This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൊമിനിക് ചാക്കോ കിഴക്കേമുറി (1914 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൊമിനിക് ചാക്കോ കിഴക്കേമുറി (1914 - 99)

(ഡി.സി. കിഴക്കേമുറി)

ഡൊമിനിക് ചാക്കോ കിഴക്കേമുറി

മലയാള പുസ്തക പ്രസാധകനും സാഹിത്യകാരനും. സ്വാതന്ത്യസമര സേനാനി, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, എന്നീ വിവിധ നിലകളില്‍ പ്രസിദ്ധന്‍. ഡി.സി. കിഴക്കേമുറി എന്നത് ഇദ്ദേഹത്തിന്റെ തൂലികാനാമമാണ്. 1914 ജനു. 12-ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പാറത്തോടു ഭാഗത്തെ കിഴക്കേമുറി ഭവനത്തില്‍ ജനിച്ചു. പിതാവ് കിഴക്കേമുറി ചാക്കോ. മാതാവ് ഏലിയാമ്മ. ഇ.എസ്.എല്‍.സി. പാസ്സായതിനു ശേഷം 12 വര്‍ഷം അധ്യാപനായി പ്രവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1946-47 കാലത്ത് ഡെറ്റിന്യൂ തടവുകാരനായി ജയില്‍വാസം അനുഭവിച്ചു. നാഷണല്‍ ബുക്സ്റ്റാളിന്റേയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റേയും സ്ഥാപകാംഗങ്ങളില്‍ ഒരാളാണ് ഡി.സി. എന്‍.ബി.എസ്സിന്റെ ജനറല്‍ മാനേജര്‍, സംഘം ഡയറക്ടര്‍ ബോര്‍ഡംഗം, പബ്ളിക്കേഷന്‍ മാനേജര്‍, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനു ശേഷം 1973-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. കോട്ടയം പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായി 12 വര്‍ഷക്കാലം സേവനം അനുഷ്ഠിച്ചു. കോട്ടയം പബ്ളിക് ലൈബ്രറിയെ കേരളത്തിലെ ഏറ്റവും വലിയ പൊതുജന ഗ്രന്ഥശാലയായി വികസിപ്പിക്കുന്നതില്‍ ഡി.സി. സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച ഡി.സി. സ്വന്തം നിലയില്‍ പുസ്തക പ്രസാധനവും വില്പനയും ആരംഭിച്ചു. അതിനായി ഡി.സി.ബുക്സ് എന്ന പ്രസിദ്ധീകരണശാലയും (1974) കൈരളീ മുദ്രാലയവും (1978) സ്ഥാപിച്ചു. ഇക്കാലത്തുതന്നെ കറന്റ് ബുക്സ് എന്ന പുസ്തക വില്പനശാല വിലയ്ക്കു വാങ്ങുകയും ചെയ്തു. ബാലസാഹിത്യവികസനത്തിനുവേണ്ടി കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റ് സ്ഥാപിച്ചു. ഇതിന്റെ ഓണററി സെക്രട്ടറിയും കേരള ഗവണ്‍മെന്റ് ബുക് ഡെവലപ്മെന്റ് കൌണ്‍സില്‍, നാഷണല്‍ ബുക് ട്രസ്റ്റിന്റെ മലയാളം ഉപദേശ സമിതി, ഔദ്യോഗിക ഭാഷാ കമ്മിറ്റി എന്നീ സമിതികളില്‍ അംഗവുമായിരുന്നു.

നവഭാരതവേദിയുടേയും ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ പബ്ലിഷേഴ്സിന്റേയും പ്രസിഡന്റ്; കേരളാ സ്റ്റേറ്റ് ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷന്‍, സി.വി. രാമന്‍പിള്ള ഫൗണ്ടേഷന്‍, കൊട്ടാര ത്തില്‍ ശങ്കുണ്ണി സ്മാരക സമിതി എന്നിവയുടെ വൈസ് പ്രസിഡന്റ്; കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1957-ല്‍ കോട്ടയത്തുവച്ചു നടന്ന കേരള സാഹിത്യ പരിഷത് സമ്മേളനത്തിന്റെ സംഘാടകന്മാരില്‍ ഒരാളായിരുന്നു ഡി.സി. വിശ്വാസ്യതയും കൃത്യനിഷ്ഠയുമായിരുന്നു ഡി.സി.യുടെ ഏറ്റവും വലിയ കൈമുതല്‍.

പത്രങ്ങളോടും പത്രപ്രവര്‍ത്തകരോടും ഉറ്റ ബന്ധമാണ് ഡി.സി. പുലര്‍ത്തിപ്പോന്നത്. ഡെമോക്രാറ്റ്, പ്രസന്നകേരളം, ചിത്രോദയം എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യവും ഡി.സി. വഹിച്ചിട്ടുണ്ട്. രചനാകൗശലത്തിന്റെ മര്‍മം കണ്ടറിഞ്ഞ എഴുത്തുകാരനായിരുന്നു ഡി.സി. മലയാളത്തിലെ ആദ്യത്തെ കോളം എഴുത്തുകാരനും ഏറ്റവും കൂടുതല്‍ കാലം കോളം എഴുതിയ ആളുമാണിദ്ദേഹം. പൗരപ്രഭ, കേരളഭൂഷണം, മാതൃഭൂമി, മനോരാജ്യം എന്നിവയില്‍ 'കറുപ്പും വെളുപ്പും'എന്ന പേരിലും കുങ്കുമത്തില്‍ 'ചെറിയ കാര്യങ്ങള്‍ മാത്രം'എന്ന പേരിലും എഴുതിയ കുറിപ്പുകള്‍ വളരെയധികം വായനക്കാരെ ആകര്‍ഷിക്കുകയുണ്ടായി. 'ചെറിയ കാര്യങ്ങള്‍ മാത്രം' 707 കോളങ്ങള്‍ പൂര്‍ത്തിയാക്കി. ചെറിയകാര്യങ്ങളില്‍ താന്‍ വ്യാപരിച്ച വിവിധ മേഖലകളിലെ സ്പന്ദനങ്ങളെ സൂക്ഷ്മമായി തിരിച്ചറിഞ്ഞ് ലളിതമായ ശൈലിയില്‍ പ്രതിപാദിച്ചിരിക്കുന്നു. ഗ്രന്ഥങ്ങള്‍, സ്ഥലനാമങ്ങള്‍, അവാര്‍ഡുകള്‍, പത്രങ്ങള്‍, യാത്രാനുഭവങ്ങള്‍, സമ്മേളനങ്ങള്‍ എന്നിങ്ങനെ എല്ലാവിഷയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വിഷയത്തിന്റേയും അവതരണരീതി, മുഖ്യവിഷയവുമായി അതിനുള്ള ബന്ധം, അതിലടങ്ങിയിരിക്കുന്ന നര്‍മം അല്ലെങ്കില്‍ വിരോധാഭാസം എന്നിവ പ്രത്യേകതകളാണ്. സമകാലിക സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് കുറിക്കുകൊള്ളുന്ന നര്‍മോക്തികളിലൂടെ അവയെ പരിശോധിക്കുന്നതാണ് 'കറുപ്പും വെളുപ്പും' എന്ന പംക്തിയുടെ സ്വഭാവം. കേരളീയരെ ചിരിപ്പിച്ചും ചൊടിപ്പിച്ചും ചിന്തിപ്പിക്കുന്നവയാണ് ഈ പംക്തികള്‍. ഡി.സി.യിലെ ഉല്പതിഷ്ണുവായ പോരാളിയെ ഇതില്‍ കാണാം. ഇവ പിന്നീട് തിരഞ്ഞെടുത്ത് പതിനൊന്നു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളങ്ങള്‍ സമാഹരിച്ചവയും അല്ലാത്തവയുമായി 15 കൃതികളാണ് ഡി.സി. രചിച്ചിട്ടുള്ളത്. കറുപ്പും വെളുപ്പും (1948), മെത്രാനും കൊതുകും (1995), എന്നെ വെറുതെ വിടരുത് (1986), സത്യം 95 ശതമാനം മാത്രം (1988), ധര്‍മപുരാണം മുതല്‍ സര്‍ക്കാര്‍ പുരാണം വരെ (1993), ഡല്‍ഹികഥകള്‍ കുറച്ചുകൂടി (1997), ദൈവത്തിനെന്തിനിത്ര ഒച്ച (1998) എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.

മലയാള പുസ്തകങ്ങള്‍ വിദേശ പുസ്തകങ്ങളോട് കിടപിടി ക്കത്തക്കവിധം ഏറ്റവും മനോഹരമായി അച്ചടിച്ചിറക്കണമെന്ന് നിര്‍ബന്ധമുള്ള ആളായിരുന്നു ഡി.സി. പുസ്തകം കാണാന്‍ കൂടി ഉള്ളതാണ് എന്നിദ്ദേഹം വിശ്വസിച്ചു. എഴുത്തുകാരനും പ്രസാധകനും മാത്രമല്ല, വായനക്കാരനും പ്രസാധകനും തമ്മിലും ദൃഢ മായ ബന്ധവും സൗഹൃദവും ഇദ്ദേഹം ഉണ്ടാക്കി. എഴുത്തുകാരെ സ്നേഹിച്ച പ്രസാധകനായിരുന്നു ഇദ്ദേഹം. പുസ്തക പ്രസാധനത്തില്‍ ആസൂത്രണം എന്ന ആശയം അര്‍ഥവത്തായി നടപ്പിലാക്കിയത് കിഴക്കേമുറിയാണ്. ഏതെല്ലാം പുസ്തകങ്ങളാണ് മലയാളത്തില്‍ ഉണ്ടാകേണ്ടത് എന്നറിയാനും അവ സമയബന്ധിതമായി പ്രസിദ്ധീകരിക്കാനും അഭിരുചിയറിഞ്ഞ് വായനക്കാരുടെ കൈകളില്‍ എത്തിക്കാനും ഉത്സാഹം കാട്ടി. വിവിധ വിജ്ഞാന ശാഖകളെ പരിചയപ്പെടുത്തുന്ന പരമ്പര, വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍ പീസുകളുടെ പുനരാഖ്യാനങ്ങള്‍, വിജ്ഞാനകോശങ്ങള്‍, പുതിയ മലയാള നിഘണ്ടുകള്‍ എന്നിങ്ങനെ ഇദ്ദേഹം ആസൂത്രണം ചെയ്ത പ്രസിദ്ധീകരണങ്ങളുടെ പേരുകള്‍ പലതാണ്. ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഏറ്റെടുത്ത് പ്രസിദ്ധീകരിച്ച് അതിന് ഇന്നുള്ള പ്രശസ്തി നേടിക്കൊടുത്തത് ഡി.സി.യാണ്. അതു പോലെ ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടു ഡി.സി. ബുക്സിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച് അതിനും പ്രചാരം നേടിക്കൊടുത്തു. സി. മാധവന്‍പിള്ളയുടെ അഭിനവ മലയാളം നിഘണ്ടു, മൂന്നു വാല്യങ്ങളുടെ ശബ്ദസാഗരം, ഹിന്ദി മലയാളം നിഘണ്ടു, നാലു വാല്യങ്ങളുള്ള അഖില വിജ്ഞാനകോശം, ഭാരത വിജ്ഞാനകോശം എന്നിവ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. അതിനുപുറമേ ഡോ. ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു പുതിയ തലമുറക്കാര്‍ക്ക് പരിചയപ്പെടുത്തിയതും ഇദ്ദേഹമാണ്. പ്രസിദ്ധീകരണരംഗത്ത് എന്നതുപോലെ സാംസ്കാരികവും കലാപരവും സാഹിത്യപരവുമായ കാര്യങ്ങളെ സംയോജിപ്പിക്കുന്നതിലും ഡി.സി. വളരെയേറെ ആത്മാര്‍ഥത പുലര്‍ത്തിയിരുന്നു. മലയാളിയുടെ സാംസ്കാരിക ബോധത്തെ സ്വാധീനിച്ച മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളുടേയും സൃഷ്ടിയില്‍ ഡി.സിക്ക് വലിയൊരു പങ്കുണ്ടായിരുന്നു.

ഡി.സി.ബുക്സ് വില്പനകേന്ദ്രം,തിരുവനന്തപുരം

വൈവിധ്യമാര്‍ന്ന പ്രവൃത്തിപഥത്തില്‍ നിരവധി അവാര്‍ഡുകളും ബഹുമതികളും ഡി.സിക്ക് ലഭിച്ചിട്ടുണ്ട്. പദ്മഭൂഷന്‍ ബഹുമതി (1999), സ്വദേശാഭിമാനി പുരസ്കാരം, പുസ്തക പ്രസാധകരുടെ അവാര്‍ഡ്, എം.കെ.കെ. നായര്‍ അവാര്‍ഡ്, പുസ്തകരത്നം ബഹുമതി എന്നിവ ഇവയില്‍പ്പെടുന്നു. ധാരാളം സഞ്ചരിക്കുന്ന ഒരു സഞ്ചാരപ്രിയന്‍ കൂടിയായിരുന്നു ഡി.സി. രാമക്കല്‍മേട്ടിലും കമ്പത്തും കുമളിയിലും പാമ്പാടുംപാറയിലും മധുരവരെയും കാല്‍നടയായി യാത്ര ചെയ്തിട്ടുണ്ട്. പില്‍ക്കാലത്ത് ഇന്ത്യയൊട്ടാകെയും യൂറോപ്യന്‍ രാജ്യങ്ങള്‍, സോവിയറ്റ് യൂണിയന്‍, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിലും സഞ്ചരിക്കുകയുണ്ടായി. 1999 ഫെ. 26-ന് ഡി.സി. അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍