This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെമോക്രാറ്റിക് പാര്‍ട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെമോക്രാറ്റിക് പാര്‍ട്ടി

തോമസ് ജെഫേഴ്സണ്‍

യു.എസ്സിലെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി. 1790-കളില്‍ നിലവില്‍ വന്ന 'ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി'യാണ് പിന്നീട് 'ഡെമോക്രാറ്റിക്' പാര്‍ട്ടിയായി രൂപാന്തരപ്പെട്ടത്. തോമസ് ജെഫേഴ്സണും, ജെയിംസ് മാഡിസണുമായിരുന്നു പാര്‍ട്ടി രൂപവത്കരിക്കുന്നതിനുള്ള നേതൃത്വം നല്‍കിയവര്‍. 'റിപ്പബ്ലിക്കന്‍' എന്നും 'ജെഫേഴ്സോണിയന്‍' എന്നും അക്കാലത്ത് ഇതറിയപ്പെട്ടിരുന്നു. അന്ന് നിലവിലിരുന്ന 'ഫെഡറലിസ്റ്റ്' പാര്‍ട്ടിക്കെതിരായി ഇതു രൂപവത്കരിക്കപ്പെട്ടു. പ്രബലമായ കേന്ദ്ര ഗവണ്‍മെന്റിനുവേണ്ടിയുള്ള വാദത്തിനെതിരായി സ്റ്റേറ്റുകളുടെ അധികാരസംരക്ഷണത്തിനനുകൂലമായ നയമാണ് ഇവര്‍ സ്വീകരിച്ചിരുന്നത്. വെര്‍ജീനിയ കേന്ദ്രീകരിച്ച് ശക്തിപ്രാപിച്ചുവന്ന പാര്‍ട്ടിക്ക് 1800 ആയപ്പോഴേക്കും രാജ്യവ്യാപകമായ സ്വാധീനമുണ്ടായി. ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി യു.എസ്. പ്രസിഡന്റു പദവിയില്‍ ആദ്യമെത്തിയത് തോമസ് ജെഫേഴ്സണ്‍ ആണ് (1801). ജെഫേഴ്സന്റെ പ്രസിഡന്റ് പദവി പാര്‍ട്ടിക്ക് അഭൂതപൂര്‍വമായ ശക്തിപകരാന്‍ സഹായകമായിത്തീര്‍ന്നു. ഈ പാര്‍ട്ടിയുടെ ദേശീയ മേധാവിത്വം ചോദ്യം ചെയ്യാന്‍ പ്രാപ്തവും പ്രബലവുമായ മറ്റൊരു പാര്‍ട്ടിയും അക്കാലത്ത് യു.എസ്സില്‍ ഉണ്ടായിരുന്നില്ല എന്ന അവസ്ഥ തന്നെ സംജാതമായി. ഈ രാഷ്ട്രീയ സാഹചര്യം ഏകദേശം 1857 വരെ തുടര്‍ന്നു. ഇതിനിടയ്ക്ക് ഫെഡറലിസ്റ്റ് പാര്‍ട്ടി നാശോന്മുഖമാകുന്ന സ്ഥിതിയിലെത്തിക്കഴിഞ്ഞിരുന്നു. ഇടയ്ക്ക് ഉദയം ചെയ്ത വിഗ് പാര്‍ട്ടിക്കും ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഉലയ്ക്കാന്‍ കഴിഞ്ഞില്ല. 1832 മേയില്‍ ബാള്‍ട്ടിമൂര്‍ എന്ന സ്ഥലത്ത് പാര്‍ട്ടിയുടെ ആദ്യ കണ്‍വെന്‍ഷന്‍ നടക്കുകയുണ്ടായി. അതോടുകൂടി ഇതൊരു ദേശീയ സംഘടനയെന്ന നിലയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ആന്‍ഡ്രൂ ജാക്സണ്‍ യു.എസ്. പ്രസിഡന്റായിരുന്നപ്പോഴാണ് 1830-കളില്‍ ഇതിന് ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരുമാറ്റം നിലവില്‍വന്നത്. 1850-കളുടെ മധ്യമായപ്പോഴേക്കും പാര്‍ട്ടി ക്ഷയിച്ചുതുടങ്ങി. 1854-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലവില്‍വന്നു. ഇത് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ദേശീയ തലത്തിലുള്ള ഒരു പ്രതിയോഗിയായി മാറി. അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത് (1861-65) പാര്‍ട്ടിയില്‍ രൂക്ഷമായ ഭിന്നിപ്പുകള്‍ തലപൊക്കി. അടിമ സമ്പ്രദായത്തെച്ചൊല്ലിയും യൂണിയനില്‍ ചേരുന്നതു സംബന്ധിച്ചുമുള്ള പ്രശ്നങ്ങളാണ് ഭിന്നിപ്പിനു കളമൊരുക്കിയത്. ദേശീയതലത്തില്‍ ശക്തിയാര്‍ജിച്ചുകൊണ്ട് കുതിച്ചുയരുവാന്‍ ഇതുമൂലം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു അവസരവും ആവേശവും ലഭിച്ചു. തന്മൂലം കുറേക്കാലത്തേക്ക് യു.എസ്. പ്രസിഡന്റു സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളാരും തെരഞ്ഞെടുക്കപ്പെടുകയുമുണ്ടീയില്ല. 1913-ല്‍ വുഡ്റോ വില്‍സണ്‍ പ്രസിഡന്റായപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് താല്‍ക്കാലികമായ ഉണര്‍വുണ്ടായെങ്കിലും ദീര്‍ഘകാലം അതു നിലനിര്‍ത്തുവാന്‍ സാധിച്ചില്ല. 1860-നും 1912-നും ഇടയ്ക്ക് പ്രസിഡന്റായ ഏക ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഗ്രോവര്‍ ക്ലീവ്ലന്‍ഡ് ആയിരുന്നു (1885-89, 1893-97). ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റിന്റെ 'ന്യൂ ഡീല്‍' നയം 1932 മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു വീണ്ടും ശക്തി പ്രാപിക്കുവാന്‍ പഴുതുണ്ടാക്കി. തകര്‍ന്നുകൊണ്ടിരുന്ന അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് പുതിയ ചൈതന്യം നല്‍കുന്നതായിരുന്നു 'ന്യൂ ഡീല്‍' നയം. 1860 മുതല്‍ അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായിരുന്ന രാഷ്ട്രീയക്കുത്തക തകര്‍ക്കാന്‍ ഇതുമൂലം ഡെമോക്രാറ്റിക് പാര്‍ട്ടിക്കു കഴിഞ്ഞു. 20-ാം ശ.-ത്തില്‍ വുഡ്റോ വില്‍സണ്‍, ഫ്രാങ്ക്ളിന്‍ ഡി. റൂസ്വെല്‍റ്റ്, ഹാരി ട്രൂമാന്‍, ജോണ്‍ എഫ്. കെന്നഡി, ലിന്‍ ബി. ജോണ്‍സണ്‍, ജിമ്മി കാര്‍ട്ടര്‍ എന്നീ പ്രമുഖരെ പ്രസിഡന്റു പദവിയിലെത്തിക്കാന്‍ ഈ പാര്‍ട്ടിക്കു കഴിഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അവകാശം വേണമെന്ന വാദവുമായി നിലവില്‍വന്ന പാര്‍ട്ടിയാണിത്. പുരോഗമന രാഷ്ട്രീയാശയങ്ങളും ആദര്‍ശങ്ങളും നിലനിര്‍ത്തിപ്പോരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി തൊഴിലാളികളേയും കര്‍ഷകരേയും ഉള്‍ക്കൊള്ളുവാന്‍ യാതൊരു വൈമനസ്യവും പ്രകടിപ്പിച്ചില്ല. പുതിയ തലമുറയിലെ യുവാക്കളും ബുദ്ധിജീവികളും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. പൗരാവകാശങ്ങള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും പാര്‍ട്ടി ഏറെ ശ്രദ്ധ നല്‍കിവരുന്നു. പാര്‍ട്ടിയുടെ ചരിത്രത്തിലുടനീളം ജനങ്ങളുടെ പാര്‍ട്ടി എന്ന സങ്കല്പത്തിന് പരമപ്രാധാന്യം നല്‍കിവരുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍