This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേ കെയര്‍ സെന്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേ കെയര്‍ സെന്റര്‍

Day Care Centre

പകല്‍ സമയം പ്രവര്‍ത്തിക്കുന്ന ശിശുപരിപാലന കേന്ദ്രം. 5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ സംരക്ഷണം മാതാപിതാക്കള്‍ക്ക് മുഴുവന്‍ സമയവും ചെയ്യാനാകാത്ത സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് മാതാവില്‍നിന്നു ലഭിക്കുന്ന സ്നേഹവും സംരക്ഷണവും പകല്‍ സമയത്തു ലഭ്യമാകുന്നതിന് വേണ്ടിയാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഉദ്യോഗസ്ഥരായ രക്ഷാകര്‍ത്താക്കള്‍ക്കും ബന്ധുക്കള്‍ സമീപത്തില്ലാത്തവര്‍ക്കും കുഞ്ഞുങ്ങളുടെ സംരക്ഷണം വിശ്വസിച്ച് ഏല്പിക്കുവാന്‍ പറ്റിയ സ്ഥാനമാണ് ഡേ കെയര്‍ സെന്റര്‍. 18-ാം ശ.-ത്തില്‍ ഇംഗ്ളണ്ടിലായിരുന്നു ഇത്തരം ശിശു കേന്ദ്ര പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചത് 19-ാം ശ.-ത്തിന്റെ മധ്യത്തോടെ ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് ഒഫ് അമേരിക്ക എന്നിവിടങ്ങളിലും ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

രണ്ടാം ലോകയുദ്ധാനന്തരം സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയില്‍ക്കഴിയുന്നവരുടെ ശിശുക്കളെ സംരക്ഷിക്കാനായി പൊതുഖജനാവിലെ പണം ഉപയോഗിച്ച് അമേരിക്കയില്‍ ഡേ കെയര്‍ സെന്ററുകള്‍ തുടങ്ങിയതായി ചരിത്രപരാമര്‍ശങ്ങള്‍ കാണുന്നുണ്ട്.

സാധാരണയായി ഡേ കെയര്‍ സമ്പ്രദായം കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്നതിനു മുന്‍പുള്ള കാലഘട്ടത്തിലാണ് പ്രയോജകീഭവിക്കുന്നത്. കുഞ്ഞുങ്ങളുടെ ഭക്ഷണം, ആരോഗ്യപരിരക്ഷ, ശുചിത്വം, വസ്ത്രധാരണം എന്നീ കാര്യങ്ങളിലെല്ലാം അച്ഛനമ്മമാരില്‍ നിന്നു ലഭ്യമാകുന്നതിനു

തുല്യമായ ശ്രദ്ധ ഡേ കെയര്‍ സെന്ററുകളില്‍ നിന്ന് കുട്ടികള്‍ക്ക് കിട്ടുവാന്‍ കഴിയുന്നു എന്നതാണ് ഇത്തരം കേന്ദ്രങ്ങളുടെ മറ്റൊരു പ്രത്യേകത. ഇന്ന് സര്‍ക്കാര്‍ അധീനതയിലും സ്വകാര്യവ്യക്തികളുടേയും സംഘടനകളുടേയും നേതൃത്വത്തിലും നടത്തുന്ന ഡേ കെയര്‍ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ പല സ്ഥലങ്ങളിലും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ സ്ഥിതിയും ഇതില്‍നിന്നു വ്യത്യസ്തമല്ല. കേരളസംസ്ഥാന ശിശുക്ഷേമ സമിതി മൂന്ന് മാസം മുതല്‍ ആറു വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തുകൊണ്ട് ഡേ കെയര്‍ കേന്ദ്രം നടത്തിവരുന്നുണ്ട്. തിരുവനന്തപുരം ജവഹര്‍ബാലഭവനിലും നല്ലൊരു ഡേ കെയര്‍ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു.

അഞ്ച് വയസ്സിനു മുന്‍പുള്ള വര്‍ഷങ്ങളാണ് വിദ്യാഭ്യാസപരമായി കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും സംവേദനക്ഷമമായ കാലഘട്ടം. കുട്ടികളുടെ തലച്ചോറിന്റെ തൊണ്ണൂറ് ശതമാനം വളര്‍ച്ചയും പൂര്‍ത്തിയാകുന്നത് ഈ കാലഘട്ടത്തിലാണ്. കുട്ടികള്‍ക്ക് ലഭിക്കാനിരിക്കുന്ന ഔപചാരികവിദ്യാഭ്യാസത്തിന്റെ അടിത്തറ പാകുന്നതിനുള്ള സന്ദര്‍ഭവും ഇതുതന്നെയാണ്. മൂന്നും നാലും വയസ്സില്‍ കുഞ്ഞുങ്ങളില്‍ രൂപംകൊള്ളുന്ന ശീലങ്ങള്‍ അനുസരിച്ചാണ് പിന്നീട് അവര്‍ വിദ്യാലയങ്ങളില്‍ നിന്നും സ്വന്തം ചുറ്റുപാടുകളില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. സുദൃഢവും അഭികാമ്യവുമായ ശീലങ്ങള്‍ കുട്ടികളില്‍ രുപപ്പെടുത്തുന്നതില്‍ രക്ഷിതാവിനുള്ളതിനു തുല്യമായ പങ്ക് ഡേ കെയര്‍ ശിക്ഷണത്തിന് നിര്‍വഹിക്കാന്‍ കഴിയുന്നു എന്നത് വളരെ സാമൂഹിക പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.

ഒരു ഡേ കെയര്‍ സെന്റര്‍
ജീവിതത്തിന്റെ ആരംഭഘട്ടം തന്നെയാണ് വിദ്യാഭ്യാസത്തിന്റേയും പ്രാരംഭദശ എന്നതിനാല്‍ അമ്മമാരുടെ നിതാന്ത ജാഗ്രതയും ശ്രദ്ധയും കുട്ടികളില്‍ പതിയേണ്ടതുണ്ട്. അതിനു കഴിയാത്ത സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കന്മാരുടെ ആശ്രയവും അത്താണിയുമായി വര്‍ത്തിക്കുന്നവയാണ് ഇന്നത്തെ ഡേ കെയര്‍ കേന്ദ്രങ്ങള്‍. മൂന്ന് വയസ്സ് കഴിയുന്നതോടെ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഗതി വര്‍ധിക്കുന്നു. ശാരീരികമായി മാത്രമല്ല, മാനസികമായും ശിശു രണ്ടുവയസ്സുതൊട്ട് വളര്‍ച്ചയുടേതായ പ്രത്യേക ശീലങ്ങളും സ്വാതന്ത്യബോധവും പ്രകടിപ്പിക്കാന്‍ തുടങ്ങുന്നു. ഈ ഘട്ടത്തിലും കുഞ്ഞുങ്ങളുടെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്കാവശ്യമായ ലാളനയും വാത്സല്യം നിറഞ്ഞ പ്രത്യേക പരിഗണനയും സദാസമയവും നല്കേണ്ടതാണ്. ഇതിനും ഇന്ന് ഉദ്യോഗസ്ഥരായ രക്ഷാകര്‍ത്താക്കള്‍ പകല്‍സമയങ്ങളില്‍ ആശ്രയിക്കുന്നത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ കേന്ദ്രങ്ങളെയാണ്.

മറ്റുള്ളവരുടെ അവകാശങ്ങളെപ്പറ്റി കുഞ്ഞിന് ബോധമുണ്ടാക്കുന്നതിനും, സമപ്രായക്കാരായ ഒന്നിലേറെപ്പേരോട് സഹകരിക്കുന്നതിനും ഡേ കെയര്‍ കേന്ദ്രങ്ങളിലെ പരിശീലനം കുട്ടികളെ പര്യാപ്തരാക്കുന്നു. തനിക്ക് വേണ്ടുന്നതെല്ലാം ലഭിക്കുന്നതില്‍ മാത്രം സംതൃപ്തി കണ്ടിരുന്ന കുട്ടി അന്യര്‍ക്ക് തന്റേതായ സാധനങ്ങള്‍ കൊടുക്കുന്നതിലും സന്തോഷം കാട്ടിത്തുടങ്ങുന്ന ഘട്ടമാണിത്. അനുകരണീയമായ ഈ മാറ്റം സമപ്രായക്കാരായ മറ്റുകുട്ടികളുമായുള്ള സഹവര്‍ത്തനത്തില്‍ നിന്ന് ആര്‍ജിക്കുന്നതാണ്. മറ്റു കൂട്ടുകാരുടേയും മുതിര്‍ന്നവരുടേയും പെരുമാറ്റത്തില്‍ നിന്നു ലഭിക്കുന്ന അനുഭവപാഠങ്ങളാണ് കുട്ടികളുടെ വ്യക്തിത്വവികാസത്തിന്റെ ആധാരശിലയായി വര്‍ത്തിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍