This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവി ലാംപ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവി ലാംപ്

Davy lamp


ഖനികളില്‍ ഉപയോഗിക്കുന്ന ഒരു രക്ഷാദീപം. വായുവും മീഥേനും കലര്‍ന്ന ഉഗ്രസ്ഫോടനശേഷിയുള്ള ജ്വലനവായു(firedamp)വിന്റെ സാന്നിധ്യം കണ്ടുപിടിക്കാനും ശ്വസനത്തിന് ആവശ്യമായ അളവില്‍ കുറഞ്ഞ ഓക്സിജനേയുള്ളൂ എങ്കില്‍ അതറിയാനും ഇതുപകരിക്കുന്നു. ഖനിത്തൊഴിലാളികള്‍ക്കു കൊണ്ടുനടക്കാന്‍ തക്ക വലുപ്പമുള്ള ഈ വിളക്കിന്റെ തീനാളം കമ്പിവലകൊണ്ടു മൂടിയിരിക്കും. അപായകരമായ ജ്വലനവായുവിന്റെ സാന്നിധ്യത്തില്‍ ജ്വാല കൂടുതല്‍ നീണ്ടു കത്തുകയും ഓക്സിജന്റെ അളവ് കുറയുന്നതനുസരിച്ച് ജ്വാല മങ്ങി അണയുകയും ചെയ്യും.
ഡേവി ലാംപ്
ഈ സൂചനകള്‍ക്കനുസൃതമായി ഖനിത്തൊഴിലാളികള്‍ക്ക് വേണ്ട മുന്‍കരുതലുകളെടുത്ത് അപകടമൊഴിവാക്കാന്‍ കഴിയും. 'ഖനിത്തൊഴിലാളികളുടെ രക്ഷാദീപം (miner's safety lamp)' എന്നും സര്‍ ഹംഫ്രി ഡേവി എന്ന ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍ രൂപകല്പന ചെയ്തതിനാല്‍ 'ഡേവി ലാംപ്' എന്നും ഇത് അറിയപ്പെട്ടു. ഒരു തീ നാള(flame)ത്തിനും, എളുപ്പം തീപിടിക്കുന്ന സ്ഫോടക വാതക മിശ്രിത(explosive gaseous mixture)ത്തിനും മധ്യേ ലോഹനിര്‍മിതമായ ഒരു കമ്പിവല (gauze) വച്ചാല്‍ കമ്പിവല തീ നാളത്തില്‍ നിന്നും താപം ആഗിരണം ചെയ്ത് സംവഹിച്ചു (conducts) മാറ്റുന്നതിനാല്‍ വാതകമിശ്രിതം പെട്ടെന്നു ജ്വലനാങ്കത്തിലെത്തി കത്തിപ്പിടിക്കുന്നില്ല എന്നതാണ് ഡേവി ലാംപിന്റെ തത്ത്വം.

1815-ല്‍ ഇംഗ്ളണ്ടില്‍ വച്ച്, ഖനികളിലെ സ്ഫോടന സാഹചര്യ ത്തെക്കുറിച്ചു പഠിക്കാന്‍ നിയുക്തനായ ഹംഫ്രി ഡേവി ആറു മാസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു രക്ഷാദീപം രൂപകല്പന ചെയ്തു. ഇതിന്റെ ആദ്യരൂപം സിലിന്‍ഡറാകാരത്തിലുള്ള ചെറിയ ഒരു എണ്ണവിളക്കായിട്ടായിരുന്നു. തീനാളത്തിനു ചുറ്റിലും ഏകദേശം 3.8 സെ.മീ. വ്യാസവും 15.2 സെ.മീ. നീളവുമുള്ള സിലിന്‍ഡര്‍ ആകൃതിയില്‍പ്പെട്ട കമ്പിവലയും, മൂടിയായി ഇരട്ടപ്പാളിയോടു കൂടിയ മറ്റൊരു പരന്ന കമ്പിവലയും ഇട്ടിരുന്നു. ഇങ്ങനെ കമ്പിവലയാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാല്‍ തീജ്വാല പുറത്തെ സ്ഫോടക വാതകമിശ്രിതത്തെ കത്തിക്കാനാവശ്യമായ താപനിലയില്‍ എത്തിക്കാതെ അപായസൂചന നല്‍കുന്നതായി വെളിപ്പെട്ടു.

1816 മുതല്‍തന്നെ ഇത്തരം രക്ഷാദീപങ്ങള്‍ ഖനികളില്‍ ഉപയോ ഗിച്ചു തുടങ്ങി. പിന്നീട് ഡേവി തന്നെ ഇവയുടെ പരിഷ്കരിച്ച അനവധി മാതൃകകള്‍ പുറത്തിറക്കി. പില്ക്കാലത്ത് നേരിയ മാറ്റങ്ങളോടെ വികസിപ്പിച്ചെടുത്ത ഈ രക്ഷാദീപങ്ങളുടെ ഉപയോഗം വഴി ഖനികളിലെ സ്ഫോടനമരണങ്ങളും ശ്വാസം മുട്ടിയുള്ള മരണങ്ങളും വലിയൊരളവുവരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍