This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേ, എസ്.കെ. (1890 - 1968)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേ, എസ്.കെ. (1890 - 1968)

സംസ്കൃതപണ്ഡിതനും ഗവേഷകനുമായ ബംഗാളി സാഹിത്യകാരന്‍. സുശീല്‍കുമാര്‍ ഡേ എന്നാണ് പൂര്‍ണനാമം.

കൊല്‍ക്കത്ത യൂണിവേഴ് സിറ്റിയില്‍നിന്നും ഇംഗ്ലീഷ് സാഹിത്യ ത്തില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളജിലും പിന്നീട് കൊല്‍ക്കത്ത യൂണിവേഴ് സിറ്റിയിലും ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. വിദേശത്ത് ഗവേഷണം നടത്തുന്നതിനു നല്കപ്പെട്ടിരുന്ന പ്രേംചന്ദ് റോയി ചന്ദ് സ്കോളര്‍ഷിപ്പ് നേടി. യൂണിവേഴ് സിറ്റി ഒഫ് ലണ്ടനില്‍ സംസ്കൃതകാവ്യശാസ്ത്രത്തില്‍ ഗവേഷണം നടത്തി ഡി.ലിറ്റ്. ബിരുദം സമ്പാദിച്ചു. ജര്‍മനിയില്‍ യൂണിവേഴ്സിറ്റി ഒഫ് ബോണില്‍ സംസ് കൃതപണ്ഡിതനും ഗവേഷകനുമായിരുന്ന ഹെര്‍മന്‍ ജാക്കൊബി യോടൊപ്പം ഗവേഷണം തുടര്‍ന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ധാക്കാ യൂണിവേഴ്സിറ്റിയിലെ സംസ്കൃത വിഭാഗത്തില്‍ റീഡറായും പിന്നീട് പ്രൊഫസറായും നിയമിതനായി. ഇക്കാലത്ത് സംസ്കൃതപഠനത്തിലെന്നപോലെ ബംഗാളി സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. ബംഗാളിലെ ആധുനിക കവികളിലൊരാളായി ഇദ്ദേഹം അറിയപ്പെട്ടു. രണ്ടുവര്‍ഷക്കാലം പൂനയിലെ ഭണ്ഡാര്‍ക്കര്‍ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രശസ്ത സംരംഭമായ 'മഹാഭാരതത്തിന്റെ സംശോധിത സംസ്കരണ'ത്തിന് നേതൃത്വം നല്‍കി. പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ട് മഹാഭാരതം ദ്രോണപര്‍വവും ഉദ്യോഗപര്‍വവും പ്രസിദ്ധീകരിച്ചത് ഡേയുടെ നേതൃത്വത്തിലായിരുന്നു.


ചെറുപ്പം മുതല്‍തന്നെ ബംഗീയസാഹിത്യപരിഷത്തുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഡേ 1950-ലും 60-ലും അതിന്റെ പ്രസിഡന്റു പദവിയും അലങ്കരിച്ചിട്ടുണ്ട്. 1956 മുതല്‍ 1960 വരെ കൊല്‍ക്കത്തയിലെ യാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ ബംഗാളി സാഹിത്യ വിഭാഗാധ്യക്ഷനായും പ്രവര്‍ത്തിച്ചു. ഭാരതസര്‍ക്കാര്‍ സംസ്കൃത കമ്മിഷന്‍ രൂപീകരിച്ചപ്പോള്‍ അതിലെ അംഗമായി നിയമിക്കപ്പെടുകയും (1957-59) ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലേയും സംസ്കൃതപഠനത്തിന്റെ ചരിത്രവും ഭാവി പദ്ധതികള്‍ക്കു വേണ്ട നിര്‍ദേശങ്ങളുമടങ്ങിയ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. 1966-ല്‍ ഷിക്കാഗോ സര്‍വകലാശാലയില്‍ 'ടാഗോര്‍ സ്മാരക പ്രഭാഷണം' പ്രശംസാര്‍ഹമായി നിര്‍വഹിച്ചു. 'സൗന്ദര്യശാസ്ത്രവും സംസ്കൃത കാവ്യമീമാംസയും' എന്നതായിരുന്നു പ്രഭാഷണ വിഷയം.

ദി എര്‍ലി യൂറോപ്യന്‍ റൈറ്റേഴ്സ് ഒഫ് ബംഗാള്‍ (ബംഗാളിലെ ആദ്യകാല യൂറോപ്യന്‍ എഴുത്തുകാര്‍), ഹിസ്റ്ററി ഒഫ് ബംഗാളി ലിറ്ററേച്ചര്‍ ഇന്‍ ദ് നയന്റീന്‍ത് സെഞ്ച്വറി (19-ാം ശ.-ത്തിലെ ബംഗാളി സാഹിത്യചരിത്രം), വക്രോക്തി ജീവിതം (പ്രസാധനം), സ്റ്റഡീസ് ഇന്‍ ദ് ഹിസ്റ്ററി ഒഫ് സാന്‍സ്ക്രിറ്റ് പൊയറ്റിക്സ് (സംസ്കൃത കാവ്യമീമാംസാ പഠനങ്ങള്‍-രണ്ടുഭാഗം, ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിച്ചു), എന്‍ഷ്യന്റ് ഇന്ത്യന്‍ ഇറോട്ടിക്സ് ആന്‍ഡ് ഇറോ ട്ടിക് ലിറ്ററേച്ചര്‍ (പൗരാണിക ഭാരതീയ കാമശാസ്ത്രവും കാമശാസ്ത്ര പഠനങ്ങളും), രൂപഗോസ്വാമി സംസ്കൃതത്തില്‍ രചിച്ച വൈഷ്ണവ സ്തോത്രങ്ങളുടെ സമാഹാരമായ പദ്യാവലി, എര്‍ലി ഹിസ്റ്ററി ഒഫ് ദ് വൈഷ്ണവ ഫെയ്ത്ത് ആന്‍ഡ് മൂവ്മെന്റ് ഇന്‍ ബംഗാള്‍ (ബംഗാളിലെ പ്രാചീന വൈഷ്ണവ ഭക്തിപ്രസ്ഥാനം), ബംഗാളി പഴഞ്ചൊല്ലുകളുടെ സമാഹാരമായ വല്മപ്രവദ, എസ്.എന്‍. ദാസ്ഗുപ്തയുമായിച്ചേര്‍ന്നു തയ്യാറാക്കിയ എ ഹിസ്റ്ററി ഒഫ് സാന്‍സ്ക്രിറ്റ് ലിറ്ററേച്ചര്‍ (സംസ്കൃത സാഹിത്യ ചരിത്രം), കൊല്‍ക്കത്ത സര്‍വകലാശാലയില്‍ ശരച്ചന്ദ്ര ചാറ്റര്‍ജി സ്മാരക പ്രഭാഷണത്തിനുവേണ്ടി തയ്യാറാക്കിയ ദീനബന്ധുമിത്ര, സായന്തനി (കാവ്യം), നാനാനിബന്ധ (ഉപന്യാസ സമാഹാരം), ബംഗാളിലെ ഗീതകാവ്യങ്ങളുടെ സമാഹാരമായ കൃഷ്ണദീപിക, ഹിസ്റ്ററി ഒഫ് സാന്‍സ്ക്രിറ്റ് പൊയറ്റിക്സ് (സംസ്കൃത കാവ്യശാസ്ത്രചരിത്രം), സാഹിത്യ അക്കാദമിക്കുവേണ്ടി ആര്‍.സി. ഹസ്രയുമായിച്ചേര്‍ന്നു തയ്യാറാക്കിയ പുരാണങ്ങളുടേയും കാവ്യങ്ങളുടേയും സമാഹാരം (പ്രസാധനം), കോണ്‍ട്രിബൂഷന്‍ ഒഫ് ബംഗാള്‍ റ്റു സാന്‍സ്ക്രിറ്റ് ലിറ്ററേച്ചര്‍ (സംസ്കൃത സാഹിത്യത്തിന് ബംഗാളിന്റെ സംഭാവന), സ്റ്റഡീസ് ഇന്‍ ബംഗാള്‍ വൈഷ്ണവിസം ആന്‍ഡ് ആസ് പെക്റ്റ്സ് ഒഫ് സാന്‍സ്ക്രിറ്റ് ലിറ്ററേച്ചര്‍ (ബംഗാളിലെ വൈഷ്ണവ പ്രസ്ഥാനവും സംസ്കൃത സാഹിത്യവും) എന്നിവയാണ് ഡേ രചിച്ചവയും പ്രസാധനം ചെയ്തവയുമായ പ്രധാന സാഹിത്യ-ഗവേഷണ ഗ്രന്ഥങ്ങള്‍.

സംസ്കൃതസാഹിത്യത്തിനും ഭാരതീയ സംസ്കാരത്തിനും അമൂല്യ സംഭാവനകള്‍ നല്കിയ ഈ പ്രതിഭാശാലി 1968-ല്‍ കൊല്‍ക്കത്തയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍