This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെഗാസ്, എഡ്ഗാര്‍ (1834 - 1917)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെഗാസ്, എഡ്ഗാര്‍ (1834 - 1917)

Degas, Edgar

ഫ്രഞ്ച് ചിത്രകാരനും ശില്പിയും. സമ്പന്നനും കലാപ്രേമിയുമായ ഒരു ബാങ്കറുടെ മകനായി ജനിച്ച ഡെഗാസ് നിയമപഠനത്തിലേര്‍പ്പെട്ടുവെങ്കിലും പിന്നീട് ചിത്രമെഴുത്തിലാണ് വൈദഗ്ധ്യം നേടിയത്. പ്രമുഖരായ പൂര്‍വചിത്രകാരന്മാരുടെ രചനകള്‍ സൂക്ഷ്മമായി പഠിച്ച ഡെഗാസ് 1854-നും 59-നുമിടയ്ക്കുള്ള കാലം ഇറ്റലിയില്‍ ചെലവഴിച്ചു. ആദ്യകാലത്ത് പോര്‍ട്രെയ്റ്റുകളും ക്ലാസ്സിക് കഥകളെ ആസ്പദമാക്കിയുള്ള ചിത്രരചനകളും നടത്തി. 'യങ് സ്പാര്‍ട്ടന്‍സ്' ഇതിനൊരുദാഹരണമാണ്.

പ്രസിദ്ധ ഇംപ്രഷനിസ്റ്റായിരുന്ന മാനെറ്റുമായുള്ള സമ്പര്‍ക്കം ഡെഗാസിനെ അവരുടെ സാങ്കേതത്തിലെത്തിച്ചു. ചരിത്രപരമായ ചിത്രരചന ഉപേക്ഷിച്ച ഡെഗാസ് സമകാലിക പ്രശ്നങ്ങളെ ചിത്രരചനയ്ക്കു പ്രതിപാദ്യമാക്കി. പന്തയ രംഗങ്ങളും, ബാലെകളും, സര്‍ക്കസും, കോഫിഹൗസുകളുമെല്ലാം ചിത്രരചനയ്ക്ക് ആധാരമായി. എഡ്മ് ഡുറാന്റി എന്ന സാഹിത്യകാരന്റെ സ്വാധീനവും ഈ പരിവര്‍ത്തനത്തിനു പിന്നില്‍ കാണാം.

ഡെഗാസിന്റെ ഒരു പെയിന്റിംഗ്

ഇംപ്രഷനിസ്റ്റ് സ്കൂളിലെ പ്രമുഖാംഗമായി മാറിയ ഡെഗാസിന്റെ ചിത്രങ്ങള്‍ എട്ട് ഇംപ്രഷനിസ്റ്റ് എക്സിബിഷനുകള്‍ നടത്തിയതില്‍ ഏഴെണ്ണത്തിലും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇംപ്രഷനിസ്റ്റ് രചനകള്‍ നടത്തുമ്പോഴും ഡെഗാസ് പ്രസ്തുത സ്കൂളിലെ മറ്റംഗങ്ങളില്‍നിന്നു വേറിട്ട ഒരു പദവിയിലായിരുന്നു. പ്രകൃതിദൃശ്യങ്ങളില്‍ പ്രത്യേക താത്പര്യം പ്രദര്‍ശിപ്പിക്കാതിരുന്ന ഡെഗാസ് പ്രകാശത്തിന്റെയും അന്തരീക്ഷത്തിന്റെയും മാറ്റത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. ചിത്രമെഴുത്തിലായിരുന്നു അദ്ദേഹത്തിന് ഏറെ താത്പര്യം. ഡെഗാസിനുണ്ടായിരുന്ന അക്കാദമിക പശ്ചാത്തലം ഇംപ്രഷനിസ്റ്റുകളില്‍ മാറ്റാര്‍ക്കുമുണ്ടായിരുന്നില്ല. അപരിചിതമായ വീക്ഷണത്തിലൂടെയാണ് ഡെഗാസ് പല ചിത്രങ്ങള്‍ക്കും രൂപം നല്‍കിയത്. ഫോട്ടോ ഗ്രാഫിയിലെ നൂതനസങ്കേതങ്ങള്‍ മറ്റുള്ളവരെയെന്നപോലെ ഡെഗാസിനെയും സ്വാധീനിച്ചിരുന്നു. പ്രകൃതിയില്‍ നിന്നു നേരിട്ട് രചന നടത്തുന്ന രീതി അദ്ദേഹം സ്വീകരിച്ചിരുന്നില്ല.

കളര്‍സ്റ്റിക് ഉപയോഗിച്ചുള്ള പേസ്റ്റല്‍ രചനയാണ് ഡെഗാസ് നടത്തിയിരുന്നതെങ്കിലും 1880-കളില്‍ കാഴ്ചശക്തി കുറഞ്ഞപ്പോള്‍ കളര്‍സ്റ്റിക്കിനെ കൂടുതലായി ആശ്രയിക്കേണ്ടിവന്നു. രചനകള്‍ക്ക് ചായക്കൂട്ട് വര്‍ധിക്കുകയും അവ കൂടുതല്‍ ലളിതമാവുകയും ചെയ്തു. നിരന്തരമായ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഡെഗാസ് ടെംപറയും പേസ്റ്റലും ഇടകലര്‍ത്തി പുതിയ രീതിയില്‍ ചിത്രരചന നടത്തി. ഇക്കാലത്ത് മെഴുക് ഉപയോഗിച്ചുള്ള മോഡലിങ്ങും അദ്ദേഹം നടത്തുകയുണ്ടായി. 'ലിറ്റില്‍ ഫോര്‍ട്ടീന്‍ ഇയര്‍ ഓള്‍ഡ് ഡാന്‍സര്‍' എന്ന മെഴുകു പ്രതിമ പില്ക്കാലത്ത് ബ്രോണ്‍സിലാക്കുകയുണ്ടായി.

അവസാനകാലത്ത് അന്ധനായി മാറിയ ഡെഗാസ് ഒരേകാന്ത ജീവിതമാണ് നയിച്ചത്. നമ്മുടെ യുഗത്തിലെ ഏറ്റവും മികച്ച കലാകാരനാണ് ഡെഗാസ് എന്ന് ഫ്രഞ്ച് ചിത്രകാരനായ കാമില്‍ പിസ്സാറൊ അഭിപ്രായപ്പെടുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍