This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേ, ലാല്‍ ബിഹാരി (1824 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേ, ലാല്‍ ബിഹാരി (1824 - 94)

Day Lal Behari

ഇന്ത്യന്‍-ഇംഗ്ലീഷ് സാഹിത്യകാരന്‍. 1824-ലായിരുന്നു ജനനം. ഇടയ്ക്ക് ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതത്തിലേക്കു പരിവര്‍ ത്തനം ചെയ്തു. ഉപദേശി, പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. ഗോവിന്ദസമന്ത: ബംഗാള്‍ പെസന്റ് ലൈഫ് (1874), ഫോക്-ടെയ്ല്‍സ് ഒഫ് ബംഗാള്‍ (1883), റിക്കളക്ഷന്‍സ് ഒഫ് മൈ സ്കൂള്‍ ഡെയ്സ് (അപൂര്‍ണം) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ഈ കൃതികളെല്ലാം 1969-ല്‍ മഹാദേവ പ്രസാദ് 'സാഹ' എഡിഷന്‍സ് ഇന്ത്യനുവേണ്ടി കൊല്‍ക്കത്തയില്‍ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി.

ഒരു ബംഗാളി കര്‍ഷകന്റെ ജനനം മുതല്‍ മരണം വരെയുള്ള കഥയാണ് ഗോവിന്ദസമന്ത എന്ന നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമീണരുടെ മോഹങ്ങളും മോഹഭംഗങ്ങളും, പണം കടം കൊടുപ്പുകാരുടെ അത്യാര്‍ത്തി, സെമിന്ദാര്‍മാരുടെ താന്തോന്നിത്തം, ക്ഷാമത്തിന്റേയും വരള്‍ച്ചയുടേയും ദുരന്താത്മകത തുടങ്ങി ഒരു ബംഗാളി ഗ്രാമത്തിലെ ജനജീവിതത്തിന്റെ പല മുഖങ്ങളും ഇതില്‍ അനാവരണം ചെയ്യപ്പെടുന്നു. ഈ കൃതി യഥാര്‍ഥത്തില്‍ ഒരു നോവലെന്നതിലുപരി ഗ്രാമീണജീവിതചിത്രങ്ങളുടെ ഒരു സമാഹാരമാണെന്ന് കെ.ആര്‍. ശ്രീനിവാസ അയ്യങ്കാര്‍ (ഇന്ത്യന്‍ റൈറ്റിങ് ഇന്‍ ഇംഗ്ളീഷ് എന്ന ഗ്രന്ഥത്തില്‍) അഭിപ്രായപ്പെടുന്നു. തന്റെ കൃതി ആധികാരിക ചരിത്രം (authentic history) ആണെന്നാണ് നോവലിസ്റ്റിന്റെ പക്ഷം. ചോസര്‍, ക്രാബ്, കൂപ്പര്‍, ഗ്രേ, ഗോള്‍ഡ്സ് മിത്ത്, വേഡ്സ്വര്‍ത്ത്, ഹോമര്‍, ലോങ്ഫെലോ തുടങ്ങിയ മഹാകവികളുടെ കൃതികളില്‍ നിന്നുള്ള ഉദ്ധരണികള്‍ അധ്യായങ്ങളുടെ ആദ്യം ഔചിത്യപൂര്‍വം ചേര്‍ത്തിരിക്കുന്നത് ഈ കൃതിയുടെ ഒരു സവിശേഷതയായി കാണാം. ഗ്രാമക്കുളത്തിന്റെ കരയിലുള്ള വനിതാസംഗമം കെ.എസ്. വെങ്കടരമണിയുടെ മുരുഗന്‍ ദ് ടില്ലര്‍ എന്ന നോവലില്‍ ചിത്രീകരിക്കപ്പെടുന്ന അളവന്തിയിലെ നദീരംഗങ്ങളെ അനുസ്മരിപ്പിക്കുന്നു. പലപ്പോഴും ആഖ്യാതാവായ നോവലിസ്റ്റ് വ്യാഖ്യാതാവായും പ്രത്യക്ഷപ്പെടാറുണ്ട്. പ്രാചീന ഭാരതത്തിലെ വിധവകളെപ്പറ്റിയുള്ള അഭിപ്രായപ്രകടനവും ആയുധപൂജാവര്‍ണനയ്ക്കുശേഷം പൗരസ്ത്യരുടെ മതാഭിനിവേശവും പാശ്ചാത്യരുടെ വിരസമായ മതേതരത്വവും തമ്മില്‍ താരതമ്യം ചെയ്യുന്നതും ഉദാഹരണങ്ങളാണ്. കര്‍ഷകനെന്ന നിലവിട്ട് വാടകത്തൊഴിലാളിയായി മാറേണ്ടിവന്ന് അവസാനം ഹൃദയംപൊട്ടി മരിക്കുന്ന ഗോവിന്ദന്റെ കഥ ഹൃദയാവര്‍ജകമായി ഡേ ചിത്രീകരിച്ചിരിക്കുന്നു.

പ്രഖ്യാതമായ ഇംഗ്ലീഷ് നോവലുകളുടെ അനുകരണം ആദ്യ കാലത്തെ പല ഇന്ത്യന്‍-ഇംഗ്ലീഷ് നോവലുകളുടേയും ഒരു സവിശേഷതയാണ്. ഗോവിന്ദസമന്തയും ഇതിന് അപവാദമല്ല. ഹെന്റി ഫീല്‍ഡിങ്ങിന്റെ ടോം ജോണ്‍സ് എന്ന നോവലിന്റെ ആദ്യ ഭാഗത്തിനും ഡേയുടെ കൃതിയുടെ പ്രാരംഭവാക്യങ്ങള്‍ക്കും തമ്മിലുള്ള സാദൃശ്യം ആരുടേയും ശ്രദ്ധയാകര്‍ഷിക്കും. ഗ്രാമീണ-കര്‍ഷക ജീവിതത്തിന്റെ ചിത്രീകരണത്തില്‍ ഈ കൃതി അദ്വിതീയമാണെന്നു പറയാം. ഭാരതീയ സാഹിത്യത്തിലാകെത്തന്നെ ഇത്തരമൊരു കൃതിക്ക് മറ്റൊരു മാതൃക കണ്ടെത്താനാവില്ല. ഗ്രാമീണ ജനത അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളെപ്പറ്റി ഒറിയാ നോവലിസ്റ്റായ ഫക്കീര്‍ മോഹന്‍ സേനാപതി രചിച്ച ചാ മനാ അഥാ ഗുന്ഥാ എന്ന നോവല്‍ ദശകങ്ങള്‍ക്കുശേഷം 1902-ല്‍ മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1936-ല്‍ പ്രസിദ്ധീകരിച്ച പ്രേംചന്ദിന്റെ ഗോദാന്‍ എന്ന നോവലിന്റെ മുന്നോടിയാണ് ഡേയുടെ നോവലെന്നു പറയാവുന്നതാണ്.

ബംഗാളില്‍ പ്രചാരത്തിലുള്ള ഇരുപത്തിരണ്ടു നാടോടിക്കഥകളാണ് ഫോക് ടെയ് ല്‍സ് ഒഫ് ബംഗാളിലുള്ളത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ പ്രചരിക്കുന്ന കഥകളുമായി ഇവയ്ക്ക് ശ്രദ്ധേയമായ സാദൃശ്യം കാണുന്നു. പ്രകൃതിയും ദൈവവുമായി എല്ലാക്കാലത്തും എല്ലാദേശത്തും മനുഷ്യന്‍ പുലര്‍ത്തിവരുന്ന അഭേദ്യബന്ധം ഈ കഥകളില്‍ തെളിഞ്ഞു കാണാം. രണ്ടോ അതിലധികമോ ഭാര്യമാരുള്ള ഭര്‍ത്താവ് ഈ സമാഹാരത്തിലെ പല കഥകളിലും പ്രത്യക്ഷപ്പെടുന്ന കഥാപാത്രമാണ്. 'ദി ഈവിള്‍ ഐ ഒഫ് ശനി' എന്ന കഥയില്‍ ലക്ഷ്മിയും ശനിയും തങ്ങളിലാര്‍ക്കാണു കേമത്തം എന്നു തീരുമാനിക്കാന്‍ ശ്രീവത്സനെ സമീപിക്കുന്നു. ലക്ഷ്മിക്കനുകൂലമായി വിധിയുണ്ടാവുകയും ശനി കോപാകുലയാവുകയും ചെയ്യുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തെ കഷ്ടകാലത്തിനുശേഷം ശനി വീണ്ടും ഭാഗ്യദേവതയായി മാറുന്നതോടെ കഥ ശുഭമായി പര്യവസാനിക്കുന്നു.

ഇംഗ്ലീഷ് ഭാഷയില്‍ ഇന്ത്യയില്‍ രചിക്കപ്പെട്ട ആത്മകഥകളുടെ ആദ്യകാലമാതൃകകളില്‍ ഒന്ന് എന്ന നിലയില്‍ ഡേയുടെ റിക്കളക്ഷന്‍സ് ഒഫ് മൈ സ്കൂള്‍ ഡെയ്സിന് ഗണ്യമായ പ്രാധാന്യമുണ്ട്. 19-ാം ശ.-ത്തില്‍ ബംഗാളില്‍ നിലവിലിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സൂക്ഷ്മചിത്രം ഇതില്‍ കാണാം. സാമാന്യ ജനതയ്ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന അവസ്ഥയില്‍ നിന്ന് സംസ്കൃതത്തിലൂടേയും അറബിയിലൂടേയുമുള്ള വിദ്യാഭ്യാസത്തിലേക്കും അവിടെ നിന്നു മുമ്പോട്ടു പോയി ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള വിജ്ഞാന വ്യാപനത്തിലേക്കുമുള്ള ക്രമാനുഗതമായ വികാസം കൗതുകജനകമായി ഈ കൃതിയില്‍ വിവരിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍