This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെലാക്രോയിക്സ്, യൂജിന്‍ (1798 - 1863)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:15, 22 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡെലാക്രോയിക്സ്, യൂജിന്‍ (1798 - 1863)

Delacroix, Eugene

ഫ്രഞ്ച് റൊമാന്റിക് ചിത്രകാരന്മാരില്‍ പ്രമുഖന്‍. 1798 ഏ. 26-ന് പാരിസിനടുത്ത് ജനിച്ചു. വിദ്യാഭ്യാസകാലത്ത് സംഗീതത്തിലായിരുന്നു കൂടുതല്‍ താത്പര്യമെങ്കിലും 1816-ല്‍ ചിത്രരചന പരിശീലിക്കാനാരംഭിച്ചു. ചിത്രകാരനായ പിയറി ഗുറീനോടൊപ്പമായിരുന്നു പഠനം. ആദ്യകാലത്ത് വരയാണോ എഴുത്താണോ തന്റെ മാധ്യമം എന്ന കാര്യത്തില്‍ ഇദ്ദേഹത്തിന് വ്യക്തതയില്ലായിരുന്നു. എന്നാല്‍ തിയോഡോര്‍ ഗെറികാള്‍ട്ടിന്റെ കവല്‍റി ഓഫീസര്‍ (1812) എന്ന ചിത്രം ഒരു ചിത്രകാരനാകണമെന്ന മോഹത്തെ ഇദ്ദേഹത്തില്‍ ദൃഢമാക്കി. നൈരാശ്യവും സ്വാതന്ത്ര്യദാഹവും ക്രിയാത്മകതയും ഇഴചേര്‍ന്ന ആ ചിത്രത്തിന്റെ കാല്പനിക ഭാവതലം ഇദ്ദേഹത്തിന്റെ രചനകളില്‍ എക്കാലവും നിഴലിക്കുകയും ചെയ്തു. നിയോക്ലാസിക് സങ്കേതത്തിലുള്ള ചിത്രരചനയ്ക്കായിരുന്നു ഇക്കാലത്ത് മുന്‍തൂക്കം. പ്രസിദ്ധ ചിത്രകാരനായിരുന്ന ഡേവിഡും പിന്‍ഗാമികളും നെപ്പോളിയന്റെ സാഹസിക കൃത്യങ്ങളില്‍ ആകൃഷ്ടരായിരുന്നു.

യൂജിന്‍ ഡെലാക്രോയിക്സ്

ഫ്രഞ്ച് പാരമ്പര്യത്തിലധിഷ്ഠിതമായ ക്രമവും സുതാര്യതയും ഡെലാക്രോയിക്സിന്റെ ചിത്രരചനയില്‍ പ്രാരംഭം മുതല്‍ക്കു തന്നെ പ്രകടമായിരുന്നു. 1822-ലെ സലോണ്‍ പ്രദര്‍ശനമേളയില്‍ അവതരിപ്പിച്ച 'ഡാന്റെ ആന്‍ഡ് വിര്‍ജില്‍ ഇന്‍ ദി ഇന്‍ഫേണല്‍ റീജിയണ്‍സ്' 19-ാം നൂറ്റാണ്ടിലെ ഫ്രെഞ്ച് റൊമാന്റിക് ചിത്രകലയുടെ പാതയില്‍ ഒരു നാഴികക്കല്ലായി മാറി. നെപ്പോളിയന്റെ യുദ്ധരംഗത്തുള്ള വിജയങ്ങളെത്തുടര്‍ന്ന് നാട്ടിലേക്ക് പ്രവഹിച്ച ഇറ്റാലിയന്‍-ഡച്ച്-ഫ്ളെമിഷ് ക്ലാസിക്കല്‍ ചിത്രങ്ങള്‍ വിശദമായി പഠിച്ചശേഷമാണ് ഡെലാക്രോയിക്സ് സ്വന്തം ശൈലി രൂപപ്പെടുത്തിയത്. മൈക്കലാഞ്ചലോയുടേയും റൂബെന്‍സിന്റേയും സ്വാധീനം ഇദ്ദഹത്തിന്റെ രചനകളില്‍ കാണാം. സമകാലികരായ ചിത്രകാരന്മാരില്‍ തിയഡോര്‍ ഗെരികോള്‍ട്ടും ഒരു സ്വാധീനകേന്ദ്രമായിരുന്നു.

ചിത്രരചനയ്ക്കുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ റൊമാന്റിക് കവികള്‍ക്കാണ് ഡെലാക്രോയിക്സ് കൂടുതല്‍ പ്രാധാന്യം കല്‍പിച്ചത്. ദാന്തെയുടേയും ഷെയ്ക്സ്പിയറുടേയും കൃതികളിലെ രംഗങ്ങള്‍ അദ്ദേഹം ക്യാന്‍വാസിലേക്കു പകര്‍ത്തി. തുര്‍ക്കികള്‍ക്കെതിരെ ഗ്രീക്കുകാര്‍ നടത്തിയ മുന്നേറ്റത്തെ ചിത്രീകരിക്കുന്ന 'മാസക്കര്‍ അറ്റ് കിയോസ്' 1824-ല്‍ പ്രദര്‍ശിപ്പിച്ചു.

1825-ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച ഡെലാക്രോയിക്സ് രചിച്ച ബാരണ്‍ ഷ്വിറ്ററുടെ പോര്‍ട്രെയ്റ്റ് ലണ്ടനിലെ നാഷണല്‍ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ മധ്യകാല കലാസൃഷ്ടികളെക്കുറിച്ച് ഇദ്ദേഹം വിശദമായ പഠനങ്ങള്‍ നടത്തി. അടിമകളും സ്ത്രീകളും ആടയാഭരണങ്ങളും കൂടിക്കലര്‍ന്ന ഡെത്ത് ഒഫ് സര്‍ദാനാ പാലസ് (1827) എന്ന ചിത്രത്തിന്റെ പ്രമേയം ബൈറണില്‍ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. 1830-ല്‍ രചിച്ച ലിബര്‍ട്ടി ഗൈഡിങ് ദ് പീപ്പിള്‍ എന്ന ചിത്രത്തില്‍ അലിഗറിയും റിയലിസവും സംയോജിപ്പിച്ചിരിക്കുന്നു.

ഡെലാക്രോയിക്സിന്റെ പെയിന്റിംങ്

1832-ല്‍ അള്‍ജീരിയ, സ്പെയിന്‍, മൊറൊക്കോ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷം ഡെലാക്രോയിക്സ് രചിച്ച അള്‍ജീരിയന്‍ വിമന്‍ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി. ഇക്കാലത്ത് ലക്സംബര്‍ഗിലെ ലൈബ്രറി ഉള്‍പ്പടെ അനേകം മന്ദിരങ്ങളുടെ ചിത്രാലങ്കാരപ്പണി ഇദ്ദേഹം ഏറ്റെടുക്കുകയുണ്ടായി. എന്റി ഒഫ് ദ് ക്രൂസേഡേഴ്സ് ഇന്റു കോണ്‍സ്റ്റാന്റിനോപ്പിള്‍ പോലെയുള്ള പല മികച്ച ചിത്രരചനകളും ഡെലാക്രോയിക്സിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു.

19-ാം ശ. -ത്തിലെ കാല്പനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരിലൊരാളായിരുന്നു ഡെലാക്രോയിക്സ്. ഇംപ്രഷനിസ്റ്റു പ്രസ്ഥാനത്തിന് വഴിയെരുക്കിയവരുടെ കൂട്ടത്തിലും ഇദ്ദേഹത്തെ ഉള്‍പ്പെടുത്താവുന്നതാണ്.

ചിത്രകാരനെന്നതിനു പുറമെ ഇദ്ദേഹം മികച്ചൊരു എഴുത്തുകാരനുമായിരുന്നു. ജേണല്‍ എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധീകരണം തന്നെ ഒരുദാഹരണം. ഇതിനു പുറമേ നാലു വാല്യങ്ങളിലായി അദ്ദേഹത്തിന്റെ കത്തുകളും ലേഖനങ്ങളും സമാഹരിച്ചിട്ടുണ്ട്.

1863 ആഗ. 13-ന് ഡെലാക്രോയിക്സ് പാരിസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍