This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈപ്ടെറിഫോമിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൈപ്ടെറിഫോമിസ്

Dipteriformes

ശ്വാസകോശ മത്സ്യങ്ങള്‍ ഉള്‍പ്പെടുന്ന ഡിപ്നോയ് (Dipnoi) ഉപവര്‍ഗത്തിലെ ഏക മത്സ്യഗോത്രം. ഈ ഗോത്രത്തില്‍ ഒമ്പതു കുടുംബങ്ങളുണ്ട്. ഇതില്‍ സെറാറ്റോഡോന്റിഡേ (Ceratodon-tidae), ലെപ്പിഡോസൈറെനിഡേ (Lepidosirenidae) എന്നീ രണ്ടു കുടുംബങ്ങളില്‍പ്പെടുന്ന മത്സ്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചുപോരുന്നത്. മീസോസോയിക കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സെറാറ്റോഡോന്റിഡേ കുടുംബത്തിലെ മത്സ്യങ്ങളുടെ ജീവാശ്മങ്ങള്‍ എല്ലാ ഭൂഖണ്ഡങ്ങളില്‍നിന്നും ലഭ്യമായിട്ടുണ്ട്. ഇവ ആസ്റ്റ്രേലിയയില്‍ ഇന്നു കാണുന്ന നിയോസെറാറ്റോഡസ് ഫോര്‍സ്റ്റെറി (Neoceratodus forsteri) എന്നയിനത്തില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നവയായിരുന്നു. നിയോസെറാറ്റോഡസ് ശ്വാസകോശ മത്സ്യങ്ങള്‍ രണ്ടു മീറ്ററോളം നീളമുള്ളവയാണ്. വലുപ്പം കൂടിയ ശല്ക്കങ്ങളും തുഴയുടെ ആകൃതിയിലുളള ഒരു ജോടി ചിറകുകളും (fins) അധരഭാഗം അന്നപഥവുമായി ചേര്‍ന്നിരിക്കുന്ന ഒറ്റ ഉത്തര ശ്വാസകോശവും ഇവയുടെ സവിശേഷതകളാണ്. ഇത്തരം ശ്വാസകോശം ജലത്തില്‍ ഓക്സിജന്‍ കുറവായിരിക്കുന്ന അവസ്ഥയില്‍ അന്തരീക്ഷവായു ശ്വസിക്കാന്‍ സഹായകമാകുന്നു. പെര്‍മിയന്‍ കാലഘട്ടം മുതല്‍ ജീവിച്ചിരുന്ന ലെപിഡോസൈറന്‍ പാരഡോക്സ് (Lepidosiren paradox) എന്നയിനം ഇന്ന് തെക്കേ അമേരിക്കയില്‍ മാത്രമാണുള്ളത്.

ആഫ്രിക്കയില്‍ പ്രോട്ടോറ്റീറസിന്റെ (Protopterus) നാലു സ്പീഷീസ് ലഭ്യമാണ്. ഇവയ്ക്ക് 80 സെ.മീറ്ററോളം നീളവും മെലിഞ്ഞ ശരീരവും ഈല്‍ മത്സ്യങ്ങളുടേതുപോലെ വലുപ്പം കുറഞ്ഞ നേരിയ ശല്ക്കങ്ങളും കനം കുറഞ്ഞ് റിബണ്‍ പോലെയുള്ള ഒരു ജോടി ചിറകുകളും ഉണ്ടായിരിക്കും. അന്തരീക്ഷവായു ശ്വസിക്കാന്‍ അനുയോജ്യമായ വിധത്തിലുള്ള ശ്വാസകോശങ്ങള്‍ ഇവയുടെ സവിശേഷതയാണ്.

ജലാശയങ്ങള്‍ വരണ്ടുപോകുന്ന അവസരങ്ങളില്‍ പ്രതികൂലാവസ്ഥയില്‍ നിന്നു രക്ഷനേടാനായി ഇത്തരം മത്സ്യങ്ങള്‍ ജലാശയത്തിലെ മണ്ണുകൊണ്ട് സ്വയം കാപ് സ്യൂളുകളുണ്ടാക്കി അതിനുള്ളില്‍ കഴിഞ്ഞു കൂടുന്നു. മഴ പെയ്ത് ജലാശയത്തില്‍ ജലം ലഭ്യമാകുന്നതുവരെ ഇവ അന്തരീക്ഷവായു ശ്വസിച്ചാണ് ജീവിക്കുന്നത്.

ലെപ്പിഡോസൈറെനിഡേ കുടുംബത്തിലെ അംഗങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ബാഹ്യഗില്ലുകളുണ്ടെങ്കിലും പ്രായപൂര്‍ത്തിയെത്തുമ്പോഴേക്കും ഗില്ലുകള്‍ അപ്രത്യക്ഷമാകുന്നു. നോ: ശ്വാസ കോശമത്സ്യങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍