This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേ-ലൂയിസ്, സെസില്‍ (1904 - 72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേ-ലൂയിസ്, സെസില്‍ (1904 - 72)

Day-Lewis,Cecil

ഇംഗ്ലീഷ് കവി. 1904 ഏ. 27-ന് സ്ലിഗോയ്ക്കടുത്തുള്ള ബാലിന്റോഗറില്‍ ജനിച്ചു. ഷെര്‍ബോണ്‍ സ്കൂളിലും ഓക്സ്ഫഡിലെ വാഡ്ഹാം കോളജിലുമായിരുന്നു വിദ്യാഭ്യാസം. പിതാവ് പുരോഹിതനായിരുന്നു. ഡേ-ലൂയിസിന്റെ നാലാമത്തെ വയസ്സില്‍ അമ്മ മരിച്ചു. അതിനുശേഷം ഒരു അമ്മായിയുടെ സംരക്ഷണയില്‍ വളര്‍ന്നു. 'മൈ മദേഴ്സ് സിസ്റ്റര്‍' എന്ന കവിതയില്‍ ഈ അമ്മായിയുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന ഹൃദയബന്ധം നിറഞ്ഞുനില്ക്കുന്നു. ഓക്സ്ഫഡില്‍ പഠിക്കുന്ന കാലത്ത് ഡബ്ള്യു.എച്ച്. ഓഡന്‍, സ്റ്റീഫന്‍ സ്പെന്‍ഡര്‍ എന്നിവരുമായി ഗാഢസമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇവരുമായി ചേര്‍ന്നാണ് 1927-ല്‍ ഓക്സ്ഫഡ് പൊയട്രി എന്ന സമാഹാരം പുറത്തിറക്കിയത്. അതിനുശേഷം ഇദ്ദേഹം പ്രസിദ്ധീകരിച്ച മൂന്നു കവിതാ സമാഹാരങ്ങളിലും - ട്രാന്‍സിഷണല്‍ പോയം (1929), ഫ്രം ഫെതേഴ്സ് റ്റു അയണ്‍ (1931), ദ് മാഗ്നറ്റിക് മൌണ്ടന്‍ (1933) എന്നിവയില്‍-ഓഡന്റെ കാവ്യശൈലിയുടെ വ്യക്തമായ സ്വാധീനം കാണാം. വിപ്ലവാത്മക സോഷ്യലിസത്തിന്റെ വക്താവെന്ന ഖ്യാതി ഇതിനകംതന്നെ ഡേ-ലൂയിസ് നേടിക്കഴിഞ്ഞിരുന്നു. 1935-ല്‍ പ്രസിദ്ധീകരിച്ച റെവല്യൂഷന്‍ ഇന്‍ റൈറ്റിങ് എന്ന ഗ്രന്ഥത്തില്‍ ഡേ-ലൂയിസ് തന്റെ വിപ്ളവാശയങ്ങള്‍ക്ക് വ്യക്തമായ ആവിഷ്കാരം നല്കി. 1935-38 കാലത്ത് ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന ഇദ്ദേഹം സ്പെന്‍സര്‍, ഓഡന്‍, മക്നീസ് എന്നിവരോടൊപ്പം നിരവധി ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. 1937-ല്‍ ദ് മൈന്‍ഡ് ഇന്‍ ചെയ്ന്‍സ് എന്ന ഉപന്യാസ സമാഹാരവും ദി എക്കോയിങ് ഗ്രീന്‍ എന്ന കവിതാ സമാഹാരവും ഇദ്ദേഹം പ്രസിദ്ധീകരിച്ചു.

1930-കളുടെ അന്ത്യത്തോടെ ഡേ-ലൂയിസിന്റെ കവിതകളിലെ സോഷ്യലിസ്റ്റ് ചായ്വിനു മങ്ങലേറ്റു. 1937-ല്‍ ബുക്ക് സൊസൈറ്റി കമ്മിറ്റിയില്‍ ഇദ്ദേഹം അംഗമായപ്പോള്‍ കവിയും നിരൂപകനുമായ ജെഫ്രി ഗ്രിഗ്സന്‍ ഡേ-ലൂയിസില്‍ കുടികൊള്ളുന്ന യാഥാസ്ഥി തികനെതിരെ ധാര്‍മികരോഷം കൊള്ളുകയുണ്ടായി. 1946-ല്‍ കേംബ്രിജിലെ ക്ളാര്‍ക്ക് ലക്ചറര്‍ ആയതോടെ സാഹിത്യത്തിലെ വ്യവസ്ഥാപിത വിഭാഗത്തിന്റെ ഭാഗമായി ഇദ്ദേഹം പരിഗണിക്കപ്പെ ടാന്‍ തുടങ്ങി. 1951 മുതല്‍ 56 വരെ ഓക്സ്ഫഡിലെ കവിതാ വിഭാഗം പ്രൊഫസറായിരുന്ന ഡേ-ലൂയിസ് 1968-ല്‍ ജോണ്‍ മെയ് സ്ഫീല്‍ഡിനെത്തുടര്‍ന്ന് ആസ്ഥാനകവിയായി അവരോധിക്ക പ്പെട്ടു. 1938-ല്‍ പ്രസിദ്ധീകരിച്ച ഓവര്‍ ച്യുവേഴ്സ് റ്റു ഡെത്ത് എന്ന സമാഹാരത്തിലെ കവിതകളില്‍ രാഷ്ട്രീയ നിറം കലര്‍ന്നിട്ടുണ്ടെങ്കിലും പഴയ വിപ്ളവവീര്യം ചോര്‍ന്നുപോയതായി കാണാം. പോയംസ് ഇന്‍ വാര്‍റ്റൈമി (1940) ലെ ഭാവാത്മക കവിതകളില്‍ ഹാര്‍ഡിയുടെ സ്വാധീനമാണ് നിഴലിക്കുന്നത്. ആന്‍ ഇറ്റാലിയന്‍ വിസിറ്റ് (1953), പെഗാസസ് ആന്‍ഡ് അദര്‍ പോയംസ് (1957), ദ് വിസ്പറിങ് റൂട്ട്സ് (1970) എന്നിവ പില്ക്കാല കവിതാ സമാഹാരങ്ങളുടെ കൂട്ടത്തില്‍ മികച്ചു നില്ക്കുന്നു.

ദ് ഫ്രന്‍ഡ്ലി ട്രീ (1936) തുടങ്ങിയ ചില ആത്മകഥാപരമായ നോവലുകള്‍ ഡേ-ലൂയിസിന്റേതായുണ്ട്. ദ് ബറീസ് ഡേ എന്ന ആത്മകഥ 1960-ല്‍ പുറത്തുവന്നു. വിവര്‍ത്തകന്‍ എന്ന നിലയിലും കൃതഹസ്തനാണ് ഇദ്ദേഹം. ലത്തീന്‍ കവിയായ വെര്‍ജിലിന്റെ കൃതികളുടെ പരിഭാഷയായ ജോര്‍ജിക്സ് (1940), ദി ഈനിഡ് (1952), ദി എക്ളോഗ്സ് (1963) എന്നിവ ഉദാഹരണങ്ങള്‍. പുത്രനായ ഷോന്‍ ഡേ-ലൂയിസ് രചിച്ച സി.ഡേ-ലൂയിസ്: ആന്‍ ഇംഗ്ളീഷ് ലിറ്റററി ലൈഫ് (1980) എന്ന ഗ്രന്ഥം ഡേ-ലൂയിസിന്റെ രചനകളില്‍ അന്തര്‍ഭവിച്ചിരിക്കുന്ന അനിശ്ചിതത്വങ്ങളിലേക്കും സങ്കീര്‍ണതകളിലേക്കും വെളിച്ചം വീശുന്നു.

നിക്കൊളാസ് ബ്ലേക്ക് എന്ന പേരില്‍ കുറേയധികം കുറ്റാന്വേഷണ കഥകളും സെസില്‍ ഡേ-ലൂയിസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ.സി. ബെന്റ്ലിയുടെ കൃതികളിലെ കുറ്റാന്വേഷകനായ ഫിലിപ് ട്രെന്റിനെ മാതൃകയാക്കി വിഭാവനം ചെയ്ത നിഗല്‍സ്ട്രെയ്ഞ്ച്വെ യ്സ് ആണ് മിക്ക കൃതികളിലും കുറ്റാന്വേഷകനായി പ്രത്യക്ഷപ്പെ ടുന്നത്. ഓക്സ്ഫഡിലെ സമ്മര്‍ ഫീല്‍ഡ്സ് സ്കൂളിലും ചെല്‍റ്റന്‍ ഹാം ജൂനിയര്‍ സ്കൂളിലും അധ്യാപകനെന്ന നിലയില്‍ ഡേ- ലൂയിസിനുണ്ടായ അനുഭവങ്ങള്‍ ഒരു സ്കൂളിന്റെ പശ്ചാത്തലത്തില്‍ രചിച്ച എ ക്വസ്റ്റ്യന്‍ ഒഫ് ഫ്രൂഫ് (1935) എന്ന ആദ്യ കൃതിക്ക് നിറം പകരുന്നു. ദ് ഷെല്‍ ഒഫ് ഡെത്ത് (1936), ദ് സ്മൈലര്‍ വിത്ത് നൈഫ് (1938), മിനിട്ട് ഫോര്‍ മര്‍ഡര്‍ (1947), ദ് വേം ഒഫ് ഡെത്ത് (1961) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു കുറ്റാന്വേഷണ നോവലുകളില്‍ പ്രധാനപ്പെട്ടവ.

1972 മേയ് 22-ന് ഹാഫഡ്ഷയറിലെ ഹാഡ്ലിവുഡില്‍ ഡേ- ലൂയിസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍