This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെല്‍ബ്രൂക്, ഹാന്‍സ് ഗോട്ട്ലിബ് (1848-1929)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെല്‍ബ്രൂക്, ഹാന്‍സ് ഗോട്ട്ലിബ് (1848-1929)

Delbruck, Hans Gottieb Leopold

ജര്‍മന്‍ ചരിത്രകാരന്‍. രാഷ്ട്രീയ ചരിത്രവും സൈനിക ചരിത്രവുമാണ് ഇദ്ദേഹം വിഷയമാക്കിയിട്ടുള്ളത്. ഉത്തര-പൂര്‍വ ജര്‍മനിയിലെ റൂജന്‍ (Rugen) ദ്വീപിലെ ബര്‍ജിനില്‍ (Bergen) 1848 ന. 11-ന് ഇദ്ദേഹം ജനിച്ചു. ജര്‍മനിയിലെ ഹെയ്ഡല്‍ബര്‍ഗ്, ഗ്രീഫ് സ് വാള്‍ഡ്, ബോണ്‍ എന്നീ സര്‍വകലാശാലകളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രഷ്യയിലെ വ്ളാദിമിര്‍ രാജകുമാരന്റെ ട്യൂട്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബര്‍ലിന്‍ സര്‍വകലാശാലയില്‍ ആധുനിക ചരിത്രത്തിന്റെ പ്രൊഫസറായി (1896-1921) ഇദ്ദേഹം നിയമിതനായിരുന്നു. പ്രഷ്യയിലെ ലാന്‍ടാഗ് (1882-85), ജര്‍മന്‍ റീഷ്സ്റ്റാഗ് (1884-90) എന്നീ നിയമനിര്‍മാണ സഭകളില്‍ അംഗമായിരിക്കുവാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു. അക്കാലത്തെ ഒരു പ്രമുഖ ആനുകാലിക പ്രസിദ്ധീകരണമായിരുന്ന പ്രഷ്യന്‍ അനല്‍സിന്റെ (Preussische Jahrbucher) എഡിറ്ററായി 1883 മുതല്‍ 1919 വരെ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ചരിത്ര പണ്ഡിതനെന്ന അംഗീകാരം നേടിയ ഇദ്ദേഹം യുദ്ധകാര്യചരിത്രത്തെപ്പറ്റി ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ ജര്‍മന്‍ ഭാഷയില്‍ രചിച്ച് പ്രശസ്തി നേടി. ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധത്തേയും രാഷ്ട്രീയത്തേയും പറ്റി ഗ്രന്ഥരചന നടത്തി. ജര്‍മനിയുടെ വിദേശനയത്തെപ്പറ്റി അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. ഒന്നാം ലോകയുദ്ധം അവസാനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പാരിസ് സമാധാന സമ്മേളനത്തില്‍ ഇദ്ദേഹം സംബന്ധിച്ചിരുന്നു. 1929 ജൂല. 14-ന് ഇദ്ദേഹം ബര്‍ലിനില്‍ നിര്യാതനായി.

(ഡോ. ബി. സുഗീത, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍