This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെമ്യൂര്‍ജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെമ്യൂര്‍ജ്

Demiurge

ഗ്രീക്ക് പുരാണങ്ങളില്‍ പരാമൃഷ്ടമായിട്ടുള്ള ഒരു ദേവന്‍. അവ്യവസ്ഥയില്‍നിന്നും വ്യവസ്ഥാപിതമായ ഭൗതികപ്രപഞ്ചത്തിനു രൂപം നല്‍കിയത് ഡെമ്യൂര്‍ജ് ആണെന്നാണ് ഗ്രീക്ക് പുരാണം ഉദ്ഘോഷിക്കുന്നത്. പ്ളേറ്റോ തന്റെ ടിമായൂസ് (Timaeus) എന്ന കൃതിയില്‍ ഡെമ്യൂര്‍ജിനെ പരാമര്‍ശിക്കുന്നുണ്ട്. സര്‍വഗുണസമ്പന്നനായിട്ടാണ് ഡെമ്യൂര്‍ജിനെ ചിത്രീകരിച്ചിട്ടുള്ളത്. തന്റെ ഗുണങ്ങളെ മറ്റുള്ളവയിലേക്ക് സംവേദനം ചെയ്യാന്‍ ഡെമ്യൂര്‍ജ് ഉത്സുകനായിരുന്നു. പ്ലേറ്റോയുടെ കൃതികളില്‍ പരാമര്‍ശിച്ചിട്ടുള്ള അനശ്വരമായ രൂപങ്ങളുടെ ലോകത്തെ ഭൗതികപ്രപഞ്ചത്തില്‍ യാഥാര്‍ഥ്യമാക്കിത്തീര്‍ക്കുക എന്നതായിരുന്നു ഡെമ്യൂര്‍ജിന്റെ ദൗത്യം. ഏറ്റവും വലിയ ദൈവം വ്യവസ്ഥാപിതമായ ഭൗതിക പ്രപഞ്ചത്തിന്റെ കാരകന്‍കൂടി ആയിരുന്നെങ്കിലും തീയിസത്തിലെ ദൈവത്തിനു സമാനമായ പദവി ഡെമ്യൂര്‍ജിനു ലഭിച്ചിരുന്നില്ല. തത്ത്വശാസ്ത്രപരമായും മൂല്യാധിഷ്ഠിതമായും അനശ്വരമായ രൂപത്തെ (forms)ക്കാള്‍ പ്രത്യേകിച്ചും നന്മയുടെ അനശ്വരരൂപത്തെക്കാള്‍ കുറഞ്ഞ സ്ഥാനമാണ് ഡെമ്യൂര്‍ജിനുണ്ടായിരുന്നത്. ഡെമ്യൂര്‍ജിനു പലവിധ പരിമിതികളും ഉണ്ടായിരുന്നു. ഭൗതിക പ്രപഞ്ചസൃഷ്ടിക്കായി ഡെമ്യൂര്‍ജ് ഉപയോഗിച്ച ഭൗതിക വസ്തുക്കള്‍ ഡെമ്യൂര്‍ജിന്റെ സൃഷ്ടിയായിരുന്നില്ല.

നാസ്റ്റിക് തത്ത്വവാദികളുടെ തത്ത്വവീക്ഷണ (gnosticism) പ്രകാരം ഡെമ്യൂര്‍ജ് അജ്ഞനും അശക്തനും അധമനും ആണെന്നാണ് സങ്കല്‍പം. ഒരു പരിധിവരെ പ്രപഞ്ചസൃഷ്ടിയുടെ ധാര്‍മിക കാരണമായും ഡെമ്യൂര്‍ജിനെ ചിത്രീകരിച്ചിട്ടുണ്ട്. ആധുനിക കാലഘട്ടത്തില്‍ അറിവും ശക്തിയും കുറഞ്ഞ ദൈവത്തെ സൂചിപ്പിക്കാനാണ് ഡെമ്യൂര്‍ജ് എന്ന പദം ഉപയോഗിക്കുന്നത്. ജെ.എസ്.മില്ലിന്റെ തിയിസ് എന്ന കൃതിയിലാണ് ഈ അര്‍ഥത്തില്‍ ഈ പദം ആദ്യമായി പ്രയോഗിക്കപ്പെട്ടത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍