This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവി, ഹംഫ്രി (1778-1829)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവി, ഹംഫ്രി (1778-1829)

Davy,Humphry

ബ്രിട്ടിഷ് രസതന്ത്രജ്ഞന്‍. സോഡിയം, പൊട്ടാസിയം എന്നീ ലോഹങ്ങള്‍ വേര്‍തിരിക്കുകയും ക്ലോറിനും അയൊഡിനും മൂലകങ്ങളാണെന്ന് നിര്‍ണയിക്കുകയും ഖനിത്തൊഴിലാളികള്‍ക്കു പ്രയോജനകരമായ സുരക്ഷാ വിളക്ക് കണ്ടുപിടിക്കുകയും ചെയ്തതിലൂടെ പ്രശസ്തി നേടി.

ഹംഫ്രി ഡേവി

1778 ഡി. 17-ന് ഇംഗ്ലണ്ടിലെ പെന്‍സാന്‍സില്‍ ഡേവി ജനിച്ചു. സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലുമായിരുന്നു ആദ്യ കാലത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നത്. പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമതലയേറ്റെടുക്കേണ്ടി വന്ന ഡേവി, 1795-ല്‍ ശസ്ത്രക്രിയാ വിദഗ്ധനായ ഒരു അപ്പോത്തിക്കരിയുടെ കൂടെ പരിശീലനം ആരംഭിച്ചു. എന്നാല്‍ ഇക്കാലത്ത് രസതന്ത്രത്തോട് ആഭിമുഖ്യം തോന്നിയ ഡേവി ശാസ്ത്രവും തത്ത്വശാസ്ത്രവും സ്വയം പഠിക്കുവാനാരംഭിച്ചു. വാതകങ്ങളെക്കുറിച്ചു നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി ഇദ്ദേഹം ചിരിവാതകം എന്ന പേരിലറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചു. റിസര്‍ച്ചസ്, കെമിക്കല്‍ ആന്‍ഡ് ഫിലസോഫിക്കല്‍, ചീഫ്ലി കണ്‍സേണിങ് നൈട്രസ് ഓക്സൈഡ് എന്ന പേരില്‍ 1800-ല്‍ പ്രസിദ്ധീകരിച്ച ഈ പരീക്ഷണഫലങ്ങള്‍ ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചതിനെത്തുടര്‍ന്നാണ് റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് ഗ്രേറ്റ് ബ്രിട്ടണില്‍ രസതന്ത്ര ലക്ചററായി ഇദ്ദേഹം നിയമിതനായത് (1801). വോള്‍ടായിക് സെല്ലു(voltaic cell)കളും വൈദ്യുത ബാറ്ററികളും ആയിരുന്നു ഇക്കാലത്തെ ഗവേഷണ വിഷയം. വൈദ്യുത വിശ്ളേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഡേവി രാസബന്ധങ്ങളുടെ വൈദ്യുത സ്വഭാവം ആവിഷ്കരിക്കുന്നതില്‍ വിജയിച്ചു.

1803-ല്‍ റോയല്‍ സൊസൈറ്റിയില്‍ അംഗമായ ഡേവി 1807-ല്‍ സൊസൈറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വോള്‍ ടായിക് സെല്ലുകള്‍, ടാനിങ്, ധാതുവിശ്ലേഷണം എന്നീ മേഖലകളില്‍ നല്കിയ സംഭാവനകളെ മാനിച്ച് 1805-ല്‍ കോപ്ലെ മെഡല്‍ (Copley medal) നല്കി. സഹായിയായിരുന്ന മൈക്കല്‍ ഫാരഡെയിലെ ശാസ്ത്രപ്രതിഭയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചതും ഡേവിയാണ്. ഇവരുടെ കൂട്ടായ ഗവേഷണങ്ങളുടെ ഫലമാണ് പുതിയതരം സ്റ്റോറേജ് ബാറ്ററി. വൈദ്യുത വിശ്ലേഷണത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പ്രബന്ധത്തിന് (ഓണ്‍ സം കെമിക്കല്‍ ഏജന്‍സീസ് ഒഫ് ഇലക്ട്രിസിറ്റി) ഇന്‍സ്റ്റിറ്റ്യൂട്ട് ദ് ഫ്രാന്‍സിന്റെ നെപ്പോളിയന്‍ അവാര്‍ഡ് ലഭിച്ചു. ഇംഗ്ളണ്ടും ഫ്രാന്‍സും തമ്മില്‍ യുദ്ധം നടക്കുന്ന കാലത്താണ് ഡേവി ആദരിക്കപ്പെട്ടതെന്ന കാര്യം ശ്രദ്ധേയമാണ്. സോഡിയം, പൊട്ടാസിയം എന്നിവയെ വൈദ്യുത വിശ്ലേഷണം വഴി അവയുടെ സംയുക്തങ്ങളില്‍ നിന്ന് ഇദ്ദേഹം വേര്‍തിരിച്ചു കാണിച്ചു (1808). മ്യൂറിയാറ്റിക് അമ്ലത്തിന്റെ വിഘടനം വഴിയുണ്ടാവുന്ന പച്ചനിറമുള്ള വാതകത്തിനുമേല്‍ വൈദ്യുതിയുടെ പ്രഭാവമില്ലായ്മ കണ്ടെത്തിയ ഡേവി, ഈ വാതകം ഒരു മൂലകമാണെന്നു സ്ഥാപിക്കുകയും അതിന് ക്ലോറിന്‍ എന്ന് നാമകരണം നടത്തുകയും ചെയ്തു (1810). തുടര്‍ന്ന് 1813-ല്‍ ക്ലോറിനു സമാനമായ സ്വഭാവം ഉള്ള അയൊഡിന്‍ എന്ന മൂലകവും ഇദ്ദേഹം കണ്ടുപിടിച്ചു. ബോറാക്സില്‍ പൊട്ടാസിയം ചേര്‍ത്തു ചൂടാക്കി ബോറോണ്‍ വേര്‍തിരിച്ചതും ഡേവിയുടെ സംഭാവനയാണ്. ഹൈഡ്രോക്ലോറിക് അമ്ലത്തിന്റെ ശരിയായ രാസയോഗം (HCl) കണ്ടുപിടിക്കുക വഴി എല്ലാ അമ്ലങ്ങളിലും ഓക്സിജന്‍ അടങ്ങിയിട്ടുണ്ട് എന്ന ലാവോസിയറിന്റെ സിദ്ധാന്തം തെറ്റാണെന്ന് ഡേവി തെളിയിച്ചു. ലോഹങ്ങള്‍ വിളക്കാനുപയോഗിക്കുന്ന വൈദ്യുത ആര്‍ക്ക് ഇദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടുത്തമാണ് (1808). 1812-ല്‍ പ്രിന്‍സ് റീജന്റ് 'സര്‍' സ്ഥാനം നല്കി ഡേവിയെ ബഹുമാനിച്ചു.

ഇംഗ്ലണ്ടിലെ കല്‍ക്കരിഖനികളില്‍ നിരന്തരമായുണ്ടാവുന്ന സ്ഫോടനങ്ങളെക്കുറിച്ചു പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ 1815-ല്‍ ഡേവി നിയുക്തനായി. മെഴുകുതിരിയുടേയും എണ്ണ വിളക്കുകളു ടേയും നഗ്നനാളത്തിന്റെ വെളിച്ചത്തിലാണ് അക്കാലത്ത് കല്‍ക്കരി ഖനനം നടത്തിയിരുന്നത്. ഖനിയിലെ മീഥേന്‍-വായു മിശ്രിതം ഈ വിളക്കിലെ തീയില്‍ കത്തുന്നതുകൊണ്ടാണ് സ്ഫോടനങ്ങള്‍ ഉണ്ടാകുന്നതെന്ന് ഇദ്ദേഹം സമര്‍ഥിച്ചു. തീ കത്താനാവശ്യമായ വായു കടക്കുന്നതും, ജ്വാലയും ചുറ്റുമുള്ള വാതകവുമായി സമ്പര്‍ക്കമുണ്ടാകാത്തതുമായ ഒരു വിളക്ക് ഇദ്ദേഹം രൂപകല്പന ചെയ്തു. ഈ കണ്ടുപിടിത്തത്തിന് റോയല്‍ സൊസൈറ്റിയുടെ സ്വര്‍ണ മെഡല്‍ ഡേവിക്കു ലഭിച്ചു. 1818-ല്‍ ഇദ്ദേഹം റോയല്‍ സൊസൈറ്റിയുടെ പ്രസിഡന്റു പദവിയില്‍ നിയുക്തനായി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് 1827-ല്‍ തത്സ്ഥാനം രാജിവക്കേണ്ടി വന്നു. 1829 മേയ് 29-ന് ഹൃദയാഘാതം മൂലം ജനീവ യില്‍ ഇദ്ദേഹം മരണമടഞ്ഞു. നോ: ഡേവി ലാംപ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍