This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെഗാസ്പെറി, ആല്‍സീഡെ (1881 - 1954)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെഗാസ്പെറി, ആല്‍സീഡെ (1881 - 1954)

De Gasperi, Alcide

ആല്‍സീഡെ ഡെഗാസ്പെറി

ഇറ്റലിയിലെ മുന്‍പ്രധാനമന്ത്രി. ദീര്‍ഘകാലത്തെ ഫാസിസ്റ്റ് സമഗ്രാധിപത്യത്തിനുശേഷം ഇറ്റലിയെ ജനാധിപത്യത്തിലേക്കു നയിക്കുന്നതിന് ഇദ്ദേഹം നേതൃത്വം നല്‍കി. 1881 ഏ. 3-ന് ട്രെന്റോ പ്രവിശ്യയിലായിരുന്നു ജനനം. വിയന്ന സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടി. ഇദ്ദേഹം 1911 മുതല്‍ 18 വരെ ആസ്റ്റ്രിയന്‍ പാര്‍ലമെന്റില്‍ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ജന്മദേശം ഉള്‍ക്കൊള്ളുന്ന ആസ്റ്റ്രിയയെ ഉള്‍പ്പെടുത്തി ഏകീകൃത ഇറ്റലി രൂപവത്കരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. 1919-ല്‍ പോപ്പുലര്‍ പാര്‍ട്ടി സ്ഥാപിക്കുന്നതിനു നേതൃത്വം നല്‍കിയവരില്‍ ഒരാളായിരുന്നു ഇദ്ദേഹം. 1921-ല്‍ ചേംബര്‍ ഒഫ് ഡെപ്യൂട്ടീസില്‍ (നിയമസഭ) അംഗമായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഫാസിസ്റ്റു വിരുദ്ധനായിരുന്ന ഇദ്ദേഹത്തെ ബെനിറ്റോ മുസ്സോളിനിയുടെ ഗവണ്‍മെന്റ് 1926 -ഓടെ തടവുകാരനാക്കിയിരുന്നു. 1931 മുതല്‍ വത്തിക്കാന്‍ ഗ്രന്ഥശാലയില്‍ ജോലി നോക്കിവന്നു. രണ്ടാം ലോകയുദ്ധം തുടങ്ങിയപ്പോള്‍ ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. മുസ്സോളിനിയുടെ പതനശേഷമുണ്ടായ ഇറ്റാലിയന്‍ മന്ത്രിസഭകളില്‍ മന്ത്രിയാവുകയും 1945-നുശേഷം കൂട്ടുകക്ഷി ഗവണ്‍മെന്റുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. 1953 വരെ തുടര്‍ച്ചയായി എട്ടുതവണ ഇദ്ദേഹം പ്രധാനമന്ത്രിയായി മന്ത്രിസഭ രൂപവത്കരിച്ചിരുന്നു. ഇറ്റലിയില്‍ കമ്യൂണിസം വേരൂന്നുന്നതിനെതിരായി പ്രവര്‍ത്തിച്ച ശക്തികേന്ദ്രമായിരുന്നു ഡെഗാസ്പെറി.

1953-ലെ തെരഞ്ഞെടുപ്പില്‍ ഡെഗാസ്പെറിയുടെ കക്ഷിക്കുണ്ടായ പരാജയത്തെത്തുടര്‍ന്ന് ഇദ്ദേഹം പ്രധാമന്ത്രിപദമൊഴിഞ്ഞു. എങ്കിലും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായി തുടരാന്‍ സാധിച്ചു. 1954 ആഗ. 19-ന് ഡെഗാസ്പെറി നിര്യാതനായി.

(വി. ജയഗോപന്‍ നായര്‍; സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍