This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെവോണിയന്‍ കല്പം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെവോണിയന്‍ കല്പം

Devonian Period

പാലിയോസോയിക് മഹാകല്പത്തിലെ നാലാം കല്പം. പാലിയോസോയിക് മഹാകല്പത്തിന്റെ ആദ്യകല്പമായി കണക്കാക്ക പ്പെടുന്ന ഡെവോണിയന്‍ ഘട്ടം ഇന്നേക്ക് 408 ദശലക്ഷം വര്‍ഷങ്ങ ള്‍ക്കു മുമ്പ് ആരംഭിച്ച് 360 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് അവ സാനിച്ചതായി കരുതപ്പെടുന്നു. മത്സ്യങ്ങളുടെ പരിണാമവും വികാ സവും സംബന്ധിച്ച ജീവാശ് മരേഖകള്‍ വ്യാപകമായി ഉള്‍ ക്കൊള്ളുന്ന ഈ കല്പത്തെ പൊതുവേ 'മത്സ്യങ്ങളുടെ കാലം' എന്നു വിശേഷിപ്പിക്കാറുണ്ട്. ഡെവോണിയന്റെ മധ്യത്തോടെ മത്സ്യങ്ങള്‍ പരിണാമത്തിന്റെ അത്യുന്നതി പ്രാപിച്ചു. ശ്വസനാവയവങ്ങളോടു കൂടിയ മത്സ്യങ്ങളില്‍ നിന്ന് ഉഭയജീവികള്‍ ആവിര്‍ഭവിച്ചതും, നാളീവ്യൂഹ സസ്യങ്ങള്‍ വ്യാപകമായതും, ഭൂമുഖത്ത് ആദ്യമായി വനങ്ങള്‍ രൂപം കൊണ്ടതും ഉള്‍ പ്പെടെ ജീവജാലങ്ങളുടെ നിരവധി വികാസ പരിണാമങ്ങള്‍ക്ക് ഡെവോണിയന്‍ വേദിയായി. ആദ്യകാല ഷഡ്പദങ്ങള്‍ ആവിര്‍ഭവിച്ചതും ഡെവോണിയനില്‍ത്തന്നെആയിരുന്നു. ഡെവോണിയന്റെ അവസാനത്തോടെ ചതുഷ്പാദജീവി വര്‍ഗങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.


1839-ല്‍ ബ്രിട്ടിഷ് ഭൂവിജ്ഞാനികളായ ആദം ഷെഡ്ജ്വിക്കും (Adam Sedgwick) ആര്‍.ഐ. മര്‍ച്ചിസണും (R.I.Murchison) തെ. പടിഞ്ഞാറന്‍ ഇംഗ്ളണ്ടിലെ ഡെവണ്‍ഷെയറില്‍ നടത്തിയ പഠന ങ്ങളെ അവലംബിച്ചാണ് ഡെവോണിയന്‍ ശിലാസമൂഹം ആദ്യമായി നിര്‍ണയിക്കപ്പെട്ടത്. ഡെവണ്‍ഷെയറില്‍ നിന്നാണ് ഡെവോണി യന്‍ എന്ന നാമം നിഷ്പന്നമായിട്ടുള്ളത്. ഡെവണ്‍ഷെയര്‍, കോണ്‍ വാള്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ഡെവോണിയന്‍ ശിലാനിക്ഷേപങ്ങള്‍ക്ക് 3000 മുതല്‍ 3200 മീ. വരെ കനമുണ്ട്. പ്രധാനമായും മണല്‍ക്കല്ല്, സ്ളേറ്റ്, ചുണ്ണാമ്പുകല്ല്, കോണ്‍ഗ്ളോമെറേറ്റ്, അഗ്നിപര്‍വതക്ഷാരം, ലാവാസ് തരം എന്നിവയാല്‍ നിബിഡമാണ് ഈ ശിലാസഞ്ചയം.


ഇംഗ്ളണ്ടിനു പുറമേ, വ.കി. ഫ്രാന്‍സ്, പ.ജര്‍മനി, ഉത്തര ബല്‍ ജിയം എന്നിവിടങ്ങളിലും ഏഷ്യയില്‍ വ്യാപകമായും ഡെവോണിയന്‍ ശിലാസമൂഹങ്ങള്‍ ഉപസ്ഥിതമായിട്ടുണ്ട്. റഷ്യയില്‍ റഷ്യന്‍ പ്ളാറ്റ്ഫോമിനടിയില്‍ നിക്ഷിപ്തമായിട്ടുള്ള ഡെവോണിയന്‍ ശിലാ സമൂഹങ്ങള്‍ ലെനിന്‍ഗ്രാഡ്, യൂറാള്‍ മേഖലകളില്‍ അനാച്ഛാദനം ചെയ്യപ്പെട്ടിരിക്കുന്നു. വടക്കേ അമേരിക്കയിലെ ഏറ്റവും നല്ല ഡെവോണിയന്‍ ശ്രേണി 1842-ല്‍ ജയിംസ് ഹാള്‍ (James Hall) ന്യൂയോര്‍ക്കില്‍ നിര്‍ണയിച്ചു. ന്യൂയോര്‍ക്കിനു പുറമേ, റോക്കി പര്‍വതനിരകളുടെ വിവിധ ഭാഗങ്ങളില്‍ പശ്ചിമ കോര്‍ഡില്ലെറന്‍ (cordilleran) വലയത്തിലും ഡെവോണിയന്‍ ശിലാസഞ്ചയങ്ങള്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്. തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക, ആസ്റ്റ്രേലിയ, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലും ഡെവോണിയന്‍ ശിലകള്‍ കാണാം.


വന്‍കരകളില്‍ രൂപംകൊണ്ട ഡെവോണിയന്‍ നിക്ഷേപങ്ങളില്‍ പൊതുവേ മരുഭൂമണല്‍ക്കല്ല്, തടാകനിക്ഷേപങ്ങള്‍, നദീജന്യ അവ സാദങ്ങള്‍ എന്നിവ ഉള്‍ പ്പെടുന്നു. സവിശേഷമായ ചുവപ്പു നിറം ഇവയുടെ പ്രത്യേകതയാണ്. 1841-ല്‍ ഹ്യൂ മില്ലര്‍ (Hugh Miller) ഡെവോണിയന്‍ വന്‍കരാനിക്ഷേപങ്ങളെ ആദ്യമായി വിശദമായ ഗവേഷണപഠനങ്ങള്‍ക്കു വിധേയമാക്കി. സ്കോട്ട്ലന്‍ഡ്, ഗ്രീന്‍ ലന്‍ഡ്, കനേഡിയന്‍ ആര്‍ക്ടിക് ദ്വീപുകളുടെ ഭാഗങ്ങള്‍, അമേരി ക്കയുടെ വ.കിഴക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ ഡെവോണിയന്‍ വന്‍കരാ നിക്ഷേപങ്ങളെ മില്ലര്‍ 'ഓള്‍ഡ് റെഡ് സാന്‍ഡ് സ്റ്റോണ്‍' എന്നു വിശേഷിപ്പിച്ചു. ഇംഗ്ളണ്ടിലാണ് ഇത്തരം നിക്ഷേപങ്ങള്‍ ഏറ്റവും പ്രകടമായി കാണപ്പെടുന്നത്.


ഡെവോണിയന്‍ ശിലാസമൂഹങ്ങളില്‍ നിബദ്ധമായിരിക്കുന്ന ഫോസിലുകളുടെ അടിസ്ഥാനത്തില്‍ ഡെവോണിയന്‍ കല്പത്തെ അധോ, മധ്യ, ഉത്തര ശ്രേണികളായും സമതുലിത യുഗങ്ങളായും (epoch) വിഭജിച്ചിരിക്കുന്നു. ഡെവോണിയന്‍ ശിലാസമൂഹങ്ങളുടെ കാലനിര്‍ണയനത്തിലും താരതമ്യപഠനത്തിലും ബയോസ്ട്രാറ്റി ഗ്രഫി (Biostratigraphy) സുപ്രധാന പങ്കു വഹിക്കുന്നു. ഫോസില്‍ വര്‍ഗങ്ങളുടെ പരിണാമവും വ്യാപ്തിയുമാണ് ബയോസ്ട്രാറ്റിഗ്ര ഫിയുടെ അടിസ്ഥാനം. ഗ്രാപ്റ്റൊലൈറ്റുകള്‍ അധോ-ഡെവോണി യന്റേയും അമണോയിഡുകള്‍ ഉത്തര-ഡെവോണിയന്റേയും കാലനിര്‍ണയത്തിന് ഭൂവിജ്ഞാനികളെ സഹായിക്കുമ്പോള്‍ പ്രാദേ ശിക ഡെവോണിയന്‍ ശിലാവിധാനങ്ങളുടെ പഠനങ്ങള്‍ക്ക് ബ്രാക്കിയോപോഡ്, വിവിധയിനം പവിഴങ്ങള്‍, ഒസ് ട്രകോഡ്, ട്രൈലൊബൈറ്റ എന്നീ ഫോസിലുകളാണ് ഏറെ സഹായകമാകുന്നത്.


പുരാകാന്തിക പഠനങ്ങളുടേയും ആധുനിക ഭൂവിജ്ഞാനീയം നല്‍കുന്ന തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വന്‍കരക ളുടെ ഡെവോണിയന്‍ കല്പത്തിലെ സ്ഥാന നിര്‍ണയവും ചല നങ്ങളും നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ഈ പഠനങ്ങളുടെ അടിസ്ഥാന ത്തില്‍ ഇന്നത്തെ യൂറോപ്പ്, ഗ്രീന്‍ലന്‍ഡ്, വടക്കേ അമേരിക്ക എന്നിവ ഒന്നുചേര്‍ന്ന് ലാറേഷ്യ എന്ന ബൃഹദ് വന്‍കരയായും ഇന്ത്യ, ആസ്റ്റ്രേലിയ, അന്റാര്‍ട്ടിക്ക, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവ കൂടിച്ചേര്‍ന്ന് ഗോണ്ട്വാന എന്ന മഹാഖണ്ഡമായും ഭൂമുഖത്ത് നിലനിന്നിരുന്നു. ഈ വന്‍കരകളുടെ നല്ലൊരുഭാഗം ആഴം കുറഞ്ഞ സമുദ്രങ്ങളാല്‍ ആവൃതമായിരുന്നു.


ഡെവോണിയന്‍ കല്പത്തിന്റെ ആരംഭത്തിനു മുമ്പ് സമുദ്ര ങ്ങളുടെ അടിത്തട്ടില്‍ നിക്ഷേപിക്കപ്പെട്ട കനം കൂടിയ അവസാദ പാളികളുടെ അട്ടികള്‍ ജിയോസിന്‍ക്ളൈനുകളുടെ രൂപീകരണത്തിന് നിദാനമായിത്തീര്‍ന്നിരുന്നു. ഡെവോണിയനിലും ഇവയില്‍ അവസാദ നിക്ഷേപണം തുടര്‍ന്നു. അയര്‍ലണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച്; ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി എന്നിവടങ്ങളിലൂടെ വ്യാപിച്ച്; ദക്ഷിണ പോളണ്ടുവരെ എത്തുന്ന യൂറോപ്പിലെ ഹെര്‍സീനിയന്‍ ജിയോസിന്‍ക്ളൈന്‍ ആണ് ഇവയില്‍ പ്രധാനം. കാര്‍ബോണിഫെറസ് കല്പത്തിന്റെ അവസാന ഘട്ടത്തോടെ ഈ അവസാദ വലയം ശക്തമായ വലന പ്രക്രിയയ്ക്ക് വിധേയമായിത്തീര്‍ന്നു. നൊവായ സെംല്യയില്‍ (Novaya Zemlya) നിന്ന് ആരംഭിച്ച് തെക്കോട്ട് ഇറാന്‍ മുതല്‍ കസാഖിസ്താന്‍ വരെ വ്യാപിച്ചിരുന്ന യൂറാള്‍ ജിയോസിന്‍ക്ളൈന്‍ ആയിരുന്നു രണ്ടാമത്തേത്. സൈബീരിയന്‍ പ്ളാറ്റ്ഫോമിന് തെ. മധ്യേഷ്യന്‍ ഭാഗത്ത് വിസ്തൃതമായി വ്യാപിച്ചിരുന്ന ജിയോസിന്‍ക്ളൈന്‍ ആണ് അന്‍ഗാര (Angara). ഇത് ടിയന്‍ഷാന്‍ പര്‍വതത്തില്‍ നിന്ന് ആരംഭിച്ച് മംഗോളിയയിലൂടെ പസിഫിക് തീരം വരെ വ്യാപിച്ചിരുന്നു. യൂറോപ്പില്‍ സ്പെയിനിലും ആല്‍പൈന്‍ വലയത്തില്‍പ്പെട്ട ഗിരിപിണ്ഡ(massif)ങ്ങളിലും ഡെവോണിയന്‍ ശിലാസമൂഹം അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിമാലയം മുതല്‍ മലേഷ്യവരെ വ്യാപിച്ചിട്ടുള്ള ടെര്‍ഷ്യറി വലന വലയത്തിനുള്ളിലും ഡെവോണിയന്‍ ശിലകള്‍ ഉള്‍ ‍പ്പെട്ടുകാണുന്നു.


വടക്കെ അമേരിക്കയിലെ അപ്പലേച്ചിയന്‍ ജിയോസിന്‍ക്ളൈനില്‍ 7500 മീ. വരെ കനത്തില്‍ ഡെവോണിയന്‍ അവസാദ നിക്ഷേപം സംജാതമായി. എന്നാല്‍ വടക്കേ അമേരിക്കന്‍ ക്രാട്ടണ്‍ (craton) ഭാഗങ്ങളിലെ അവസാദ നിക്ഷേപങ്ങള്‍ക്ക് കനം തീരെ കുറവായിരുന്നു. ഈ ജിയോസിന്‍ക്ളൈനിന്റെ കിഴക്കന്‍ ഭാഗത്ത് രൂപീകൃതമായ ഡെവോണിയന്‍ ശിലകള്‍ പാലിയോസോയിക്കിന്റെ അന്ത്യത്തോടെ വലനം, കായാന്തരീകരണം തുടങ്ങിയ ഭൂപ്രക്രിയകള്‍ക്കു വിധേയമായി. എന്നാല്‍ പടിഞ്ഞാറന്‍ ഭാഗമായ ഇപ്പോഴത്തെ അപ്പലേച്ചിയന്‍ പീഠഭൂമി പ്രദേശം വലന പ്രക്രിയയ്ക്കു വിധേയമാവാതെ സ്വതന്ത്രമായി അവശേഷിച്ചു.


മധ്യ ഡെവോണിയനിലെ സുപ്രധാന പര്‍വതന പ്രക്രിയയായി കണക്കാക്കപ്പെടുന്ന അകാഡിന്‍ പര്‍വതന(acadin orogemy)മാണ് വടക്കന്‍ അപ്പലേച്ചിയന്‍ പര്‍വതന രൂപീകരണത്തിന് വഴിതെളി ച്ചത്. ഈ പ്രക്രിയയുടെ ഫലമായി കാറ്റ്സ്കില്‍ (Catskill) പര്‍വത മേഖലകളില്‍ വന്‍കരകളില്‍ രൂപംകൊണ്ട അവസാദങ്ങളായ ചുവന്ന മണല്‍ക്കല്ല്, കോണ്‍ഗ്ളോമെറേറ്റ് എന്നിവ നിക്ഷിപ്തമായി. ഈ നിക്ഷേപങ്ങള്‍ക്ക് നേര്‍വിപരീതമാണ് വടക്കേ അമേരിക്കയി ലെ മധ്യമേഖലാ ഡെവോണിയന്‍ നിക്ഷേപങ്ങള്‍; കാര്‍ബണേറ്റ് ശിലകള്‍ക്കാണ് ഇവിടെ പ്രാമുഖ്യം. ഡെവോണിയന്റെ അവസാന ത്തോടെ യു.എസ്സിലെ നെവാദ മുതല്‍ കാനഡയിലെ തെക്കേ ആല്‍ബെര്‍ട്ട വരെ വ്യാപിച്ച പ. ശിലാവലയങ്ങള്‍, അന്റ്ലെര്‍ പര്‍വതനത്തിന്റെ ഫലമായി ശക്തമായ രൂപവൈകൃതത്തിന് വിധേയമായി. പരിസ്ഥിതിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഈ മാറ്റങ്ങള്‍ ജീവിവര്‍ഗങ്ങളുടെ വ്യാപകമായ തിരോധാനത്തിന് വഴിതെളിക്കുകയും, ഫലത്തില്‍ ഡെവോണിയന്‍ കല്പത്തിനു തന്നെ വിരാമം കുറിക്കുകയും ചെയ്തു.


ഡെവോണിയന്‍ ശിലാസഞ്ചയങ്ങളില്‍ വ്യാപകമായി കാണ പ്പെടുന്ന ജൈവ റീഫുകള്‍, കാര്‍ബണേറ്റ് നിക്ഷേപം, ഇളം ചൂടു ള്ള വെള്ളത്തില്‍ വളര്‍ന്നു പെരുകുന്ന ജലജീവികളുടെ ഫോസി ലുകള്‍ തുടങ്ങിയവയെ സംബന്ധിച്ച പഠനങ്ങള്‍ ഡെവോണിയ നില്‍ പൊതുവേ ഉഷ്ണ-കാലാവസ്ഥയായിരുന്നുവെന്നു സൂചിപ്പി ക്കുന്നു. എന്നാല്‍ ഓള്‍ഡ് റെഡ് സാന്‍ഡ് സ്റ്റോണ്‍, അവശോഷിത നിക്ഷേപം എന്നിവ നല്കുന്ന സൂചന ഭൂമുഖത്തെ ചില ഭാഗങ്ങ ളില്‍ താരതമ്യേന വരണ്ട കാലാവസ്ഥയും ദക്ഷിണ ധ്രുവമേഖല യില്‍ നിലനിന്ന ഗോണ്ട്വാനയില്‍ ഭാഗികമായി തണുത്ത കാലാവ സ്ഥയും അനുഭവപ്പെട്ടിരുന്നു എന്നാണ്.


ജീവജാലങ്ങള്‍ക്ക്, പ്രത്യേകിച്ചും സമുദ്രജീവിവര്‍ഗങ്ങള്‍ക്ക് ഏറ്റവുമധികം വികാസപരിണാമങ്ങള്‍ സംഭവിച്ച പാലിയോസോയിക് കല്പമായിരുന്നു ഡെവോണിയന്‍. ഈ കല്പത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി ജീവിവര്‍ഗങ്ങള്‍ പരിണമിക്കുകയും ഒട്ടനവധി വര്‍ഗങ്ങള്‍ തിരോഭവിക്കുകയും ചെയ്തു. വന്‍കരകളില്‍ പ്രധാനമായും സസ്യങ്ങള്‍, കശേരുകികള്‍, അകശേരുകികള്‍ എന്നിവ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. നാളീവ്യൂഹസസ്യങ്ങള്‍ക്കു പുറമേ, ഇടതൂര്‍ന്ന വനങ്ങളും ഭൂമുഖത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടു. മത്സ്യങ്ങള്‍ക്കുണ്ടായ അഭൂതപൂര്‍വമായ വികാസപരിണാമമായിരുന്നു ഈ കല്പത്തിന്റെ മറ്റൊരു സവിശേഷത. ചതുഷ്പാദ ജീവികള്‍ക്കു പുറമേ ഉഭയജീവികള്‍ ആവിര്‍ഭവിച്ചതും ഡെവോണിയനിലായിരുന്നു. എന്നാല്‍ ഡെവോണിയന്റെ അവസാനത്തോടെ സമുദ്രനിരപ്പിലുണ്ടായ ഉയര്‍ച്ച നിരവധി ജീവിവര്‍ഗങ്ങളുടെ വംശനാശത്തിനു വഴിതെളിച്ചു.


ആല്‍ഗകള്‍ക്കായിരുന്നു ഡെവോണിയന്‍ സസ്യജാലത്തില്‍ നിര്‍ണായക സ്ഥാനം. എന്നാല്‍ ഡെവോണിയന്‍ ആല്‍ഗാ-ഫോ സിലുകളുടെ പരിമിതി ഇവയെക്കുറിച്ചുള്ള പഠനം ദുഷ്കരമാക്കുന്നു. സ് ടോമറ്റോലൈറ്റ് ആല്‍ഗകള്‍ ഡെവോണിയന്‍ പവിഴപ്പുറ്റുകളുടെ അടിസ്ഥാന ഘടകമായി മാറി. ഡെവോണിയന്റെ ആരംഭത്തിനു മുമ്പുതന്നെ ജലസംവഹന കലകളാല്‍ സമ്പുഷ്ടമായ സംവഹന സസ്യങ്ങള്‍ ആവിര്‍ഭവിച്ചിരുന്നു. ആദ്യകാല സംവഹന സസ്യങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ് സിലിഫൈറ്റോപ്സിഡ (psiliphytopsida). അന്ത്യ സൈലൂറിയന്‍ കല്പത്തിലെ നിക്ഷേപങ്ങളില്‍ നിബദ്ധമായിരിക്കുന്ന സസ്യഫോസിലുകളില്‍ ഭൂരിഭാഗവും സംവഹന സസ്യങ്ങളുടേതാണ്. സസ്യാവശിഷ്ടങ്ങളുടെ വന്‍ നിക്ഷേപങ്ങളും സുപ് താണുക്കളുംകൊണ്ട് സമ്പന്നമാണ് ഡെവോണിയന്‍ അവസാദങ്ങള്‍.


സമുദ്രജീവിവര്‍ഗങ്ങള്‍ക്കാണ് ഡെവോണിയനില്‍ ഏറ്റവും കൂടുതല്‍ വികാസപരിണാമം സംഭവിച്ചത്. ബ്രാക്കിയോപോഡ്, പവിഴം, എക്കിനോഡേം, സ് പോഞ്ച്, മൊളസ്ക് തുടങ്ങിയ അകശേരുകികളുടെ ആധിക്യം ഡെവോണിയന്‍ സമുദ്രങ്ങളുടെ പ്രത്യേ കതയായിരുന്നു. ഒസ് ട്രാകോഡ്, പ്ളാക്കോഡേം, അകാന്‍തോഡിയന്‍ എന്നിവ ഈ കല്പത്തില്‍ പരിണാമത്തിന്റെ ഉന്നതിയില്‍ എത്തി. ബ്രയോസോവ, ട്രൈലൊബൈറ്റ, ഗാസ്ട്രപോഡ്, സെഫലാപോഡ്, എക്കിനോയ്ഡ്, ക്രിനോയ്ഡ് എന്നിവ ഡെവോണിയന്‍ അക ശേരുകികളില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. അധോഡെവോണിയന്‍ നിക്ഷേപങ്ങളിലാണ് ഗ്രാപ് റ്റൊലൈറ്റ് ഫോസിലുകള്‍ നിബദ്ധമായി ട്ടുള്ളത്. ഡെവോണിയന്‍ നിക്ഷേപങ്ങളില്‍ വ്യാപകമായി കാണപ്പെടുന്ന കോണോഡോണ്ട്സ് (conodonts), ഗോണിയാറ്റൈ റ്റീസ് (goniaatities) ഫോസിലുകള്‍ ഡെവോണിയന്‍ നിക്ഷേപങ്ങ ളുടെ താരതമ്യപഠനത്തിന് ഏറെ സഹായകമാണ്.


പൊതുവേ മത്സ്യങ്ങളുടെ വികാസപരിണാമത്തിന്റെ കാലഘട്ടം എന്നാണ് ഡെവോണിയനെ വിശേഷിപ്പിക്കുന്നത്. സൈലൂറിയന്‍ കല്പത്തിന്റെ അവസാനത്തിലും മധ്യഡെവോണിയനിലുമാണ് മത്സ്യങ്ങള്‍ നിര്‍ണായകമായ തോതില്‍ പരിണാമത്തിനു വിധേയ മായത്. നിരവധിയിനം പുതിയ മത്സ്യങ്ങള്‍ ഈ കല്പത്തില്‍ ആവിര്‍ഭവിച്ചു. യഥാര്‍ഥ താടിയെല്ലോടുകൂടിയ ഗന്തോസ്റ്റോമാ (Ganthostoma) മത്സ്യം ആവിര്‍ഭവിച്ചതും ഡെവോണിയനില്‍ ആയിരുന്നു.


സാമ്പത്തിക പ്രാധാന്യമുള്ള നിരവധി ഖനിജങ്ങളുടെ സ്രോതസ്സാണ് ഡെവോണിയന്‍ ശിലാസഞ്ചയം. ഡെവോണിയന്‍ വന്‍കരാ നിക്ഷേപങ്ങളില്‍ പ്രധാനമായും കെട്ടിട നിര്‍മാണത്തിനും സിമന്റ് നിര്‍മാണത്തിനും ഉപയുക്തമായ ശിലകള്‍, കളിമണ്ണ്, സ്ളേറ്റ്, ഉപ്പു പാറ, സ്ഫടിക മണല്‍, അന്‍ഹൈഡ്രൈറ്റ്സ് എന്നിവ ഉള്‍പ്പെടുന്നു. ജര്‍മനിയിലെ ഡെവോണിയന്‍ ശിലാസഞ്ചയം ഇരുമ്പയിരിന്റെ കനത്ത സ്രോതസ്സാണ്. ലോകത്തിലെ ഏറ്റവും വലിയ ചുണ്ണാമ്പുകല്‍ നിക്ഷേപമായ മിഷിഗണിലെ ചുണ്ണാമ്പുഖനി ഡെവോണിയന്‍ സഞ്ചയത്തിലാണ് സ്ഥിതി ചെയ്യുന്നത്. പെന്‍സില്‍വേനിയയിലേയും ന്യൂയോര്‍ക്കിലേയും ഡെവോണിയന്‍ ശിലകള്‍ എണ്ണയും പ്രകൃതി വാതകവും പ്രദാനം ചെയ്യുന്നു. 1944-ല്‍ യൂറാള്‍-വോള്‍ഗാ തടത്തിലെ ഡെവോണിയന്‍ മണല്‍ക്കല്‍ നിക്ഷേപത്തില്‍ ഹൈഡ്രോ കാര്‍ബണും 1947-ല്‍ ആല്‍ബര്‍ട്ടയിലെ കാര്‍ബണേറ്റ് നിക്ഷേപത്തില്‍ എണ്ണയും കണ്ടെത്തി. ഉപ്പുപാറയും അന്‍ഹൈഡ്രൈറ്റുമാണ് ഡെവോണിയന്‍ ശോഷണ നിക്ഷേപങ്ങളില്‍ പ്രധാനപ്പെട്ടവ. നോ: പാലിയോസോയിക് മഹാകല്പം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍