This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവ്സണ്‍, റോബര്‍ട്ട് മക് ഗ്രിഗര്‍ (1895 - 1958)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവ്സണ്‍, റോബര്‍ട്ട് മക് ഗ്രിഗര്‍ (1895 - 1958)

Dawson,Robert Mac Griger

കാനഡയിലെ രാഷ്ട്രമീമാംസകന്‍. അധ്യാപകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ കാനഡയിലെ ഗവണ്‍മെന്റു സംവിധാനത്തെ ക്കുറിച്ചുള്ള പഠനശാഖയ്ക്ക് ഇദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുണ്ട്. നോവ സ്കോഷ്യയിലെ ബ്രിഡ്ജ്വാട്ടര്‍ എന്ന സ്ഥലത്ത് 1895 മാ. 1-ന് ഇദ്ദേഹം ജനിച്ചു. ഡല്‍ഹൌസി, ഹാര്‍വാഡ്, ലണ്ടന്‍ എന്നീ സര്‍വകലാശാലകളിലായിരുന്നു വിദ്യാഭ്യാസം. ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നു ഡി.എസ്സ്സി. ബിരുദം നേടിയശേഷം യു.എസ്സിലെ ററ്റ്ഗേഴ്സ് (Rutgers) സര്‍വകലാശാലയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചുതുടങ്ങി. 1927-ല്‍ കാനഡയിലെ സസ്കാച്ച്വാന്‍ (Saskatchewan) സര്‍വകലാശാലയില്‍ അധ്യാപകനായതോടെയാണ് കാനഡയില്‍ രാഷ്ട്രമീമാംസാ പഠനരംഗത്ത് ശ്രദ്ധേയമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചത്. കാനഡയില്‍ രാഷ്ട്രമീമാംസ ഒരു പ്രത്യേക പഠനശാഖയായി വളര്‍ത്തിയെടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. കാനഡയിലെ രാഷ്ട്രീയ വ്യവസ്ഥിതിയെക്കുറിച്ച് ഇദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ അനേക വര്‍ഷങ്ങളോളം ആ വിഷയത്തിലെ പ്രാമാണിക രേഖകളെന്ന ഖ്യാതി നിലനിര്‍ത്തി. സസ്കാച്ച്വാനിലെ അധ്യാപകവൃത്തിക്കുശേഷം 1937 മുതല്‍ 51 വരെ ഇദ്ദേഹം കാനഡയിലെ ടൊറൊന്റോ സര്‍വകലാശാലയിലാണ് പഠിപ്പിച്ചിരുന്നത്. കനേഡിയന്‍ ജേണല്‍ ഒഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്-ന്റെ എഡിറ്ററായി 1936 മുതല്‍ 45 വരെ സേവനമനുഷ്ഠിച്ചു. ദ് ഗവണ്‍മെന്റ് ഒഫ് കാനഡ (1947), ഡെമോക്രാറ്റിക് ഗവണ്‍മെന്റ് ഇന്‍ കാനഡ (1949) എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയ ഗ്രന്ഥങ്ങളാണ്. നോവ സ്കോഷ്യയിലെ ഹാലിഫാക്സില്‍ 1958 ജൂല. 16-ന് ഇദ്ദേഹം നിര്യാതനായി.

(വി. ജയഗോപന്‍ നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍