന്നിവ. 'ഝഡി', 'ലോഹ്ദീ', 'ഹൊലീ' എന്നിവ വിവിധ ഉത്സവാഘോഷവേളകളില്‍ ആലപിക്കുന്ന ഗാനങ്ങളാണ്. സൊഹാഡി, ബാഹ്ഡീ എന്നിവ വിളവെടുപ്പു കാലങ്ങളിലും 'ലാദീ', 'ഗര്‍ലോഡീ' എന്നിവ കെട്ടിട നിര്‍മാണവേളയിലും പാടുന്നു. ദേവീ-ദേവന്മാരെ പ്രകീര്‍ത്തിക്കുന്ന ആഖ്യാനകാവ്യങ്ങള്‍ 'ഭേതാ' എന്നും സിദ്ധന്മാരേയും രക്തസാക്ഷികളേയും സ്തുതിക്കുന്ന കാവ്യം 'കാരക്' എന്നും യോദ്ധാക്കളെ പ്രകീര്‍ത്തിക്കുന്ന 'ബാര്‍', 'ആരതി', 'ഭജന്‍' എന്നീ ഭക്തിഗാനങ്ങള്‍ 'ബിശന്‍പത' എന്നും അറിയപ്പെടുന്നു. പ്രേമഗാനങ്ങളില്‍ വിരഹഗാനങ്ങളാണ് കൂടുതല്‍. തൊഴില്‍തേടി നാടും കുടുംബവും വെടിഞ്ഞ് പുരുഷന്മാര്‍ അകലങ്ങളില്‍ താമസിക്കേണ്ടി വരുന്നതുകൊണ്ടാണ് സംയോഗഗാനങ്ങളേക്കാള്‍ വിരഹഗാനങ്ങളുടെ ആധിക്യത്തിനു കാരണം. വീരഗാഥകളും യുദ്ധവര്‍ണനയും അടങ്ങുന്നതാണ് പടപ്പാട്ടുകള്‍. ഡോഗ്രകളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ പ്രത്യേകമായും ചരിത്രം പൊതുവായും പ്രതിപാദിക്കുന്ന മറ്റനേകം നാടന്‍പാട്ടുകളുമുണ്ട്. ഡോഗ്രകളെ പ്രതിപാദ്യ വിഷയമാക്കിയുള്ള സാരോപദേശങ്ങളുടേയും കഥകളുടേയും രസനീയത ശ്രദ്ധേയമാണ്.

പൂര്‍വകാലസാഹിത്യം

പൂര്‍വകാലഡോഗ്രിസാഹിത്യ ത്തില്‍ കാംഗ്രയിലെ മനക്ചന്ദ് (16-ാം ശ.) നര്‍പൂനിലെ ഗംഭീര്‍ റായ്(17-ാം ശ.) എന്നിവര്‍ പ്രസിദ്ധരാണ്. ഭദ്ദുവിലെ ദത്തു എന്ന പ്രസിദ്ധനായ ദേവിദിത്തയുടെ (18-ാം ശ.) ഏക ഡോഗ്രി ഭാവഗീത കാവ്യമായ കില്ലിയാ ബട്ടനാ ചൊഡീദിത്താ (വെള്ളം കോരുവതിന്നിനി കിണറ്റിന്‍ കരയിലേക്ക് ഏകയായ് പോവില്ല ഞാന്‍) മികച്ച രചനയാണ്. ഗാര്‍ഹിക കഥാപാത്രങ്ങളെ പരിചിതഭാവത്തില്‍ അവതരിപ്പിക്കുന്ന ഈ കൃതിക്ക് പ്രത്യേകമായ സംഭാഷണരീതിയുടെ ഒഴുക്കുമുണ്ട്. ഗംഗാറാമിന്റെ (19-ാംശ.) കണ്ഡിയാ ദാ ബസ്നാ (വരണ്ട ഭൂമിയിലെ ജീവിതം) ജമ്മുവിലെ കണ്ഡീ പ്രദേശത്തെ ക്ലേശകരമായ ജീവിതം ചിത്രീകരിക്കുന്നു. ഈ കാലഘട്ടത്തിലെ ശ്രദ്ധേയനായ മറ്റൊരു കവിയാണ് ലഖ്ഹു.

പ്രാചീന ഡോഗ്രി ഗദ്യകൃതികളിലൊന്നാണ് ബലറാം രചിച്ച രാജാവലി. പേര്‍ഷ്യന്‍ ചരിത്രകൃതിയുടെ വിവര്‍ത്തനമായ രാജാവലി (രാജവംശാവലി) ദാരാ ഷികോഹി(1614-59)നു വേണ്ടി രചി ച്ചതാണ്. കൊത്ളയിലെ രാജധ്വാന്‍സിങ്ങി(1766-1811)ന്റെ നിയോഗ പ്രകാരം മികച്ച ഭാഷയിലും ശക്തമായ ശൈലിയിലും തെഹല്‍ ദാസ് ഡോഗ്രിയിലേക്ക് പരിഭാഷപ്പെടുത്തി. 1818-ല്‍ ക്രിസ്തീയമിഷനറിമാര്‍‘'പുതിയനിയമ'ത്തിനു തയ്യാറാക്കിയ വിവര്‍ത്തനമാണ് ആദ്യമായി ഡോഗ്രിഭാഷയില്‍ അച്ചടിച്ച കൃതി. മഹാരാജ രണ്‍ബീര്‍ സിംഹിന്റെ ഭരണകാലത്ത് (1856-85) ഈ ഭാഷയില്‍ ചില കൃതികളുടെ രചനയും തര്‍ജുമയും ഉണ്ടായി. ജ്യോതിശാസ്ത്രം, ആയുര്‍വേദം എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന കൃതികളും കായികപരിശീലനവിധി പ്രതിപാദിക്കുന്ന കൃതിയായ ലീലാവതിയും ഉദാഹരണങ്ങളാണ്. 1890-ല്‍ ഡോഗിരാമിത്തര്‍ എന്ന ദിനപത്രം ആരംഭിച്ചു. 1900-ല്‍ മത്തായി, മാര്‍ക്കോസ്, യോഹന്നാന്‍ എന്നിവരുടെ 'സുവിശേഷങ്ങളുടെയും', 'പത്ത് കല്പനകളുടെയും'പരിഭാഷകളും പ്രസിദ്ധീകൃതമായി.

ആധുനികസാഹിത്യം

കവിത

20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ ഡോഗ്രിഭാഷയില്‍ ഏഴു കവികള്‍ മാത്രമാണ് രചന നടത്തിയതായിക്കാണുന്നത്. ചന്നാ ദീ ചാന്ദനീ ചന്താ കരേഗ (ചന്ദ്രനില്ലാതെ ചന്ദ്രികയുണ്ടാവില്ല) പഞ്ചാബി കവിയായ രാംധന്റെ ലഭ്യമായ ഏക ഡോഗ്രികാവ്യമാണ്. ജീനാ പഹാറേങ് ദാ ജീനാ (കുന്നുകളിലെ ജീവിതാനുഭൂതികള്‍ മധുരതരമല്ലോ) എന്ന ഒരു ഭാവഗീതം കൊണ്ട് പ്രശസ്തനായ കവിയാണ് മൂലറാജ് മേത്ത. ഡോഗിര ദേശ്, ബേകാരി, ലങ്കാതേരി, നൈയൂങ്, ബച്നീഫാഷന്‍, അതാല്‍തീ ധാന്ദാ എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികളാണ്. ഇദ്ദേഹത്തിന്റെ കൃതികള്‍ പലതും സാരോപദേശ രൂപത്തിലുള്ളവയാണ്. ശാന്താറാം, സോഹ്നു കൌഷിറാം, മധുരദാസ് മേത്ത എന്നീ കവികളുടെ കൃതികള്‍ പില്‍ക്കാലത്താണ് വെളിച്ചം കണ്ടത്.

ആധുനിക കാലത്തെ ആദ്യത്തെ കവിയായി പരിഗണിക്കപ്പെടുന്നത് ദിന്തഭായ് പന്ത് (1917) ആണ്. സമൂഹത്തില്‍ നിലനിന്നിരുന്ന ജാതിവര്‍ഗപരിഗണനകളിലധിഷ്ഠിതമായ വൈരുദ്ധ്യങ്ങള്‍ മനസ്സിലാക്കി ഇക്കാര്യത്തിലുള്ള തന്റെ കാഴ്ചപ്പാട് ഇദ്ദേഹം കവിതകളില്‍ ആവിഷ്കരിച്ചു. ദേശസ്നേഹവും സ്വജനസ്നേഹവും പ്രതിഫലിക്കുന്ന മേരേ ദേശൈ ദാ ഷലൈപാ മേരീ അഖീങ് കന്നെ ദിക് (എന്റെ ഡോഗിര നാടിന്റെ സൌന്ദര്യം എന്റെ കണ്ണാല്‍ കാണുന്നു); സ്വേഛാധിപത്യത്തിനും അടിച്ചമര്‍ത്തലിനും എതിരായി പ്രതികരിക്കുന്ന ഉഠ് മ ജൂരാ ജാഗ് കസാനാ തേരാ ബെല്ലാ ആയ ഹോ (ഉയരുക തൊഴിലാളി, ഉണരുക കര്‍ഷകാ, നിങ്ങളുടെ ദിവസമിതാ വരവായി), ബൈള (നുകമില്ലാത്ത കാള), അസ്ഥിരമായ തീരുമാനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം വെളിപ്പെടുത്തുന്ന ജാങ് ഇധര്‍ ഹോ ജാങ് ഉധര്‍ ഹോ (ഒന്നുകില്‍ വലത്തോട്ട് നീങ്ങുവിന്‍ അല്ലെങ്കില്‍ ഇടത്തോട്ട്), സ്വതന്ത്രമായ ജീവിതത്തെപ്പറ്റി പ്രതിപാദിക്കുന്ന ഗുജ്ജരി ആദിയായ കൃതികളിലൂടെ വൈവിധ്യമാര്‍ന്ന പ്രമേയങ്ങള്‍ ദിന്തൂഭായ് പന്ത് ആവിഷ്കരിക്കുന്നു. നര്‍മോക്തി കലര്‍ത്തി ഇദ്ദേഹം രചിച്ച കൃതിയാണ് ഗത്ലൂങ് (കിക്കിളിപ്പെടുത്തലുകള്‍, 1944). ആത്മാവിഷ്കാരമായ സമീപനത്തോടെ സ്വയം ചിരിക്കാന്‍ വായനക്കാര്‍ക്ക് അവസരം നല്‍കുന്ന ഒരു കൃതിയാണിത്. ഷഹര്‍ പെഹലോ പെഹല്‍ഗയെ (ആദ്യത്തെ നഗര സന്ദര്‍ശനം), ദുനീ ചന്ദാ ദാ ബിഹാഹ് എന്നിവ ആനന്ദ ലഹരിയില്‍ ആറാടിക്കുന്ന ശ്രേഷ്ഠ കൃതികളാണ്. വീരഗാഥാ രീതിയില്‍ രചിക്കപ്പെട്ട കൃതിയാണ് വീര്‍ഗുലാബ് (വീരനായ ഗുലാബ്, 1944). ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിന്റെ സ്ഥാപകനായ ഗുലാബ്സിങ്ങിന്റെ വീരപരാക്രമങ്ങളാണ് ഇതിലെ പ്രതിപാദ്യം.

1944, 47 എന്നീ വര്‍ഷങ്ങള്‍ ഡോഗ്രിനവോത്ഥാന ചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഡോഗ്രയുടെ ആദ്യത്തെ സാംസ്കാരിക സംഘടനയായ 'ഡോഗ്രി സംസ്ഥ' 1944-ല്‍ സ്ഥാപിതമായി. ഈ സംഘടന ഡോഗ്രി ഭാഷാ സാഹിത്യം, കല, സംസ്കാരം എന്നിവയുടെ വികാസപ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ പങ്ക് വഹിച്ചു. ഇതിനുശേഷം ജമ്മു-കാശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ വിവിധ സാംസ്കാരിക സംഘടനകള്‍ രൂപീകൃതമായി.

1947-ല്‍ പാകിസ്താന്‍ ജമ്മു-കാശ്മീരിനെ ആക്രമിച്ചതോടുകൂടി ജനങ്ങളില്‍ ദേശസ്നേഹം ഉണര്‍ന്നു. ഇക്കാലത്ത് രചിക്കപ്പെട്ട കൃതികള്‍ ജനങ്ങളില്‍ ദേശാഭിമാന ബോധവും ആവേശവും ഉണ്ടാക്കി. 1947-ല്‍ ജമ്മു-കാശ്മീരില്‍ ആകാശവാണിനിലയം സ്ഥാപിച്ചതോടുകൂടി പ്രഭാഷണം, നാടകം, ചെറുകഥ, കവിത എന്നീ രൂപങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു തുടങ്ങി. ഡോഗ്രി സാഹിത്യത്തിന് പൊതുവേയും ഗദ്യസാഹിത്യത്തിന് പ്രത്യേകിച്ചും ഗണ്യമായ സംഭാവന ഇതുമൂലം ലഭിച്ചു.

പാകിസ്താന്‍ ആക്രമണത്തെത്തുടര്‍ന്ന് ഉണ്ടായ സ്വരാജ്യസ്നേഹം ക്രമേണ സോഷ്യലിസ്റ്റ് റിയലിസത്തിലേക്ക് വഴി മാറി. യശ്ശര്‍മ (1927), വേദ് പാല്‍ ദീപ് (1929), രാംനാഥ് ഷാഗ്രി (1915), കെ.എസ്. മധുകര്‍ (1928), കിഷന്‍സ്മയില്‍പൂരി (1900-80), പരമാനന്ദ് അല്‍മസ്ത് (1901-79), ശംഭുനാഥ ശര്‍മ (1905-77) എന്നിവര്‍ ഡോഗ്രി കവിതയ്ക്ക് പുതിയ മാനങ്ങള്‍ പ്രദാനം ചെയ്തു. പുതിയ കല്പനകള്‍, ശബ്ദസംഗീതം, ദേശസ്നേഹം, ജനസ്നേഹം, യാഥാസ്ഥിതിക മൂല്യനിഷേധം എന്നിവ പ്രതിപാദ്യവിഷയങ്ങളായി. 1950കളില്‍ ഡോഗ്രിസാഹിത്യ വികസനത്തിനുവേണ്ടി യത്നിച്ചവരാണ് രഘുനാഥ്സിംഹ് സമ്യന്‍(1885-1963), സ്വാമി ഭര്‍മാനന്ദ് (1891-1962), മോഹന്‍ലാല്‍ സപോലിയ, പദ്മ സച്ദേവ് (1940 - ) ചരണ്‍സിംഹ് (1940-70) ആദിയായ പ്രമുഖ കവികള്‍.

ജമ്മു-കാശ്മീരിന്റെ മുന്‍ ഭരണാധിപനായിരുന്ന ഡോ. കരണ്‍സിങ് ഡോഗ്രിയില്‍ ഏതാനും മികച്ച ഭജനഗാനങ്ങളും നാടോടിപ്പാട്ടുകളുടെ സമാഹാരവും (നിഴലും വെളിച്ചവും) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ പീയൂഷ് ഗുലേരി മേരാ ദേശ് ഹിമാച(1969)ലും ഗൗതം പ്രിഥിക് ചേതെ(ഓര്‍മകള്‍,1969)യും ഡോഗ്രി സാഹിത്യത്തിന് സംഭാവന ചെയ്തു. രാംലാല്‍ ശര്‍മയുടെ സര്‍ഗം (1975), സലോലിയയുടെ സജ്രെ ഫുല് (നറും പൂക്കള്‍, 1969), നരസിങ്ദേവിന്റെ നയീ കവിതാ നമേ രാസ്തേ (പുതിയ കവിത, പുത്തന്‍ പ്രവണതകള്‍, 1965), ശിവറാം ദീപിന്റെ ഇക്ലികര്‍, കയിപര്‍ഛാമെ (ഒരു പാത പല നിഴലുകള്‍ 1969), ഒ.വി. ശര്‍മയുടെ പര്‍താന്‍ (പാളികള്‍, 1974), ജിതേന്ദ്ര ഉത്തംപൂരിയുടെ ചേതന്‍ ദേ സൂരജ്മുഖി (സ്മരണയുടെ സൂര്യകാന്തിപ്പൂക്കള്‍, 1976), ഇക്ഷ ഹര്‍ യാദെങ് ദാ (ഓര്‍മകളുടെ ഒരു നഗരം, 1980), അശ്വനിമഗോത്രയുടെ ഖുബ്ടിയാന്‍ (ശലഭകോശങ്ങള്‍, 1972), ദുനിചന്ദ് ത്രിപാഠിയുടെ ധാരണ്‍ തേ ഫൌരാന്‍ (കുന്നുകളും ചാറ്റല്‍ മഴയും, 1974), ശകുന്തളാ ശര്‍മയുടെ ത്രിചൌലി (കൂട്ടിക്കലര്‍ത്തിയ അരിയും പൂവും 1974), മുന്‍ഷിറാമിന്റെ സൂചെ മോത്തി (തനി മുത്തുകള്‍, 1971), കുല്‍ദീപ്സിങ് ജൂന്ദ്രയ്യയുടെ ഇക്ദബരി ദീ മൌത്ത് (കയത്തില്‍ ഒരു മരണം, 1972), ഗോഗോറാം സാഥിയുടെ ദിഖ്നെ ആലി അഖ്നയില്‍ (വിധിതീര്‍പ്പു കൂടാത്ത വീക്ഷണം, 1972) ആദിയായ കൃതികള്‍ ഡോഗ്രി കാവ്യസാഹിത്യത്തെ സമ്പന്നമാക്കി. ശംഭുനാഥിന്റെ ദോ ലാകുണ്‍ തപയോ (ഒരു പല്ലക്കിന്റെ വേര്‍പാട്,1963), മെയിങ് മേലേ രാജാണു (മേളകളെക്കുറിച്ച് അറിയാവുന്നവനാണ് ഞാന്‍, 1975), രാം നാഥ് ശാസ്ത്രിയുടെ ധര്‍ത്തീ ദാമുണ്‍ (മണ്ണിന്റെ കടം, 1971), പദ്മയുടെ മേരീ കവിതാ, മേരെ ഗീത് (എന്റെ ഗീതങ്ങള്‍,1969), തച്ചീ തെച്ചന്‍ ഹാങ് (ദുഗ്ഗറിലെ രണ്ട് നദികള്‍, 1976), കിഷന്‍ സ്മയില്‍പുരിയുടെ മേരീ യാങ് ഡോഗ്രി ഗസലാങ് (എന്റെ ഡോഗ്രി ഗസലുകള്‍, 1973), അല്‍മാസ്തിന്റെ ഇക് ബൂങ് ഡൈഗീതര്‍സെ പൈങ്ചി (ദാഹിക്കുന്ന പക്ഷി, 1967), ഝുനക്(ഞെട്ടല്‍, 1963) എന്നിവയും ഡോഗ്രി കവിതയ്ക്കു സിദ്ധിച്ച ഈടുറ്റ സംഭാവനകളാണ്.

ഗസലുകളും ഗീതികളും രചിച്ച കണ്‍വര്‍ വിയോഗി എന്ന് പ്രസിദ്ധനായ രണ്‍ധീര്‍ സിങ് ഡോഗ്രി സാഹിത്യത്തിനു ഒട്ടേറെ സംഭാവനകള്‍ നല്‍കി. പുരണ്‍ ചന്ദ് പൂരണ്‍, വീരേന്ദര്‍ കേസര്‍, സുദര്‍ശന്‍ രത്തന്‍ പുരി, ചമ്പ ശര്‍മ എന്നിവരുടെ കവിതാ സമാഹാരങ്ങളും ശ്രദ്ധേയമാണ്.

ഗസലുകള്‍

ഡോഗ്രി കവിതകളുടെ തനിമയ്ക്ക് തികച്ചും അനുയോജ്യം ഗസലുകളാണെന്ന അഭിപ്രായം നിലവിലുണ്ട്. വേദ് പാല്‍ ദീപ്, കിഷന്‍ സ്മയില്‍ പുരി, ശംഭുനാഥ് ശാസ്ത്രി, നരസിങ് ദേവ്, അശ്വനി മഗോത്ര, ശിവറാം ദീപ് ആദിയായവര്‍ ഗസല്‍ രചനയില്‍ പ്രമുഖരാണ്. വേദ്പാല്‍ ദീപിന്റെ അസ്തേ ആങ് ബഞ്ചാരെ ലോഗ് (നമ്മള്‍ ജിപ്സികളാകുന്നു, 1968), കിഷന്‍ സ്മയില്‍പുരിയുടെ മേരിയാങ് ഡോഗ്രി ഗസലാങ് (എന്റെ ഡോഗ്രി ഗസലുകള്‍), നരസിങ് ദേവിന്റെ സമാ ജലെ കീ ധഡ്കീ ധഡ്കീ (മിന്നി മിന്നി കത്തുന്ന ജ്വാല, 1968) എന്നിവ മനോഹരങ്ങളായ ഗസലുകളാണ്. ഡോഗ്രി ഗസലുകളുടെ സമാഹാരമാണ് രാംനാഥ് ശാസ്ത്രിയുടെ തല്ഖിയാങ് (തീവ്രവികാരങ്ങള്‍, 1980). വികാരപക്വതയും രൂപഭദ്രതയും പ്രകടമാകുന്ന ഗസലുകള്‍ രചിച്ച് കണ്‍വര്‍ വിയോഗി പ്രശസ്തി നേടുമ്പോള്‍ ഡോഗ്രി ഗസലുകളുടെ രാജാവായി വേദ്പാല്‍ ദീപ് പരിഗണിക്കപ്പെടുന്നു.

ചെറുകഥകള്‍

1946-ല്‍ ബി.പി.സാഠെ ആദ്യത്തെ ചെറുകഥാസമാഹാരമായ പെഹ്ലാ ഫൂല്‍ (പ്രഥമപുഷ്പം) പ്രസിദ്ധീകരിച്ചു. ഒന്‍പതു കഥകളുള്ള ഈ സമാഹാരത്തിലെ കുഡ്മേങ് ദാലാമാ (ബാന്ധവരുടെ ശകാരം) നാടന്‍ വിശ്വാസത്തിലധിഷ്ഠിതമായ മികച്ച രചനയാണ്. നരേന്ദ്ര ഖജൂര്യയുടെ (1933-70) കോലെ ദിയാങ് ലിക്രാങ് (കല്‍ക്കരി രേഖകള്‍ 1958), രാംകുമാര്‍ അബ്രോളിന്റെ (1930- ) പൈറേങ് ദേ നിഷാന്‍ (പാദമുദ്രകള്‍; 1959); വേദ് രാഹിയുടെ (1933- ) കാലെ ഹാഥ് (കറുത്ത കൈകള്‍, 1958), ലളിതാമേത്ത (1938- )യുടെ സൂയി ധാഗാ (സൂചിയും നൂലും, 1958), മദന്‍ മോഹ(1934- )ന്റെ ഖീരലാ മാണ (അവസാനത്തെ ആള്‍, 1959) എന്നിവ ചെറുകഥാരംഗത്ത് മികവു പുലര്‍ത്തുന്ന കൃതികളാണ്.

സാമൂഹിക പ്രശ്നങ്ങള്‍ പ്രമേയമാക്കി നരേന്ദ്രന്‍ ഖജൂര്യ രചിച്ച കൃതികള്‍ നര്‍മരസപ്രധാനമാണ്. ദിന്‍ബാര്‍ (ശ്രാദ്ധം), ഫൂല്ബനെ അങ്ഗാരെ (തീയായിത്തീര്‍ന്ന പൂക്കള്‍) എന്നിവ ഇദ്ദേഹത്തിന്റെ ഇതര ചെറുകഥകളാണ്. നരസിങ് ദേവ് ജംവാല്‍, സുദേശ് കേസര്‍, ഉഷാവ്യാസ്, ബന്ധുശര്‍മ, ഓം ഗോസ്വാമി, ഛത്തര്‍ പാല്‍, അശ്വനി മഗോത്ര, ലളിത് മഗോത്ര, മനോജ് ശര്‍മ, ചമന്‍ അറോറ ആദിയായവര്‍ പ്രമുഖ ചെറുകഥാകൃത്തുക്കളാണ്. മദന്‍ മോഹന്‍ ശര്‍മയുടെ ചാന്ദനീ രാത് (നിലാവുള്ള രാത്രി,1960), താരേജ് ദീലോ (താരങ്ങളുടെ മിന്നിത്തിളക്കം,1965), നരസിങ് ദേവിന്റെ ധൂക് ദേ ഗോടെ (നീറിക്കത്തുന്ന ചാണകവറളികള്‍, 1966), നരേന്ദര്‍ ഖുജൂര്യയുടെ അംബര്‍കാലെ ബാദല്‍ (നീലാകാശങ്ങളും കാര്‍മേഘങ്ങളും, 1967), ബി.പി.സാഠേയുടെ ഖാലി ഗോദ് (വന്ധ്യ, 1970), ഓം ഗോസ്വാമിയുടെ നൈഹ്ങ് തെപോടെ (വിരല്‍തുമ്പും നഖങ്ങളും, 1971), ഹാഷിയേ ദേ നോട്സ് (മാര്‍ജിന്‍ കുറിപ്പുകള്‍, 1972), ബന്ധു ശര്‍മയുടെ പര്ഷാമെ (നിഴലുകള്‍, 1972), മദന്‍മോഹന്‍ ശര്‍മയുടെ ദൂദ് ലഹു ജഹര്‍ (പാല്, ചോര, വിഷം, 1972), ഓം ഗോസ്വാമിയുടെ നെഫ്രെ ദാ സമുങ്ദര്‍ (ഇരുട്ടിന്റെ സമുദ്രം, 1974), ഛത്തര്‍പാലിന്റെ താപൂ ദാ ആദ്മി (ദ്വീപ് മനുഷ്യര്‍, 1974), നര്‍സിങ് ദേവിന്റെ ചാന്‍നീ ദാ സെക് (നിലാവിന്റെ ചൂട്, 1979) ആദിയായവ ശ്രദ്ധേയമായ ചെറുകഥാ സമാഹാരങ്ങളാണ്. പ്രശാന്തിന്റെ ഊ ചിയാങ് ധാരാങ് (ഉന്നതമായ കുന്നുകള്‍, 1961), ചഞ്ചല്‍ ശര്‍മയുടെ നീയെങ് ദെ പത്ഥെര്‍ (അടിസ്ഥാന ശിലകള്‍,1970),ഒ.പി.ശര്‍മയുടെ ലോക് ഗൈ ലോക് (ജനങ്ങളും ജനങ്ങളും, 1971), സൂക്കാ ബന്ദ്രദ് (ഉണങ്ങിയ പൊടി, 1971), രാംനാഥ് ശാസ്ത്രിയുടെ ബദ്നാമീഭീ ചാന്ദ് (ദുഷ്കീര്‍ത്തി, 1973), ചമന്‍ അറോറയുടെ ലോഹെ ദിയാങ് ഛിഞ് ഗ്രാങ് (ഇരുമ്പ് രാകിയ പൊടി, 1978) എന്നിവ ശ്രദ്ധേയമായ ഇതരകാവ്യസമാഹാരങ്ങളാണ്. കിഷന്‍ പ്രേമിന്റെ സുര്‍താള്‍ (രാഗവും താളവും, 1977), അശ്വനീ മഗോത്രയുടെ പണ്‍ചാണ്‍ (തിരിച്ചറിയല്‍, 1980) എന്നിവ ചെറുകഥാശാഖയിലെ ആധുനിക കൃതികളാണ്.

നാടകം

ഡോഗ്രിഭാഷയില്‍ ആദ്യമായി രചിക്കപ്പെട്ട നാടകമാണ് വിശ്വനാഥ് ഖജൂര്യയുടെ അഹൂത് (അസ്പൃശ്യന്‍,1935).ഭിനുഭായ് പന്ത്, രാംനാഥ് ശാസ്ത്രി, രാംകുമാര്‍ അബ്രോര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ നമാഗ്രാങ് (പുതിയ ഗ്രാമം, 1937) ആണ് ആദ്യമായി പ്രസിദ്ധീകൃതമായ നാടകം. രാംനാഥ് ശാസ്ത്രി രചിച്ച ബാവാ ജി ത്തോ (ദുഗ്ഗറിലെ രക്തസാക്ഷിയായ പുണ്യപുരുഷന്‍) 1948-ല്‍ അവതരിപ്പിക്കപ്പെട്ടു. 1959-ല്‍ വേദ്രാഹി രചിച്ച നാടകമാണ് ധാരെ ങ് ദെ അത്രൂ (വിലപിക്കുന്ന കുന്നുകള്‍).

1966-ല്‍ ഭിനുഭായ് പന്ത് എഴുതിയ സരപഞ്ച് മികച്ച ഡോഗ്രി നാടകങ്ങളിലൊന്നാണ്. തുടര്‍ന്ന് നര്‍സിഗ് ദേവ് ജംവാല്‍ റഞ്ജന്‍ മര്യാദാ (അന്തസ്സും ആഭിജാത്യവും,1974), മണ്ഡലീക് (ഒരു കെട്ടുകഥയിലെ പോരാളി) എന്നീ നാടകങ്ങള്‍ എഴുതി: പ്രേംചന്ദിന്റെ കൃതിയുടെ നാടകീയരൂപാന്തരങ്ങളാണ് പൂരണ്‍സിങ് രചിച്ച പഞ്ച് പരമേശ്വര്‍ (പഞ്ചായത്തുതലവന്‍, 1965) നര്‍മവും പരിഹാസവും കൂട്ടിക്കലര്‍ത്തി നരേന്ദര്‍ ഖജൂര്യ രചിച്ച കൃതിയായ ധൌങ് ദിയാങ് കാങ് ധാങ് (പൊടിയുന്ന ചുവരുകള്‍, 1975) എന്നിവ.

വില്ലനെ മുഖ്യ കഥാപാത്രമാക്കി രചിച്ച ആദ്യത്തെ ഡോഗ്രി നാടകമാണ് മദന്‍ മോഹന്റെ ജനനര്‍ (കാട്ടുമൃഗം, 1970). ഒരു ഡോഗ്രി നാടന്‍പാട്ടിനെ ആധാരമാക്കി നര്‍സിങ് ദേവ് രചിച്ച ഏക പദ്യനാടകമെന്ന നിലയില്‍ അല്ലഹഡ് ഗോല്ലീ വീര്‍സിപാഹി (യുവകന്യകയും, വീര യോദ്ധാവും, 1975) ശ്രദ്ധിക്കപ്പെട്ടു. ലോലവികാരങ്ങളുടെ സ്പര്‍ശനവും ബോധപൂര്‍വം മെനഞ്ഞെടുത്ത സന്ദര്‍ഭങ്ങളുടെ സാന്നിധ്യവും കൊണ്ട് സുഭഗമായ നാടകമാണ് മദന്‍ മോഹന്‍ശര്‍മയുടെ ഇക് പര്ശാമാ ബാദ്ലീദാ (ഒരു മേഘത്തിന്റെ നിഴല്‍, 1979).

ലളിത് മഗോത്രയും ചമന്‍ അറോറയും ചേര്‍ന്നെഴുതിയ ജീനെ ദീ കൈദ് (ചങ്ങലക്കിട്ട അസ്തിത്വം, 1979) ആണ് ഡോഗ്രിയിലെ ആദ്യത്തെ ആധുനിക നാടകം. ഒരു സമ്പൂര്‍ണനാടകത്തിന്റെ എല്ലാ അംശങ്ങളും സമഗ്രവും സാന്ദ്രവുമായ രീതിയില്‍ ഈ നാടകത്തില്‍ കാണാം. സ്വാഭാവികമായ സന്ദര്‍ഭങ്ങള്‍, ഓജസുള്ള കഥാപാത്രങ്ങള്‍ എന്നിവ ഈ നാടകത്തിന്റെ പ്രത്യേകതളാണ്.

ഏകാങ്കങ്ങളും റേഡിയോ നാടകങ്ങളും

ഏതാനും ചില നല്ല ഏകാങ്കനാടകങ്ങളും റേഡിയോ നാടകങ്ങളും ഡോഗ്രി ഭാഷയില്‍ രചിക്കപ്പെട്ടിട്ടുണ്ട്. മദന്‍ മോഹന്‍, വിശ്വനാഥ് ഖജൂര്യ, ജിതേന്ദ്ര ശര്‍മ, രാം നാഥ് ശാസ്ത്രി, ഡി.സി. പ്രശാന്ത്, നര്‍സിങ് ദേവ് ജംവാല്‍, നരേന്ദര്‍ ഖജൂര്യ, കെ.എസ്. മധുകര്‍, കവി രത്തന്‍, ഒ.വി. ശര്‍മ, ദിനു ഭായ്പന്ത്, ദേവ് രത്തന്‍ ശാസ്ത്രി, യശ്ശര്‍മ, വിഷ്ണു ഭരദ്വാജ് എന്നിവര്‍ ഈ വിഭാഗത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സംസ്കാരിക അക്കാദമി പ്രസിദ്ധീകരിച്ചിട്ടുള്ള സാത് ഡോഗ്രി നാടക് (1968), ഡോഗ്രി ഏകാങ്കി വാല്യം 1.11 (1971,73), ഡോഗ്രി സംസ്ഥ പ്രസിദ്ധീകരിച്ച പാഞ്ച്രംഗ് (അഞ്ചു നിഴലുകള്‍, 1969) എന്നിവ പ്രധാനപ്പെട്ട ഏകാങ്ക നാടകങ്ങളാണ്.

ഉപന്യാസം

ഡോഗ്രി ജീവിതത്തിന്റെ സംസ്കാരികവും സാമൂഹികവുമായ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രചിച്ച ഉപന്യാസകൃതികളാണ് വിശ്വനാഥ് ഖജൂര്യയുടെ ദുഗ്ഗാര്‍ ദാ ജീവന്‍ ദര്‍ശന്‍ (ദുഗ്ഗറിന്റെ ജീവിതദര്‍ശനം, 1967). സപ്തക് (ഏഴ് ഉപന്യാസങ്ങള്‍), ശ്യാംലാലും ശക്തിശര്‍മയും ചേര്‍ന്നു രചിച്ച ത്രിവേണി (1961), ശക്തി ശര്‍മയുടെ സെഹാഥാന്‍ (ഉഴവുചാലുകള്‍, 1968) എന്നിവ. ലക്ഷ്മീനാരായണ്‍ രചിച്ച നിക്കിയാങ്/ഗല്ലാങ് (ചെറിയ ചെറിയ കാര്യങ്ങള്‍, 1973) സാംസ്കാരിക അക്കാദമി പ്രസിദ്ധീകരിച്ച ഹാസെ തെ ഇതുബാങ് (നര്‍മവും പരിഹാസവും 1974), സാംസര്‍ ചന്ദിന്റെ ബുരെ ദെ ലഡ്ഡു (ഈ മുന്തിരി പുളിക്കും, 1974) എന്നിവ നര്‍മവും പരിഹാസവും കലര്‍ത്തി രചിക്കപ്പെട്ട കൃതികളാണ്. ദുഗ്ഗറിന്റെയും കശ്മീരിന്റെയും കലാ-സാഹിത്യ-സാംസ്കാരിക രംഗങ്ങള്‍ പശ്ചാത്തലമാക്കി എഴുതപ്പെട്ട കൃതികളാണ് കേദാര്‍ നാഥ് ശാസ്ത്രിയുടെ നിബന്ധാവലീ (ഉപന്യാസ സമാഹാരം, 1969), വേദ് കുമാരിയുടെ കശ്മീര്‍ ദര്‍പ്പണ്‍ (കശ്മീരിനെക്കുറിച്ചുള്ള ഉപന്യാസങ്ങള്‍,1973), വിദ്യാരത്തന്‍ ഖജൂര്യയുടെ സമ്മാഹല്‍ അസ് കല്ലേ ദീ (പോയകാലത്തിന്റെ പുനഃസംരക്ഷണം, 1978) എന്നിവ. നിരൂപണാത്മകവും സാഹിത്യ തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഉപന്യാസങ്ങളാണ് ചഞ്ചല്‍ ശര്‍മയുടെ നസര്‍ അപ്നീ അപ്നീ (സ്വന്തം കാഴ്ചപ്പാട്, 1972), ചമ്പ ശര്‍മയുടെ ഡോഗ്രീ കാവ്യചര്‍ച്ച (1969), ഇക് ഝാങ്ക് (ഒരു നോട്ടം, 1976), ലക്ഷ്മീ നാരായന്റെ ഡോഗ്രീ സാഹിത്യചര്‍ച്ച (1969) എന്നിവ. ഡോഗ്രിയിലെ ഏതാനും എഴുത്തുകാരെയും അവരുടെ കൃതികളെയും പരാമര്‍ശിച്ച് രചിച്ചകൃതിയാണ് വേദ് രാഹിയുടെ ജഗ്ദ്യാങ് ജോതാങ് (എരിയുന്ന വിളക്കുകള്‍, 1957), ഡോഗ്രി കല, സാഹിത്യം, സംസ്കാരം എന്നിവയുടെ വികസനാര്‍ഥം സ്ഥാപിക്കപ്പെട്ട ഡോഗ്രി സംസ്ഥയുടെ പ്രസിദ്ധീകരണമാണ് രജത് ജയന്തി ഗ്രന്ഥി (1970). ദുഗ്ഗറിന്റെ ഐതിഹ്യ പുരുഷനായ കര്‍ഷകസിദ്ധനെക്കുറിച്ചു രചിച്ച ബാവാജിത്തോ (1973) എന്ന ഉപന്യാസ സമാഹാരം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു.

നോവല്‍

മദന്‍ മോഹന്‍ശര്‍മയുടെ ധാരാങ് തെ ധൂഡാങ് (മൂടല്‍മഞ്ഞും, മലകളും, 1960), നരേന്ദ്ര ഖജൂര്യയുടെ ഷാനോ (നായികയുടെ പേര്, 1960), വേദരാഹിയുടെ ഹഡ് ബെഡി തേ പട്ടന്‍ (പ്രളയം, വഞ്ചി, നദീതടം, 1960) എന്നിവയാണ് ആദ്യത്തെ ഡോഗ്രി നോവലുകള്‍. ശിഥിലമായിക്കൊണ്ടിരിക്കുന്ന ഫ്യൂഡല്‍ വ്യവസ്ഥിതി അനാവരണം ചെയ്യുന്ന കൃതിയാണ് ധാരാങ് തെ ധൂഡാങ്. അധഃസ്ഥിത ജനതയ്ക്ക് ഏല്ക്കേണ്ടി വന്ന മര്‍ദനവും അവരുടെ സമരവുമാണ് മറ്റു രണ്ട് കൃതികളിലെ പ്രതിപാദ്യ വിഷയം. മുകളില്‍ പരാമര്‍ശിച്ച നോവലിനേക്കാള്‍ മേന്മയും ഗൌരവവുമുള്ള കൃതിയാണ് ശിര്‍വത്സ് വികല്‍ രചിച്ച ഫൂല്‍ബിനാ ദലീ (തണ്ടില്ലാത്ത പൂവ്, 1970). സംക്ഷിപ്തമായ ഗദ്യരീതിയും വ്യക്തമായ സാമൂഹികാവബോധവും ഈ കൃതിയുടെ പ്രത്യേകതകളാണ്. കിശോരിലാല്‍ ഗുപ്തയുടെ ജിസ് ലയി നെഹ്രാ പയീ ഗയിയാ (ഇരുട്ടായപ്പോള്‍, 1927), വേദ് രാഹിയുടെ ദ്രെഡ് (പിളര്‍പ്പ്, 1971), ശകുന്തളാ ശര്‍മയുടെ ബാദ് സീ (ശാപം, 1972) എന്നിവ ഈ ഭാഷയിലെ ഇതര നോവലുകളാണ്.

നര്‍സിങ് ദേവ് ജംവാലിന്റെ സാജ്ഞീ ധര്‍ത്തി ബഖ്ലെ മാനു (പൊതുവായ മണ്ണിലെ അപരിചിതര്‍, 1976) ബൃഹത്തായകൃതിയാണ്. രണ്ടാം ലോകയുദ്ധം മുതല്‍ 1965 വരെയുള്ള കാലഘട്ടത്തെ പ്രതിപാദ്യവിഷയമാക്കി മാനുഷികവികാരങ്ങളേയും തീക്ഷ്ണ സംഭവങ്ങളേയും യഥാര്‍ഥമായി ചിത്രീകരിക്കുന്നു ഈ കൃതിയില്‍. പ്രാദേശികതയുടെ രുചിയും മണ്ണിന്റെ മണവും നിറഞ്ഞുനില്‍ക്കുന്നതാണ് ജംവാലിന്റെ ഗദ്യം. ഡോഗ്രി ഭാഷയില്‍ ഏറ്റവും കൂടുതല്‍ നോവല്‍ എഴുതിയിട്ടുള്ളത് ഒ.പി. ശര്‍മയാണ്. ഇദ്ദേഹത്തിന്റെ നങ്ഗാ രൂപ് (ഇലയില്ലാത്ത മരം, 1978) ശ്രദ്ധേയമാണ്. സാരഥി എന്ന പേരില്‍ അറിയപ്പെടുന്ന ഒ.പി. ശര്‍മ മകാന്‍ എന്ന നോവലില്‍, നാലു ചുവരും മേല്‍ക്കൂരയും ഉണ്ടായാല്‍ വീടാവില്ല കാരാഗൃഹമേ ആകൂ എന്നും ആത്മാവിന് സ്വാതന്ത്യവും മനുഷ്യനും പ്രകൃതിയും തമ്മില്‍ അഭേദ്യബന്ധവും ഉള്ളിടവും മാത്രമേ ഭവനം ആകൂ എന്നും ഉള്ള ആശയത്തിന് കലാസുന്ദരമായ ആവിഷ്കാരം നല്‍കുന്നു. 1977-ല്‍ ഇദ്ദേഹം രചിച്ച നോവലാണ് ത്രഹ് സമുന്ദര്‍ ദീ (സമുദായത്തിന്റെ ദാഹം). രശം ദേ കേ ഡെ (പട്ടുനൂല്‍പ്പുഴുക്കള്‍, 1979) ആണ് സാരഥിയുടെ ഏറ്റവും മികച്ച നോവല്‍. സാമൂഹിക രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മണ്ഡലങ്ങളില്‍ നിലനിന്നിരുന്ന ചൂഷണവും തജ്ജന്യമായ നൈരാശ്യവുമാണ് ഈ കൃതിയിലെ മുഖ്യപ്രമേയം. 1980-ല്‍ സാരഥി പ്രസിദ്ധീകരിച്ച നോവലാണ് പത്ഥര്‍ തേ രങ്ഗ് (കല്ലും നിറങ്ങളും).

1980-ല്‍ ബോംബേ പശ്ചാത്തലമാക്കി വേദ്രാഹി രചിച്ച നോവലാണ് തൃടീ ദീ ദോര്‍ (പൊട്ടിയ ചരട്, 1980). ഇംഗ്ളീഷ്,ഹിന്ദി, ഭോജ്പുരി വാക്കുകള്‍ ധാരാളം ഉപയോഗിച്ചിട്ടുള്ള ഈ കൃതിയിലെ കഥാപാത്രങ്ങള്‍ തികച്ചും വാസ്തവികമാണ്. ദേശബന്ധു ദോഗ്ര (നൂതന്‍) രചിച്ച കൈദീ (തടവുകാരന്‍, 1980) ഡോഗ്രിയിലെ ഒരു ബൃഹത് നോവലാണ്. നാടന്‍ ഭാഷയും നാടകീയമുഹൂര്‍ത്തങ്ങളും നിറഞ്ഞ ഈ കൃതി ആധുനിക ഇന്ത്യന്‍ ഭാഷകളിലെ മികച്ച നോവലുകളോട് കിടപിടിക്കാന്‍ പോരുന്നതാണ്. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്താഗതിക്കാരനായ കഥാകാരന്‍ മനുഷ്യസഹജമായ എല്ലാ ദൌര്‍ബല്യങ്ങളും ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന ഇവര്‍ സഹജമായ അഭിമാനബോധവും നീതിബോധവും ഉള്ളവരാണ്.

വിവര്‍ത്തനങ്ങള്‍

വിദേശഭാഷകളില്‍ നിന്നും മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള വിവര്‍ത്തനങ്ങള്‍ ഡോഗ്രിസാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്. രാം നാഥ് ശാസ്ത്രി സംസ്കൃതത്തില്‍ നിന്ന് വിവര്‍ത്തനം ചെയ്ത ഭര്‍ത്തൃഹരി, റാവുരത്തന്‍സിങ്ങും കിഷന്‍ ചന്ദും ചേര്‍ന്ന് പേര്‍ഷ്യനില്‍ നിന്നു വിവര്‍ത്തനം ചെയ്ത ദീവാന്‍ കൃപാറാമിന്റെ ഗുലാബ് നാമ, മധുകര്‍, രാംനാഥ്ശാസ്ത്രി, ഹംസ രാജ് പണ്ഡോത്ര എന്നിവര്‍ ടാഗൂര്‍കൃതികള്‍ക്കു തയ്യാറാക്കിയ വിവര്‍ത്തനങ്ങള്‍, രാംനാഥ് ശാസ്ത്രി വിവര്‍ത്തനം ചെയ്ത കാളിദാസന്റെ മേഘദൂതം, ബി.പി. സാഠെ വിവര്‍ത്തനം ചെയ്ത പഞ്ചതന്ത്രം, ഹിതോപദേശം, പ്രേംചന്ദിന്റെ ഗോദാന്‍, വൃന്ദാവന്‍ലാല്‍ വര്‍മയുടെ വുഗ് നൈനി എന്നിവ ഡോഗ്രി ഭാഷയ്ക്ക് ലഭിച്ച അമൂല്യസമ്പത്താണ്. ഗാന്ധിജിയുടെ ആത്മകഥ, നെഹ്റുവിന്റെ ഒരച്ഛന്‍ മകള്‍ക്കയച്ചകത്തുകള്‍, ഗോര്‍ക്കിയുടെ സ്മരണകള്‍, അടിത്തട്ടുകള്‍, ഷെയ്ക്സ്പിയറുടെ മക്ബത്ത് എന്നീ പ്രധാനകൃതികളുടെ ഭാഷാന്തരങ്ങള്‍ ഡോഗ്രി ഭാഷയിലുണ്ട്. നീലാ ബര്‍ദേവ് ശര്‍മ, മദന്‍ മോഹന്‍, വിശ്വനാഥ് ഖജൂര്യ എന്നിവര്‍ യഥാക്രമം ശരച്ചന്ദ്രന്റെ പ്രമുഖനോവലുകളായ ശ്രീകാന്ത്, ഗൃഹ്ദാഹ്, പഥേര്‍ ദാ ബീ എന്നിവ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഭഗവദ്ഗീതയ്ക്കും ഉപനിഷത്തുക്കള്‍ക്കും അഞ്ചിലധികം വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡോഗ്രിസാഹിത്യത്തിന് ലഭിച്ച അമൂല്യ സംഭാവനകളാണിവ. പ്രധാനസര്‍ഗാത്മക കൃതികളും നിരൂപണങ്ങളും വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചുവന്ന ആനുകാലികങ്ങളാണ് ജമ്മു-കാശ്മീര്‍ സംസ്കാരിക അക്കാദമിയുടെ ഷീരാസാ ഡോഗ്രി സംസ്ഥായുടെ നമീചേതനാ, ഫുല്‍വാരി, രേഖാ എന്നിവ.

ബാലസാഹിത്യം

ഡോഗ്രിഭാഷയില്‍ ബാലസാഹിത്യ കൃതികള്‍ നന്നേ കുറവാണ്. ശ്യാം ലാല്‍ ശര്‍മ വിവര്‍ത്തനം ചെയ്ത ഭാഗവത് ദിയാന്‍ കഥാന്‍ (ഭാഗവതത്തില്‍ നിന്നുള്ള കഥകള്‍), ബേതാര്‍ പച്ചീസി (വേതാള കഥകള്‍), നരേന്ദ്ര ഖജൂര്യയുടെ ഏകാങ്കനാടകമായ ഉസ് ഭാഗ് ജഗാനെ ആലെ ആങ് (നമ്മള്‍ നമ്മളുടെ ഭാഗ്യവിധാതാക്കള്‍), രോചക് കഹാനിയാങ് (സരസകഥകള്‍,1962)എന്ന കഥാസമാഹാരം, ഓം ഗോസ്വാമിയുടെ ഡോഗിരിബാല്‍ ഏകാങ്കി (1974) എന്നിവ ബാലസാഹിത്യത്തിന് മുതല്‍ക്കൂട്ടാണ്. ഗാനങ്ങള്‍, ചെറുകഥകള്‍, ഏകാങ്കങ്ങള്‍, ഫലിതബിന്ദുക്കള്‍ മുതലായവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷീരാസ എന്ന ഒരു വിശേഷാല്‍പതിപ്പ് ഡോഗ്രി സംസ്ഥ പുറത്തിറക്കുകയുണ്ടായി. ഫിര്‍ദൌസിയുടെ ഷാ നാമ (പേര്‍ഷ്യന്‍), ഹോമറിന്റെ ഇലിയഡ് (ഗ്രീക്ക്), വാരിസ്ഷായുടെ ഹീര്‍ എന്നീ ക്ളാസിക്കുകള്‍ക്ക് രാംദാസ് ശാസ്ത്രി തയ്യാറാക്കിയ വിവര്‍ത്തനങ്ങളും ഡോഗ്രി സംസ്ഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തീരെ അവഗണിക്കപ്പെട്ട വിഭാഗമാണ് ഡോഗ്രിജീവചരിത്ര ശാഖ. എല്‍. മുല്‍ക്രാജ് സരഫ് രചിച്ച ലാല ഹംസ രാജ് ഡോഗ്രയുടെ ജീവചരിത്രം, ഭാഗികമായി നിരൂപണവും ജീവചരിത്രവും ഉള്‍ക്കൊള്ളുന്ന രാം നാഥ് ശാസ്ത്രിയുടെ കലം കാര്‍ ചരണ്‍സിങ്, പരശുറാം പൂരബയുടെ കലം കാര്‍ ശ്രീവത്സ് വികല്‍, ഓം ഗോസ്വാമിയുടെ കവി ഹര്‍ദത്ത് എന്നിവ അപൂര്‍വം ചില ജീവചരിത്ര ഗ്രന്ഥങ്ങളാണ്.

ഭക്തിസാഹിത്യം

ഭക്തിമയമായ ധാരാളം നാടോടിപ്പാട്ടുകളും കഥകളും ഡോഗ്രി സാഹിത്യത്തില്‍ കാണാം. ഭഗവതീ സ്തോത്രങ്ങള്‍, ശിവപാര്‍വതി സ്തുതികള്‍, രാമഭക്തി-കൃഷ്ണഭക്തിഗാനങ്ങള്‍ എന്നിവ പ്രസിദ്ധങ്ങളാണ്. 1934-ല്‍ ഗൌരിശങ്കര്‍ ശ്രീമദ് ഭഗവത്ഗീത ഡോഗ്രി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. അതിനെത്തുടര്‍ന്ന് പരശുറാം നഗര്‍, രഘുനാഥ്സിംഹ് സന്യാല്‍, ചന്ദ്രധര്‍ ശാസ്ത്രി തുടങ്ങിയവരുടെ ഒരു ഡസനിലധികം വിവര്‍ത്തനങ്ങള്‍ ഈ കൃതിക്കുണ്ടായി. 1950-ല്‍ സത്യനാരായണ്‍ വ്രത-കഥ, ദുര്‍ഗ-സപ്തശതി എന്നിവയുടെ വിവര്‍ത്തനങ്ങളുണ്ടായി. ശംഭുനാഥ് ശര്‍മ ഡോഗ്രി രാമായണവും ഹര്‍ദ് ദത്ത് ശാസ്ത്രി 1920-30 കാലഘട്ടത്തില്‍ രണ്ടു വാല്യങ്ങളിലായി ഡോഗ്രി ഭജനമാലയും പ്രസിദ്ധീകരിച്ചു. സന്ത്രം ശാസ്ത്രി (1850-1943) ഭക്തിനിര്‍ഭരമായ ഗാനങ്ങളും ബ്രഹ്മാനന്ദ് വേദാന്ത കവിതകള്‍ ഉള്‍ക്കൊള്ളുന്ന അഞ്ചുവാല്യങ്ങളും പ്രസിദ്ധീകരിച്ചു. 1960-ല്‍ ഡോ.കരണ്‍സിംഹ് ഏതാനും ഭജനഗാനങ്ങള്‍ ഡോഗ്രിയില്‍ രചിച്ചു. കൃഷ്ണന്‍ സമാല്‍പുരി, പരമാനന്ദ് അല്‍ മാസ്റ്റ്, ബര്‍തക് പഹാഡി, രാം ലാല്‍ ശര്‍മ, ഗോഗരാം സാഥി, ലോക് കവി ഛഹജ്ജൂരം ജോഗി, ദുര്‍ഗാദാസ് ഗുപ്ത ആദിയായവരുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്. ഹൈന്ദവപുരാണത്തില്‍ പ്രതിപാദിക്കപ്പെട്ട മിക്കവാറും എല്ലാ ദൈവങ്ങളേയും സ്തുതിച്ചുകൊണ്ടുള്ള നാടോടിപ്പാട്ടുകള്‍ ഈ ഭാഷയിലുണ്ട്. 'കാരക്' എന്ന നാടോടിപ്പാട്ടും 'ഭേത' എന്ന സ്തുതിഗീതവും 'ബിസാന്‍ പതേ' എന്ന ഭജനയും ഡോഗ്രി ഭക്തി സാഹിത്യത്തിലെ അമൂല്യ സമ്പത്താണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍