This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിസ്, ബെറ്റി (1908 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവിസ്, ബെറ്റി (1908 - 89)

David Bette

അമേരിക്കന്‍ ചലച്ചിത്ര നടി. പൂര്‍ണമായ നാമം റൂത്ത് എലിസബത്ത് ഡേവിസ്. 1908 ഏപ്രില്‍ 5-ന് മസാച്ചുസെറ്റ്സില്‍ ജനിച്ചു. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ അഭിനയരംഗത്തേക്കു കടന്നു. പല വൈതരണികളും തരണം ചെയ്താണ് 'അമേരിക്കന്‍ വെള്ളിത്തിരയിലെ പ്രഥമ വനിത' എന്ന അംഗീകാരം നേടിയത്. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ജോണ്‍മറെ ആന്റേഴ്സന്റെ ഡ്രാമാ സ്കൂളില്‍ ചേര്‍ന്ന് പരിശീലനം നേടി. 1929-ല്‍ കുടുംബ നാടകമായ ബ്രോക്കണ്‍ ഡിഷസില്‍ അഭിനയിച്ചു കൊണ്ട് ബ്രോഡ്വേ നാടകവേദിയില്‍ അരങ്ങേറി. 1930-ല്‍ ഗോള്‍ഡ്വിന്‍ കമ്പനിയില്‍ ചേരാനുള്ള ബെറ്റി ഡേവിസിന്റെ ശ്രമം പരാജയപ്പെട്ടുവെങ്കിലും അടുത്ത വര്‍ഷം യൂണിവേഴ്സല്‍ കമ്പനിയില്‍ അംഗമാകാന്‍ സാധിച്ചു.

ബെറ്റി ഡേവിസ്

1932-ല്‍ ദ് മാന്‍ ഹു പ്ളേയ്സ് ഗോഡ് എന്ന ചലച്ചിത്രത്തിലൂടെയാണ് ഡേവിസ് താരപദവിയിലേക്കുയര്‍ന്നത്. തുടര്‍ന്ന് വാര്‍ണര്‍ ബ്രദേഴ്സ് കമ്പനിയുമായി ഒരു ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടു. കഠിന പ്രയത്നത്തിലൂടെയാണ് ഡേവിസ് ചലച്ചിത്ര രംഗത്ത് നേട്ടങ്ങള്‍ കൊയ്തെടുത്തത്. 1934-ല്‍ ജോണ്‍ ക്രോംവെലിന്റെ ഒഫ് ഹ്യൂമന്‍ ബോണ്ടേജ് എന്ന ചിത്രത്തിലെ മുഖ്യറോളില്‍ അഭിനയിക്കുവാനായി പല കടമ്പകളും കടക്കേണ്ടി വന്നു. എങ്കിലും അതിലെ അഭിനയം ഡേവിസിനെ മുന്‍നിരയിലെത്തിച്ചു.

വാര്‍ണര്‍ ബ്രദേഴ്സിന്റെ അനേകം ശരാശരി ചിത്രങ്ങളില്‍ അഭി നയിക്കേണ്ടി വന്നുവെങ്കിലും നിരൂപകര്‍ ഡേവിസിന്റെ അഭിനയ ത്തെ പുകഴ്ത്തിയിരുന്നു. 1935-ല്‍ ഡേയ്ഞ്ചറസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഒസ്കാര്‍ അവാര്‍ഡ് ലഭിച്ചു. അടുത്ത വര്‍ഷം ദ് പെട്രി ഫൈഡ് ഫോറസ്റ്റ് എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാര്‍ജിച്ചു. എങ്കിലും കമ്പനിയുടെ അവഗണനയില്‍ പ്രതിഷേധിച്ച് ഇംഗ്ളണ്ടില്‍ നിന്നുള്ള ചില ഓഫറുകള്‍ സ്വീകരിക്കുവാന്‍ ഡേവിസ് തയ്യാറായി. ഇതിന്റെ പേരില്‍ കമ്പനിയുമായി നടന്ന നിയമയുദ്ധത്തില്‍ പരാജയപ്പെട്ടുവെങ്കിലും ഡേവിസിന്റെ പ്രതിഭ അംഗീകരിക്കുവാനും അവസരങ്ങള്‍ നല്‍കുവാനും കമ്പനി തയ്യാറായി.

തുടര്‍ന്നുള്ള ഒരു ദശകക്കാലത്ത് ഡേവിസ് പ്രേക്ഷകരുടെ ഹരമായി വിലസി. സ്ത്രീകളായ ചലച്ചിത്രാസ്വാദകര്‍ക്കിടയില്‍ സ്വതന്ത്രയും തന്റേടിയുമായ നായികയുടെ പ്രതീകമായി ഡേവിസ് അംഗീകരിക്കപ്പെട്ടു. അതോടൊപ്പംതന്നെ പ്രേമരംഗങ്ങളിലും വിഷാദരംഗങ്ങളിലും അവര്‍ ഡേവിസിന്റെ കഥാപാത്രങ്ങളുമായി ഇഴുകിച്ചേര്‍ന്നു. 1938-ല്‍ ജെസെബെല്‍ എന്ന ചിത്രത്തിലൂടെ ഡേവിസ് രണ്ടാമത്തെ അക്കാദമി അവാര്‍ഡ് നേടി. നാല്‍പതുകളില്‍ ഡേവിസിന് മികച്ച നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും 1950-ല്‍ ആള്‍ എബൗ ഈവ് എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച നടിക്കുള്ള ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡു നേടി.

1960-കളില്‍ വാട്ട് എവര്‍ ഹാപ്പെന്‍ഡ് ടു മേരി ജെയിന്‍, ഹഷ് ഹഷ്...., സ്വിറ്റ് ചാര്‍ലറ്റ് എന്നീ ഹൊറര്‍ ചിത്രങ്ങളിലൂടെ ഡേവിസ് പ്രേക്ഷകരുടെ മനസ്സു കീഴടക്കി. 1962-ല്‍ ദ് ലോണ്‍ലി ലൈഫ് എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു. 1977-ല്‍ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഞ്ചാമത്തെ ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ് നേടി. ഈ അവാര്‍ഡ് ആദ്യമായി നേടിയ വനിത ഡേവിസ് ആണെന്നതും ശ്രദ്ധേയമത്രേ.

ദ് ഗോള്‍ഡന്‍ ആരോ, മാര്‍ക്ഡ് വിമന്‍, ഡാര്‍ക്ക് വിക്റ്ററി, ദ് മാന്‍ ഹു കെയിം ടു ഡിന്നര്‍, ഓള്‍ഡ് അക്വയ്ന്റന്‍സ്, ബിയോണ്ട് ദ് ഫോറസ്റ്റ്, അനദര്‍ മാന്‍സ് പോയ്സണ്‍, സ്റ്റോം സെന്റര്‍, ദ് സ്കേപ് ഗോട്ട്, എ പോക്കറ്റ് ഫുള്‍ ഒഫ് മിറക്കിള്‍സ്, ദി എംപ്റ്റി ക്യാന്‍വാസ്, ദി അനിവേഴ്സറി കണക്റ്റിങ് റൂമ്സ്, മദാംസിന്‍, ബേണ്‍ഡ് ഓഫറിങ്സ്, റിട്ടേണ്‍ ഫ്രം വിച്ച് മൌണ്ടന്‍, ഡെത്ത് ഓണ്‍ ദ് നൈല്‍ എന്നിവ ഡേവിസിന്റെ മികച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

1987-ലാണ് ഡേവിസ് അവസാന ചിത്രമായ ദ് വെയ് ല്‍സ് ഒഫ് ഓഗസ്റ്റില്‍ അഭിനയിച്ചത്. ഇക്കാലത്ത് ഡേവിസിനെക്കുറിച്ച് സ്വന്തം മകള്‍ രചിച്ച ജീവചരിത്രം ഏറെ വിവാദത്തിനു വിഷയ മായി. 1989-ല്‍ ഡേവിസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍