This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേറ്റാ അക്വിസിഷന്‍ കംപ്യൂട്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേറ്റാ അക്വിസിഷന്‍ കംപ്യൂട്ടര്‍

Data acquisition computer

തത്സമയ ഡേറ്റ സംഭരിക്കാനുപയോഗിക്കുന്ന കംപ്യൂട്ടര്‍. ഫാക്റ്ററി, എണ്ണ ശുദ്ധീകരണശാല, മിസൈല്‍, വിമാനം തുടങ്ങിയവയിലുള്ള വോള്‍ട്ട്മീറ്റര്‍, തെര്‍മോകപ്പിള്‍ എന്നിവയില്‍നിന്നു ലഭിക്കുന്ന നിവേശ ഡേറ്റ, തത്സമയ ഗണനത്തിനു വിധേയമാക്കേണ്ടവയായിരിക്കും. സമയാധിഷ്ഠിതമായി ഉരുത്തിരിയുന്ന ഡേറ്റയുടെ മൂല്യത്തെ ആധാരമാക്കി തുടര്‍ന്നുള്ള പ്രവര്‍ത്തനം ക്രമീകരിക്കേണ്ടിവരുന്നു എന്നതാണ് ഇതിനു കാരണം. ഇത്തരത്തിലുള്ള ഡേറ്റയുടെ മൂല്യത്തിന് വളരെ പെട്ടെന്ന് മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍ ഡേറ്റാ കമ്യൂണിക്കേഷന്‍ സിസ്റ്റത്തിനും പ്രസ്തുത മാറ്റം പ്രതിഫലിപ്പിക്കാനാകണം. ഇക്കാരണത്താല്‍ ഡേറ്റാ അക്വിസിഷന്‍ കംപ്യൂട്ടറുകളുടെ മെമ്മറി സൈക്കിള്‍ (memory cycle) വളരെ ദ്രുതഗതിയില്‍ പുതുക്കിക്കൊണ്ടിരിക്കുന്നതായിരിക്കും.

ഡേറ്റാ അക്വിസിഷന്‍ കംപ്യൂട്ടര്‍ സംവിധാനം
]

മിനി കംപ്യൂട്ടറുകളുടെ അതേ ഘടനയാണ് ഡേറ്റാ അക്വിസി ഷന്‍ കംപ്യൂട്ടറിനുമുള്ളത്. അനലോഗ്/ഡിജിറ്റല്‍ ഡേറ്റയെ സ്വീകരിക്കാനുള്ള അനലോഗ്/ഡിജിറ്റല്‍ കേബിള്‍, അനലോഗ് ഡേറ്റയുടെ പരിവര്‍ത്തനത്തിനുള്ള അനലോഗ്-റ്റു-ഡിജിറ്റല്‍ കണ്‍വെര്‍ട്ടര്‍, ഡേറ്റ സംഭരിച്ചു വയ്ക്കുവാനുള്ള ഡിസ്ക്/കാസറ്റ് ടേപ്പ് (നന്നേ കുറച്ചു ഡേറ്റ കൈകാര്യം ചെയ്യാനുള്ളവയില്‍ ഫ്ളോപ്പി ഡിസ്കുകള്‍ ഉപയോഗിച്ചാല്‍ മതി), കേന്ദ്ര പ്രോസസറുകള്‍, മെയിന്‍ മെമ്മറി, ഓപ്പറേറ്റര്‍ കണ്‍ട്രോള്‍ എന്നിവയാണ് ഇതിലെ പ്രധാന ഭാഗങ്ങള്‍. ഒന്നിലധികം പ്രോസസറുകള്‍ ഉള്ളവയില്‍ ഏതെങ്കിലും ഒരെണ്ണം പ്രവര്‍ത്തനരഹിതമായാലും കാര്യങ്ങള്‍ തടസ്സമില്ലാതെ തുടരാനാകും. ഉരുക്കുനിര്‍മാണശാലപോലുള്ള സ്ഥലങ്ങളിലെ ഉഗ്രതാപം, ബഹിരാകാശവാഹനത്തില്‍ അനുഭവപ്പെടുന്ന ഉയര്‍ന്ന ത്വരണം മുതലായ ദുര്‍ഘട സാഹചര്യങ്ങളിലെ ഡേറ്റ മാപനം ചെയ്യുവാനുള്ള കാര്യക്ഷമതയും ഇവയ്ക്ക് ആവശ്യമാണ്. നല്ല കെട്ടുറപ്പോടുകൂടിത്തന്നെയാണ് ഡേറ്റാ അക്വിസി ഷന്‍ കംപ്യൂട്ടറുകളുടെ നിര്‍മാണം. ഒന്നിലധികം ഡേറ്റാ അക്വിസിഷന്‍ കംപ്യൂട്ടറുകളെ വേഗത കുറഞ്ഞ (സെക്കന്‍ഡില്‍ 2,400 ബിറ്റുകള്‍) ടെലിഫോണ്‍ കേബിളിലൂടെ കേന്ദ്ര കംപ്യൂട്ടറുമായി ബന്ധപ്പെടുത്താവുന്ന സംവിധാനമുണ്ട്; കേന്ദ്ര കംപ്യൂട്ടര്‍ ഓരോ അക്വിസിഷന്‍ കംപ്യൂട്ടറിലേയും ഡേറ്റയെ നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച്, ആവശ്യമായ ഗണന ക്രിയകള്‍ നടത്തി, പരിണത ഫലങ്ങള്‍ പ്രസക്ത ഡേറ്റാ അക്വിസിഷന്‍ കംപ്യൂട്ടറുകളിലൂടെ ലഭ്യമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍