This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൊമിനിക്കന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൊമിനിക്കന്‍സ്

Dominicans

1215-ല്‍ വിശുദ്ധ ഡൊമിനിക് സ്ഥാപിച്ച റോമന്‍ കത്തോലിക്കാ സന്ന്യാസസഭ. 1216 ഡി. 22-ന് പോപ് ഹൊണൊറിയസ് III (Pope Honorius III) ഈ സഭയ്ക്ക് അംഗീകാരം നല്കി. 1217 ജനു. 21-നു ഈ സഭയെ ധര്‍മോപദേശം നല്‍കാന്‍ നിയോഗിച്ചു. സുവിശേഷം പ്രചരിപ്പിക്കുക, ജനങ്ങളില്‍ സദാചാരബോധം വളത്തുക തുടങ്ങിയവയാണ് ഈ സന്ന്യാസസഭയുടെ മുഖ്യ കര്‍ത്തവ്യങ്ങള്‍.

ഈ സഭയില്‍ മൂന്ന് പ്രത്യേക വിഭാഗങ്ങളുണ്ട്. പ്രഥമവിഭാഗത്തില്‍ പുരോഹിതന്മാരും ദ്വിതീയ വിഭാഗത്തില്‍ ബാഹ്യസമ്പര്‍ക്കം പൂര്‍ണമായും വെടിഞ്ഞ് ആശ്രമജീവിതം നയിക്കുന്ന കന്യാ സ്ത്രീകളുമാണുള്ളത്. തൃതീയവിഭാഗത്തെ വീണ്ടും രണ്ടായി വിഭജിച്ചിരിക്കുന്നു. അധ്യാപനം, സാമൂഹികപ്രവര്‍ത്തനം, വിദേശ ങ്ങളിലുള്ള മതപ്രവര്‍ത്തനം മുതലായവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കന്യാസ്ത്രീകളുടേതാണ് ആദ്യ വിഭാഗം, ഡൊമിനിക്കന്‍ വിശ്വാസങ്ങള്‍ക്കനുസൃതമായി ജീവിക്കുന്ന സാധാരണക്കാരും സ്ത്രീകളും അടങ്ങുന്നതാണ് രണ്ടാമത്തെ വിഭാഗം. സന്ന്യാസസഭയ്ക്ക് പുറത്തു ജീവിക്കുന്ന ഇവര്‍ തൃതീയര്‍ (tertiaries) എന്നാണറിയപ്പെടുന്നത്. വെള്ളനിറത്തിലുള്ള ഉള്‍ക്കുപ്പായം, ശിരോവസ്ത്രം, കറുത്ത ബാഹ്യവസ്ത്രം, കൊന്ത എന്നിവയാണ് സന്ന്യാസിമാരുടെ വേഷം. കന്യാസ്ത്രീകള്‍ മുഖാവരണവും ധരിക്കാറുണ്ട്.

വിശുദ്ധ അഗസ്റ്റിന്റെ (St.Augustine) നിയമമാണ് സഭ പിന്തുട രുന്നത്. ഡൊമിനിക്കന്‍ സഭ പ്രാര്‍ഥനയ്ക്കും നിശ്ശബ്ദ ധ്യാനത്തിനും പ്രാധാന്യം കല്പിക്കുന്നു. ഉപവാസത്തിനും മാംസവര്‍ജന ത്തിനും പണ്ട് നല്കിയിരുന്ന പ്രാധാന്യം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ശാരീരികാധ്വാനത്തിനും ആധ്യാത്മിക ഗ്രന്ഥപാരായണത്തിനും പകരമായി ക്രമാനുഗതമായ പഠനം, വിദ്യാര്‍ഥികളും ധര്‍മോപദേശകരും അനുഷ്ഠിക്കേണ്ടതായ ജോലികള്‍ നിര്‍വഹിക്കുന്നതില്‍ തടസ്സമുണ്ടാകാതിരിക്കുവാനായി അവരെ സന്ന്യാസ ജീവിത ത്തിന്റെ കര്‍ശനമായ ചിട്ടകളില്‍ നിന്നും സ്വതന്ത്രരാക്കുക, ആദ്യം ചേരുന്ന സന്ന്യാസാലയത്തില്‍ തന്നെ തുടരണമെന്ന നിബന്ധന ഒഴിവാക്കുക മുതലായ വിപ്ലവകരമായ പല പരിഷ്കാരങ്ങളും വിശുദ്ധ ഡൊമിനിക് നടപ്പിലാക്കി. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള ജനാധിപത്യപരമായ ഒരു ഭരണമായിരുന്നു ഈ സഭയ്ക്കുണ്ടായിരുന്നത്.

1221-ല്‍ സഭയെ എട്ടു പ്രോവിന്‍സുകളായി തിരിക്കുകയു ണ്ടായി. പ്രോവിന്‍സുകളുടെ എണ്ണം ക്രമേണ വര്‍ധിച്ചു. 14-ാം ശ.-ത്തില്‍ സഭയുടെ അംഗസംഖ്യ വളരെ കുറഞ്ഞുവെങ്കിലും, 15-ാം ശ.-ത്തില്‍ അത് വീണ്ടും വര്‍ധിച്ചു. ആധുനിക കാലത്ത് സഭയുടെ അംഗസംഖ്യയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.

ഡൊമിനിക്കന്‍ സഭയില്‍ അധ്യാപനത്തിനും പഠനത്തിനും വളരെയധികം പ്രാധാന്യം കല്പിച്ചിരിക്കുന്നു. വിശുദ്ധ ഡൊമി നിക് തുടക്കം കുറിച്ച ക്രമനിബദ്ധമായ പഠനരീതിക്ക് പൂര്‍ണത നല്കിയത് ആല്‍ബര്‍ട്ടസ് മാഗ്നസും (Albertus Magnus) തോമസ് അക്വിനാസും (Thomas Aquinus) ആണ്. പ്രയറി (priory) തലത്തി ലും പ്രോവിന്‍സ് (province) തലത്തിലും ഉള്ള സ്കൂളുകളിലും സര്‍വകലാശാലകളിലും ഡൊമിനിക്കന്‍ സന്ന്യാസിമാര്‍ അധ്യാപനം നടത്തിയിരുന്നു.

വളരെ വലുപ്പമുള്ള തുറസ്സായ ദേവാലയങ്ങളാണ് ഡൊമിനിക്കന്‍ സന്ന്യാസിമാരുടേത്. ഞായറാഴ്ചകളില്‍ രണ്ടു തവണ ഇവര്‍ ധര്‍മോപദേശം നല്‍കിയിരുന്നു. ആഗമനപ്പെരുന്നാള്‍ കാലത്തും നാല്പതു നോയമ്പ് കാലത്തും എല്ലാ ദിവസവും ധര്‍മോപദേശം നല്കുക പതിവാണ്. ഡൊമിനിക്കന്‍ കന്യാസ്ത്രീമഠങ്ങള്‍ 14-ാം ശ.-ത്തിലെ ആധ്യാത്മിക പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നു. മൈസ്റ്റര്‍ എക്ഹാര്‍ട്ട്, ജോണ്‍ ടൗളര്‍ തുടങ്ങിയ സന്ന്യാസിമാരായിരുന്നു ആധ്യാത്മിക പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കള്‍.

വിജ്ഞാനസമ്പാദനാര്‍ഥം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് സഭ സന്ന്യാസിമാരെ അയച്ചിട്ടുണ്ട്. റെയ്മണ്ട് ഒഫ് പെന ഫൊര്‍ട്ട് അറബി-ഹീബ്രു പഠനത്തിനായി സ്പെയിനില്‍ സ്കൂ ളുകള്‍ സ്ഥാപിച്ചു. അന്യമത വിശ്വാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന സന്ന്യാസിമാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുവാനായി തോമസ് അക്വിനാസും റെയ്മണ്ട് മാര്‍ട്ടിനും മാധ്യമങ്ങളിലൂടെ നിരന്തരം ഉദ്ബോധനം നടത്തിയിരുന്നു. വില്യം ഒഫ് ട്രിപോളിയും റികൊള്‍ഡൊ ഒഫ് മൊണ്‍ ടെക്രോസറും ആണ് ഇസ്ലാംമതത്തെക്കുറിച്ച് യൂറോപ്പില്‍ ആദ്യമായി പഠനം നടത്തിയവര്‍.

ക്രമേണ സഭയുടെ അച്ചടക്കത്തിന് പോരായ്മകള്‍ കണ്ടു തുടങ്ങി. പോപ്പ് ബോണിഫേസ് VIII ഡൊമനിക്കന്‍ സഭയ്ക്കുള്ള ആനുകൂല്യങ്ങള്‍ 1300-ല്‍ വെട്ടിച്ചുരുക്കുകയും 1349-ല്‍ സഭയുടെ അധഃപതനം ഏതാണ്ട് പൂര്‍ണമാവുകയും ചെയ്തു.

16-ാം ശ.-ത്തില്‍ ഡൊമിനിക്കന്‍ സഭയ്ക്കു നവജീവന്‍ ലഭിച്ചു. സ്പെയിനില്‍ ഫ്രാന്‍സിസ്കോ ഡി വിറ്റോറിയയും ഇറ്റലിയില്‍ കജെതാനും ആണ് പുനരുദ്ധാരണ പ്രവര്‍ത്തനത്തിനു നേതൃത്വം വഹിച്ചത്. റോം, സലമാങ്ക വല്ലഡോളിഡ്, സ്പെയിന്‍, അമേരിക്ക, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ കലാലയങ്ങള്‍ ആരംഭിച്ചു. കാലഘട്ടവുമായി പൊരുത്തപ്പെടുന്ന രീതിയില്‍ പാഠ്യക്രമത്തിലും ക്രമീകരണങ്ങള്‍ വരുത്തി. പ്രൊട്ടസ്റ്റന്റ്/കത്തോലിക്ക പണ്ഡിതന്മാരും ഡൊമിനിക്കന്‍ പണ്ഡിതന്മാരും തമ്മില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ നടത്തിവന്നു.

18-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ ച്ചുഗല്‍, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന അടി ച്ചമര്‍ത്തല്‍ സഭയെ തളര്‍ത്തിയെങ്കിലും 19-ാം ശ.-ത്തിന്റെ മധ്യ ത്തില്‍ ഫ്രാന്‍സിലെ ജീന്‍ ബാപ്റ്റിസ്റ്റ് ഹെന്റി ലകൊര്‍ഡയറിന്റെ നേതൃത്വത്തില്‍ സഭയുടെ ഉയിര്‍ത്തെഴുന്നേല്പ് ആരംഭിച്ചു. അലക്സാന്‍ഡ്രെ വിന്‍ഡസെന്റ് ജാന്‍ഡല്‍ പ്രോവിന്‍സുകള്‍ പുനഃ സംഘടിപ്പിക്കുകയും പുതിയ ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. ഫ്രൈബര്‍ഗ് സര്‍വകലാശാലയിലെ ദൈവശാസ്ത്ര വിഭാഗവും ജെറുസലേമിലെ സെയ്ന്റ് സ്റ്റീഫന്‍സ് ബിബ്ളിക്കല്‍ സ്കൂളും 1890-ല്‍ ഡൊമിനിക്കന്‍സഭയാണ് സ്ഥാപിച്ചത്.

20-ാം ശ.-ത്തില്‍ സഭ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഗില്‍ബര്‍ട്ട് ഹാര്‍ട്ട്കെ അമേരിക്കയിലെ കാത്തലിക് സര്‍വകലാശാലയില്‍ നാടക വിഭാഗം ആരംഭിച്ചു. അര്‍ബന്‍ നാഗിള്‍, തോമസ് ക്യാരി (Thomas Carey) എന്നിവര്‍ നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. 1958-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഹെന്റി പൈര്‍, പ്രസിദ്ധ കലാകാരനായ ഫ്ര എന്‍ജലികൊ എന്നിവര്‍ ഡൊമിനിക്കന്‍ സഭാംഗങ്ങളായിരുന്നു. ഡൊമിനിക്കന്‍ സഭയില്‍ നിന്ന് പതിനേഴ് വിശുദ്ധന്മാരും നാല് മാര്‍പാപ്പമാരുമുണ്ടായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍