This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈസന്‍ഹോഫര്‍, ജൊഹാന്‍ (1943 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൈസന്‍ഹോഫര്‍, ജൊഹാന്‍ (1943 - )

Deisenhofer,Johann

നോബല്‍ സമ്മാനിതനായ ജര്‍മന്‍ രസതന്ത്രജ്ഞന്‍. പ്രകാശ സംശ്ലേഷണ പ്രതിക്രിയാ കേന്ദ്രത്തിന്റെ ത്രിമാന ഘടന കണ്ടെത്തിയതിനാണ് ഇദ്ദേഹത്തിനും പ്രൊഫ. റോബര്‍ട്ട് ഹ്യൂബര്‍, ഹാര്‍ട്മുട് മൈക്കല്‍ എന്നീ ശാസ്ത്രജ്ഞര്‍ക്കും 1988-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്.

ജോഹാന്‍ ഡൈസന്‍ഹോഫര്‍

1943 സെപ്. 30-ന് ജര്‍മനിയിലെ ബാവേറിയയില്‍ ജനിച്ചു. 'ടെക്നീഷ്യ യൂണിവേഴ്സിറ്റ മ്യൂണിചെനി'ല്‍ (Techinische Universitat Munichen) ഭൌതിക ശാസ്ത്ര പഠനം നടത്തിയ ഡൈസന്‍ഹോഫര്‍ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് റോബര്‍ട്ട് ഹ്യൂബറിന്റെ ശിക്ഷണത്തില്‍ പിഎച്ച്.ഡി. ബിരുദം നേടി (1974). പല ഗവേഷണ പദ്ധതികളിലായി അവിടെത്തന്നെ പ്രവര്‍ത്തനം തുടര്‍ന്ന ഡൈസന്‍ഹോഫറിന് 1976-ല്‍ ശാസ്ത്രജ്ഞനായി നിയമനം ലഭിച്ചു. വിവിധയിനം പ്രോട്ടീനുകളുടെ ഘടനാ നിര്‍ധാരണമായിരുന്നു ഡൈസന്‍ഹോഫറിന്റെ ഗവേഷണമേഖല. മനുഷ്യശരീരത്തിലെ ഇരുമ്പ് ബന്ധിക്കുന്ന പ്രോട്ടീന്‍, ഇ3മ, സിട്രേറ്റ് സിന്തേസ്, ആല്‍ഫാ1 - പ്രോട്ടിനേസ് ഇന്‍ഹിബിറ്റര്‍ (A1-PI)എന്നിവയുടെയെല്ലാം ഘടന നിര്‍ധാരണം ചെയ്യുന്നതില്‍ ഡൈസന്‍ഹോഫറും സഹപ്രവര്‍ത്തകരും വിജയിച്ചു. പരല്‍ഘടനാ നിര്‍ണയത്തിനുള്ള കംപ്യൂട്ടര്‍ സോഫ്റ്റ് വയര്‍ തയ്യാറാക്കുന്നതില്‍ ഡൈസന്‍ഹോഫര്‍ സമര്‍ഥനായിരുന്നു.

1982-85 കാലഘട്ടത്തില്‍ ഹാര്‍ട്ട്മുട് മൈക്കല്‍, റോബര്‍ട്ട് ഹ്യൂബര്‍ എന്നിവരുമായി ചേര്‍ന്നു നടത്തിയ പഠനങ്ങള്‍ക്കാണ് നോബല്‍ സമ്മാനം ലഭിച്ചത്. സ്തരം കൊണ്ട് ആവൃതമായിരിക്കുന്ന ഒരു പ്രോട്ടീന്‍ തന്മാത്ര രൂപീകൃതമാകുന്ന പ്രക്രിയ സകല വിശദാംശങ്ങളോടെയും അനാവരണം ചെയ്യുന്നതില്‍ ഇവര്‍ വിജയം കൈവരിച്ചു.

ഭൂമിയിലെ എല്ലാവിധ പോഷണത്തിനും അടിസ്ഥാനം പ്രകാശ സംശ്ലേഷണമാണ്. പ്രകാശ സംശ്ലേഷണത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ജൈവതന്മാത്രകളാണ് സസ്യങ്ങളുടേയും മൃഗങ്ങളുടേയും പോഷണത്തിനാധാരം. ഹരിതസസ്യങ്ങളേയും ആല്‍ഗേയും പോലെ സൂര്യപ്രകാശം ഉപയോഗിച്ച് ജൈവതന്മാത്രകള്‍ സംശ്ലേഷണം ചെയ്യുന്ന ഒരു ബാക്ടീരിയത്തിന്റെ പ്രോട്ടീന്‍ തന്മാത്രയാണ് ഡൈസന്‍ഹോഫറും സംഘവും പഠനവിധേയമാക്കിയത്. സവിശേഷ സ്തരങ്ങള്‍കൊണ്ട് വലയം ചെയ്തിരിക്കുന്ന പ്രോട്ടീനുകളിലൂടെയുള്ള ഇലക്ട്രോണ്‍ വിനിമയം വഴിയാണ് പ്രകാശ സംശ്ലേഷണത്തില്‍ ഊര്‍ജപരിവര്‍ത്തനം നടക്കുന്നത്. ഇത്തരത്തിലുള്ള പ്രോട്ടീനുകള്‍ പരല്‍രൂപത്തില്‍ വേര്‍തിരിക്കുക ക്ലേശകരമായതിനാല്‍ അവയുടെ ഘടനാനിര്‍ണയം അസാധ്യമായി നിലകൊള്ളുകയായിരുന്നു. 1982-ല്‍ ഹാര്‍ട്ട്മുട് മൈക്കല്‍ ഈ ഉദ്യമത്തില്‍ വിജയം നേടി. റോഡോസ്യുഡോമോണാസ് വിറിഡിസ് (Rhodopseudomonas viridis) എന്ന ബാക്ടീരിയത്തിന്റെ പ്രോട്ടീന്‍ ഇദ്ദേഹം വേര്‍തിരിച്ചെടുത്തു. ഇതിനെത്തുടര്‍ന്ന്് ഘടനാനിര്‍ണയ പഠനങ്ങള്‍ ആരംഭിച്ചു. ഉയര്‍ന്ന സസ്യങ്ങളെയപേക്ഷിച്ച് ബാക്ടീരിയങ്ങളില്‍ പ്രകാശസംശ്ളേഷണ പ്രക്രിയ താരതമ്യേന ലളിതമാണ്. എന്നിരുന്നാലും ഡൈസന്‍ഹോഫറും സഹപ്രവര്‍ത്തകരും നടത്തിയ പഠനങ്ങള്‍ ഉയര്‍ന്ന സസ്യങ്ങളിലെ പ്രകാശ സംശ്ലേഷണ പ്രക്രിയയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമായിത്തീര്‍ന്നു. ഒരു സെക്കന്‍ഡിന്റെ 10-12 അംശം സമയം കൊണ്ട് ജൈവ വ്യൂഹങ്ങളില്‍ ഇല്ക്ട്രോണുകള്‍ വിനിമയം ചെയ്യപ്പെടുന്നത് എങ്ങനെയാണെന്ന് കണ്ടെത്തുവാന്‍ ഇവര്‍ക്ക് സാധിച്ചു.

നോബല്‍ സമ്മാനം ലഭിച്ചതിനെത്തുടര്‍ന്ന് പല ഉന്നത പദവികളും ബഹുമതികളും ഡൈസന്‍ഹോഫറിനെ തേടി എത്തി. 1988-ല്‍ ഡല്ലസിലെ യൂണിവേഴ്സിറ്റി ഒഫ് ടെക്സാസ് സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററില്‍ ജൈവരസതന്ത്ര പ്രൊഫസറായി ഇദ്ദേഹം നിയമിതനായി. ഹോവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിരീക്ഷകനുമായിരുന്നു ഇദ്ദേഹം. അക്കാദമീയ യൂറോപിയ, അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാ ന്‍സ്മെന്റ് ഒഫ് സയന്‍സ് എന്നീ സംഘടനകളിലെ അംഗമാണ്.

അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റിയുടെ ബയോളജിക്കല്‍ ഫിസിക്സ് പ്രൈസ് (1986), ഓട്ടോ ബേയര്‍ സമ്മാനം (1988) എന്നിവ ഡൈസന്‍ഹോഫറിനു ലഭിച്ച മറ്റ് അംഗീകാരങ്ങളാണ്. --Technoworld 15:18, 12 ജൂണ്‍ 2008 (IST)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍