This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിഡ് കോപ്പര്‍ഫീല്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവിഡ് കോപ്പര്‍ഫീല്‍ഡ്

David Copperfield

ഇംഗ്ലീഷ് സാഹിത്യകാരനായ ചാള്‍സ് ഡിക്കന്‍സ് രചിച്ച നോവല്‍. 1849 മെയ് മുതല്‍ 1850 നവംബര്‍ വരെ ഖണ്ഡശ: പ്രസിദ്ധീകരിച്ച പ്രസ്തുത കൃതി 1850-ല്‍ത്തന്നെ പുസ്തകരൂപത്തില്‍ പുറത്തു വന്നു. ഒരു അനാഥ ബാലന്‍ ജീവിത ദുരിതങ്ങള്‍ തരണം ചെയ്ത് വിജയകരമായ ദാമ്പത്യജീവിതത്തിന്റേയും സാഹിത്യജീവിതത്തിന്റേയും പടിവാതില്‍ക്കലെത്തുന്നതു ചിത്രീകരിക്കുന്ന ഈ കൃതി അദ്ദേഹത്തിന്റെതന്നെ സാഹിത്യസൃഷ്ടികളായ ഒലിവര്‍ ട്വിസ്റ്റ്, രണ്ടു നഗരങ്ങളുടെ കഥ എന്നിവയെപ്പോലെ ഏറ്റവും അധികം ജനപ്രീതിയാര്‍ജിച്ച നോവലുകളില്‍ ഒന്നാണ്. ഡിക്കന്‍സിന്റെ കൃതികളില്‍ ആത്മകഥാംശത്തിന് ഏറ്റവും മുന്‍തൂക്കമുള്ളതും ഇതുതന്നെയാണ്. തന്റെ ഇഷ്ടസന്തതിയാണ് ഈ കൃതിയെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു.

കഥ: സഫോക്കിലെ ബ്ളണ്ടര്‍ സ്റ്റോണിലായിരുന്നു ഡേവിഡ് കോപ്പര്‍ഫീല്‍ഡിന്റെ ജനനം. ഡേവിഡിന്റെ ജനനത്തിനും ആറു മാസം മുമ്പ് പിതാവ് മരണമടഞ്ഞു. കുഞ്ഞ് ആണാണെന്നറിഞ്ഞ നിമിഷം മാതുലയായ മിസ് ബെറ്റ്സി ട്രോട് വുഡ് വീട്ടില്‍ നിന്നിറങ്ങിപ്പോയി. അമ്മയായ ക്ലാര കോപ്പര്‍ഫീല്‍ഡിന്റേയും ഭൃത്യയായ പെഗോട്ടിയുടേയും കൂടെ ഡേവിഡ് ബാല്യത്തിന്റെ ആദ്യ നാളുകള്‍ കഴിച്ചു കൂട്ടി. അചിരേണ മര്‍ഡ്സ്റ്റോണ്‍ എന്നൊരാള്‍ വിധവയായ ക്ലാരയെ വിവാഹം കഴിച്ചു. യാര്‍മത്തിലെ ബന്ധുക്കളുടെ അടുത്തേക്ക് പെഗോട്ടിയോടൊപ്പം ഡേവിഡിനെ പറഞ്ഞയയ്ക്കാന്‍ പിന്നെ അധികം വൈകിയില്ല. തിരിച്ച് വീട്ടിലെത്തിയ ഡേവിഡിനെ സ്വാഗതം ചെയ്തത് വളര്‍ത്തച്ഛന്റെ ക്രൂരമായ പെരുമാറ്റമായിരുന്നു. വളര്‍ത്തച്ഛനുമായി പിണങ്ങിയ ഡേവിഡിനെ ലണ്ടനടുത്തുള്ള സേലം ഹൗസ് എന്ന സ്കൂളില്‍ പഠിക്കാന്‍ അയച്ചു. എന്നാല്‍ അമ്മയുടെ മരണം മൂലം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പത്താമത്തെ വയസ്സില്‍ ഒരു പണ്ടകശാലയില്‍ ജോലി ചെയ്യാന്‍ ഡേവിഡ് നിയോഗിക്കപ്പെട്ടു.

ജീവിതത്തില്‍ സ്വന്തമായ ഒരു പന്ഥാവു വെട്ടിത്തെളിക്കാന്‍ തന്നെ തീരുമാനിച്ച ഡേവിഡ് ഡോവറില്‍ താമസിക്കുന്ന മാതുല യായ ബെറ്റ്സി ട്രോട് വുഡിന്റെ അടുത്തെത്തി. അവര്‍ ഡേവിഡിനെ കാന്റര്‍ബെറിയില്‍ പഠിക്കാനയച്ചു. പതിനേഴാമത്തെ വയസ്സില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സ്പെന്‍ലോ എന്ന അധ്യാപകന്റെ കീഴില്‍ നിയമപഠനമാരംഭിച്ചു. സ്പെന്‍ലോയുടെ മകളായ ഡോറയുമായി പ്രണയത്തിലാകാനും അവളെ വിവാഹം കഴിക്കാനും ഈ അവസരത്തില്‍ ഭാഗ്യം സിദ്ധിച്ചു. താമസിയാതെ ഡേവിഡ് വക്കീല്‍ ഗുമസ്തനായി ജോലി നേടിയെങ്കിലും ഡോറയുടെ ആരോഗ്യനില വഷളായത് കഥാനായകനെ മാനസികമായി തളര്‍ത്തി. ഭാര്യയുടെ മരണശേഷം സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ആഗ്നസ് പിക് ഫീല്‍ഡ് ആയിരുന്നു ഏക ആശ്രയം. അവളുടെ ഉപദേശപ്രകാരം വിദേശയാത്രയ്ക്കു തിരിച്ച ഡേവിഡ് മൂന്നു വര്‍ഷം യൂറോപ്പില്‍ താമസിച്ചു. തിരിച്ചുവന്ന് ആഗ്നസിനെ വിവാഹം കഴിച്ച് നോവലിസ്റ്റെന്ന നിലയില്‍ ഡേവിഡ് ഒരു പുതിയ ജീവിതം ആരംഭിക്കുന്നതോടെ നോവല്‍ അവസാനിക്കുന്നു.

ചാള്‍സ് ഡിക്കന്‍സ്

ഉത്തമപുരുഷാഖ്യാന രീതിയിലാണ് ഡിക്കന്‍സ് ഈ കൃതി രചിച്ചിരിക്കുന്നത്. കഥാഖ്യാനത്തെ യാഥാര്‍ഥ്യ പ്രതീതി ജനിപ്പിക്കാന്‍ തികച്ചും പര്യാപ്തമാക്കുന്നതോടൊപ്പം കഥാനായകനുമായി താദാത്മ്യം പ്രാപിക്കാന്‍ വായനക്കാരന് അവസരം നല്കാനും ഈ രീതി ഉപകരിക്കുന്നു. കഥാനായകന്റെ ഔദ്യോഗിക ജീവിത വിജയത്തേക്കാള്‍ മറ്റു കഥാപാത്രങ്ങളുമായുള്ള ബന്ധത്തിനാണ് നോവലിസ്റ്റ് ഊന്നല്‍ നല്കുന്നത്. തികഞ്ഞ ഏകാഗ്രതയോ ടെയാണ് നോവല്‍ശില്പം മെനഞ്ഞെടുത്തിരിക്കുന്നത്. നിരവധി കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും നിരവധി സംഭവങ്ങള്‍ അര ങ്ങേറുകയും ചെയ്യുന്നുണ്ടെങ്കിലും വൈകാരികവും പ്രമേയപര വുമായ ഐക്യം എല്ലാറ്റിനും അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. കഥാനായകന്റെ വ്യക്തിത്വത്തിന്റെ വികാസം എന്ന ചരടിന്മേല്‍ എല്ലാ ഇഴകളും വിദഗ്ധമായി കോര്‍ത്തിണക്കുകയാണ് ഡിക്കന്‍സ് ചെയ്തിരിക്കുന്നത്. ഡേവിഡ് പൂര്‍ണമായും ഡിക്കന്‍സിന്റെ പ്രതി രൂപമല്ലെങ്കിലും അയാളുടെ സ്വഭാവവും ജീവിതഗതിയും ഡിക്കന്‍ സിന്റേതിനോട് സാദൃശ്യമുള്ളതാണ്. മിസ്റ്റര്‍ മിക്കാബര്‍ എന്ന പാത്ര ത്തിന് ഡിക്കന്‍സിന്റെ പിതാവിനോടും ഡോറയ്ക്ക് ഡിക്കന്‍സിന്റെ ആദ്യ പ്രേമഭാജനമായ മറിയ ബീഡ്നെലിനോടുമുള്ള സാദൃശ്യം ഇതിനു തെളിവാണ്. പണ്ടകശാലയില്‍ ഡേവിഡിന് ഉണ്ടാകുന്ന തായി ചിത്രീകരിക്കപ്പെടുന്ന അനുഭവങ്ങള്‍ ഡിക്കന്‍സിന്റെ ബാല്യ കാലത്തെ തിക്താനുഭവങ്ങള്‍ തന്നെയാണ്. സര്‍വോപരി കഥാ നായകനെ നോവലിസ്റ്റായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് ഡിക്കന്‍സ് കഥ അവസാനിപ്പിച്ചിരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍