This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിഡ്, ജാക്വസ് ലൂയിസ് (1748 - 1825)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:28, 10 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡേവിഡ്, ജാക്വസ് ലൂയിസ് (1748 - 1825)

David,Jacques Louis

ജാക്വസ് ലൂയിസ് ഡേവിഡ്
ഫ്രഞ്ചു ചിത്രകാരന്‍. 1748 ആഗ. 30-ന് പാരിസില്‍ ജനിച്ചു. ആദ്യ കാലത്ത് റൊക്കോക്കോ ചിത്രകാരനായ മേരിവിയാനോടൊപ്പം ചിത്രകല അഭ്യസിച്ചു. പില്ക്കാലത്ത് ഇദ്ദേഹം ക്ളാസിക് ശൈലി യാണ് തന്റെ മാധ്യമമായി സ്വീകരിച്ചത്. പ്രീക്സ് ഡി റോം പുരസ്കാരത്തിനായി ഇദ്ദേഹം മൂന്നു തവണ ശ്രമിച്ചു പരാജയപ്പെടുകയും അതിനെത്തുടര്‍ന്ന് 1773-ല്‍ പട്ടിണി കിടന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, 1774-ല്‍ പ്രസ്തുത പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തി. ഈ വിജയത്തിന്റെ തിളക്കത്തോടെ 1781 വരെ റോമില്‍ ജീവിച്ചു. അതിനുശേഷം പാരിസില്‍ മടങ്ങി യെത്തി. 1784-ല്‍ റോയല്‍ അക്കാദമി അംഗമായി.
ജാക്വസ് ലൂയിസ് ഡേവിഡിന്റെ ഒരു പെയിന്റിങ് : പാരിസ് ആന്‍ ‍ഡ് ഹെലന്‍

ദേശഭക്തിയുടേയും പൗരുഷത്തിന്റേയും ഇതിഹാസം എന്നു വിളിക്കാവുന്ന ദി ഓത്ത് ഒഫ് ദ് ഹോരാത്തി (1778) ആണ് ലൂയിസിന്റെ ശ്രദ്ധേയമായ ആദ്യ രചന. ഡെത്ത് ഒഫ് സോക്രട്ടീസ്, ദ് റിട്ടേണ്‍ ഒഫ് ബ്രൂട്ടസ് എന്നിവ റോമില്‍ വച്ച് ഇദ്ദേഹം രചിച്ച വിഖ്യാത ചിത്രങ്ങളാണ്. ഫ്രഞ്ചു വിപ്ളവാനന്തരം റോയല്‍ അക്കാദമി പ്രവര്‍ത്തനരഹിതമായപ്പോള്‍ ഇദ്ദേഹം സമകാലിക വിഷയങ്ങളുടെ ആവിഷ്കരണത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. ദി ഓത്ത് ഒഫ് ദ് ടെന്നിസ് കോര്‍ട്ട്, ദ് ഡെത്ത് ഒഫ് മരാറ്റ് എന്നിവ ഇക്കാലത്തെ കലാസ്വാദകരെ സമാകര്‍ഷിച്ച മുഖ്യ രചനകളില്‍പ്പെടുന്നു.

ഇദ്ദേഹത്തിന്റെ ചിത്രകലാജീവിതത്തിന്റെ അടുത്തഘട്ടം നെപ്പോളിയനുമായി ബന്ധപ്പെട്ടു നില്ക്കുന്നു. രണ്ടു തവണത്തെ ജയില്‍വാസത്തിനുശേഷം നെപ്പോളിയന്റെ ചിത്രകാരന്‍ എന്ന നിലയിലാണ് ഇദ്ദേഹം വീണ്ടും രംഗപ്രവേശം നടത്തിയത്. നെപ്പോളിയന്റെ ജീവിതത്തിലെ ഒട്ടനവധി വിജയ മുഹൂര്‍ത്തങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഇദ്ദേഹം തന്റെ സര്‍ഗവൈഭവം പ്രയോഗിച്ചിട്ടുണ്ട്. നെപ്പോളിയനോടുള്ള ഇദ്ദേഹത്തിന്റെ അനുകമ്പ കലര്‍ന്ന ആദരവിന്റെ സൂചകമാണ് 1814-ല്‍ രചിച്ച ലിയോണിഡസ് അറ്റ് തെര്‍മോപൈലേ എന്ന ചിത്രം.

1814-ല്‍ നെപ്പോളിയന്‍ നാടുകടത്തപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹം 1816-ല്‍ ബ്രസ്സല്‍സിലേക്ക് പലായനം ചെയ്തു. 18-ാം ശ.-ത്തിന്റെ അന്ത്യത്തിലും 19-ാം ശ.-ത്തിന്റെ തുടക്കത്തിലും ഫ്രഞ്ച് നിയോക്ളാ സിക്കല്‍ ചിത്രകലയില്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യം അതിശ്രദ്ധേ യമായിരുന്നു. പ്രതിഭാദത്തമായ പ്രചോദനത്തിന്റേയും സമുന്നതമായ ധാര്‍മിക ബോധത്തിന്റേയും സാക്ഷാത്കാരമായ ഇദ്ദേഹത്തിന്റെ ശൈലി പില്ക്കാലത്ത് ജെറാര്‍ഡ് ഫ്രാങ്കോയിസ്, ഗിറോ ഡെറ്റ് ഡിറൌസി, അന്റോയിന്‍ ഗ്രോസ് തുടങ്ങിയ ശിഷ്യരിലൂടെ നിലനിറുത്തപ്പെടുകയുണ്ടായി. 1825 ഡി. 29-ന് ബ്രസ്സല്‍സ്സില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍