This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൊമനിക്കോ വെനീസിയാനോ (1405 - 61)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൊമനിക്കോ വെനീസിയാനോ (1405 - 61)

Domenico Veneziano

ഡൊമനിക്കോ വെനീസിയാനോയുടെ ഒരു പെയിന്റിങ്

ഇറ്റാലിയന്‍ ചിത്രകാരന്‍. 1405-ല്‍ വെനീസില്‍ ജനിച്ചു എന്നു കരുതപ്പെടുന്നു. 1439 മുതല്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യം വെനീസില്‍ സജീവമായിരുന്നു എന്നതിന് തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരവധി രചനകള്‍ നഷ്ടപ്പെട്ടുപോയതായി പരാ മര്‍ശങ്ങള്‍ കാണുന്നുണ്ട്. 1438-ല്‍ വരച്ചതെന്നു കരുതപ്പെടുന്ന കാര്‍നെസെച്ചി ടാബര്‍നാക്കിള്‍ എന്ന ചുമര്‍ ചിത്രമാണ് ലഭ്യമായിട്ടുള്ളവയില്‍ ഏറ്റവും പഴക്കമുള്ളത്. ഇത് ഫ്ളോറന്‍സിലെ നവോത്ഥാന ചിത്രകലയുടെ സ്വഭാവവിശേഷങ്ങള്‍ പ്രകടമാക്കുന്നുണ്ട്. ഫ്രാ ആഞ്ചെലിക്കോ, ഉക്സെല്ലോ എന്നിവരുടെ സ്വാധീനവും ഇതില്‍ ദൃശ്യമാണ്. അഡൊറേഷന്‍ ഒഫ് ദ് മജൈ എന്ന ചിത്രം 1440-ലേതാണെന്നു കരുതപ്പെടുന്നു. പശ്ചാത്തലത്തിലെ സമ്പൂര്‍ണ പ്രകൃതി-ദൃശ്യ ചാരുത സമകാലിക ഫ്ളമിഷ് ചിത്രകലയുമായി സാജാത്യം പുലര്‍ത്തുന്നതാണ്. ഇദ്ദേഹത്തിന്റെ നിലവിലുള്ള രചനകളില്‍ ഏറ്റവും മുഖ്യം സാന്റാ ലൂസിയാ ഡേയി മാഗ്നോളി എന്ന അള്‍ത്താരാചിത്രമാണ്. ഇത് 1445 മുതല്‍ 1448 വരെയുള്ള കാലയളവിനിടയിലാണ് രചിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. വിളറിയതും ശീതളവുമായ വര്‍ണങ്ങളും ശുഭ്രവെളിച്ചത്തിന്റെ സാന്നിധ്യവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലെ നവോത്ഥാന ചിത്രകലയുടെ ഉരകല്ലുകള്‍ എന്നാണ് കലാവിമര്‍ശകര്‍ ഈ രചനകളെ വിശേഷിപ്പിക്കാറുള്ളത്. 1461-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍