This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേന, ജെയിംസ് ഡ്വൈറ്റ് (1813 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേന, ജെയിംസ് ഡ്വൈറ്റ് (1813 - 95)

Dana,James Dwight

അമേരിക്കന്‍ ധാതുവിജ്ഞാനി. ശാസ്ത്രരംഗത്ത് പ്രത്യേകിച്ച് ധാതുവിജ്ഞാനീയത്തില്‍ ഇദ്ദേഹം നല്‍കിയ സംഭാവനകള്‍ അമൂല്യങ്ങളാണ്. ഭൂവിജ്ഞാനീയം, ധാതുവിജ്ഞാനീയം (ങശിലൃമഹീഴ്യ) ജന്തുശാസ്ത്രം, തുടങ്ങിയ ശാസ്ത്രശാഖകളിലെ നിരവധി ആധികാരിക ഗ്രന്ഥങ്ങളുടെ കര്‍ത്താവ് എന്ന നിലയിലും ഡേന പ്രശസ്തനാണ്. സിസ്റ്റം ഒഫ് മിനറോളജി ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം.

ന്യൂയോര്‍ക്കിലെ യൂടികയില്‍ 1813 ഫെ.12-ന് ജനിച്ചു. 1833-ല്‍ യേല്‍ കോളജില്‍ നിന്നു ബിരുദമെടുത്ത ഡേന 1836 മുതല്‍ ഇതേ കോളജില്‍ പ്രൊഫ. ബെഞ്ചമിന്‍ സിലിമാന്റെ കീഴില്‍ സേവനം ആരംഭിച്ചു. 1837-ല്‍ തന്റെ ഇരുപത്തിനാലാം വയസ്സില്‍ ആദ്യ കൃതിയായ സിസ്റ്റം ഒഫ് മിനറോളജി പ്രസിദ്ധീകരിച്ചു. 1838-ല്‍ യേല്‍ കോളജ് വിട്ട്, യു.എസ് നാവികപ്പടയില്‍ സിവിലിയന്‍ ഗണിത ശാസ്ത്ര പരിശീലകനായിച്ചേര്‍ന്നു. 1838 മുതല്‍ 42 വരെ യു.എസ്. ഗവണ്‍മെന്റിന്റെ ദക്ഷിണപസിഫിക്കിലേക്കുള്ള പര്യവേക്ഷണ സംഘത്തില്‍ ജിയോളജിസ്റ്റ്, മിനറോളജിസ്റ്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 'വില്‍ക്സ് എക്സ്പെഡിഷന്‍' എന്ന പേരിലറിയപ്പെട്ട ഈ പര്യവേക്ഷണത്തിലെ പഠനങ്ങളില്‍ നിന്ന് പവിഴദ്വീപുകളുടെ ഭൂവിജ്ഞാനീയം, അവയിലെ ജീവസമൂഹങ്ങള്‍ എന്നിവയെക്കുറിച്ച് ഡേന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പ്രസക്ത മേഖലയിലെ ആധികാരികരേഖകളായി തുടരുന്നു. 1840-ല്‍ ഇദ്ദേഹം അമേരിക്കന്‍ ജേര്‍ണല്‍ ഒഫ് സയന്‍സിന്റെ കോ-എഡിറ്ററായി നിയുക്തനായി. 1849-ല്‍ ഡേനയെ യേല്‍ കോളജിലെ പ്രകൃതി-ചരിത്ര പ്രൊഫസറായി നിയമിച്ചു. 1864 മുതല്‍ 92 വരെ ഇതേ കോളജിലെ ഭൂവിജ്ഞാനീയ, ധാതുവിജ്ഞാനീയ വിഭാഗങ്ങളുടെ പ്രൊഫസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു.

അഞ്ച് എഡിഷനുകളിലായി പ്രസിദ്ധീകരിച്ച സിസ്റ്റം ഒഫ് മിനറോളജി, മാനുവല്‍ ഒഫ് മിനറോളജി (1848), മാനുവല്‍ ഒഫ് ജിയോളജി (1862), കോറല്‍സ് ആന്‍ഡ് കോറല്‍ ഐലന്‍ഡ്സ് (1872), കാരക്റ്ററിസ്റ്റിക്സ് ഒഫ് വല്‍കനോസ് (1890) തുടങ്ങിയ ഗ്രന്ഥങ്ങളും 200-ലധികം ഗവേഷണ പ്രബന്ധങ്ങളും ഡേന രചിച്ചിട്ടുണ്ട്. 49 വര്‍ഷക്കാലം താന്‍ പ്രസാധനം ചെയ്ത അമേരിക്കന്‍ ജേര്‍ണല്‍ ഒഫ് സയന്‍സിലാണ് ഇദ്ദേഹത്തിന്റെ ഭൂരിഭാഗം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത്. ധാതുവിജ്ഞാനശാഖയ്ക്ക് വളരെ ശ്രദ്ധാര്‍ഹമായ സംഭാവനകള്‍ നല്കിയിട്ടുള്ള ഈ പ്രതിഭാശാലി 1895 ഏ. 14-ന് കണക്റ്റിക്കട്ടിലെ ന്യൂഹേവനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍