This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിസ്, സ്റ്റ്യുവര്‍ട്ട് (1894 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവിസ്, സ്റ്റ്യുവര്‍ട്ട് (1894 - 1964)

David,Stuart

അമേരിക്കന്‍ ചിത്രകാരന്‍. 1894 ഡി. 7-ന് ഫിലാഡെല്‍ഫിയയില്‍ ജനിച്ചു. പ്രസിദ്ധ ചിത്രകാരനായ റോബര്‍ട്ട് ഹെന്റിയുടെ കീഴില്‍ 1910 മുതല്‍ 13 വരെ പഠനം നടത്തി. 1913-ല്‍ 19-ാമത്തെ വയസ്സില്‍ ഒരു ആയുധ പ്രദര്‍ശന നഗരിയില്‍ വച്ച് ഇദ്ദേഹത്തിന്റെ പ്രഥമ ചിത്രപ്രദര്‍ശനം നടന്നു. അന്ന് ചുറ്റുപാടുമുള്ള ഏതാനും കാഴ്ചകള്‍ ചിത്രീകരിച്ച അഞ്ച് ജലച്ചായ ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്. ഒട്ടും യഥാതഥമല്ലാത്ത ഒരു ശൈലിയോടായിരുന്നു ഇദ്ദേഹത്തിന് ചെറുപ്പത്തിലേ ആഭിമുഖ്യമുണ്ടായിരുന്നത്. പക്ഷേ, വിധിവശാല്‍ ഒന്നാം ലോക യുദ്ധകാലത്ത് ഭൂപടങ്ങളും മറ്റും നിര്‍മിക്കുന്ന ജോലിയിലേര്‍പ്പെട്ട ഇദ്ദേഹത്തിന് വരകളില്‍ അങ്ങേയറ്റം വാസ്തവികത പുലര്‍ത്തേണ്ടിവന്നു. എഗ്ഗ് ബീറ്റര്‍ എന്ന ഒരു യുദ്ധകാല ചിത്രപരമ്പരയുടെ രചനയില്‍ മാത്രം ഇദ്ദേഹം 1927-28 കാലം മുഴുവന്‍ മുഴുകി. വൈദ്യുത പങ്കകളും കയ്യുറകളും ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരയ്ക്കേണ്ടിയിരുന്ന ഇക്കാലം സ്റ്റ്യുവര്‍ട്ടിന്റെ പ്രതിഭയെ ധര്‍മസങ്കടത്തിലാക്കി.

സാള്‍ട്ട് ഷെയ്ക്കര്‍ :സ്റ്റ്യുവര്‍ട്ട് ഡേവിസിന്റെ ഒരു ചിത്രം

1930 മുതല്‍ ഇദ്ദേഹം അതില്‍ നിന്നും വിടുതല്‍ നേടാന്‍ പ്രാപ്തനായി; നിറങ്ങള്‍ ജ്വലിക്കുന്നവയായി; ചിത്രങ്ങള്‍ ചടുലവും ഉണര്‍വാര്‍ന്നതുമായി; രൂപം ചെറുതായിത്തുടങ്ങി; ശൈലി ക്രമമില്ലായ്മയുടേയും സങ്കീര്‍ണതയുടേതുമായി. പക്ഷേ മുപ്പതുകളുടെ ഒടുക്കം വരെ പ്രതിഭാസംബന്ധമായ ചില സമ്മര്‍ദങ്ങള്‍ ഇദ്ദേഹത്തെ പിന്തുടര്‍ന്നു. 40-കളിലാണ് ഇദ്ദേഹത്തിന്റെ പ്രതിഭ പൂര്‍ണ വികാസം പ്രാപിച്ചത്.

ദ് മെലോ ചാഡ് (1945-51) ആണ് ഇദ്ദേഹത്തിന്റെ അതിപ്രശസ്തമായ ചിത്രം. 1950-കളില്‍ അക്കങ്ങളും അക്ഷരങ്ങളും തന്റെ രചനകളില്‍ ഉള്‍പ്പെടുത്താന്‍ ഇദ്ദേഹം മുതിര്‍ന്നു. 50-കളിലെ പ്രധാന രചനകള്‍ ഇവയാണ്. വിസ (1951), കൊളോണിയല്‍ ക്യൂബിസം (1954). 1946-ലും 1957-ലും ഇദ്ദേഹത്തിന്റെ 'റിട്രൊ സ്പെക്ടീവ്' പ്രദര്‍ശനങ്ങള്‍ ന്യൂയോര്‍ക്കില്‍ നടക്കുകയുണ്ടായി. യഥാതഥേതര ശൈലിയിലുള്ള പ്രഥമ പോസ്റ്റല്‍ സ്റ്റാമ്പ് ഡിസൈന്‍ ചെയ്തത് ഇദ്ദേഹമാണ്. നേരത്തേ തയ്യാറാക്കി വച്ചിരുന്ന ഈ ഡിസൈന്‍ ഇദ്ദേഹത്തിന്റെ മരണശേഷം ആറുമാസം കഴിഞ്ഞ് 1964 ജൂണ്‍ 24-നാണ് പുറത്തു വന്നത്.


അമേരിക്കയിലെ സാധാരണക്കാരുടെ ജീവിതദൃശ്യങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഇതിവൃത്തങ്ങള്‍. വാസ്തവികതയെ തീര്‍ത്തും ബഹിഷ്കരിച്ച ഇദ്ദേഹം അമേരിക്കയിലെ 'പോപ്പ് ആര്‍ട്ട്' പ്രസ്ഥാനത്തിന്റെ പ്രവാചകന്‍ എന്ന നിലയിലും വിഖ്യാതനാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍