This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോക്ടര്‍ ഷിവാഗോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:29, 13 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡോക്ടര്‍ ഷിവാഗോ

Doctor Zhivago

ബോറിസ് പാസ്റ്റര്‍നാക്
റഷ്യന്‍ നോവല്‍. ബോറിസ് പാസ്റ്റര്‍നാക് രചിച്ച ഈ കൃതി 1957-ല്‍ ഇറ്റലിയില്‍ പ്രകാശനം ചെയ്യപ്പെട്ടു. 1958-ല്‍ അന്യഭാഷകളിലേക്കും വിവര്‍ത്തനം നടത്തിയിട്ടുണ്ട്. ഡോക്ടര്‍ ഷിവാഗോയുടെ കര്‍ത്താവെന്ന നിലയില്‍ 1958-ല്‍ പാസ്റ്റര്‍നാക് നോബല്‍ സമ്മാന ജേതാവായി. 1965-ല്‍ ഈ നോവല്‍ ഡേവിഡ് ലീന്‍ ചലച്ചിത്രമാക്കി.

ഭാഗികമായി ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന ഈ നോവലിന് ഐതിഹാസിക മാനം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായ യൂറിഷിവാഗോ കവിയും ചിന്തകനും ഭിഷഗ്വരനുമാണ്. യുദ്ധകാലസംഭവങ്ങള്‍ ശിഥിലമാക്കുന്ന ഷിവാഗോയുടെ ജീവിതവും വിപ്ളവനായകനായ പാഷയുടെ പത്നിയായ ലാറയോടുള്ള തീവ്രമായ അനുരാഗവുമാണ് നോവലില്‍ പ്രതിപാദിക്കപ്പെടുന്നത്.ബോള്‍ഷെവിക് വിപ്ളവകാരികളുടെ അതിക്രൂരമായ പീഡനത്തിനു വിധേയനാകുന്ന ഷിവാഗോ വനാന്തര്‍ഭാഗത്തുള്ള തടവറയില്‍നിന്നു രക്ഷപ്പെടുകയും റഷ്യന്‍ പ്രദേശത്ത് അലഞ്ഞു നടക്കുകയും ചെയ്യുന്നു. മോസ്കോയിലെത്തിയതോടെ പുതിയൊരു ജീവിതത്തിന് തുടക്കം കുറിക്കാന്‍ തീരുമാനിക്കുന്നുവെങ്കിലും വിധിവൈപരീത്യത്താല്‍ പരമദാരിദ്യത്തിലും ഹൃദയസംബന്ധമായ രോഗാവസ്ഥയിലും പെട്ട് ഷിവാഗോ ദയനീയമായി മരണമടയുന്നു. വേര്‍പിരിഞ്ഞുപോയ കാമുകിയായ ലാറ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നു. രണ്ടാംലോക യുദ്ധാവസാനം ഷിവാഗോയുടെ സുഹൃത്തുകള്‍ മാതൃരാജ്യത്തിന്റെ ഭാവിയെക്കുറിച്ചു വിലപിക്കുന്ന അവസ്ഥയോടെ നോവല്‍ പരിസമാപ്തിയിലെത്തുന്നു.

യൂറി ഷിവാഗോയെന്ന നായകന്‍ ഗ്രന്ഥകര്‍ത്താവിനെത്തന്നെ യാണ് പ്രതിനിധാനം ചെയ്യുന്നത്. റഷ്യന്‍ വിപ്ളവം ജനജീവിതത്തെ ക്ളേശപൂര്‍ണവും അസ്ഥിരവും അശാന്തവുമാക്കിത്തീര്‍ത്തെന്ന് പാസ്റ്റര്‍നാക് വിശ്വസിക്കുന്നു. പതിനേഴു ഭാഗങ്ങളുള്ള ഈ നോവലിന്റെ അവസാനഭാഗത്ത് കഥാനായകന്‍ രചിച്ച ഹൃദയഹാരിയായ 25 പദ്യങ്ങള്‍ ചേര്‍ത്തിരിക്കുന്നു. റഷ്യന്‍ വിപ്ളവ കാലത്തെ അധികാരവര്‍ഗത്തിനെതിരായി വിമര്‍ശനമുയര്‍ത്തുന്ന ഈ നോവല്‍ പുസ്തക വില്പനയില്‍ ഏറെക്കാലം റെക്കോര്‍ഡ് നിലനിറുത്തിയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍