This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈനാമോമീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൈനാമോമീറ്റര്‍

‍Dynamometer

ഭ്രമണം ചെയ്യുന്ന ഒരു ഷാഫ്റ്റിന്റെ നിര്‍ഗമ ബല/ചാലിത ബല ആഘൂര്‍ണവും അതിന്റെ ശക്തിയും അളക്കാനുപയോഗിക്കുന്ന ഉപകരണം. ഷാഫ്റ്റിന്റെ കോണീയ ഭ്രമണ വേഗതയെ ടാക്കോമീറ്ററിലൂടെ നിര്‍ണയിച്ച് ബല ആഘൂര്‍ണം കൊണ്ടു ഗുണിച്ച് ശക്തിയുടെ മൂല്യം നിശ്ചയിക്കുന്നു.

ഡൈനാമോമീറ്റര്‍

പ്രധാനമായി രണ്ടു തരത്തില്‍ ഡൈനാമോമീറ്റര്‍ ലഭ്യമാണ്: അബ്സോര്‍പ്ഷന്‍ ഡൈനാമോമീറ്ററും ട്രാന്‍സ്മിഷന്‍ ഡൈനാമോമീറ്ററും.യാന്ത്രിക/ദ്രവ-ഘര്‍ഷണം അല്ലെങ്കില്‍ വിദ്യുത് കാന്തിക പ്രേരകത ഉപയോഗിച്ച് ഷാഫ്റ്റിന്റെ ഭ്രമണത്തെ തുടരെ തടസ്സപ്പെടുത്തിയാണ് ആദ്യത്തേതില്‍ ബല ആഘൂര്‍ണം അളക്കുന്നത്; പ്രോണി ബ്രേക്കില്‍ യാന്ത്രിക ആഘൂര്‍ണം, വാട്ടര്‍ ബ്രേക്കില്‍ ദ്രവ ആഘൂര്‍ണം, വൈദ്യുത ഡൈനാമോമീറ്ററില്‍ നേര്‍/ചുഴി ധാര എന്നിങ്ങനെ വ്യത്യസ്ത തടസ്സകാരികള്‍ ഉപയോഗിക്കപ്പെടുന്നു. വിരൂപണം സൃഷ്ടിക്കുന്ന ഇലാസ്തിക പിരിയല്‍ (elastic twist) പ്രയോജനപ്പെടുത്തുന്ന സംവിധാനമാണ് ട്രാന്‍സ്മിഷന്‍ ഇനത്തില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

ഇതുകൂടാതെ, ജെറ്റ്/റോക്കറ്റ് എന്‍ജിനില്‍ സൃഷ്ടിക്കപ്പെടുന്ന രേഖീയ പ്രതിക്രിയാ ബലം (linear reaction force), മോഡല്‍ ടാങ്കില്‍ സഞ്ചരിക്കുന്ന കപ്പലിന്റെ പ്രോട്ടോടൈപ്പില്‍ അനുഭവപ്പെടുന്ന പിന്‍വലി (drag) എന്നിവ അളക്കാനുള്ള ഉപകരണങ്ങളും ഡൈനാമോമീറ്റര്‍ എന്നറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍